TopTop
Begin typing your search above and press return to search.

രോഹിത് വെമൂലയെ അവര്‍ എത്രയധികം പേടിക്കുന്നുവെന്നതിന്റെ തെളിവുകളാണിതെല്ലാം

രോഹിത് വെമൂലയെ അവര്‍ എത്രയധികം പേടിക്കുന്നുവെന്നതിന്റെ തെളിവുകളാണിതെല്ലാം

നയന തങ്കച്ചന്‍

ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ (കൊലപാതക) ആത്മഹത്യയെ തുടര്‍ന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് അവധിയിലായിരുന്ന യൂണിവേഴ്സിറ്റി ഓഫ്‌ ഹൈദരാബാദ് വൈസ് ചാന്‍സലര്‍ അപ്പാറാവു, യൂണിവേഴ്സിറ്റിയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ നിലയിലേക്ക് വഴിമാറിയത്.

ബുധനാഴ്ച ഉച്ചയോടെയാണ് അപ്പാറാവു യൂണിവേഴ്സിറ്റിയില്‍ തിരിച്ചെത്തിയ കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിസിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഒന്നിച്ചുകൂടി. എന്നാല്‍ അവരെ അഭിസംബോധനചെയ്തു സംസാരിക്കുന്നതിനു പകരം ഓഫീസില്‍നിന്ന് പുറത്തിറങ്ങാന്‍പോലും അപ്പാറാവു കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ വിസിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് തള്ളിക്കയറുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയുമായിരുന്നു എന്നാണ് പല മുഖ്യധാരാമാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തുകണ്ടത്. എന്നാല്‍, സമാധാനപരമായി നടന്ന പ്രധിഷേധത്തിനിടെ വിസിയുടെ ഓഫീസിലേയ്ക്ക് തള്ളിക്കയറിയത് യൂണിവേഴ്സിറ്റിയിലെതന്നെ എബിവിപി പ്രവര്‍ത്തകരാണ് എന്നാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് യുഓഎച് വ്യക്തമാക്കിയത്. വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക് പോസ്റ്റുകളും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. അതിനാല്‍ത്തന്നെ ഇതൊരു ആസൂത്രിതമായ നീക്കമാണ് എന്നത് വ്യക്തമാണ്. കൂടാതെ തിരികെ ചാര്‍ജെടുത്ത വിസി, തന്നെ അനുകൂലിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍കൂട്ടി നല്‍കിയിരുന്ന, ചുമതലകള്‍ അടങ്ങിയ ഷെഡ്യൂള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

യൂണിവേഴ്സിറ്റിയിലെ നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫും കൂടി വിസിക്കൊപ്പം നില്ക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇന്നലെ ഉച്ചയോടെ യൂണിവേഴ്സിറ്റിയിലെ മെസ്സുകള്‍ എല്ലാം അടച്ചുപൂട്ടി. ലൈബ്രറിയും അടച്ചുപൂട്ടുകയുണ്ടായി. വിദ്യാര്‍ഥികള്‍ ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ വലയുന്ന അവസ്ഥയുണ്ടായപ്പോള്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് വിസിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്സിറ്റി അധികൃതര്‍ പോലീസിനെ വിളിച്ചു വരുത്തി. പിന്നീടുണ്ടായത് നരനായാട്ടണെന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു കഴിഞ്ഞു. സ്ത്രീകളായ അധ്യാപകരുടെ മുടിക്ക് പിടിച്ചു വലിച്ച്ചിഴച്ചുകൊണ്ടാണ്‌ പോലീസ് വാനില്‍ കയറ്റിയത്. വിദ്യാര്‍ഥിനികള്‍ക്കെതിരെയും വളരെമോശം പ്രതികരണമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പെണ്‍കുട്ടികളെ ബാലാത്സംഘം ചെയ്യും എന്നുപോലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഭീഷണിപ്പെടുത്തി.

