UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത്, ഒബിസി വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ മര്‍ദ്ദിച്ചതായി പരാതി

രോഹിത് വെമുലയുടെ സുഹൃത്തിനടക്കമാണു മര്‍ദ്ദനം ഏറ്റത്

കാമ്പസില്‍ അഭിപ്രായവ്യത്യാസമുള്ളവരെ കായികമായി നേരിടുക എന്നത് എസ്എഫ്‌ഐ അഖിലേന്ത്യനയമായി സ്വീകരിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടി വരുന്ന തരത്തിലുള്ള വാര്‍ത്തകളാണു പുറത്ത് വരുന്നത്. കേരളത്തിലെ വിവിധ കലാലയങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തനം ഗൂണ്ടായിസമായി മറുന്നുവെന്നതരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനടയിലാണ് ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികളെയും മൂന്ന് ഒബിസി വിദ്യാര്‍ത്ഥികളെയും ശനിയാഴ്ച മര്‍ദ്ദിച്ചതായി ആരോപണം ഉയരുന്നത്. ശനിയാഴ്ച ഉച്ചയോടെ ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തരും എംഎ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് മുല്‍കലയും തമ്മില്‍ നടന്ന വാഗ്വാദമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുല്‍കലയെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കെ ജസ്വന്ത് സിമോണെ എന്ന എംഫില്‍ വിദ്യാര്‍ത്ഥിക്കും മര്‍ദ്ദനമേറ്റു. രോഹിത് വെമുല എന്തുകൊണ്ട് മാര്‍ക്‌സിസം ഉപേക്ഷിച്ചു എന്ന വിശദീകരിക്കുന്ന ലേഖനം എഴുതിയ ആളാണ് ജസ്വന്ത്. ക്രാന്തി മഡിഗ, ചന്ദന കുമാര്‍ മിശ്ര, ഡിറ്റി സുരേഷ്, മുല്‍കലയുടെ അതിഥിയായി എത്തിയ മറ്റൊരു വിദ്യാര്‍ത്ഥി എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.

ചന്ദന കുമാര്‍ മിശ്ര എന്ന എംഎഫില്‍ വിദ്യാര്‍ത്ഥിയോട് എസ്എഫ്‌ഐക്കാര്‍ തീപ്പെട്ടി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് മുല്‍ക്കല പറയുന്നു. തന്റെ കൈയില്‍ തീപ്പെട്ടിയില്ലെന്ന് മിശ്ര പറഞ്ഞപ്പോള്‍ എന്നാല്‍ പോയി വാങ്ങി വരാന്‍ എസ്എഫ്‌ഐക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മിശ്ര ഇതിന് തയ്യാറായില്ല. ഇതിനിടയില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള തര്‍ക്കം ആരംഭിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നും മുല്‍ക്കല ആരോപിക്കുന്നു. 2016 ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അടുത്ത സുഹൃത്താണ് മുല്‍ക്കല
ജാതി മുന്‍വിധികളാണ് പ്രകോപനമില്ലാത്ത മര്‍ദ്ദനത്തിന് കാരണമെന്ന് മുല്‍കല ആരോപിച്ചു. ദളിത്, ഒബിസി വിഭാഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. മര്‍ദ്ദിച്ചവര്‍ മുന്നോക്ക ജാതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരെയും എസ്എഫഐയെ വിമര്‍ശിക്കുന്നവരെയും മര്‍ദ്ദിച്ചൊതുക്കുക എന്നതാണ് അവരുടെ തന്ത്രമെന്നും മുല്‍കല ആരോപിച്ചു.

തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധമില്ലെന്നും മുല്‍ക്കല വ്യക്തമാക്കി. തങ്ങള്‍ അംബേദ്കര്‍ സ്റ്റുഡന്‍ഡ് യൂണിയന്റെ അംഗങ്ങളല്ല. എസ്എഫ്‌ഐയില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നു എന്നത് മാത്രമാണ് തങ്ങള്‍ ചെയ്യുന്ന തെറ്റെന്നും അദ്ദേഹം പറഞ്ഞു. അതുല്‍ സ്വപ്‌ന പ്രകാശ്, വരുണ്‍ സുധാരന്‍, സിദ്ദാര്‍ത്ഥ മജുല സുരേഷ്, സണ്ണി എന്നിവര്‍ ചേര്‍ന്നാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും മുല്‍കല ആരോപിച്ചു. സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കാത്തപക്ഷം പോലീസില്‍ പരാതി നല്‍കാനാണ് മര്‍ദ്ദനമേറ്റവരുടെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