Top

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി; പക്ഷേ എങ്ങുമെത്താതെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകള്‍

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി; പക്ഷേ എങ്ങുമെത്താതെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകള്‍
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ഉദ്യോഗതതലത്തില്‍ കരുനീക്കം ശക്തമാവുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതല്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് ഈ നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. സംസ്ഥാനത്തെ ഐ.എ.എസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 47 കേസുകളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസുകളുടെ അന്വേഷണം അട്ടിമറിക്കപ്പെടുന്നെന്ന സൂചനയാണ് ഈ കേസുകളോടുള്ള പൊതു സമീപനം നല്‍കുന്നത്. ചൊവ്വാഴ്ച ശ്രീലേഖ ഐപിഎസിനെതിരായ കേസില്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശം ഈ സംശയം ബലപ്പെടുത്തുന്നു.

ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ബി. ശ്രീലേഖയ്‌ക്കെതിരെയുള്ള നടപടി വൈകിപ്പിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതു കൊണ്ടാണ് അന്വേഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി തള്ളി. ചീഫ് സെക്രട്ടറിയുടെ മറുപടിയും അന്വേഷണവും തൃപ്തികരമല്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്.
ശ്രീലേഖയ്‌ക്കെതിരെ ഗതാഗത മന്ത്രി നല്‍കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ആരോപണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ശ്രീലേഖയ്‌ക്കെതിരായ പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലം മാറ്റം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിന് വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്, വിദേശ യാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ക്രമക്കേടുകളായി ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയും നടക്കുന്നുണ്ട്. ശ്രീലേഖ ഗതാഗത കമ്മീഷണറായിരുന്ന കാലത്ത് സ്ഥലം മാറ്റത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഫയല്‍ 2016 ജൂലൈ 25ന് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി. പ്രത്യേക കുറിപ്പോടെ നല്‍കിയ ഫയല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി ചീഫ്‌ സെക്രട്ടറി എസ്.എം വിജയാനന്ദിന് കൈമാറിയിരുന്നു. എന്നാല്‍ നാല് മാസമായിട്ടും ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയാണ് കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയത്. നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ അതീവ രഹസ്യം എന്ന പ്രത്യേക കുറിപ്പോടെ തച്ചങ്കരി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.

dgp

മറ്റൊരു കേസിലും കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നു. ബാര്‍ കോഴ കേസ് അന്വേഷണത്തിന്റെ കേസ് ഡയറി കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടതാണത്. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കോടതി കേസ് ഡയറി ആവശ്യപ്പെട്ടിരിക്കുന്നത്. ബാര്‍ കോഴ കേസ് അട്ടിമറിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര റെഡ്ഡിയ്‌ക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസിലും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നടത്തിയതിന്റെ രേഖകള്‍ 10 ദിവസത്തിനകം ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എ.ഡി.ജി.പി ആയിരുന്ന ശങ്കര്‍ റെഡ്ഡിയെ ക്രമവിരുദ്ധമായാണ് ഡി.ജി.പി പദവിയോടെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്ന സ്വകാര്യ ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദ്ദേശം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് കോടതി രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതിലെ അതൃപ്തി കോടതി രേഖപ്പെടുത്തി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ക്കെതിരെയും പരാതി നിലനില്‍ക്കുന്നുണ്ട്.

അഡീഷണല്‍ സെക്രട്ടറി ടോം ജോസിന്റെ അനധികൃത സ്വത്ത് സമ്പാദനവും ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് ത്വരിത പരിശോധനകള്‍ നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാടിലെത്തിയിരുന്നു. ടോം ജോസിന്റെ ഭാര്യയുടേയും ബിസിനസ് പങ്കാളിയുടേയും വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാവും നിര്‍ണായകമാവുക.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകളും കേസിന്‍മേലുള്ള നടപടികളും ചര്‍ച്ചയാവുമ്പോള്‍ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥരുടെ സംഘടന പ്രകടിപ്പിക്കുന്ന കടുത്ത അതൃപ്തിയാണ് സംശയം ജനിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തും മുമ്പ് തന്നെ കേരളത്തിലെ ഐ.എ.എസ്., ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ കേരളത്തിലെ മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 47 വിജിലന്‍സ് കേസുകളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ അഴിമതി വിരുദ്ധ നിലപാടുകള്‍ നവീകരിക്കുന്നതായി പറയുമ്പോഴും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ തലപ്പത്ത് തടരുകയാണ്. ടോമിന്‍ ജെ തച്ചങ്കരിയ്ക്കും ടി.ഒ. സൂരജിനുമെതിരെയാണ് ഏറ്റവുമധികം വിജലന്‍സ് കേസുകള്‍ നിലനില്‍ക്കുന്നത്.

iii

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 32 ഉം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 15 ഉം വിജലന്‍സ് കേസുകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷം കേസുകളിലും വര്‍ഷങ്ങളായി അന്വേഷണം തുടരുകയാണ്. കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട അനില്‍ ഐ.എ.എസ്, മലമ്പുഴ ചെമ്പന വില്ലേജിലെ ആദിവാസി ഭൂമിയും വനഭൂമിയും സ്വകാര്യ വ്യക്തിയ്ക്ക് മറിച്ച് നല്‍കിയതിന് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന ബിശ്വാസ് സിന്‍ഹ ഐ.എ.എസ്., കയര്‍ മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ഫണ്ട് അനുവദിച്ചതിലെ തിരിമറി ആരോപണം നിലനില്‍ക്കുന്ന റാണി ജോര്‍ജ് ഐ.എ.എസ്, ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നിലനില്‍ക്കുന്ന പി.എം ഫ്രാന്‍സിസ് ഐ.എ.എസ്, കെ.എം.എല്‍. ലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിലുള്‍പ്പെട്ട ടോം ജോസ് ഐ.എ.എസ് തുടങ്ങി വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്ന നിരവധി ഉദ്യോഗസ്ഥരാണ് അന്വേഷണം നേരിടുന്നത്. സിഡ്കോയിലെ അനധികൃത നിയമനം, അനധികൃത സ്വത്ത് സമ്പാദനം, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കി തുടങ്ങി വ്യത്യസ്തങ്ങളായ 5 കേസുകളാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.ഒ സൂരജിനെതിരെ നിലനില്‍ക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെയും 5 കേസ് നിലനല്‍ക്കുന്നു. മനോജ് എബ്രഹാം, ശങ്കര്‍ റെഡ്ഡി, ബാലകൃഷ്ണന്‍, ഗിരീഷ്‌കുമാര്‍, ശിവശങ്കരന്‍, വി.ജെ.കുര്യന്‍, എ.എം.എബ്രഹാം, ടിങ്കു ബിശ്വാസ്, ഷേക്ക് പരീത്, ലത, ടി.ബി.സലീം, ആനന്ദ് സിങ്, എന്‍.എ.കൃഷ്ണന്‍കുട്ടി, മുരളീധരന്‍, ഷീലാ തോമസ്, എ.ജെ.രാജന്‍, ബി.മോഹനന്‍, ഗോപാലകൃഷ്ണന്‍, വേണു, ആഷിഖ്, ജിജി തോംസണ്‍, ശ്രീജിത്ത് തുടങ്ങി നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

ഈ ഉദ്യാഗസ്ഥര്‍ തുടരുന്നത് സര്‍ക്കാരിന്റെ സുതാര്യമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നുമില്ല. അന്വേഷണം നടക്കുമ്പോഴും സര്‍വ്വീസില്‍ തുടരുന്ന ഈ ഉദ്യോഗസ്ഥര്‍ അധികാരത്തിന്റെ സ്വാധീനമുപയോഗിച്ചും സംഘടനാ ശക്തികൊണ്ടും കേസന്വേഷണം വഴിതെറ്റിക്കുകയാണെന്നും വിവിധ വകുപ്പുകളുടെ സഹകരണം അന്വേഷണത്തില്‍ ലഭിക്കുന്നില്ലെന്നും വിവിധ തലങ്ങളില്‍ നിന്നും ആരോപണം ഉയരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്നും അവരെ ജയിലിലടയ്ക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാല്‍ വ്യക്തമായ തെളിവുകളോടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


Next Story

Related Stories