TopTop
Begin typing your search above and press return to search.

അമ്മയെ അവര്‍ നാടുകടത്തുമോ? എനിക്കു പേടിയാകുന്നു... ട്രമ്പ് അമേരിക്കന്‍ ജീവിതത്തെ പിടിച്ചുകുലുക്കുമ്പോള്‍

അമ്മയെ അവര്‍ നാടുകടത്തുമോ? എനിക്കു പേടിയാകുന്നു... ട്രമ്പ് അമേരിക്കന്‍ ജീവിതത്തെ പിടിച്ചുകുലുക്കുമ്പോള്‍

മൈക്കല്‍ ഇ. മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബുധനാഴ്ച രാവിലെ ഒരു ഇലക്ഷന്‍ വാച്ച് പരിപാടി കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരികെ വണ്ടിയോടിക്കുമ്പോഴാണ് ക്ലോഡിയ ക്വിനോനെസിനോട് ഒരു സുഹൃത്ത് വിവരം പറഞ്ഞത്. ഡൊണാള്‍ഡ് ട്രമ്പ്‌ ആയിരിക്കും അടുത്ത അമേരിക്കന്‍ പ്രസിഡന്റ്. ഇരുപത്തൊന്നുകാരിയായ ക്വിനോനെസ് വണ്ടി വഴിയരികില്‍ നിറുത്തി കരഞ്ഞു.

അവര്‍ക്ക് പതിനൊന്നുവയസുള്ളപ്പോഴാണ് അവരുടെ അമ്മ ബൊളീവിയയില്‍ നിന്ന് ഒരു നല്ല ജീവിതത്തിനായി മേരിലാന്‍ഡിലേയ്ക്ക് താമസം മാറിയത്. അവര്‍ക്ക് വിസയുണ്ടായിരുന്നു, എന്നാല്‍ അതിന്റെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ അവര്‍ രേഖകളില്ലാത്തവരാണ്.

പ്രസിഡന്റ്റ് ബരാക് ഒബാമയുടെ രൂപകല്‍പ്പനയിലുള്ള ഒരു വിവാദപോളിസിയാണ് ക്വിനോനെസിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതും നാടുകടത്തല്‍ തടഞ്ഞതും അവര്‍ക്ക് ഒരു തൊഴില്‍ പെര്‍മിറ്റ്‌ നല്കിയതും. അവര്‍ ജോലി കണ്ടെത്തുകയും പിന്നീട് കോളേജില്‍ പോകാനായി സ്കോളര്‍ഷിപ്പ് നേടുകയും ചെയ്തു.

"എന്റെ അമേരിക്കന്‍ സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കാന്‍ പോവുകയാണ് എന്ന് ഞാന്‍ കരുതി", കാസ ദേ മേരിലാന്‍ഡ് എന്ന ഇമിഗ്രേഷന്‍ ഉപദേശസംഘത്തില്‍ നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ അവര്‍ പറഞ്ഞു. "എന്നാല്‍ ഇപ്പോള്‍ ഡോണാള്‍ഡ് ട്രമ്പ്‌ പ്രസിടന്റ്റ് ആയതോടെ എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല", അവര്‍ കരച്ചിലിന്റെ വക്കില്‍ നിന്ന് പറയുന്നു. "എന്നെ നാടുകടത്തും, എന്റെ അമ്മയെയും."

ഒരുദിവസം രാവിലെ രേഖകളില്ലാത്ത ഏതാണ്ട് പതിനൊന്നുമില്യന്‍ കുടിയേറ്റക്കാര്‍ ഉണര്‍ന്നത് ഈ യാഥാര്‍ഥ്യത്തിലേക്കാണ്. മെക്സിക്കോയുമായുള്ള അതിര്‍ത്തിയില്‍ മതില്‍ പണിയും എന്ന് പറയുന്നയാളാണ് ഇനി പ്രസിഡന്റ്റ് ആവുക. ലാറ്റിനോകള്‍ റേപ്പിസ്റ്റുകളും കൊലയാളികളും മയക്കുമരുന്ന് കടത്തുകാരുമാണ് എന്ന് കരുതുന്നയാളാണ് അയാള്‍. അധികാരമെടുത്ത് ഒരു മണിക്കൂറിനുള്ളില്‍ നാടുകടത്തല്‍ തുടങ്ങും എന്ന് പ്രഖ്യാപിച്ചയാളാണ് ഡൊണാള്‍ഡ് ട്രമ്പ്‌.

ട്രമ്പിന്റെ വിജയം പല അമേരിക്കക്കാര്‍ക്കും ഒരു നടുക്കമാണ് ഉണ്ടാക്കിയത്. രേഖകളില്ലാതെ കുടിയേറിയവര്‍ക്ക് അവരുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങുന്നു. ഹിലാരി ക്ലിന്റന്റെ ഇമിഗ്രേഷന്‍ റിഫോം വാഗ്ദാനത്തിന് പകരം ട്രമ്പിന്റെ നാടുകടത്തല്‍ ഭീഷണിയാണ് ഇനി അവര്‍ക്കുമുന്നില്‍ ഉള്ളത്.

"നമുക്ക് പരിചയമുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതിയ യാഥാര്‍ഥ്യമാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്", വാഷിംഗ്ടണ്‍ പോസ്റ്റ്‌ മുന്‍ റിപ്പോര്‍ട്ടറും ആക്റ്റിവിസ്റ്റുമായ ജോസേ അന്റോണിയോ വര്‍ഗാസ്‌ പറയുന്നു. വര്‍ഗാസ്‌ ആയിരിക്കും രാജ്യത്തെ ഏറ്റവും പ്രഗല്‍ഭനായ രേഖകളില്ലാത്ത കുടിയേറ്റക്കാരന്‍. ഒബാമ ഭരണം വളരെയധികം ആളുകളെ നാടുകടത്തിയെങ്കിലും അര്‍ഹിക്കുന്നവരെ അമേരിക്കയില്‍ നിലനിറുത്തുകയും ചെയ്തിരുന്നു.

"ട്രമ്പ്‌ ഭരണം വരുമ്പോള്‍ രേഖകളില്ലാത്ത ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന പേടിയും സംഭ്രമവും കൂടുതല്‍ ആഴത്തിലാകുന്നു", ഡിഫൈന്‍ അമേരിക്കന്റെ സിഇഓയും സ്ഥാപകനുമായ വര്‍ഗാസ്‌ പറയുന്നു. ഇലക്ഷന്‍ ദിവസം ഫോക്സ് ന്യൂസിന് വെളിയില്‍ വര്‍ഗസിനെ തിരിച്ചറിഞ്ഞ ഒരാള്‍ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു, "നാടുകടത്തപ്പെടാന്‍ ഒരുങ്ങിക്കോളൂ."

രാജ്യത്തുടനീളം ആളുകള്‍ ഒരു ട്രമ്പ്‌ പ്രസിഡന്‍സി എങ്ങനെയായിരിക്കും എന്ന ആശങ്കയിലാണ്. എങ്ങനെയാണ് അയാള്‍ ഇസ്ലാമിക് സ്റ്റേറ്റിനെ കൈകാര്യം ചെയ്യുക? അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം എന്തായിരിക്കും? എഡ്യുക്കേഷന്‍ പോളിസിക്ക് എന്ത് സംഭവിക്കും?

എന്നാല്‍ ഇമിഗ്രേഷനെപ്പറ്റി ട്രമ്പ്‌ തുറന്നനിലപാട് എടുത്തിരുന്നു. അത് തന്റെ പ്രധാന പ്രശ്നങ്ങളിലോന്നായി അയാള്‍ തെരഞ്ഞെടുക്കുകയും പ്രചാരണപ്രസംഗങ്ങളില്‍ ആളുകളുടെ കുടിയേറ്റം ദേശീയസുരക്ഷയും സമ്പദ്ഭദ്രതയും ബാധിക്കുന്നതായും അവതരിപ്പിച്ചിരുന്നു. മതില്‍ നിര്‍മ്മിക്കുമെന്നും മോശം ആളുകളെ നാടുകടത്തുമെന്നും മാത്രമല്ല, മുന്‍ പ്രസിഡന്റ്റ് ഐസന്‍ഹോവറുടെ 1954-ലെ ഓപ്പറേഷന്‍ വെറ്റ്ബാക്ക് പോലെ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാരെ ഉപയോഗിച്ച് നടപടി സ്വീകരിക്കും എന്നാണു പറഞ്ഞിരിക്കുന്നത്. ഓപ്പറേഷന്‍ വെറ്റ്ബാക്ക് പതിനായിരക്കണക്കിന് മെക്സിക്കക്കാരെ അമേരിക്കയില്‍ നിന്ന് അന്ന് നീക്കം ചെയ്തിരുന്നു.

ഇതില്‍ എന്തൊക്കെ പ്രസിടന്റ്റ് ട്രമ്പ്‌ പ്രാവര്‍ത്തികമാക്കും എന്നതാണ് ചോദ്യം.

"ട്രമ്പ്‌ തന്റെ വാഗ്ദാനം പാലിക്കും" ട്രമ്പിന്റെ വിര്‍ജിനിയ പ്രചാരണത്തിന്റെ മുന്‍തലവനായ കോറി സ്റ്റീവാര്‍ട്ട് പറയുന്നു. "അയാള്‍ മതില്‍ നിര്‍മ്മിക്കും, മികച്ച ഇമിഗ്രേഷന്‍ നടപടികള്‍ ഉറപ്പുവരുത്തും. അതായിരുന്നു പ്രചാരണത്തിലൂടെ പ്രധാനമായി ട്രമ്പ്‌ നടത്തിയ വാഗ്ദാനം.അത് സൂക്ഷിച്ചേ പറ്റൂ, അത് അയാള്‍ സൂക്ഷിക്കും."

ഒബാമയ്ക്ക് കീഴിലുള്ള ഹോം ലാന്‍ഡ്‌ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ജെനറല്‍ കൌണ്‍സളായിരുന്ന ഡേവിഡ് മാര്‍ട്ടിന്‍ പറയുന്നത് സുപ്രീം കോടതിയില്‍ ഒരു 4 - 4 ടൈയിലെത്തിയതിനു ശേഷം പ്രസിഡന്റിന്റെ പേരന്റ്സ്‌ ഓഫ് അമേരിക്കന്‍സ് ആന്‍ഡ്‌ ലോഫുള്‍ പെര്‍മനന്റ് റസിഡന്റ്സ് (DAPA) പ്രോഗ്രാം ഇനി വെളിച്ചം കാണുമെന്നു കരുതാനാകില്ല എന്നാണ്.

ക്വിനോനെസിനെപ്പോലെ സ്വപ്നം കാണാന്‍ തീരുമാനിച്ച് രേഖകളില്ല എന്ന് വെളിപ്പെടുത്തിയവര്‍ക്ക് തങ്ങളുടെ സുരക്ഷിതത്വം നഷ്ടമാകും എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. ഫാക്ടറികളിലും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഐസിഇ നടത്തിവന്നിരുന്ന റെയ്ഡുകള്‍ ഇനി ശക്തമാകും. "നമ്മള്‍ ഇനി മതില്‍ നിര്‍മ്മിക്കുന്നതും കാണും" എന്ന് മാര്‍ട്ടിന്‍ പറയുന്നു.

എന്നാല്‍ ട്രമ്പിന്റെ ഇമിഗ്രേഷന്‍ പോളിസികള്‍ രാഷ്ട്രീയ-സാമ്പത്തിക പ്രഷറുകള്‍ക്ക് വിധേയമാകണ്ടിവരുമെന്ന് മാര്‍ട്ടിന്‍ പറയുന്നു. ഐസിഇ ഏജന്റുമാരും വന്‍മതിലും ഒക്കെ ചെലവേറിയ കാര്യങ്ങളാണ്. സര്‍വകലാശാലാ വിദ്യാര്‍ഥികളെ നാടുകടത്തുന്നത് രാഷ്ട്രീയമായ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. "ഇപ്പോള്‍ ഇത് പറച്ചില്‍ മാത്രമല്ലാതായി മാറിയതോടെ എന്തിനാണ് ട്രമ്പ്‌ മുന്‍ഗണന നല്‍കുന്നതെന്ന് നോക്കാം." മാര്‍ട്ടിന്‍ പറയുന്നു.

സാമ്പ്രദായിക രാഷ്ട്രീയബോധത്തോട് ചേര്‍ന്ന്നില്‍ക്കുന്നതാണ് ട്രമ്പിന്റെ വിജയം എന്ന് സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് എന്ന കണ്‍സര്‍വേറ്റീവ് തിങ്ക്‌ ടാങ്കിലെ മാര്‍ക്ക് ക്രികോറിയന്‍ പറയുന്നു. "ഒരുപാട് റിപ്പബ്ലിക്കന്‍ ബ്രെയിന്‍ ട്രസ്റ്റുളും ഡെമോക്രാറ്റുകളും വര്‍ഷങ്ങളായി പറഞ്ഞിരുന്നത് ഇമിഗ്രേഷന്‍ റിഫോം എന്ന പേരില്‍ മാത്രമേ റിപ്പബ്ലിക്കന്‍ന് പ്രസിഡന്റ്റ് പദവി നേടാനാകൂ എന്നാണ്. അത് ശരിയായി."

മേരിലാന്റ് സില്‍വര്‍ സ്പ്രിങ്ങില്‍ താമസിക്കുന്ന ബ്രെന്‍ഡ ബാരിയോസ് എന്ന മുപ്പത്തൊന്നുകാരിക്ക് ട്രമ്പ്‌ ഇലക്ഷന്‍ ഒരു “പേടിസ്വപ്നമാണ്." പത്തുവയസുകാരന്‍ മകന്‍ ഫ്രാങ്കി ഉറങ്ങേണ്ട സമയം കഴിഞ്ഞ് ഒരുമണികൂര്‍ നേരം കൂടി ഇലക്ഷന്‍ റിസള്‍ട്ട് കണ്ടിരിക്കാന്‍ അവര്‍ അനുവദിച്ചു.

"അയാളുടെ മുഖം ചുവന്നു ചുവന്നു ചുവന്ന് വന്നുകൊണ്ടിരുന്നപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു, മമ്മീ, ഡോണാള്‍ഡ് ട്രമ്പ്‌ ജയിക്കാന്‍ പോവുകയാണോ?" അവര്‍ പറഞ്ഞു, "പേടിക്കേണ്ട."

എന്നാല്‍ പിറ്റേന്ന് ഉണര്‍ന്നെണീറ്റയുടന്‍ ഫ്രാങ്കി ചോദിച്ചത് ആരാണ് ജയിച്ചത് എന്നായിരുന്നു. ട്രമ്പ്‌ ജയിച്ചു എന്ന് ബാരിയോസ് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞു.

"അവന്റെ അമ്മയെ വേറൊരു രാജ്യത്തേയ്ക്ക് അയക്കുമെന്നാണ് അവന്റെ പേടി." അവര്‍ പറയുന്നു. ബാരിയോസിന്റെ ഈ പേടി ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്. അവരുടെ അച്ഛനമ്മമാര്‍ അവര്‍ക്ക് അഞ്ചുവയസുള്ളപ്പോള്‍ അമേരിക്കയിലേയ്ക്ക് അനധികൃതമായി കുടിയേറിയതാണ്. അവളെയും സഹോദരിയെയും ഗ്വാട്ടിമാലയിലാക്കിയിട്ടാണ് അവര്‍ ഇവിടെ എത്തിയത്. 2003-ല്‍ ഇവിടെഎത്തിയപ്പോള്‍ ബാരിയോസിനു ഒടുവില്‍ ഒരു കുടുംബമുണ്ടായത് പോലെ തോന്നി. എന്നാല്‍ സന്തോഷം അധികകാലം ഉണ്ടായിരുന്നില്ല. അവളുടെ അച്ഛനെ 2005ല്‍ ആദ്യം നാടുകടത്തി. അമ്മ ഒപ്പം പോയി. അതിനുശേഷം അവള്‍ അവരെ കണ്ടിട്ടില്ല.

ട്രമ്പ്‌ പ്രസിഡന്റ്റ് ആകുമ്പോള്‍ തന്റെ മകന്റെ പേടി പോലെ, കുടുംബം തകരുമോ എന്നവര്‍ പേടിക്കുന്നു. ഐസിഇ, ജോലിക്കിടെ പ്ലംബര്‍ ആയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്നോ അവര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നോ ഒക്കെ ബാരിയോസ് പേടിക്കുന്നു.

"ഞാന്‍ എന്റെ കുട്ടികളുടെ കൂടെ കളിക്കുമ്പോള്‍ ഐസിഇ എനിക്ക് വേണ്ടി വരുമെന്ന് ഞാന്‍ പേടിക്കുന്നു. ആരാണ് നിരീക്ഷിക്കുന്നത് എന്നുറപ്പില്ലാത്തത് കൊണ്ട് എനിക്ക് കുട്ടികളെയും സ്കൂളില്‍ വിടാന്‍ പോലും പേടിയാണ്."

എന്നാല്‍ എല്ലാ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കും പേടിയില്ല. ജോസേ പിന എന്ന മെക്സിക്കന്‍ കെട്ടിടത്തൊഴിലാളി പറയുന്നത് എല്ലാദിവസവും ജോലിക്ക് പോകുമ്പോള്‍ പിടിക്കപ്പെടുമോ, നാടുകടത്തുമോ എന്ന ഭീഷണിയിലാണ് പോകുന്നത് എന്നാണ്.

"ഇതാണ് ഞങ്ങളുടെ യഥാര്‍ത്ഥ്യം." അയാള്‍ സ്പാനിഷില്‍ പറഞ്ഞു. "ഞങ്ങള്‍ക്ക് എപ്പോഴും ആ പേടിയുണ്ടായിരുന്നു. അതിര്‍ത്തി കടന്നു വരുമ്പോള്‍ എടുക്കുന്ന റിസ്ക്‌ ആണിത്."

38-കാരനായ പിന 1998-ലാണ് അമേരിക്കയിലേയ്ക്ക് ഒളിച്ചുകടന്നത്. അയാളും കാമുകിയും രാജ്യത്തേയ്ക്ക് അനധികൃതമായാണ് കടന്നത്. അവര്‍ക്ക് എട്ടുവയസുള്ള ഒരു മകളുണ്ട്, ഹെതര്‍. അവള്‍ ജനിച്ചത് ഒരു ജൂലൈ നാലിനാണ്.

മാതാപിതാക്കള്‍ക്ക് അരികില്‍ “ലൈഫ് ഈസ്‌ ഗുഡ്” എന്നെഴിതിയ പച്ച നിറമുള്ള ഒരു ജാക്കറ്റ് ധരിച്ച് ഹെതര്‍ ഇരുന്നിരുന്നു. ഇമിഗ്രന്റ്സിനെയും അവരുടെ മക്കളെയും വേണ്ട എന്ന് പറഞ്ഞ ട്രമ്പിനെ അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

എന്നാല്‍ അവളുടെ കുടുംബത്തിനു ഇപ്പോള്‍ സംഭവിക്കുന്നതില്‍ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹെതര്‍ തല കുലുക്കി.

"ഇപ്പോള്‍ സംഭവിക്കുന്നതിനെതിരെ പൊരുതാനാകില്ലേ?" ഒരു ചോദ്യമോ ഒരു പ്രസ്താവനയോ പോലെ അവള്‍ പറഞ്ഞു.


Next Story

Related Stories