TopTop
Begin typing your search above and press return to search.

ജിടി 250 ആര്‍: വല്ല്യേട്ടന്റെ ഷര്‍ട്ടണിഞ്ഞ കുട്ടി

ജിടി 250 ആര്‍: വല്ല്യേട്ടന്റെ ഷര്‍ട്ടണിഞ്ഞ കുട്ടി

നമ്മുടെ നാട്ടില്‍ 250 സിസി ബൈക്കുകള്‍ക്ക് ഇന്നും പ്രീമിയം സെഗ്മെന്റെന്നാണ് പേര്. പക്ഷേ, ആഗോളതലത്തില്‍ 250 സിസി അഥവാ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ ലേണേഴ്‌സ് ബൈക്കുകളാണ്. സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കും മുമ്പേ പരിശീലിക്കാനുള്ളവയാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകളെന്ന് ചുരുക്കം. ഇവിടെ നാം കാണാന്‍ പോകുന്നതും ഒരു ക്വാര്‍ട്ടര്‍ ലിറ്റര്‍, ഫുള്‍ ഫെയേര്‍ഡ് ബൈക്കാണ്. സൂപ്പര്‍ ബൈക്കുകളുടെ ഭാവഹാവാദികളുള്ള ഒരു 250 സിസി ബൈക്ക്. ഹ്യോസങ്ങ് ജിടി 250 ആര്‍ എന്ന ഈ മോഡലിനെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും പഴയൊരു ഹ്യോസങ്ങ് വീരഗാഥ ഓര്‍മ്മവരും. കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു അതു സംഭവിച്ചത്. നമ്മുടെ നാട്ടിലെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കൈനെറ്റിക്കിന്റെ കൈപിടിച്ച് ഹ്യോസങ്ങ് ഇന്ത്യയിലെത്തിച്ചത് രണ്ടു മോഡലുകളായിരുന്നു. അക്വില എന്ന ക്രൂസറും, കോമെറ്റ് എന്ന നേക്കഡ് ബൈക്കും. രണ്ടും 250 സിസിയുള്ളവ. ടെസ്റ്റ് റൈഡ് ചെയ്തവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടെങ്കിലും വിപണിയില്‍ ചലനം സൃഷ്ടിക്കാനാവാതെ ഹ്യോസങ്ങിനു മടങ്ങേണ്ടിവന്നു. കോമെറ്റ് ഓടിച്ചിട്ടുള്ളവര്‍ക്കെല്ലാം ഹ്യോസങ്ങ് ഒരു മുറിപ്പാടായി മനസ്സില്‍ കിടന്നു. എന്നാല്‍ തിരിച്ചുവരവില്‍ കോമെറ്റിനെക്കാള്‍ സ്‌റ്റൈലിഷായ ജിടി സീരീസ് മോഡലുകളുമായാണ് ഹ്യോസങ്ങ് വന്നത്.

കാഴ്ച

മുതിര്‍ന്നവരുടെ വസ്ത്രങ്ങളെടുത്തു ധരിക്കുന്ന കുട്ടികളെ അനുസ്മരിപ്പിക്കുകയാണ് ജിടി 250 ആര്‍ എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ചേട്ടനായ ജിടി 650 ആറിന്റെ ഫ്രെയിമിലാണ് 250-യുടെ വരവ്. ബോഡി പാനലുകളും 650-യുടേതു തന്നെ. അതുകൊണ്ടുതന്നെ ചിലയിടങ്ങളില്‍ അസാധാരണമാം വിധം പാനല്‍ ഗ്യാപ്പുകളും പൊരുത്തക്കേടുകളുമുണ്ട്. എങ്കിലും 250 സിസി വിഭാഗത്തില്‍ ഏറ്റവും നല്ല റോഡ് പ്രസന്‍സുള്ളത് ജിടി 250 ആറിനു തന്നെ.

മുന്നില്‍ അപ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണുള്ളത്. ഏതോ ട്രാക്ക് ബൈക്കിനെ ഓര്‍മ്മിപ്പിക്കുന്ന പരന്ന മുഖത്ത് തിലകക്കുറി പോലെ നീളന്‍ ഹെഡ്‌ലാമ്പ് അസംബഌ. വശങ്ങളിലേക്കു നോക്കുമ്പോള്‍ പഴയ കോമറ്റില്‍ നിന്നു കടം കൊണ്ടതെന്നു തോന്നിക്കുന്ന ഫ്യുവല്‍ ടാങ്കാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. സ്പഌറ്റ് സീറ്റടങ്ങുന്ന ടെയില്‍പീസ് വളരെ സ്‌പോര്‍ട്ടിയാണെങ്കിലും നീളന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് ഒരല്പം പഴഞ്ചനായിപ്പോയെന്നു തോന്നി.


റൈഡ്

ഈ സെഗ്മെന്റിലെ മറ്റു ബൈക്കുകളില്‍ നിന്നു വ്യത്യസ്തമായി തീര്‍ത്തും ലീന്‍ ഫോര്‍വേഡ് സീറ്റിങ്ങ് പൊസിഷനാണ് ജിടി 250 ആറിന്. അതുകൊണ്ട് ഒരു കമ്യൂട്ടര്‍ എന്ന നിലയ്ക്ക് ഉപയോഗിക്കാനാവുമെന്ന് തോന്നുന്നില്ല. സ്വിച്ച് ഗിയറുകളിലും ഇന്‍സ്ട്രമെന്റേഷനിലും ആകെയൊരു പ്ലാസ്റ്റിക് ഫീലാണ്. ഇന്‍സ്ട്രമെന്റേഷന്‍ വളരെ ലളിതമാണ്. ഒരു അനലോഗ് ടാക്കോമീറ്ററും വലതുഭാഗത്തായി ഡിജിറ്റല്‍ ഡിസ്പ്‌ളേയും. ഇതില്‍ സ്പീഡോമീറ്റര്‍, ഫ്യുവല്‍ ഗേജ്, ട്രിപ് മീറ്റര്‍ എന്നിവയുണ്ട്.

ഇനി സ്റ്റാര്‍ട്ട് ചെയ്യാം. കോമെറ്റിലുണ്ടായിരുന്ന എന്‍ജിന്റെ പരിഷ്‌കൃതരൂപമാണ് ജിടി 250 ആറിലുള്ളത്. 249 സിസി വി ട്വിന്‍ എന്‍ജിന്‍ ഓയില്‍ കൂള്‍ഡാണ്. ഇലക്ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷനാണ് ഈ എന്‍ജിന്റെ അന്നദാതാവ്.

സ്റ്റാര്‍ട്ടര്‍ തിരിഞ്ഞതും ഹ്യോസങ്ങിന്റെ 250 സിസി ഹൃദയമുണര്‍ന്നു. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റായതുകൊണ്ടാവണം നല്ല കിടിലന്‍ നോട്ട്. 10000 ആര്‍പിഎമ്മില്‍ 28 ബിഎച്ച്പിയാണ് കരുത്ത്, 22.07 ന്യൂട്ടണ്‍ മീറ്ററാണ് ടോര്‍ക്ക്. ഒരു 250സിസി ട്വിന്‍ സിലിന്‍ഡര്‍ ബൈക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം കണക്കല്ല. പക്ഷേ, ഹോണ്ട സിബിആര്‍ പോലെയുള്ള സിംഗിള്‍ സിലിന്‍ഡര്‍ ബൈക്കുകള്‍ 8500 ആര്‍പിഎമ്മില്‍ 26 ബിഎച്പി ഉത്പാദിപ്പിക്കുമ്പോഴാണിത് എന്ന വസ്തുത കണക്കിലെടുക്കാതെ പോകരുത്. ഒരു വി ട്വിന്‍ ബൈക്കില്‍ നിന്നു പ്രതീക്ഷിച്ച പവര്‍ ഡെലിവറിയല്ല ജിടി 250 ആറില്‍ നിന്നും ലഭിച്ചത്. ഫ്യുവല്‍ ഇന്‍ജെക്ഷനിലെ പിശുക്കു കാരണമാവും, ആക്‌സിലറേഷനില്‍ ആകെയൊരു മെല്ലെപ്പോക്കു നയമാണ് അനുഭവപ്പെട്ടത്. ടെസ്റ്റ് റൈഡ് ബൈക്കായതുകൊണ്ടാണോ എന്നറിയില്ല, ഗിയര്‍ ഷിഫ്റ്റിലും എന്തോ ഒരു കല്ലുകടിയുണ്ടായിരുന്നു. പക്ഷേ, അത്തരം ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നല്ല റൈഡ് ക്വാളിറ്റിയാണ് ഹ്യോസങ്ങ് ജിടി 250 ആറിനുള്ളത്. ബ്രേക്കിങ്ങും ഹാന്‍ഡ്‌ലിങ്ങും മോശമല്ല.

വിലയാണ് ജിടി 250 ആറിനെ ബാധിക്കാവുന്ന മറ്റൊരു പ്രതികൂലഘടകം. വിലയുടെ കാര്യത്തില്‍ കൂടി ഒരു വിട്ടുവീഴ്ചയുണ്ടായാല്‍ ഹ്യോസങ്ങിന് ഇന്ത്യന്‍ വിപണിയില്‍ വെന്നിക്കൊടി പാറിക്കാനാവുമെന്ന് കരുതാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always confirm to our editorial positions)


Next Story

Related Stories