TopTop
Begin typing your search above and press return to search.

ഒരു ജനാധിപത്യ റിപ്പബ്ലിക് അവരുടെ വിദ്യാർഥികളോട് ചെയ്യുന്നത്

ഒരു ജനാധിപത്യ റിപ്പബ്ലിക് അവരുടെ വിദ്യാർഥികളോട് ചെയ്യുന്നത്

റിബിന്‍ കരീം

പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക എന്നത് ആരോഗ്യകരമായ ഒരു വ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്. ക്രിയാത്മകമായ പ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ശുഭസൂചകങ്ങളാണ്. ജനാധിപത്യം എന്ന ആശയത്തിന് പൂര്‍ണ്ണത കൈവരുന്നതും അപ്പോൾ മാത്രമാണ്. സമരമില്ലാത്ത കലാലയങ്ങളും പ്രതിഷേധമില്ലാത്ത സമൂഹവും ജനാധിപത്യ വിരുദ്ധരുടെയും ഏകാധിപതികളുടേയും മാത്രം സ്വപ്നവും അജണ്ടയും ആണ്.

ഇന്ത്യയിലെ അറുന്നൂറോളം യൂണിവേഴ്സിറ്റികളില്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ത്തന്നെ നില്‍ക്കുന്ന ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ കോഴ്സുകൾക്ക് മിക്ക വിദേശ രാജ്യങ്ങളിലും അംഗീകാരമുണ്ട്. ലക്ഷക്കണക്ക് മിടുക്കന്മാരായ ചെറുപ്പക്കാരെ സംഭാവന ചെയ്ത ആ യൂണിവേഴ്സിറ്റി പക്ഷേ, ഇന്ന് വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറും മറ്റ് അധികൃതരും കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടു കൂടി നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രത്തിൽ എവിടെയും കേട്ട് കേൾവി ഇല്ലാത്ത നരനായാട്ട് ഇനിയും കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകുന്നവർ അവരവരുടെ കുഴി തന്നെയായിരിക്കും തോണ്ടുന്നത്.

എച്ച് സി യു വിൽ സംഭവിച്ചത്
രോഹിത് വെമുലയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് അത്മഹത്യയിലേക്ക് നയിച്ചതിന് കാരണക്കാരനായ വി സി അപ്പാ റാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യ മുഴുവന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എസ്.സി/എസ്.ടി ആക്ട് പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രാജിയും അറസ്റ്റും ആണ് സമരക്കാരുടെ ആവശ്യം. അപ്പാ റാവുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി തള്ളിയതുമാണ്. ഈ അവസരത്തിലാണ് ഒരു തരംതാണ രാഷ്ട്രീയക്കളിയിലൂടെ വൈസ് ചാൻസലർ അപ്പ റാവു വീണ്ടും കാമ്പസിനകത്ത് കയറാൻ ശ്രമിച്ചിരിക്കുന്നത്.

