TopTop
Begin typing your search above and press return to search.

രോഹിതിന്‍റെ ആത്മബലിയില്‍ നഗ്നരാകുന്നവര്‍

രോഹിതിന്‍റെ ആത്മബലിയില്‍ നഗ്നരാകുന്നവര്‍

സനിത മനോഹര്‍

രോഹിത് വെമൂലയുടെ മരണത്തിന് ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട സാമൂഹിക ബോധത്തിൽ ജീവിക്കുന്ന ഇന്ത്യൻ സമൂഹമാകെ ഉത്തര വാദികളാണ്. ഒറ്റപ്പെട്ടുപോയതിന്റെ വേദന രോഹിതിന്റെ എഴുത്തിൽ ഉണ്ട്. രോഹിതിന്റെ ഒറ്റപ്പെടലിന് കാരണങ്ങൾ പലതുമുണ്ടായിരിക്കാം. പക്ഷെ പിറവിയും ഒരു വലിയ കാരണം തന്നെയാണെന്ന് നിസ്സംശയം പറയാം. ജാതീയതയുടെ വേർതിരിവിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടെ ഒരു സമൂഹത്തിന്റെ പ്രതിനിധിയായ രോഹിത്തിന് ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടലിനും അവഗണനയ്ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ടാവുമെന്നതിൽ സംശയമില്ല.സ്ക്കൂൾ വിദ്യാഭ്യാസ കാലം തൊട്ട് കാണുന്നതാണ് ഒറ്റപ്പെടുത്തുന്നതുകൊണ്ടോ ഒതുങ്ങി മാറുന്നതുകൊണ്ടോ രോഹിതിനെ പോലെയുള്ളവർ എന്നും എപ്പോഴും ഒറ്റയ്ക്കാണ്. പഠന ഇടങ്ങളിലും തൊഴിൽ ഇടങ്ങളിലും മുൻനിരയിൽ പോയിട്ട് നാലാമത്തെയോ അഞ്ചാമത്തെയോ നിരയിൽ പോലും അവർ ഉണ്ടായിരുന്നില്ല. സ്കൂളുകളിലും കോളേജുകളിലും അവർക്ക് കൂട്ട് അവർ തന്നെയായിരുന്നു. അട്ടപ്പാടിയിലെ ജനങ്ങൾ കേരളീയർക്ക് അന്യരായി പോയതും മുകളിൽ പറഞ്ഞ അതേ സാമൂഹിക ബോധം കൊണ്ടാണ്.