ആണ്‍കുട്ടികളെയും ക്രൂരമായി മാര്‍ദിച്ചു. അടികിട്ടിയ പലരും ഛര്‍ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ ഉദയഭാനുവിനെ തലയ്ക്കുപരിക്കേറ്റ നിലയില ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റുകള്‍ ഇപ്പൊഴും തുടരുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ജെ.എന്‍.യു യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാര്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തു സംസാരിക്കുന്നതിനായി എത്തിച്ചേരുമെന്നു അറിയിച്ചതിനാല്‍ എല്ലാ ഗെയിറ്റുകളും അടച്ച്, വിദ്യാര്‍ഥികളെ പോലീസ്‌ കാവലില്‍ തടവിലാക്കുകയായിരുന്നു.

അടിസ്ഥാന സൌകര്യങ്ങളായ ഭക്ഷണത്തിനും വെള്ളത്തിനും പുറമേ വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റിയില്‍. കൂടാതെ വിദ്യാര്‍ഥികളുടെ എസ്ബിഐ (യുഓഎച്) ഡെബിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ മറ്റു യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കോ റസ്റ്റോറന്‍റ് ഡെലിവറിബോയിസിനോ പോലും യൂണിവേഴ്സിറ്റിക്ക് അകത്തേയ്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ച മുതല്‍ പട്ടിണിയായ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ സ്വയം ഭക്ഷണം പാകംചെയ്തു വിതരണം ചെയ്യുകയുണ്ടായി. എന്നാല്‍ ഇവരെ പോലീസുകാര്‍ അറസ്റ്റ്‌ ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഇഫ്‌ലു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുപോരുന്നുണ്ട്. അറസ്റ്റ്‌ ചെയ്തു നീക്കിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എങ്ങോട്ടാണ് മാറ്റിയിരിക്കുന്നതെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു എന്ന്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുണ്ടെങ്കിലും.

കടുത്ത മനുഷ്യാവകാശലംഘനം മാത്രമല്ല, സംഘപരിവാറിന്റെ ഏറ്റവും ഹീനമായ ഫാസിസ്റ്റ് അഴിഞ്ഞാട്ടം കൂടിയാണ് യൂണിവേഴ്സിറ്റി ഓഫ്‌ ഹൈദരാബാദില്‍ ഇന്നലെ മുതല്‍ അരങ്ങേറുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ മൌനം തീര്‍ത്തും അപലപനീയവും സംശയാസ്പദവുമാണ്.

രോഹിത് വെമുല കേസില്‍ അപ്പാറാവുവിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ജാമ്യാപേക്ഷ കോടതി തള്ളുകയും ജുഡീഷ്യല്‍ കമ്മിറ്റി അന്വേഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപ്പാറാവു തിരിച്ചെത്തി ചാര്‍ജ് എടുക്കുന്നത് എല്ലാത്തരം നിയമനടപടികളെയും ലംഘിച്ചുകൊണ്ടാണ്.

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒറ്റദിവസം കൊണ്ട് സംഭവിച്ചതാണ്. അപ്പോള്‍, ഇതിനകം തന്നെ മാനസികവും ശാരീരികവുമായി പരമാവധി ദ്രോഹിച്ചു കഴിഞ്ഞ വിദ്യാര്‍ഥികളുടെ മേല്‍ യൂണിവേഴ്സിറ്റി അധികൃതരും അവര്‍ക്ക് മുകളിലുള്ള കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ഇത്തരം നടപടികള്‍, അതും വളരെ ആസൂത്രിതമായി, നടപ്പാക്കുമ്പോള്‍ ഇനിയും ഔദ്യോഗികമായി പറയേണ്ടതുണ്ടോ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു എന്ന്‍? രോഹിത് വെമുലയെ അവര്‍ എത്രയധികം പേടിക്കുന്നുണ്ട് എന്ന്‍!

(ഹൈദരാബാദ് ഇഫ്ലുവില്‍ വിദ്യാര്‍ഥിയാണ് നയന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories