UPDATES

ട്രെന്‍ഡിങ്ങ്

പള്‍സര്‍ സുനിയെ വര്‍ഷങ്ങളായി അറിയാമെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി; ദിലീപുമായി സുനിക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന് അറിയില്ല

പള്‍സര്‍ കുറ്റകൃത്യത്തിന് മുമ്പ് നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണെന്നാണ് പൊലീസിന്‍റെ നിഗമനം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വര്‍ഷങ്ങളായി അറിയാമെന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ (സുനില്‍രാജ്) മൊഴി. നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ടെന്ന് അപ്പുണ്ണി മൊഴി നല്‍കി. 2013 മുതലാണിത്. അതേസമയം ദിലീപും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തത് പോലെ സംസാരിക്കാനാണ് ദിലീപ് തന്നോട് ആവശ്യപ്പെട്ടത്. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ജയിലില്‍ നിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡിലും പോയെന്നും അപ്പുണ്ണി പറഞ്ഞു. എന്നാല്‍ കേസിലെ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നാണ് അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നത്.

തന്റെ ഫോണ്‍ നമ്പര്‍ സുനിയുടെ കയ്യിലുണ്ടാകാം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്റെ ഫോണിലേക്ക് വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പറഞ്ഞു. ദിലീപും സുനിയും സിനിമാ സെറ്റുകളില്‍ ചിലപ്പോഴൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി തനിക്ക് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു. ദിലീപ് അറസ്റ്റിലായ ജൂലൈ പത്ത് മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി ഇന്നലെയാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആറ് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ട് ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

പള്‍സര്‍ കുറ്റകൃത്യത്തിന് മുമ്പ് നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണെന്നാണ് പൊലീസിന്‍റെ നിഗമനം. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിന് കൈമാറാന്‍ ജയിലിനുള്ളില്‍ സുനില്‍ ഏല്‍പിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരന്‍ വിഷ്ണു അയച്ചതും ഇയാള്‍ക്കാണ്. ഈ സാഹചര്യത്തില്‍ ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന സംശയത്തില്‍ തന്നെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