TopTop
Begin typing your search above and press return to search.

ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും; നിങ്ങള്‍ പേടിക്കുകയും

ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും; നിങ്ങള്‍ പേടിക്കുകയും

വൈഖരി ആര്യാട്ട്

ഹൈദരാബാദ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലെ സൗത്ത് മെസില്‍ കുടിവെള്ളം ലഭിച്ചു തുടങ്ങിയിരിക്കുന്നു. വൈ-ഫൈയും വൈദ്യുതിയും മടങ്ങിയെത്തിയിട്ടുണ്ട്, 48 മണിക്കൂര്‍ നേരത്തെ നിരോധനത്തിനു ശേഷം. ഇതെത്ര സമയം ഉണ്ടായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. 48 മണിക്കൂര്‍ നേരത്തിനു ശേഷം മെസിലെ ജോലിക്കാരും തിരിച്ചെത്തിയിരിക്കുന്നു. മെസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ ഇത്രയുമധികം പ്രതിസന്ധിക്കിടയില്‍ എന്തിനാണ് ഞങ്ങളെ വിട്ടുപോയതെന്ന് ഞാന്‍ അവരോട് തുടര്‍ച്ചയായി ചോദിച്ചു കൊണ്ടിരിക്കുന്നു. അവര്‍ ഒരു വാക്ക് പോലും പറയുന്നില്ല, കണ്ണുകളിലേക്ക് പോലും നോക്കുന്നില്ല. അവര്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്; എനിക്കറിയാം, അവര്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയത് എന്തെങ്കിലും ഉദ്ദേശ്യലക്ഷ്യത്തോടെയല്ലെന്ന്. അവരെന്തു ചെയ്യാനാണ്? ദിവസക്കൂലിക്കാരാണ് മിക്കവരും. അവരുടെ കൂടി ആഹാരത്തിനു മേലെയാണ് അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഞങ്ങളെങ്ങനെ രണ്ടു ദിവസം കഴിഞ്ഞെന്ന് അവര്‍ ചോദിച്ചു. അതേ, ഞങ്ങളൊരുമിച്ച് സര്‍വൈവ് ചെയ്തു. ഇതല്ലാതെ, ഈ സാഹചര്യത്തില്‍ മറ്റൊരു വഴിയും ഞങ്ങളുടെ മുന്നിലില്ല.

ലേഡീസ് ഹോസ്റ്റലിലെ താമസക്കാര്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി സൗത്ത് മെസില്‍ ഉള്ള സാധനങ്ങള്‍ വച്ച് ഭക്ഷണം പാകം ചെയ്തിരുന്നു. ഏഴ് ഹോസ്റ്റലിലെ താമസക്കാര്‍ക്ക് അത് തികയില്ല എങ്കില്‍ പോലും. ഷോപ്‌കോമിലെ കമ്യണിറ്റി കിച്ചണില്‍ ഞങ്ങള്‍ ചിലര്‍ ഡിന്നര്‍ കഴിക്കാന്‍ പോയി. നിറയെ പോലീസുകാരാണ്, റോന്ത് ചുറ്റുന്നു, സ്ഥലങ്ങള്‍ കൈയടക്കിയിരിക്കുന്നു. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നു- എന്താണെന്നല്ലേ? കുടിവെള്ളം പങ്കുവയ്ക്കുന്നത്? ഭീഷണിയിലും സമ്മര്‍ദ്ദത്തിലുമെല്ലം അകപ്പെട്ട് ഇടയ്ക്ക തകര്‍ന്നു പോകുന്നവരെ ആശ്വസിപ്പിക്കുന്നത്? ഇവിടെ കുഴപ്പമൊന്നുമില്ലെന്ന് മാതാപിതാക്കളോട് ഫോണില്‍ കൂടി പറയാന്‍ ശ്രമിക്കുന്നത്? അതോ ഒരു മുസ്ലീം ആയിരിക്കുന്നതോ? എനിക്കറിയില്ല, ഏതു കാര്യത്തിന്റെ പുറത്താണ് അവര്‍ ഞങ്ങളെ പിടിച്ചുകൊണ്ടു പോകുന്നതും കഠിനമായി മര്‍ദ്ദിക്കുന്നതുമെന്നും. കഴിഞ്ഞ ദിവസം വിശന്നുപൊരിഞ്ഞ സഹപാഠികള്‍ക്കു വേണ്ടി ഭക്ഷണമുണ്ടാക്കിയ ഉദയ ഭാനുവിനോട് ചെയ്തതു പോലെ. ചോറും ദാലുമായി അവിടെ, വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു, ഞങ്ങളിതിനെ അതിജീവിക്കും. ഞങ്ങള്‍ ചെയ്യും, ഒരുമിച്ച് തന്നെ.

കമ്യൂണിറ്റി കിച്ചണിലെ ചിലര്‍ പറയുന്നുണ്ടായിരുന്നു, അവര്‍ കൊണ്ടുവന്ന ഓരോ തക്കാളിപ്പെട്ടിയും പോലീസ് അരിച്ചു പെറുക്കിയത്, ഉള്ളില്‍ ബീഫ് കടത്തുന്നുണ്ടോയെന്നറിയാന്‍. അതേ, അവര്‍ പേടിക്കുക തന്നെ വേണം. ഇത് ഹൈദരാബാദ് സര്‍വകലാശാലയാണ്, ഈ രാജ്യത്തോട് മുഴുവന്‍ ബീഫ് പൊളിറ്റിക്‌സിനെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുക തന്നെ ചെയ്യും. അവര്‍ പേടിക്കുന്നുണ്ടല്ലേ, സന്തോഷം. അവര്‍ പേടിക്കുക തന്നെ വേണം.

ഉദയഭാനു ഇപ്പോഴും ഐ.സി.യുവിലാണ്. ഞങ്ങള്‍ സര്‍വകലാശാലയ്ക്കകത്ത് തടവിലും. പുറത്തുനിന്നൊരാള്‍ക്കു പോലും ഈ ദ്വീപിലേക്ക് കടക്കാന്‍ അനുവാദമില്ല, രസകരമായ ഒരു കാര്യം; പോലീസിന് ഈ വിലക്കില്ല. വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ പോലീസാണ് ഇവിടെ. ഞങ്ങളുടെ ജനാധിപത്യപരമായ എല്ലാ ഇടങ്ങളും കവര്‍ന്നെടുത്തിരിക്കുന്നു. ഞങ്ങളുടെ സ്വന്തം ഇടം നിഷേധിക്കുന്നു. തന്റെ മകന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രോഹിത് വെമൂലയുടെ അമ്മയും സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരനും അടച്ചുപൂട്ടിയ മെയിന്‍ ഗേറ്റിനു മുന്നില്‍ ഇന്നലെ രാത്രി മുതല്‍ കുത്തിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് ക്യാമ്പസില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഞങ്ങളുടെ പ്രൊഫസര്‍മാരും മറ്റ് സുഹൃത്തുക്കളും ഇപ്പോഴും മോചിതരായിട്ടില്ല, വ്യാജ കേസുകള്‍ അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നു.

പോലീസ് അതിക്രമത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ പോലും കഴിയാതെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ഒട്ടും അമാന്തിച്ചില്ല. വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുമെന്നും മുസ്ലീം വിദ്യാര്‍ഥികളെ ഭീകരവാദികള്‍ എന്നും ആക്രോശിച്ച പോലീസുകാര്‍ക്കെതിരെ ഇപ്പോഴും നടപടിയൊന്നുല്ല. ഒരു വിദ്യാര്‍ഥി ഛര്‍ദ്ദിക്കുന്നതുവരെ അടിവയറ്റില്‍ തൊഴിച്ച പോലീസുകാരും നിരപരാധിയാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങള്‍ നടത്തിയതിന് ആര്‍ക്കും ഉത്തരവാദിത്തമില്ല. തന്റെ സ്വന്തം വിദ്യാര്‍ഥിയുടെ മരണത്തിന് ഉത്തരവാദിയും എസ്.സി, എസ്.ടി നിയമ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുള്ള വി.സി അപ്പറാവുവിന്റെ കാര്യത്തിലും അവര്‍ക്കൊന്നും ചെയ്യാനില്ല. അയാളിപ്പോഴും തന്റെ അധികാരത്തില്‍ സുരക്ഷിതനാണ്. തന്റെ സാമ്രാജ്യത്തിനെതിരെ നിലകൊള്ളുന്ന വിദ്യാര്‍ഥികള്‍ക്കും തന്റെ തന്നെ സഹപ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചുവിടാന്‍ ഉത്തരവിട്ടുകൊണ്ട് അയാള്‍ അധികാരത്തിലിരിക്കുന്നു.

ഇല്ല, ഈ ക്യാമ്പസ് ഇനിയും സാധാരണത്വത്തിലേക്ക് ആയിട്ടില്ല.


(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ വൈഖരി ആര്യാട്ടിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ സ്വതന്ത്ര വിവര്‍ത്തനം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories