TopTop
Begin typing your search above and press return to search.

മോദിയുടെ നിര്‍മ്മിതി , ചെന്നിത്തലയുടെ മിശ്രണം, ദേശാഭിമാനിയുടെ പാക്കിംഗ്

മോദിയുടെ നിര്‍മ്മിതി , ചെന്നിത്തലയുടെ മിശ്രണം, ദേശാഭിമാനിയുടെ പാക്കിംഗ്

ശരത് കുമാര്‍

അത്ഭുതകരമായ കാര്യങ്ങളാണ് നാട്ടില്‍ നടക്കുന്നത്. നട്ടപ്പൊരി വെയിലില്‍ നടുറോഡിലൂടെ നടന്നു പോകുന്ന ഒരാള്‍ പെട്ടെന്ന് പിടികിട്ടാപ്പുള്ളി ആകുന്നു. അതിലുമുപരി അയാള്‍ മാവോയിസ്റ്റ് ആകുന്നു. അയാളുടെ പടം മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് പോലീസ് അല്ലെങ്കില്‍ ഭരണകൂടം വിശേഷിപ്പിക്കുന്ന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു. ഇയാളെ കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന് കിടപ്പാടം പോലുമില്ലാത്ത പാവങ്ങളോട് പോലീസ് ആവശ്യപ്പെടുന്നു (അതിന്റെ രീതി വിവരിക്കേണ്ടതില്ലല്ലോ!). ഇത് ഒരാളുടെ കഥയല്ല. ഇത് മറ്റെങ്ങുമല്ല, നമ്മുടെ കേരളത്തിലാണ് നടന്നത്. അതും ജനാധിപത്യത്തിന്റെ പ്രചണ്ഡ കാഹളങ്ങളായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും വി എം സുധീരന്‍ പ്രധാന ഭരണകക്ഷിയുടെ അധ്യക്ഷനുമായിരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍. ഇതില്‍ ഒരാള്‍ മാത്രമായിരുന്നില്ല പ്രതി. സാധാരണ ജീവിതം നയിക്കുന്ന, സാധാരണക്കാരുമായി ദൈനംദിനം ഇടപെടുന്ന അറുപത്തിയഞ്ചോളം പേരുടെ പടവും വിലാസവുമാണ് പിടികിട്ടാപ്പുള്ളികളായവരുടെ ഈ പട്ടികയില്‍ ഉള്ളത്.

സമാനമായ മറ്റൊരു റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്നും പുറത്തു വന്നു. ഇന്ത്യയുടെ വികസനത്തെ തുരങ്കം വയ്ക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. അതും വിദേശ സഹായം കൈപ്പറ്റിക്കൊണ്ട് രാജ്യ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ്. സാധാരണ ജനം അറിയാന്‍ പാടില്ലാത്ത വിധം അതീവ രഹസ്യരേഖയാണ്. പക്ഷെ റിപ്പോര്‍ട്ട് പത്രങ്ങളില്‍ വന്നു. പത്രക്കാരുടെ മിടുക്കാണോ അതോ എഴുതിയവര്‍ ചോര്‍ത്തി നല്‍കിയതാണോ എന്ന് വ്യക്തമല്ല.ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്ന വ്യക്തികള്‍ നേരത്തെ കേരളം പുറത്തിറക്കിയ പട്ടികയിലെ പോലെ തന്നെ പരസ്യമായി തങ്ങളുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. നര്‍മദ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മേധ പട്കര്‍, കൂടംങ്കുളം ആണവ നിലയത്തിനെതിരെ പോരാടുന്ന ഡോ എസ് പി ഉദയകുമാര്‍, മലയാളിയായ കെ സഹദേവന്‍, പ്രുഖ പത്രപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ്, പാരിസ്ഥിതിക-മനുഷ്യാവകാശ വിഷയങ്ങളെ കുറിച്ച് നിരവധി ഡോക്യമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള സിനിമ പ്രവര്‍ത്തകനും, പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന കെ ദാമോദരന്റെ മകനുമായ കെ പി ശശി, സിപിഎമ്മിന്റെ മുന്‍ എംപി മാലിനി ഭട്ടാചാര്യ തുടങ്ങിയവരാണ് റിപ്പോര്‍ട്ടിലെ വില്ലന്മാര്‍/വില്ലത്തികള്‍. ഇവര്‍ ചെയ്ത പ്രധാന പാതകം ഇന്ത്യയുടെ വികസനത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഇവിടുത്തെ സാധാരണ ജനത്തിന്റെ ഉന്നമനത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ചില സര്‍ക്കാര്‍, സ്വകാര്യ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തു എന്നുള്ളതാണ്.

ഓരോ വിഷയത്തെയും എടുത്ത് പരിശോധിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും വിവിധ പ്രശ്നങ്ങളുടെ പേരില്‍ ഇവര്‍ ഉന്നയിച്ച, ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങളിലും പങ്കുവയ്ക്കുന്ന ആകുലതകളിലും ചില സമാനതകള്‍ ഉണ്ട്. വികസനം എന്ന പേരില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി എന്നുള്ളതാണ് പ്രധാന ചോദ്യം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ഭാവിയെ കുറിച്ചും പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതങ്ങളെ കുറിച്ചുമുള്ള ആശങ്കകളും ഇവര്‍ പൊതുവായി പങ്ക് വയ്ക്കുന്നു. ജപ്പാനും അമേരിക്കയും റഷ്യയും ഉള്‍പ്പെടെ സകല ആധുനിക സന്നാഹങ്ങളുമുള്ള രാജ്യങ്ങള്‍ ആണവോര്‍ജ്ജത്തെ തള്ളിപ്പറയുമ്പോള്‍, അതിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍, നമ്മള്‍ എന്തിനാണ് അതിന്റെ പിറകെ പോകുന്നത് എന്ന ന്യായമായ സംശയമേ അവര്‍ ഉന്നയിക്കുന്നുള്ളു. ഇത്രയും വനം വെള്ളത്തില്‍ മുക്കികൊന്നിട്ട്, ഇത്രയും മനുഷ്യരെ ഭൂരഹിതരാക്കിയിട്ട് നിങ്ങളുടെ ഡാം എന്ത് വികസനമാണ് ഞങ്ങള്‍ക്ക് തരുന്നതെന്നേ അവര്‍ ചോദിക്കുന്നുള്ളു. കേരളത്തില്‍ ഇത്രയധികം പാറമടകള്‍ എന്തിനെന്ന ചോദ്യമേ അവര്‍ ഉന്നയിക്കുന്നുള്ളു. എന്തിനാണ് ഈ പാറകള്‍ പൊട്ടിക്കുന്നതെന്നും പതിനൊന്ന് ലക്ഷത്തില്‍ പരം വീടുകള്‍ ആള്‍താമസമില്ലാതെ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്ത് വീണ്ടും പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ച് ഇത്രയും ഫ്‌ളാറ്റ് സമുച്ചുയങ്ങള്‍ കെട്ടിപ്പൊക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും എന്തിന് വേണ്ടിയാണെന്നും മാത്രമേ അവര്‍ ചോദിക്കുന്നുള്ളു. തങ്ങള്‍ തലമുറകളായി കുടിക്കുകയും കുളിക്കുകയും ചെയ്തിരുന്ന വെള്ളം എന്തുകൊണ്ട് ഒരു ദിവസം കുടിക്കാനാവുന്നില്ലെന്നും, ആ നീരൊഴുക്കില്‍ കുളിക്കുമ്പോള്‍ എന്തുകൊണ്ട് ദേഹം ചൊറിയുന്നുവെന്നും മാത്രമേ അവര്‍ ചോദിക്കുന്നുള്ളു. കൂടാതെ പുതിയ ഫാക്ടറി വന്ന ശേഷം എന്തുകൊണ്ട് ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും. പക്ഷെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ നോട്ടപ്പുള്ളികളായി മാറുന്നു. വികസനം എന്ന പേരില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനക്ഷേമകരമായി നടപ്പിലാക്കാനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ സ്വഭാവികമായും ഇവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയും അവിടെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ആര്‍ജ്ജവത്തോടെ മറുപടി പറയുകയും ചെയ്യുകയല്ലേ വേണ്ടത്? പക്ഷെ നിര്‍ഭാഗ്യവശാല്‍, തങ്ങള്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നവരെ പ്രതിലോമകാരികളും ദേശവിരുദ്ധരുമായി മുദ്രകുത്തി നിശബ്ദരാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.ഈ ഐബി റിപ്പോര്‍ട്ടിനെ സംബന്ധിച്ച ഏറ്റവും നല്ല തമാശ അറിയണമെങ്കില്‍ ജൂണ്‍ 13ന്റെ ഫിനാന്‍ഷ്യല്‍ എക്‌സപ്രസ് നോക്കിയാല്‍ മതി. ഐബി റിപ്പോര്‍ട്ടിന്റെ ഉത്ഭവം അന്വേഷിച്ചുപോയ ഫിനാഷ്യല്‍ എക്‌സ്പ്രസ് ലേഖകന്‍ എത്തപ്പെട്ടത് 2006, സെപ്തംബര്‍ ഒമ്പതിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഒരു പ്രസംഗത്തിലാണ്. രാജ്യത്തിന്റെ വികസനത്തിനെ തുരങ്കം വയ്ക്കുന്ന സമ്പന്നരും സ്വാധീനമുള്ളവരുമായ എന്‍ജിഒകള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് മോദി ചെയ്ത പ്രസംഗമായിരുന്നു അത്. വിദേശത്ത് നിന്നും വരുന്ന പണം ഉപയോഗിച്ച് പബ്ലിക് റിലേഷന്‍സ് സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രതിച്ഛായ സൃഷ്ടിക്കുന്ന മോദി ആണ് ഇങ്ങനെ പറയുന്നതെന്ന് ഓര്‍ക്കണം. രാധ രാജന്‍, കിഷന്‍ കാക എന്നിവര്‍ ചേര്‍ന്ന് രചിച്ച എജിഓസ്, ആക്ടിവിസ്റ്റിസ് ആന്‍ ഫോറിന്‍ ഫണ്ട്‌സ്: ആന്റി-നേഷന്‍ ഇന്‍ഡസ്ട്രി (NGOs, Activists & Foreign Funds: Anti-Nation Industry) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മോദിയുടെ പ്രസംഗം. പുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ ഈ പ്രസംഗം ചേര്‍ത്തിട്ടുണ്ട്. ഈ പ്രസംഗത്തിലെ ഖണ്ഡികകള്‍ വെട്ടിയൊട്ടിച്ചതാണ് ഐബി റിപ്പോര്‍ട്ടെന്ന് ലേഖകന്‍ തെളിവ് സഹിതം സമര്‍ത്ഥിക്കുന്നു. നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്പോള്‍ ഇത്തരം പല ഐബി റിപ്പോര്‍ട്ടുകളും തയ്യാറാക്കപ്പെടുകയും അതീവ രഹസ്യ സ്വഭാവമുള്ള ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കിട്ടുകയും ചെയ്യും എന്നുള്ളത് വളരെ ചെറിയ കാലയളവില്‍ തന്നെ നമുക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 40 ദിവസത്തെ ഭരണത്തിനിടയില്‍ തന്നെ ഇത്തരത്തില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നു കഴിഞ്ഞു. ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരായ ഐബി റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.

ഈ വലത് അധികാര പ്രമത്തതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തും എന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് വ്യവസ്ഥാപിത ഇടതുപക്ഷ പാര്‍ട്ടികളാണ്. സിംഗൂരും മൂലമ്പള്ളിയും കിനാലൂരും നമ്മുടെ മുന്നില്‍ ഉള്ളപ്പോഴും വീണ്ടും ചില പ്രതീക്ഷകള്‍ ജനങ്ങള്‍ വച്ച് പുലര്‍ത്തുന്നത് അവര്‍ ഇപ്പോഴും പ്രാന്തവല്‍കൃതരുടേയും അവശരുടേയും കൂടെ നിലയുറപ്പിക്കും എന്ന വിദൂര പ്രതീക്ഷയിലാണ്. അല്ലെങ്കില്‍ ഇടതുപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയ്ക്ക് അങ്ങനെയേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന പൂര്‍വനിശ്ചയിത്തിന്റെ പേരിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള ധാരണകള്‍ക്കൊന്നും വലിയ പ്രതീക്ഷയില്ലെന്ന് സിപിഎം കേരള ഘടകത്തിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ജൂണ്‍ 26ലെ മുഖപ്രസംഗം വ്യക്തമാക്കുന്നു. മുഖപ്രസംഗത്തില്‍ ഇങ്ങനെ വായിക്കാം, 'പരിസ്ഥിതിയുടെ പേര് പറഞ്ഞ് ഏത് വികസനപദ്ധതിയും മുടക്കാന്‍ സമൂഹത്തില്‍ ഇടപെടുന്ന ചിലര്‍ ഉണ്ടോ എന്ന സംശയം കേരളത്തില്‍ നേരത്തെ തന്നെ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പതാകയുമായി നടക്കുന്ന ചില വ്യാജ സംഘടനകള്‍ക്കും കപട വ്യക്തിത്വങ്ങള്‍ക്കും വിദേശഫണ്ട് ലഭിക്കുന്നതായുള്ള സൂചനകളും നേരത്തെ തന്നെ വിന്നിരുന്നു. അങ്ങനെയുള്ള സംഘടനകള്‍ ഉണ്ട് എന്നത് ഐബി റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.'ദേശാഭിമാനി പോലെ ഒരു പത്രത്തിന് എന്നാണ് ബിജെപി ഭരിക്കുന്ന ഒരു സര്‍ക്കാരിന്റെ ഐബി റിപ്പോര്‍ട്ട് ഇത്ര വിശ്വസനീയവും പഥ്യവുമായതെന്ന് ചിന്ത ഇവിടെ പ്രസക്തമാണ്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വേരറുക്കാന്‍ (അതിനിയും ബാക്കിയുണ്ടോ എന്തോ?) വിദേശശക്തികള്‍ അകമഴിഞ്ഞ് ഫണ്ട് കേരളത്തിലേക്ക് ഒഴുക്കുകയാണ് എന്ന ആകുലതയും മുഖപ്രസംഗം പങ്ക് വയ്ക്കുന്നുണ്ട്. മുഖപ്രസംഗത്തിലെ ബാക്കി ഭാഗം വ്യക്തിഹത്യയ്ക്കാണ് വിനിയോഗിച്ചിരിക്കുന്ന് എന്നതിനാല്‍ അത് ഇവിടെ പ്രസക്തമല്ല.

പക്ഷെ മോദി 2006 ല്‍ നടത്തിയ പ്രസംഗം ഐബി റിപ്പോര്‍ട്ടാക്കി പ്രസിദ്ധീകരിക്കുന്നു. രമേശ് ചെന്നിത്തല ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പകല്‍ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികിട്ടാപ്പുള്ളികളും മാവോയിസ്റ്റുകളം ആയി മുദ്രകുത്തുന്നു. ഐബിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ ദേശാഭിമാനി ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ പിടിച്ചു കെട്ടാന്‍ കയറുമായി ഇറങ്ങുന്നു. ഇതൊക്കെ കാണുമ്പോള്‍ ഒരേ ഒരു സംശയം മാത്രമാണ് ബാക്കി. ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? ശുദ്ധജലവും വായും ബലികഴിച്ചുള്ള ഈ 'വികസനം' ആര്‍ക്കുവേണ്ടിയാണ്? (ഐബി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മുന്നോട്ട് വന്നിട്ടിണ്ട്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിന് മാത്രമേ ഈ വികസന ഐക്യദാര്‍ഢ്യത്തില്‍ പങ്കുള്ളോ എന്ന സംശയവും ബാക്കിയാണ്).ഇനി വിദേശ ഫണ്ടിന്റെ കാര്യം. എല്ലാ എന്‍ജിഒകളും സത്യസന്ധരും നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നവരുമാണെന്ന് ഇവിടെ അവകാശപ്പെടുന്നില്ല. ഇന്ത്യന്‍ ചട്ടങ്ങള്‍ക്കനുസരിച്ചല്ലാതെ വിദേശ സഹായം നേടിയെടുക്കുന്ന സംഘടനകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. പക്ഷെ നടപടി തുടങ്ങുമ്പോള്‍ ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. ആര്‍എസ്എസും അമൃതാനന്ദമയി മഠവും കെ പി യോഹന്നാനുമൊക്കെ വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്നവരാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

മാവോയിസ്റ്റ് വെല്ലുവിളി: മാറേണ്ടത് ഭരണകൂട മനോഭാവവും
യഥാര്‍ഥത്തില്‍ ആരാണ് നരേന്ദ്ര മോദി?
ടാറ്റയ്ക്കും റിലയന്‍സിനും എന്താ കൊമ്പുണ്ടോ?
ഹാ... കഷ്ടം, ഇടതുപക്ഷമേ!
ദേശീയതയും ചാര പ്രവര്‍ത്തനവും


അപ്പോള്‍ അതല്ല പ്രശ്‌നം. ഞങ്ങള്‍ പറയുന്നതാണ് വികസനം. അതിനെതിരെ ആര് ശബ്ദിച്ചാലും അവരെല്ലാം ദേശവിരുദ്ധരാണ്. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ല. അത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം അല്ലാത്തപ്പോഴൊക്കെ ഞങ്ങള്‍ ഒന്നാണ്. അതുകൊണ്ട് ഞങ്ങള്‍ പറയുന്ന വികസനം നിങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. അതിനെ ചോദ്യം ചെയ്താല്‍, നിങ്ങള്‍ ദേശവിരുദ്ധരോ മാവോയിസ്റ്റുകളോ തീവ്രവാദികളോ ആക്കപ്പെടും. ആരുണ്ടിവിടെ ചോദിക്കാന്‍?

മഹദ്വചനം: 'കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ബീഡിയും വലിച്ച് പരിപ്പവടയും തിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നാണ് ചിലര്‍ പറയുന്നത്', സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ഒരു പഴയ പ്രസ്താവന. കോണ്‍ഗ്രസുകാരെ കുറിച്ച് ചെന്നിത്തലയ്ക്കും ബിജെപിക്കാരെ കുറിച്ച് മോദിക്കും ഇങ്ങനെ തന്നെ ചോദിക്കാം. അതാണ് വികസനത്തിന്റെ മൂലാര്‍ത്ഥം.

*Views are personal


Next Story

Related Stories