"ഞങ്ങളുടെ ഹോളിക്ക് രണ്ട് നിറങ്ങളേ ഉണ്ടായിരുന്നുള്ളൂ. ലാത്തി പിടിച്ച പോലീസിന്‍റെ കാക്കി നിറവും, ഞങ്ങൾ ചിന്തിയ ചോരയുടെ രക്ത ചുവപ്പും" ഫൈരൂസ് അഹമ്മദ് എന്ന വിദ്യാർഥി (എം എ സോഷ്യോളജി ) കാമ്പസിനകത്തെ തന്റെ അനുഭവം പങ്കുവെച്ചത് ഇപ്രകാരമാണ്. വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന, റേപ്പ്‌ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്ന പോലീസ്. വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന അധികാരികൾ !!! വൈസ് ചാന്‍സലര്‍ അപ്പാ റാവു കാമ്പസിനകത്ത് പ്രവേശിച്ച നിമിഷം ആദ്യം കാമ്പസിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണ്ണമായും വിഛേദിക്കപ്പെട്ടു. അതിന് ശേഷം മെസ്സുകള്‍ അടച്ചുപൂട്ടി. വെള്ളവും ശൗച്യാലയങ്ങളും അതിന് തൊട്ടുപുറകെ നിഷേധിക്കപ്പെട്ടു. ഒരു ദിവസത്തെ മൃഗീയമായ പോലീസ് ആക്രമണത്തിന് ശേഷം ഭക്ഷണവും വെള്ളവും ശൗച്യാലയങ്ങളുമില്ലാതെ ആ വിദ്യാർഥികൾ ഒരു രാത്രി കഴിച്ചു കൂട്ടി.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ 'എനിക്കൊരു സ്വപ്നമുണ്ട്' എന്നു തുടങ്ങുന്ന പ്രസംഗത്തില്‍ പറഞ്ഞത് എന്‍റെ കുട്ടികളും അവരുടെ തലമുറയും തൊലിയുടെ നിറം കൊണ്ടല്ല, മറിച്ച് അവരുടെ ആന്തരിക സ്വത്വവും, ഉള്‍ക്കരുത്തും കൊണ്ടായിരിക്കണം ലോകത്തിന് മുന്നില്‍ പരിഗണിക്കപ്പെടേണ്ടത് എന്നാണ്. എന്നാല്‍ ഇവിടെ ആ വിദ്യാർഥി പരിഗണിക്കപ്പെട്ടത് അയാളുടെ ജാതിയുടെ അടിസ്ഥാനത്തിലാണ്. കാള്‍ സാഗനെ പോലെ ഒരു ശാസ്ത്ര ലേഖകൻ ആകണം എന്ന അയാളുടെ ചിന്ത സ്വപ്നം മാത്രമായി അവശേഷിപ്പിച്ചതിന്റെ ഉത്തരവാദിത്തം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുതൽ വൈസ് ചാൻസിലർ അപ്പ റാവു വരെ ഉള്ളവരിൽ മാത്രം നിക്ഷിപ്തം ആയിരിക്കും എന്ന് പൊതുസമൂഹം ഉറച്ചു വിശ്വസിക്കുന്ന ഘട്ടത്തിലാണ് അതേ ക്രിമിനൽ ചാന്‍സിലറെ കാമ്പസിൽ പ്രവേശിപ്പിച്ചതിന്റെ പേരില് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് കാമ്പിൽ എന്ന വണ്ണം മൃഗീയമായി പീഡിപ്പിച്ചിരിക്കുന്നത്.

ചരിത്രവും വിദ്യാർഥി സമൂഹവും
ഇറ്റലിയില്‍ ഫാസിസ്റ്റു ഭരണകൂടം അധികാരത്തിലേറിയപ്പോള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ബുദ്ധിജീവിയുമായ അന്റോണിയോ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിമുറിയിലെ വിചാരണക്കിടെ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ വാദിച്ചത് 'കുറഞ്ഞ പക്ഷം ഇരുപത് വര്‍ഷക്കാലമെങ്കിലും ഇയാളുടെ തലച്ചോറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്' എന്നാണ്. മുസ്സോളിനിയുടെ ഫാസിസ്റ്റു ഭരണകൂടം എത്രത്തോളം സ്വതന്ത്ര ചിന്തയെ ഭയപ്പെട്ടിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. സുബ്രദേവ് ചക്രവര്‍ത്തി സംവിധാനം ചെയ്ത 'മുസാഫര്‍ നഗര്‍ ബാകീ ഹെ' എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയപ്പോള്‍ അത് ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. കാമ്പസ് ഉത്പാദിപ്പിക്കുന്ന സ്വതന്ത്ര ബുദ്ധി ജീവികള്‍ സമൂഹത്തിന്റെ നാനാതുറകളിലും ജെ.എന്‍.യു നല്‍കിയ പാഠങ്ങളെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സംഘ് വിചാരധാരക്ക് അത് വലിയ തോതില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചവരാണ് അന്നത്തെ വിദ്യാര്‍ഥിസമൂഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള കാമ്പസുകള്‍ ശക്തമായാണ് പ്രതികരിച്ചത്. കേരളത്തിലെ കാമ്പസുകള്‍ അടിയന്തരാവസ്ഥയ്ക്കെതിരെ സക്രിയവും സജീവവുമായ ഇടപെടലാണ് നടത്തിയത്. അടിയന്തരാവസ്ഥാവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജന്‍ രക്തസാക്ഷിയായി. ബെന്‍‌ഹര്‍ ക്രൂരമായ പീഠനങ്ങള്‍ക്ക് ഇരയായി. എന്നാല്‍ അതൊക്കെ ഭരണകൂടഭീകരതയ്ക്കെതിരെ പ്രതികരിക്കുവാന്‍ യുവജനതയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണുണ്ടായത്. തുടര്‍ന്നും പോരാട്ടങ്ങളുടെ വലിയ ഒരു ചരിത്രമാണ് ഇന്ത്യയിലെ കാമ്പസ്സുകള്‍ക്ക് പറയുവാന്‍ ഉള്ളത്.

കേരള സമൂഹത്തോടും മാധ്യമ സുഹൃത്തുക്കളോടും ഒരു സങ്കട ഹരജി
ഭരണകൂടം ഭാരമേറിയ പട്ടാള ബൂട്ടുകളാൽ സംസാരിക്കുന്ന കാലങ്ങളിൽ മൗനം ഭജിക്കുന്നത് വെടിയുണ്ടകളെ ക്ഷണിച്ചു വരുത്തും. കലാപം ഇല്ലാതെ അനീതി മാത്രം നിലനിൽക്കുന്ന ഒരു കാലത്തെ കുറിച്ച് പറഞ്ഞത് ബ്രഹത് ആണ്. കംഫര്‍ട്ട് സോണിന്റെ ഇക്കിളിയുണ്ടകൾ ആസ്വദിച്ചു കൊണ്ട് ഏതു അനീതിക്ക് മുന്പിലും നാം നിശബ്ദർ ആകുമ്പോൾ അതൊരു സമൂഹത്തിന്റെ ഏറ്റവും വലിയ ദുശ്ശീലം ആയി മാറുകയാണ്.

ഞങ്ങൾ കാത്തിരിക്കുന്നു
ആരുടെതാണ് അടുത്ത ഊഴം?
ഞങ്ങളിലാരുടെതാണ്?
ഒരു നെടു വീർപ്പിടാൻ പോലുമാകാതെ
ഞരങ്ങി കൊണ്ടിരിക്കുന്ന
എന്റെ സുഹൃത്തുക്കളിൽ ആരുടേതെങ്കിലുമാണോ?
അതോ, ഒരധിക നേരം ഒരപരിചതന്റെ
മുഖം മൂടി അണിയാനാവാതെ പോയ
എന്റെ തന്നെയോ?
ബലിക്കൽപ്പുരയിൽ ഞങ്ങൾ കാത്തിരിക്കുന്നു
ആരുടെതാണ് അടുത്ത ഊഴം?

(കക്കയത്ത് നിന്നുള്ള കുറിപ്പുകൾ)

ഫാസിസ്റ്റുകളുടെ തോക്കുകൾ നമ്മുടെ നെഞ്ചിനു നേരെ ഉയരുന്ന ഊഴം കാത്തിരിക്കുകയാണോ നാം എന്ന് എച്ച് സി യു സംഭവം ആശങ്ക ഉണര്‍ത്തുന്നു!! എച്ച് സി യു വിലെ ഭരണകൂട ഭീകരത തുടർന്ന് കൊണ്ടിരിക്കുന്ന ഈ നിമിഷത്തിലും ഏറ്റവും നിരാശപ്പെടുത്തുന്നത് കേരള സമൂഹവും മുഖ്യധാര മാധ്യമങ്ങളുമാണ്. ആയുധത്തിന്‍െറയും ആള്‍ബലത്തിന്‍െറയും ഹുങ്കില്‍ ഫാസിസം അലറിയടുക്കുന്നത് ഒരു സര്‍വ്വകാലാശാലയിലേക്ക് ആണെന്ന ബോധം ഉള്ളപ്പോഴും കേരളത്തിന്റെ രാഷ്ട്രീയ കോണുകളിൽ നിന്ന് വലിയ അനക്കങ്ങൾ പ്രകടമാകാത്തത് ചര്ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.
അറസ്റ്റ് ചെയ്യപ്പെട്ട മുപ്പത് വിദ്യാർഥികളിൽ 5 പേര് മലയാളി വിദ്യാർഥികൾ ആണ്. കേരള മുഖ്യമന്ത്രിക്ക് ഇനിയും ഒരു വഴിപാടു എന്ന പോലെ കത്തെഴുതാൻ അല്ലാതെ സംഭവ സ്ഥലത്ത് ഒരു പ്രതിനിധിയെ അയക്കാൻ പോലും സാധിച്ചിട്ടില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മാധ്യമങ്ങൾ കേരളത്തിലുൾപ്പെടെ തങ്ങൾ സ്വയം തീർത്ത തടവറയിലാണുള്ളത്‌. വാർത്തകൾ മാധ്യമ മേശയിലെത്തിയാൽ അവയുടെ അടിവേരുകൾ അന്വേഷിച്ച്‌ ബോധ്യമായ ശേഷം വാർത്ത നൽകുക അസാധ്യമാണ്‌. ഇവിടെ ഉത്തമവിശ്വാസവും ദുരുദ്ദേശത്തിന്റെ അഭാവവുമാണ്‌ കൈമുതൽ. ശുഭാപ്തി വിശ്വാസ വാർത്താഘോഷണം മാധ്യമരംഗത്ത്‌ അന്യമായിക്കൊണ്ടിരിക്കയാണ്‌. പ്രതീക്ഷ നൽകുന്നതൊന്നും വാർത്തയാക്കാൻ വിവാദങ്ങൾ മാത്രം കൊഴുപ്പിക്കുന്ന ഇന്നത്തെ മാധ്യമശൈലിക്കാവില്ല. ഈ നിലപാട്‌ അപകടകരമാണ്‌. നാടിനും മാധ്യമലോകത്തിനും നാശം വാരിവിതയ്ക്കലായിരിക്കും ഇതിന്റെ ഫലം. സിക്ക്‌ വിരുദ്ധ കലാപത്തിന്റെപേരിൽ നീതിക്കുവേണ്ടി ചെരുപ്പേറ്‌ നടത്തിയ ജേർണലിസ്റ്റ്‌ ജർണയിൽ സിംഗ് നിയമനിഷേധത്തിനൊപ്പം നീതിയുടെയും പ്രതീകമായി ഒരേ സമയം അറിയപ്പെടുന്നു. നമ്മുടെ മാധ്യമങ്ങളും ഒരേ സമയം ഇത്തരം ഡബിൾ റോൾ എടുക്കാൻ നിർബന്ധിതരാണ്‌.

ഒരേ സ്വഭാവം ഉള്ള വിഷയങ്ങളിൽ ഇരട്ട നീതി കൽപ്പിക്കുന്ന മാധ്യമ പ്രവണത തീര്‍ച്ചയായും വിമര്‍ശന വിധേയമാകണം. ജെ എൻ യു വിഷയത്തിൽ സെക്കന്‍ഡുകള്‍ക്കനുസരിച്ചു വിവരങ്ങൾ ലഭ്യമാക്കുകയും പ്രസ്തുത വിഷയത്തിലെ ഓരോ ഇടപെടലുകളും കൃത്യം ആയി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഇന്ത്യൻ മീഡിയ പക്ഷെ എച്ച് സി യു വിൽ എത്തുമ്പോൾ തീർത്തും മുഖം തിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങള്‍ക്ക് ക്രിയാത്മകമായിട്ട് സമൂഹത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ട് എന്നുള്ളത് കൊണ്ടാണ് അവയ്ക്ക് ചരിത്രത്തില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചതും മാധ്യമങ്ങളെ ജനം ശ്രദ്ധിക്കാന്‍ തുടങ്ങിയതും.

നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്നെഴുതിയ 'സമ്മതിയുടെ നിര്‍മ്മിതി' എന്ന പുസ്തകം മാധ്യമത്തിന്റെ രാഷ്ട്രീയം നന്നായി അവതരിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ സമ്മത നിര്‍മാണമെന്ന പ്രയോഗത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് ചോംസ്കി തുറന്നുപറയുന്നുണ്ട്. അടഞ്ഞ മനസ്സിനെയാണ് ഫാസിസം ആഗ്രഹിക്കുന്നത്. നിരന്തരം ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നാല്‍ ഗൌരവമായ ചിന്തയുടെ പരിസരത്തെ ഇല്ലാതാക്കാന്‍ കഴിയും.

