TopTop
Begin typing your search above and press return to search.

സീതാഫല്‍മണ്ഡിയിലെ കച്ചവടക്കാര്‍; ജീവിതം നെയ്യുന്നവര്‍

സീതാഫല്‍മണ്ഡിയിലെ കച്ചവടക്കാര്‍; ജീവിതം നെയ്യുന്നവര്‍

'ലോകം ഒരു മനുഷ്യനും ജീവിതം വാഗ്ദാനം ചെയ്യുന്നില്ല; എന്നാല്‍ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ഉള്ളതെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട് താനും' -ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ ജൂനിയര്‍.ആഴ്ചയില്‍ ഒരിക്കല്‍ വന്നുപോകുന്ന പഴച്ചന്ത എന്ന് സെക്കന്ദരാബാദിനടുത്തുള്ള സീതാഫല്‍മണ്ഡിയിലെ 'മണ്‍ഡേ മാര്‍ക്ക'റ്റിനെ വിവരിക്കാന്‍ വളരെ എളുപ്പമാണ്. അറുപതു വര്‍ഷത്തോളമായി ആഴ്ച്ചയിലെ ഏഴു ദിവസം ഏഴു തരം വസ്തുക്കള്‍ എഴിടത്ത് വില്ക്കുന്ന വെങ്കണ്ണയെയും ഭാര്യ കൃഷ്ണമ്മയെയും അവര്‍ക്ക് മുന്നിലെ വാടിയ കറിവേപ്പിലക്കെട്ടുകളെയും അടുത്ത് കാണുമ്പോള്‍ മണ്‍ഡേ മാര്‍ക്കറ്റ് ഒരു അത്ഭുതം തന്നെയാകും. 'മക്കളെല്ലാം കച്ചവടക്കാര്‍ തന്നെയാണ്. നാല് പേരുണ്ട്. പേരക്കുട്ടികള്‍ ഒസ്മാനിയ സ്‌കൂളില്‍ പഠിക്കുന്നു. ഇനി നാളെ ഇന്ദിരാനഗറില്‍ ഗോങ്കുരയുടെയും ഇലക്കറികളുടെയും കച്ചവടം ആണ്. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുണ്ടാക്കും.' കൃഷ്ണമ്മ പറഞ്ഞു.തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ സീതാഫല്‍മണ്ഡി റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള റോഡിന്റെ ഒരു ഭാഗം, മര്‍ക്കറ്റിലേക്കുള്ള രൂപാന്തരീകരണം തുടങ്ങും. ഉന്തുവണ്ടികളിലും നടപ്പാതയിലും പെട്ടി ഓട്ടോറിക്ഷകളിലും മറ്റും പഴങ്ങളും പച്ചക്കറികളും നിറച്ച് കച്ചവടക്കാര്‍ നിരന്നിട്ടുണ്ടാവും. പൂക്കളും ഇലവര്‍ഗങ്ങളും മുതല്‍ പാനിപ്പൂരി, മുളകുബജ്ജി തുടങ്ങി ചാട്ടുകള്‍ വരെ വില്പ്പനയ്ക്ക് തയ്യാറായിരിക്കും.

മൂന്നു തരം ആള്‍ക്കാരാണ് മണ്‍ഡേ മാര്‍ക്കെറ്റിലെ കച്ചവടക്കാര്‍: കൊത്തഗുഡയിലെ മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ നിന്നും മറ്റും ചരക്ക് എടുത്ത് ഓരോ ദിവസവും പലയിടത്ത് ഒരേ സാധനങ്ങള്‍ തന്നെ വില്‍ക്കുന്ന തനതുകച്ചവടക്കാരാണ് ആദ്യത്തെ വിഭാഗം. മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍ നിന്ന് ഓരോ ദിവസം ഓരോ തരം സാധനങ്ങള്‍ വാങ്ങി ഒരേ സ്ഥലത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ ആണ് രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ വിഭാഗക്കാര്‍ കൂടുതലും സ്ത്രീകളാണ്. ഇവര്‍ സ്വന്തം വീടുകളില്‍ ഉണ്ടാക്കിയ വസ്തുക്കള്‍, പച്ചക്കറികളോ മുറുക്കോ ഉപ്പിലിട്ടതോ എന്തും ആവാം, കൊണ്ടുവന്ന് ന്യായവിലയ്ക്ക് വില്‍ക്കുന്നവര്‍.'ഭര്‍ത്താവ് മാരുതി സുസുക്കിയുടെ ഷോറൂമില്‍ ആണ് ജോലി ചെയ്യുന്നത്. രണ്ടു മക്കള്‍ ഉണ്ട്. തിങ്കളാഴ്ചകളില്‍ മാത്രം ഇവിടെ വന്നു ബജ്ജിയുണ്ടാക്കും. ഒരു തിങ്കളാഴ്ച നാനൂറു മുതല്‍ അഞ്ഞൂറ് രൂപ വരെ കിട്ടും' മുളകെടുത്ത് കടലമാവില്‍ മുക്കിക്കൊണ്ട് മഞ്ജുള ചിരിച്ചു. മധ്യവയസ്‌കയായ വാസന്തിക്കു മുന്നില്‍ പച്ചപ്പയറിന്റെ കെട്ടുകളാണ്: 'വീട്ടില്‍ വളര്‍ത്തിയതാണ്. രാസവളങ്ങള്‍ ചേര്‍ക്കാതെ. വോര്‍ഗാനിക്' (ശബ്ദത്തില്‍ ലേശം അഭിമാനവും ഇല്ലാതില്ല) 'പയറു വേണ്ടെങ്കില്‍ അച്ചാറുകള്‍ ഉണ്ട്. മുറുക്കോ പപ്പടമോ എന്തെങ്കിലും?'ഒരു സാധാരണ ജനതയുടെ കച്ചവട/ ധനസമ്പാദന മാര്‍ഗം എന്നതിന് പുറമേ വ്യാപകമായ ഒരു തൊഴില്‍ സംസ്‌കാരം കൂടിയാണ് ഇത് പ്രതിനിധീകരിക്കുന്നത്. മോശമില്ലാത്ത മാസവരുമാനവും ഇരുനില വീടും വാഹനവും ഉള്ളിടത്തെ വീട്ടുകാരി ഗെയ്റ്റിനു മുന്നില്‍ നിറഞ്ഞ മേശയില്‍ നിന്ന് മുറുക്കോ പച്ചക്കറിയോ മുല്ലമാലകളോ വഴിപ്പോക്കര്‍ക്ക് വില്‍ക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തില്‍ ഒരു പക്ഷെ അചിന്ത്യം തന്നെ ആയിരിക്കും. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വരേണ്യ സംസ്‌കാരത്തിന്റെ പല രൂപങ്ങള്‍ മനുഷ്യര്‍ കാംക്ഷിക്കുന്ന പ്രതിഛായയെ വരെ അനുകൂലനം ചെയ്യുന്നതായി ഈ താരതമ്യത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

ബെസ്റ്റ് ഓഫ് അഴിമുഖം


ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം
മാലഗയിലെ മധുരവീഞ്ഞു വീപ്പകള്‍
ഇന്ത്യയുടെ അംബിക്കുട്ടി : ഇപ്പോള്‍ ലോകത്തിന്റെയും
തോവാളപ്പൂക്കള്‍ - മനോജ് പരമേശ്വരന്റെ ചിത്രങ്ങളും എഴുത്തും
എല്ലാവരുടെയും മുത്തവിലിയാന്‍ - കേരളം കണ്ടു പഠിക്കേണ്ട കാര്യങ്ങള്‍'ചൊവാഴ്ച ഇന്ദിരാനഗറില്‍ പച്ചക്കറിചന്തയാണ്. നാളെ ഇനി അങ്ങോട്ടാണ്'; തണ്ണിമത്തന്‍ സഞ്ചിയില്‍ ഇട്ടു കസ്റ്റമര്‍ക്കു നീട്ടികൊണ്ട് ഈശ്വര്‍ പറയുന്നു 'പതിനഞ്ചാമത്തെ വര്‍ഷമാണ് കച്ചവടത്തില്‍! തിങ്കള്‍ സീതാഫല്‍മണ്ടിയില്‍ പഴങ്ങള്‍, ചൊവ്വ ഇന്ദിരാനഗറില്‍ പച്ചക്കറി, ബുധന്‍ അമ്പലങ്ങളിലേക്കു പൂവ്, വ്യാഴം സിക്കന്ധരാബാദില്‍ ഇലവര്‍ഗ്ഗം, വെള്ളി അഫ്‌സല്‍ഗുഞ്ചില്‍ പിന്നെയും പച്ചക്കറി. വെള്ളി ബഞ്ചാര ഹില്ല്‌സില്‍ പഴക്കച്ചവടം. ശനി പഴയ ന്യൂസ്‌പേപ്പര്‍ വാങ്ങി മറിച്ചു വില്‍ക്കല്‍. ഞായര്‍ എനിക്ക് അവധിയാണ്. ഭാര്യ വളയും മാലയും ഉണ്ടാക്കി വില്‍ക്കും'

ടൂത്ത് ബ്രഷും സൂചിയും കത്രികയും മുതല്‍ സൌന്ദര്യവര്‍ധക വസ്തുക്കളും പാത്രങ്ങളും പ്ലാസ്റ്റിക് സാധനങ്ങള്‍ വരെയും മണ്‍ഡേ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മധുരപലഹാരങ്ങളും ഡ്രൈഫ്രൂട്‌സും വില്‍ക്കുന്നവര്‍ മുതല്‍ കളിപ്പാട്ടങ്ങളും അമേരിക്കന്‍ സ്വീറ്റ്‌കോണും വില്‍ക്കുന്നവര്‍ വരെ തിങ്കളാഴ്ച സീതാഫല്‍മണ്ടിയില്‍ എത്തുന്നു. 'ഇത് കോളേജിന്റെ പരിസരമല്ലേ... ഇവിടെ പഴങ്ങളാണ് ചിലവാകുക. ഇന്ദിരാനഗര്‍ റെസിഡന്‍ഷ്യല്‍ ഏരിയ ആണ്. അവിടെ പച്ചക്കറിയെ ചിലവാകൂ.' കച്ചവടക്രമത്തിലെ യുക്തി വിവരിക്കുമ്പോള്‍ വെങ്കണ്ണയുടെ മുഖത്ത് അനുഭവത്തിന്റെ തഴക്കവും പ്രായത്തിന്റെ അവശതയും ഒരേ സമയം നിഴലിച്ചു.ഇവര്‍ക്കെല്ലാം ലോകം ഒരുക്കികൊടുത്തത് ജീവിതമല്ല, സാഹചര്യങ്ങള്‍ മാത്രമാണ്. കൂടെ തൊഴിലിലും പണത്തിലും വിവേചനം ഇല്ലാത്ത സാമൂഹ്യ വ്യവസ്ഥയും.അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: ഹുസൈന്‍ സാഗര്‍; വിനായകചതുര്‍ഥിയുടെ ബാക്കിപത്രം


Next Story

Related Stories