TopTop

ഭാര്യയുടെ മൃതദേഹത്തോടൊപ്പം അയാള്‍ ഉറങ്ങിയത് ആറ് രാത്രികള്‍, അതിനയാള്‍ക്ക് കാരണവുമുണ്ട്

ഭാര്യയുടെ മൃതദേഹത്തോടൊപ്പം അയാള്‍ ഉറങ്ങിയത് ആറ് രാത്രികള്‍, അതിനയാള്‍ക്ക് കാരണവുമുണ്ട്
മരണത്തിന് ശേഷവും തുടരുന്ന പ്രണയത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കഥയാണ് വെന്‍ഡി ഡേവിസണിന്റെയും റസല്‍ ഡേവിസണിന്റെയും. ശവസംസ്‌കാര സമയം വരെ ഭാര്യയുടെ മൃതശരീരം തങ്ങളുടെ കിടക്കമുറിയില്‍ തന്നെ സൂക്ഷിച്ചാണ് ലണ്ടനിലെ ഈ ഭര്‍ത്താവ് മാതൃകയാവുന്നത്. ആറ് ദിവസമാണ് അദ്ദേഹം മൃതദേഹത്തോടൊപ്പം സ്വന്തം വീട്ടിലെ കിടക്കമുറിയില്‍ തന്നെ കഴിഞ്ഞത്. മരണത്തെ കുറിച്ചുള്ള ജനങ്ങളുടെ സമീപനം മാറ്റുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് റസല്‍ ഡേവിസണ്‍ പറയുന്നു. ഭാര്യയുടെ ജഡം ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് 50 കാരിയായ വെന്‍ഡി ഡേവിസണ്‍ മരിക്കുന്നതിന് മുമ്പ് തന്നെ ദമ്പതികള്‍ തീരുമാനമെടുത്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ തീരുമാനത്തിന് പിന്തുണ നല്‍കുകയും ചെയ്തു.

പത്തുവര്‍ഷമായി സെര്‍വിക്കല്‍ കാന്‍സര്‍ രോഗബാധിതയായ വെന്‍ഡി ഏപ്രില്‍ 21നാണ് അന്തരിച്ചത്. മരണം എന്തോ പാപമായാണ് സമൂഹം കരുതുന്നതെന്നും അതിനെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്നും റസല്‍ ചൂണ്ടിക്കാണിക്കുന്നു. ഭാര്യയുടെ ശവശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയോ ഫ്യൂണറല്‍ ഡയറക്ടറെ എല്‍പ്പിക്കുകയോ ചെയ്യില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 'അവളുടെ ശരീരം ഞങ്ങള്‍ തന്നെ സംരക്ഷിക്കണമെന്നായിരുന്നു തീരുമാനം. അതുകൊണ്ട് അവളെ ഞങ്ങളുടെ കിടക്കമുറിയില്‍ തന്നെ കിടത്തുകയും അതേ മുറിയില്‍ തന്നെ ഞാനും ഉറങ്ങുകയും ചെയ്തു,' എന്ന് ഹൃദയം നുറുങ്ങുന്ന ഭാഷയില്‍ റസല്‍ പറയുന്നു.

വെന്‍ഡിയുടെ രോഗം കണ്ടെത്തിയത് മുതല്‍ ഇരുവരും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. അവരുടെ ശിശ്രൂഷയും പരിചരണവും 'പ്രകൃതിക്ക്' ഇണങ്ങുന്ന തരത്തിലായിരിക്കണമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്തു. ഡോക്ടര്‍മാരെ ഒഴിവാക്കി. രോഗത്തെ കുറിച്ച് ഇരുവരും ആഴത്തില്‍ പഠിക്കുകയും കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ഉപേക്ഷിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഒരു സമീപനത്തിലൂടെയാണ് ഇത്രയും കാലം വെന്‍ഡിയുടെ ജീവിതം നീട്ടിയെടുക്കാന്‍ സാധിച്ചതെന്ന് റസല്‍ വിശ്വസിക്കുന്നു.

ഇനി ആറുമാസം കൂടിയെ വെന്‍ഡി ജീവിക്കുവെന്ന് 2014ല്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇരുവരും യൂറോപ്പ് മുഴുവന്‍ കറങ്ങി നടന്നു. കഴിഞ്ഞ സെപ്തംബറില്‍ വെന്‍ഡിക്ക് വേദന താങ്ങാവുന്നതിനും അപ്പുറമായതിനെ തുടര്‍ന്ന് ഡെര്‍ബിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് റോയല്‍ ഡെര്‍ബി ഹോസ്പിറ്റലില്‍ അവരെ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ വച്ച് മരിക്കാന്‍ വെന്‍ഡി സന്നദ്ധയായിരുന്നില്ല. അവര്‍ വീട്ടിലേക്ക് മടങ്ങി. അവിടെ ചികിത്സ തുടര്‍ന്നു. പരിചരിക്കാന്‍ റസലും മകനും ഒപ്പം ഉണ്ടായിരുന്നു.

'എന്റെയും ഡിലന്റെയും കൈകളില്‍ കിടന്ന്, ഒട്ടും വേദനയില്ലാതെയാണ് വെന്‍ഡി മരിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട പട്ടി എല്‍വിസ് അവളുടെ തൊട്ടടുത്ത് ഉണ്ടായിരുന്നു,' എന്ന് റസല്‍ പറയുന്നു. ചുറ്റും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അതൊരു മനോഹരവും ആശ്വാസജനകവുമായ അനുഭവമായിരുന്നു എന്ന് റസല്‍ സ്മരിക്കുന്നു.

റസലിന്റെ തീരുമാനത്തില്‍ നിയമപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡെര്‍ബിയിലെ അഭിഭാഷകനായ ജാക് വാഡ് പറഞ്ഞു. മരണം റിപ്പോര്‍ട്ട് ചെയ്യുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത് കഴിഞ്ഞാല്‍ ശവസംസ്‌കാരം വരെ വീട്ടില്‍ സൂക്ഷിക്കുന്നതിന് നിയമങ്ങള്‍ എതിര് നില്‍ക്കുന്നില്ല. ചരിത്രപരമായി തന്നെ ആളുകള്‍ സ്വന്തം വീടുകളില്‍ തന്നെയാണ് അന്തരിച്ചിരുന്നതെന്നും അവിടെ തന്നെയാണ് അവരുടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും വാഡ് ചൂണ്ടിക്കാണിക്കുന്നു.

Next Story

Related Stories