വഴി നടക്കാനും പൊതുഇടങ്ങളിൽ കയറാനും അനുവാദം കിട്ടിയിട്ടും അവർ തൊട്ടു കൂടാത്തവരായി തന്നെ നിലകൊണ്ടു. അന്നും ഇന്നും.സംവരണംകൊണ്ട് കിട്ടിയ നേട്ടങ്ങളല്ലാതെ ഒന്നും കിട്ടിയിട്ടില്ല അവർക്ക്. അടിമത്ത മനോഭാവം അവരിലും മേധാവിത്ത മനോഭാവം അവർക്ക് മുകളിലുള്ള ജാതിക്കാരിലും ഇന്നും അതേ പോലെ തന്നെയുണ്ട്. ബ്രാഹ്മണ മേധാവിത്തം മാത്രമായിരുന്നില്ല അവർക്ക് മേലുണ്ടായിരുന്നത്. ഈഴവർ തൊട്ട് മുകളിലോട്ടുള്ള എല്ലാവരും അവരെ ഒറ്റപ്പെടുത്തിയിരുന്നു. അവർ അനുഭവിച്ച അത്ര വരില്ലെങ്കിലും ബ്രാഹ്മണർ ഒഴികെ എല്ലാവരും ജാതീയ അവഗണന അനുഭവിച്ചവരാണ്. അനുഭവിക്കുന്നുമുണ്ട്. മാറിയെന്ന് പറയുന്ന തൊട്ട് കൂടായ്മയും തീണ്ടി കൂടായ്മയും പ്രകടനത്തിലേ മാറിയിട്ടുള്ളൂ. ഉള്ളിൽ എല്ലാവരും ജനിച്ച ജാതിയുടെ പേരിൽ നിരാശപ്പെടുന്നവരോ അഹങ്കരിക്കുന്നവരോ ആണ്.കേരളത്തിൽ ഇന്നും ഭൂരിഭാഗം ജാതിക്കാരും വീട്ടു ജോലിയ്ക്ക് അവരവരുടെ ജാതിയിലെ ദരിദ്രരെ കിട്ടിയില്ലെങ്കിലെ തങ്ങളേക്കാൾ താഴ്ന്നവരെന്ന് മനുഷ്യർ കരുതുന്ന ജാതിക്കാരെ അന്വേഷിക്കൂ. അവരുടെ ഇടമോ അടുക്കള പുറത്തെ തിണ്ണയും. പുരോഗമന വാദികളുടെ വീട്ടിലും സ്ഥിതി ഇതൊക്കെ തന്നെയാണ്. വാദത്തിലെ പുരോഗതിയുള്ളൂ. സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഏറെ പുരോഗമിച്ച കേരളത്തിൽ സ്വ ജാതിക്കാരോ മതക്കാരോ ഉള്ള ഇടങ്ങളിൽ വീടു വയ്ക്കാൻ സ്ഥലം അന്വേഷിക്കുന്ന ഡോക്ടറും എഞ്ചിനീയറും സിനിമാക്കാരനും സാഹിത്യകാരനും രാഷ്ട്രീയക്കാരനും സാംസ്കാരിക പ്രവർത്തകനും ഇന്നും ധാരാളമുണ്ട്. മതേതരത്വം പ്രസംഗിക്കുന്നവരുടെ സ്ഥാപനങ്ങളിലും കാണാം ബ്രാഹ്മണിക പ്രവണതകൾ. ഇനി മതം മാറ്റം എന്ത് നേട്ടമാണ് ദളിതർക്കുണ്ടാക്കിയിട്ടുള്ളത്? തങ്ങളുടെ പൂർവികർ ബ്രാഹ്മണരാണെന്ന് അഭിമാനിക്കുന്ന സുറിയൻ ക്രിസ്ത്യാനികൾക്ക് പരിവർത്തനം നടത്തിയ ദളിതർ ദളിത് ക്രിസ്ത്യാനിയാണ്. ഇനി മുസ്ലിം മതത്തിലാണെങ്കിലോ മതം മാറിയ ദളിതനായ മുസ്ലിമും.

ഉത്തരേന്ത്യയിലെ ദളിതരുടെ അവസ്ഥ കേരളത്തേക്കാൾ ഭീകരമായിരുന്നു എല്ലാ കാലത്തും. ജനിച്ചു വീഴാൻ വൃത്തിയോ വെടിപ്പോ ഉള്ള ഇടങ്ങളില്ല, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങളില്ല, പോഷകാഹാരമില്ല, വിദ്യാഭ്യാസമില്ല. ദളിത് സഹോദരിമാർ നിരന്തരം പീഡിപ്പിക്കപ്പെട്ടു. ഫാക്ടറികളിലും തെരുവുകളിലും ദളിത് ബാല്യങ്ങൾ കരിപുരണ്ട് ഒടുങ്ങി. സ്വാതന്ത്ര്യം കിട്ടി 65 വർഷം പിന്നിട്ടിട്ടും ഇന്ത്യൻ ജനതയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വം സ്ഥാപിച്ചെടുക്കാൻ എല്ലാ സാധ്യതകളും ഭരണ ഘടന വാഗ്ദാനം ചെയ്തിട്ടും ദളിത് സമൂഹത്തിന്റെ അവസ്ഥ ഇന്നും ഇതൊക്കെ തന്നെയാണ്. എത്ര ഭരണ മാറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടായി. ഏത് ഭരണകൂടമാണ് അവർക്കുവേണ്ടി നിലനിന്നിട്ടുള്ളത്. ഏത് രാഷ്ട്രീയമാണ് അവർക്കൊപ്പമുണ്ടായിരുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം സാംസ്കാരികം, സാമൂഹികം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ രംഗത്തും അവഗണിക്കപ്പെട്ടവരായി തന്നെ എന്നും അവർ തുടർന്നു പോന്നു. ഇന്ന് രോഹിതിന്റെ മരണത്തിൻറെ പേരിൽ ആക്രോശിക്കുന്നവർ കാലങ്ങളായി അവർ അനുഭവിക്കുന്ന ഈ അവഗണനയും കണ്ട് ചുറ്റിലും ഉണ്ടായിരുന്നു. വോട്ടാക്കാൻ പോന്ന സംഭവങ്ങളോ മരണങ്ങളോ ഉണ്ടെങ്കിൽ മാത്രം പ്രതികരിക്കുന്ന രാഷ്ട്രീയ ചുറ്റുപാടിലേയ്ക്ക് അധഃപതിച്ച രാഷട്രീയ പാർട്ടികളാണ് ഇന്ന് ഇന്ത്യയുടെ ശാപവും.രോഹിത് ഒരു സാധാരണ വിദ്യാർഥി യായിരുന്നില്ല. കാലങ്ങളായി നടത്തിയ പോരാട്ടങ്ങളുടെ ഫലമായി വിദ്യ അനുവദിച്ചു കിട്ടിയ ഒരു ജനതയുടെ ഇടയിൽ നിന്ന് വന്ന സാമ്പത്തികമായും സാമൂഹികമായും മോശമായ ചുറ്റുപാടുകളായിരുന്നിട്ടും ഇച്ഛാ ശക്തികൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ജെ ആർ എഫ് അടക്കമുള്ള സ്കോളർഷിപ്പ് നേടിയെടുത്ത് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥിയായിരുന്നു. തൻറെ സ്വപ്നങ്ങളിലേയ്ക്ക് ഉള്ള വഴിയിൽ കലഹിച്ച് മടുത്തു കാണും രോഹിതിന്. പുറത്താക്കപ്പെട്ടതോടെ തീർത്തും നിരാശനായിട്ടുണ്ടാവും. രോഹിതിന്റെ മരണത്തിന് എന്ത് ന്യായം പൊതുസമൂഹം പറഞ്ഞാലും സർവ്വകലാശാല അധികാരികളെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കാനാവില്ല. മിക്കവാറും എല്ലാ സർവ്വകലാശാലകളിലും കാണാം അവനവൻറെ രാഷ്ട്രീയ ചിന്തക്കനുസരിച്ച് വിദ്യാർഥികളുടെ പക്ഷം പിടിക്കുന്ന അദ്ധ്യാപകരെയും അധികാരികളെയും. പലപ്പോഴും രമ്യമായി തീരേണ്ട വിദ്യാർഥി സംഘട്ടനങ്ങളിൽ ഒരു വിഭാഗം പുറത്താക്കപ്പെടുന്നതിന് ഈ പക്ഷം ചേരൽ കാരണമാവാറുമുണ്ട്.

ജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം നീതിയുക്തമായി വിദ്യാർഥികൾക്കൊപ്പം നിൽക്കാൻ അധികാരികളെ പ്രേരിപ്പിക്കാൻ രോഹിതിന്റെ അത്മബലികൊണ്ടെങ്കിലും സാധിക്കട്ടെ. ജാതിമത ചിന്തകളുടെ വേലികെട്ടുകൾ വേർതിരിക്കാത്ത സ്വാതന്ത്ര്യത്തിൻറെ സ്വർഗ്ഗത്തിലേയ്ക്ക് നമുക്ക് ബഹുദൂരം ഉണ്ടെന്നിരിക്കെ പിറന്ന ജാതിയുടെ പേരിൽ സഹജീവികളെ പുച്ഛിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതിരിക്കാനുള്ള സന്മനസ്സെങ്കിലും നമുക്ക് കാണിയ്ക്കാം.


(മാധ്യമ പ്രവർത്തക.റെഡ് എഫ് എമ്മിൽ പ്രോഗ്രാം ഹെഡ് ആയും കൈരളി ടിവി യിൽ അസിസ്റ്റന്റ്‌ പ്രൊഡ്യുസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories