TopTop
Begin typing your search above and press return to search.

എന്റെ നഗ്നതയെ എനിക്ക് ഭയമില്ല, ശരീരം എന്റെ ദൗര്‍ബല്യവുമല്ല; സദാചാര വേട്ടക്കാര്‍ക്കെതിരെ ചിന്‍സി

എന്റെ നഗ്നതയെ എനിക്ക് ഭയമില്ല, ശരീരം എന്റെ ദൗര്‍ബല്യവുമല്ല; സദാചാര വേട്ടക്കാര്‍ക്കെതിരെ ചിന്‍സി
തന്നെയും സഹോദരിയെയും അമ്മയെയും അശ്ലീലവും ലൈംഗികച്ചുവയുള്ളതുമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചും കത്തുകള്‍ അയച്ചും ഒരുകൂട്ടം സാമൂഹ്യദ്രോഹികള്‍ ഉപദ്രവിക്കുന്നതിനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്തകാലത്ത് അപര്‍ണ പ്രശാന്തി നേരിടേണ്ടി വന്ന സദാചാര ഗുണ്ടായിസത്തിന് സമാനമായ ആക്രമണമാണ് ഈ സഹോദരിമാരും അമ്മയും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി നേരിടുന്നത്.

നാദാപുരം സ്വദേശിയും സമൂഹമാധ്യമത്തിലെ സജീവ സാന്നിധ്യവുമായ ചിന്‍സി ചന്ദ്രയാണ് താനും സഹോദരിയും അമ്മയും നാട്ടുകാരില്‍ നിന്ന് നേരിടുന്ന സദാചാര വേട്ടയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിയ്ക്കുന്നത്. തങ്ങള്‍ക്കെല്ലാവര്‍ക്കും ഭ്രാന്താണെന്നും താനും അനിയത്തി സ്വാതി ചന്ദ്രയും അമ്മയും നാടും വീടും നിറഞ്ഞ് നില്‍ക്കുന്ന വെടികളും ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു. വീട്ടിലേക്ക് പല വസ്തുക്കളും ഉപയോഗിച്ച് എറിയുക കാറിന് നേരെ എറിയുക ഇതൊക്കെ നിത്യസംഭവങ്ങളായി മാറിയെന്നാണ് ചിന്‍സി പറയുന്നത്. പോലീസില്‍ പരാതിപെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും ആരോപിക്കുന്ന ചിന്‍സി വളരെ ഗുരുതരമായ ആരോപണങ്ങളാണ് പോലീസിന് എതിരെ ഉന്നയിക്കുന്നത്.

നിങ്ങള്‍ പ്രതിയെ കണ്ടുപിടിക്കൂ ഞങ്ങള്‍ അറസ്റ്റ് ചെയ്യാം എന്നാണ് പരാതിയുമായി ചെന്ന ഇവരോട് നാദാപുരം എസ്‌ഐ പറഞ്ഞത്. തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ 'രണ്ട് പെണ്‍കുട്ടികള്‍ ആയതുകൊണ്ടും കല്യാണം കഴിപ്പിച്ചയക്കാന്‍ ഗതിയില്ലാത്തതുകൊണ്ടും അച്ഛനാണ് ഇങ്ങനെയുള്ള അപവാദ പ്രചരണങ്ങള്‍ പടച്ചുവിടുന്നതെന്നും അച്ഛന് മാനസിക പ്രശ്‌നമാണ്' എന്നുമാണ് പോലീസ് കണ്ടെത്തിയത്. എങ്ങനെയാണ് ഒരു പൗരന് ഇങ്ങനെയൊരു നിയമ വ്യവസ്ഥയില്‍ വിശ്വസിക്കാന്‍ കഴിയുകയെന്ന ശക്തമായ ചോദ്യമാണ് ചിന്‍സി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.ഇതേക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ചിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയും സൈ്വര്യ വിഹാരത്തെ തടയുകയും ചെയ്യുന്ന ഈ വ്യവസ്ഥയോട് എനിക്ക് പുച്ഛമാണ് എന്നും വ്യക്തമാക്കുന്നു. എനിക്ക് സദാചാര വക്താക്കളുടെ സംരക്ഷണം വേണ്ടെന്ന് ഉറപ്പിച്ച് പറയുന്ന ചിന്‍സി എന്റെ നഗ്നതയെ എനിക്ക് ഭയമില്ല, എന്റെ ശരീരം എന്റെ ദൗര്‍ബല്യമല്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം ഒരിക്കലും ഈ ഒരു വിഷയത്തെ പിണറായി സര്‍ക്കാറിനെതിരെയുള്ള ആയുധമായി കാണരുതെന്ന്‌ ചിന്‍സി മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പൊതുബോധത്തില്‍ തിരുത്തപ്പെടേണ്ട വിഷയമാണ്. ഏകദേശം രണ്ട് രണ്ടര വര്‍ഷം മുമ്പാണ് കേസ് കൊടുത്തത് അതിനു ശേഷവും ഇത്തരം അതിക്രമം ഉണ്ടായെങ്കിലും പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയിട്ട് കാര്യമില്ലെന്ന് മനസിലായതോടെ ആ പ്രതീക്ഷ വിടുകയാണ് ഉണ്ടായതെന്നും ചിന്‍സി പറയുന്നു.

അപര്‍ണ്ണ പ്രശാന്തിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന പ്രശ്‌നം ഒറ്റപ്പെട്ട സംഭവമല്ലെന്നും പൊതു സമൂഹത്തില്‍ നിരന്തരം ഇടപെടുന്ന എല്ലാവര്‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നുണ്ടെന്നുമാണ് താന്‍ ഈ പോസ്റ്റിലൂടെ മുന്നോട്ട് വച്ചതെന്നും ഇതൊരു അനുഭവക്കുറിപ്പാണെന്നും ചിന്‍സി അഴിമുഖത്തോട് പറഞ്ഞു.

സമൂഹത്തിന് മുന്നിലെ നല്ല പെണ്‍കുട്ടി കാഴ്ചപ്പാടിനെ പൊളിച്ച് സ്വന്തം രാഷ്ട്രീയ സാമൂഹിക നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതാകാം നാട്ടുകാര്‍ തനിക്കും സഹോദരിക്കുമെതിരെ തിരിയാന്‍ കാരണമെന്നും ചിന്‍സി പറഞ്ഞു. രാത്രി യാത്രയും ജീന്‍സ് ധരിക്കുന്നത് പോലും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ നിന്ന് ഇതില്‍ കൂടുതലെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്നും ഈ പെണ്‍കുട്ടി ചോദിക്കുന്നു.


Next Story

Related Stories