അഴിമുഖം പ്രതിനിധി
ഐ എസ് എല്ലിന്റെ വരവോടെ ഗരിമ നഷ്ടപ്പെട്ട ഐ ലീഗിലെ അവസാന മത്സരത്തില്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെട്ടുവെങ്കിലും ബംഗളുരു എഫ് സിക്ക് ബഗാനോട് മധുര പ്രതികാരം വീട്ടാനായി. കഴിഞ്ഞ വര്‍ഷം ബഗാന് അടിയറ വച്ച ഐലീഗ് കിരീടം ബംഗളുരു എഫ് സി തിരിച്ചു പിടിച്ചു. സാല്‍ഗോക്കറിനെ 2-0-ത്തിന് തോല്‍പ്പിച്ച് കീരിടം ഉറപ്പിച്ചാണ് അവസാന മത്സരത്തില്‍ ബഗാനെ നേരിടാന്‍ ബംഗളുരു എത്തിയത്. വിജയത്തോടെ ഐലീഗ് സീസണ് അവസാനിപ്പിക്കാമെന്ന മോഹത്തോടെ വന്ന ബംഗളുരുവിനെ ബഗാന് തുരത്തുകയായിരുന്നു.
ബംഗളുരു ടീം ഐ ലീഗില്‍ കളിച്ചു തുടങ്ങിയിട്ട് മൂന്നു സീസണുകളേ ആയിട്ടുള്ളൂ. പക്ഷേ, രണ്ട് ഐലീഗ് കിരീടങ്ങള്‍ ബംഗളുരുവിന്റെ ഷോക്കേസില്‍ എത്തിക്കഴിഞ്ഞു. അരങ്ങേറ്റത്തില്‍ നേടിയ കിരീടമാണ് കഴിഞ്ഞ തവണ ബഗാന് അടിയറ വച്ചത്. കളിയില്‍ ഭൂരിപക്ഷം സമയവും മുന്നിട്ടു നിന്നശേഷം ബഗാനോട് വഴങ്ങിയ സമനിലയാണ് അന്ന് ബംഗളുരുവിന് വിനയായത്.
തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസമെന്നാണ് ബംഗളുരു പരിശീലകന് ആഷ്ലി വെസ്റ്റ് ഹുഡ് ആ ദിവസത്തെ വിശേഷിപ്പിച്ചത്. പക്ഷേ, കിരീട നഷ്ടവും സമനിലയും ടീമില്‍ വീറും വാശിയും നിറച്ചു. എങ്കിലും ഈ സീസണില്‍ ബംഗളുരു അവരുടെ മികച്ച പ്രകടനത്തിന് അടുത്ത് എത്തിയിരുന്നില്ല. ചില കളികളില്‍ അവര്‍ അതില്‍ നിന്നും ഏറെ പിന്നാക്കം പോകുകയും ചെയ്തു.
പക്ഷേ, തന്ത്രങ്ങളില്‍ അവര്‍ മറ്റു ടീമുകളേക്കാള്‍ മികച്ചതും മുന്പന്തിയിലുമായിരുന്നു. അവരെ ഐലീഗ് ചാമ്പ്യന്മാരാക്കിയതും ഈ തന്ത്രങ്ങളും കണക്കുകൂട്ടലുകളുമായിരുന്നു. അതിനുള്ള മാര്‍ക്ക് ആഷ്ലിക്കുള്ളത് തന്നെയാണ്. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥയും കൂറും ആഷ്ലിയുടെ കൂടെപ്പിറപ്പായിരുന്നു. അതുകൊണ്ട് തന്നെ മകന് ജനിച്ചപ്പോള്‍ അദ്ദേഹത്തിന് ടീമിനെ വിട്ട് പോകാനും കഴിഞ്ഞിരുന്നില്ല. മറ്റു ടീമുകള്‍ക്കില്ലാത്ത ഒരു മുതല്ക്കൂട്ടു കൂടി അവര്‍ക്കുണ്ടായിരുന്നു. കടുത്ത ആരാധക വൃന്ദം. എവേ മത്സരങ്ങളിലും അവര്‍ ടീമിനൊപ്പം യാത്ര ചെയ്തു. എങ്കിലും ആഷ്ലി തന്നെയായിരുന്നു ക്ലബിന്റെ നെടുംതൂണ്.
ടീം കിരീടം നേടുമെന്ന് ഉറപ്പാക്കുന്നതിന് അദ്ദേഹം ഓരോ ചുവടും വളരെ കൃത്യമായി കണക്കൂട്ടി വച്ചു. സീസണിന്റെ തുടക്കത്തില്‍ സാല്ഗോക്കറിനേയും പുതുതായി ഐലീഗിലെത്തിയ ഐസ്വാള്‍ എഫ്സിയേയും അവരുടെ തട്ടകത്തില്‍ നേരിട്ട് നേടിയ തിളക്കമറ്റ വിജയം ആഷ്ലിയെ ആശങ്കപ്പെടുത്തിയില്ല. കാരണം മറ്റൊന്നുമല്ല എവേ മത്സരങ്ങളിലെ 25 ശതമാനം കളികളില്‍ മാത്രമേ സന്ദര്‍ശകര്‍ ജയിക്കാറുള്ളൂ. അതിനാല്‍ രണ്ട് കളികളില്‍ നിന്നും ലഭിച്ച ആറ് പോയിന്റെ വിലയേറിയത് തന്നെയായിരുന്നു.
കൂടാതെ സീസണിന്റെ അവസാനഘട്ടമെത്തുമ്പോള്‍ ഐസ്വാളിനെതിരെ നേടിയ മൂന്നു പോയിന്റുകള്‍ നിര്‍ണായകമാകുമെന്നും മറ്റു ടീമുകള്‍ക്ക് മിസോറാമിലെ മത്സരങ്ങള്‍ കടുപ്പമേറിയതാകുമെന്നും ആഷ്ലി പ്രവചിച്ചു. അവസാനഘട്ടത്തില്‍ ഐസ്വാള്‍ ബഗാനെ അട്ടിമറിക്കുകയും ചെയ്തു. ഇത് കിരീടം പ്രതിരോധിക്കാനുള്ള ബഗാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയും ചെയ്തു. ആദ്യ പത്ത് മത്സരങ്ങളില്‍ ബംഗളുരു മൂന്ന് എണ്ണത്തില്‍ തോറ്റു. അതേസമയം, ബഗാനാകാട്ടെ തോറ്റില്ലെങ്കിലും നാല് സമനിലകള്‍ വഴങ്ങി. കണക്കുകളില്‍ ബംഗളുരു മുന്നിലെത്തി.
പരിശീലകന് സഞ്ജയ് സെന്നിന് സസ്പെന്ഷന് കൂടി ലഭിച്ചതോടെ ബഗാന് ടൂര്‍ണമെന്റില്‍ പ്രതിരോധത്തിലായി. മറു വശത്ത് ബംഗളുരു പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തി. സാഹചര്യങ്ങളുടെ ആനുകൂല്യം മുതലെടുക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ സീസണിലേതു പോലെ അവസാന കളിയില്‍ കലമിട്ട് ഉടയ്ക്കാന്‍ കാത്തു നില്‍ക്കാതെ ഒരു മത്സരം ബാക്കി നില്‍ക്കേ സാല്‍ഗോക്കറിനെ തോല്‍പ്പിച്ച് കിരീടമുറപ്പിച്ചു. എന്നിട്ട് സമ്മര്ദ്ദരഹിതമായാണ് ബഗാനെ നേരിടാനെത്തിയത്.
ബംഗളുരുവിന്റെ കിരീട വിജയം ടീം പ്രയത്നത്തിന്റേതു കൂടിയാണ്. ടീമിനുവേണ്ടി കൂടുതല്‍ ഗോളുകള്‍ നേടിയത് സുനില്‍ ഛേത്രിയും കിം സോംഗ് യോംഗുമാണ്. അഞ്ചുഗോളുകള്‍ വീതം. അവരുടെ ഗോളുകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ് ടോപ് സ്കോറര്‍ പട്ടികയിലെ റാന്‍ഡി മാര്‍ട്ടിന്‍സും ഡാരില്‍ ഡഫിയും നേടിയത്. റാന്‍ഡി ഈസ്റ്റ് ബംഗാളിനുവേണ്ടി 12 ഗോളും ഡാരില്‍ 11 ഗോളും നേടിയിരുന്നു.
അവസാന മത്സരം കഴിഞ്ഞപ്പോള്‍ ബംഗളുരുവിന് 32 പോയിന്റും ബഗാന് 30 പോയിന്റുമാണുള്ളത്. ആറു മത്സരങ്ങള്‍ അവശേഷിക്കേ ഒരു പോയിന്റ് മാത്രമാണ് ഇരുടീമുകളും തമ്മിലുണ്ടായിരുന്നത്.
ബംഗളുരുവിന്റെ പ്രകടനത്തില്‍ മറ്റു കളിക്കാരും നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. സികെ വിനീതും ലിംഗ്ദോയും ഒക്കെ അവശ്യ ഘട്ടങ്ങൡ ഗോളുകളടിച്ചു. യുവാക്കളും പരിചയ സമ്പത്തുള്ളവരും ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്തിട്ടുണ്ട്.
2013-ലാണ് ബംഗളുരു എഫ് സി സ്ഥാപിച്ചത്. ഇംഗ്ലണ്ടിലേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടേയും മാതൃകയാണ് ബംഗളുരു പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ ഐ ലീഗ് നേടിയ ഏക ടീം എന്ന ചരിത്രം കുറിച്ച ബംഗളുരുവിന്റെ പ്രൊഫഷണല്‍ സമീപനം മറ്റു ടീമുകളും പിന്തുടര്ന്നാല് മാത്രമേ ഐ എസ് എല്ലിന്റെ നിഴലില്പ്പെട്ടുപോയ ഐ ലീഗിനെ പുനരുജ്ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ സ്വാഭാവിക മരണം പതിയെ ഐ ലീഗിനെ പുല്കും. രണ്ടാം സീസണില്‍ റണ്ണേഴ്സ് അപ്പായ ബംഗളുരു മൂന്നാം സീസണില്‍ കാണിച്ച ടീം സ്പിരിറ്റ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും ഉണ്ടാകേണ്ടതുണ്ട്.