കനയ്യകുമാർ എന്ന വളര്‍ന്ന് വരുന്ന താരം എച്ച് സു യു വിൽ സമരത്തിന്‌ ഐക്യം പ്രഖ്യാപിക്കാൻ എത്തുന്നത് വലിയ വാര്‍ത്തയാകുകയും അതിനകത്തെ സമര സഖാക്കൾ വലിയ പീഡനങ്ങള്‍ക്ക് വിധേയമാകുന്നത് വാര്‍ത്ത ആകാതിരിക്കുന്നതും ഇതിന്റെ ഉത്തമ ഉദാഹരണം ആണ്.
ജെ എൻ യു വിൽ നിന്ന് വീണ്ടും എച്ച് സി യുവിൽ എത്തുമ്പോൾ
നമ്മുടെ രാജ്യത്ത് ചരിത്രം ക്രിക്കറ്റ് പോലെയാണ്. കൂടുതല്‍ അറിവും പാണ്ഡിത്യവുമുണ്ടെന്ന് അവകാശപ്പെടുന്നത് കാഴ്ചക്കാരാണ്. ഖേദകരമെന്നു പറയട്ടെ. അവരുടെ അഭിപ്രായം അധികാരത്തിലുള്ളവരുടേതിനോട് ഒത്തു പോകുന്നതായി കാണപ്പെടുന്നു. ഒരു തരം ഹണി ട്രാപ്പിന്റെ മറ്റൊരു വേർഷൻ ആയിരുന്നു എച്ച് സി യു വിൽ ഭരണകൂടത്തിന്റെ നര നായാട്ട്.

ഇതേ സമയം വലിയൊരു വിഭാഗം ജനങ്ങളും ഇന്ത്യ- ബംഗ്ലാദേശ് ടി ട്വന്റി ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങിപ്പോയതും സോഷ്യൽ മീഡിയയിൽ അടക്കം എച്ച് സി യു വിനെ ഈ ക്രിക്കറ്റ് മത്സരം അട്ടിമറിച്ചതും യാദൃശ്ചികം എന്ന് കരുതാൻ വയ്യ. രാജ്യസ്നേഹത്തിന്റെയും സന്നദ്ധപ്രവര്‍ത്തനത്തിന്റെയും മുഖാവരണമിട്ട് പൊതുസമൂഹത്തില്‍ സമ്മതി നേടിയെടുക്കുക എന്നതാണ് ആര്‍എസ് എസ ന്റെ നേതൃത്വത്തിൽ ഉള്ള സ്റ്റേറ്റിന്റെ ശ്രമം. ഈ പൊയ്മുഖത്തിനു അധിക കാലം ആയുസ്സ് ഇല്ല. എങ്കിൽ പോലും ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തില്‍നിന്ന് മാറിനില്‍ക്കുക മാത്രമല്ല സാമ്രാജ്യത്വശക്തികളുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിനൊപ്പംനിന്ന് ദേശീയ ഐക്യം ശിഥിലപ്പെടുത്തിയ ജനവഞ്ചനയുടെ ചരിത്രവും ആര്‍എസ്എസിന് സ്വന്തമാണ് എന്നുള്ളത് കൊണ്ട് നിലവിലെ അവസ്ഥയ്ക്കെതിരെ പൊതു സമൂഹം കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്.

രോഹിത് വെമുല ഇന്ത്യൻ ഭരണകൂടത്തിന്റെ പേടിസ്വപ്നം
വ്യക്തികളാണ് ചരിത്രത്തിന്റെ ശില്‍പികള്‍. വര്‍ത്തമാനത്തിന്റെ രചയിതാക്കളും അവര്‍ തന്നെ. ഭാവിയുടെ നിര്‍മാതാക്കളും അവര്‍ തന്നെയായിരിക്കും. കോടികണക്കിനു മനുഷ്യർ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. വിശേഷിച്ച് യാതൊരു ഒരടയാളവും അവശേഷിപ്പിക്കാതെ. അപൂർവം ചില മനുഷ്യർ മാത്രം മരിച്ചിട്ടും മരിക്കാത്തവരായി തലമുറകളോട് സംവദിച്ചുകൊണ്ടിരിക്കും. അത്തരത്തിൽ ഇപ്പോഴും ഒരു ജനസമൂഹത്തോട് സംവേദിക്കുകയാണ് രോഹിത് വെമുല എന്ന വിദ്യാർഥി. രക്തസാക്ഷികളുടെ ഓർമ്മകൾ പോലും ചില ഭരണകൂടങ്ങളെ ഭയപ്പെടുത്തും എന്ന് പറയുന്നത് എത്ര മാത്രം സത്യസന്ധം ആണെന്നതിന് വര്‍ത്തമാന ഇന്ത്യ സാക്ഷി.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories