TopTop
Begin typing your search above and press return to search.

ഒരൊറ്റ കോഹ്ലി പോര സെമി ഫൈനല്‍ കടമ്പ കടക്കാന്‍

ഒരൊറ്റ കോഹ്ലി പോര സെമി ഫൈനല്‍ കടമ്പ കടക്കാന്‍

അഴിമുഖം പ്രതിനിധി

ടി20 ലോകകപ്പില്‍ ഓസ്‌ത്രേലിയയ്ക്ക് എതിരായ ജീവന്‍മരണ പോരാട്ടത്തില്‍ വിരാട് കോഹ്ലി കാഴ്ച വച്ച പ്രകടനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു കഴിഞ്ഞു. ടി20യിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായും വിരാടിന്റെ 51 പന്തില്‍ നിന്ന് 82 റണ്‍സിനെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ വാഴ്ത്തി.

ക്ഷമയുടേയും ആക്രമണാത്മതയും സമന്വയിച്ച വിരാട ഇന്നിങ്‌സ് തോല്‍വിയുടെ വക്കില്‍ നിന്നും ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. 14-ാമത് ഓവര്‍ വരെ ഓസ്‌ത്രേലിയയുടെ പക്കലായിരുന്നു മത്സരം. എന്നാല്‍ യുവരാജ് പുറത്തായപ്പോള്‍ കോഹ്ലിക്ക് എം എസ് ധോണി കൂട്ടായി എത്തിയപ്പോള്‍ സ്‌കോര്‍ കുതിച്ചുയരുകയും മത്സരം ഇന്ത്യയുടെ വരുതിയില്‍ ആകുകയും ചെയ്തു.

ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട മത്സരമായിരുന്നു അത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. പിന്നാലെ വന്ന സുരേഷ് റെയ്‌നയും ഡഗൗട്ടില്‍ മടങ്ങിയെത്തി. സ്‌കോര്‍ ബോര്‍ഡില്‍ അമ്പത് റണ്‍സിന് താഴെ മാത്രം രേഖപ്പെടുത്തുകയും മൂന്നു പേര്‍ പുറത്താകുകയും ചെയ്തപ്പോള്‍ ഒരിക്കല്‍ കൂടി രക്ഷാപ്രവര്‍ത്തനം യുവരാജ് സിംഗിന്റേയും കോഹ്ലിയുടേയും ചുമലിലായി.

ഏത് ദുഷ്‌കരമായ സാഹചര്യത്തില്‍ നിന്നും തിരികെ കയറാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ടൂര്‍ണമെന്റില്‍ ഇതുവരെ ബാറ്റു കൊണ്ടും പന്തു കൊണ്ടും ഇന്ത്യയുടെ പ്രകടനം. എന്നാല്‍ പല ഇന്നിങ്‌സുകളിലും ഒരു ബാറ്റ്‌സ്മാനെ അമിതമായി ആശ്രയിക്കേണ്ടി വന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ചടത്തോളം അത്ര നല്ല സൂചനയല്ല. നല്ലൊരു പന്തില്‍ കോഹ്ലി പുറത്താകുകയോ നേരിട്ടുള്ള ഏറില്‍ അദ്ദേഹം റണ്‍ഔട്ട് ആകുകയോ ചെയ്യാമെന്നും അദ്ദേഹം ഒരു മനുഷ്യനാണെന്നും ശ്രീലങ്കയുടെ മുന്‍താരമായ കുമാര്‍ സങ്കക്കാര പറഞ്ഞത് കൃത്യമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. എന്നാല്‍ പലപ്പോഴുമത് ഒറ്റയാള്‍ പ്രകടനമായി പോകുന്നു. മധ്യ, അന്തിമ ഓവറുകളില്‍ പന്തേറുകാര്‍ ഇരകളെ കണ്ടെത്തുന്നുണ്ട്.

ഇന്ത്യയുമായുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ത്രേിലയയുടെ ഉസ്മാന്‍ ഖവാജയുടെ സ്‌ഫോടനാത്മകമായ ഇന്നിങ്‌സിന് അന്ത്യം കുറിക്കാന്‍ ആശിഷ് നെഹ്‌റയ്ക്ക് കഴിഞ്ഞു. പിന്നീട് സ്റ്റീവ് സ്മിത്തിനും യുവരാജിന്റെ ആദ്യ പന്തില്‍ ധോണിക്ക് പിടി കൊടുത്ത് മടങ്ങേണ്ടി വന്നു.

രവീന്ദ്ര ജഡേജ പന്തെറിയാന്‍ വന്നതു മുതല്‍ ഓസ്‌ത്രേിലിയ റണ്‍സെടുക്കാന്‍ വിഷമിച്ചിരുന്നു. പന്തിനെ അതിര്‍ത്തി കടത്താന്‍ അവര്‍ ഏറെ പരിശ്രമിച്ചു. പഴയ പടക്കുതിരയായ ആശിഷ് നെഹ്‌റയുടെ അനുഭവ സമ്പത്ത് നിര്‍ണായ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.

ഖജാവയുടെ ആക്രമണത്തില്‍ പതറാതെ തന്റെ യോര്‍ക്കറുകളിലെ മാന്ത്രികത തിരികെ കൊണ്ടു വരാന്‍ ജസ്പ്രീത് ബുംറയ്ക്ക് സാധിച്ചു.

ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ സെമിഫൈനല്‍ ലൈനപ്പ്. ഏഷ്യയില്‍ നിന്നും ഇന്ത്യയും യൂറോപ്പില്‍ നിന്നും ഇംഗ്ലണ്ടും ഡൗണ്‍ അണ്ടറില്‍ നിന്ന് ന്യൂസിലന്റും അമേരിക്കയുടെ അടുത്തു നിന്നും വെസ്റ്റ് ഇന്‍ഡീസും സെമിയിലെത്തി.

നാളെ ഇന്ത്യ വാങ്കഡേയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. പരിക്ക് മൂലം യുവരാജ് കളിക്കുന്നത് അനിശ്ചിതത്വത്തിലാണ്. പകരമിറങ്ങാന്‍ മനീഷ് പാണ്ഡേ തയ്യാറെടുക്കുകയുമാണ്. ഓസ്‌ത്രേലിയക്ക് എതിരായ അവസാന ഏകദിനത്തില്‍ പാണ്ഡേ അവിസ്മരണീയമായ സെഞ്ച്വറിയടിച്ചിരുന്നു.

ടി20യുടെ എല്ലാ അപ്രവചനീയതയും ഒത്തിണങ്ങുന്ന ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. തന്റേതായ ദിവസത്തില്‍ ക്രിസ് ഗെയില്‍ ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിക്കും. മര്‍ലോണ്‍ സാമുവല്‍സും ആന്ദ്രേ ഫ്‌ളെച്ചറും ടീമിനെ ശക്തിപ്പെടുത്തുന്നു. ഡെയ്ന്‍ ബ്രാവോയും ആന്ദ്രേ റസ്സലും മികച്ച ഓള്‍ റൗണ്ടര്‍മാരുമാണ്. ബാറ്റിങ്ങും ബൗളിങ്ങും ഫീല്‍ഡിങ്ങും കൊണ്ട് അവര്‍ കളിയുടെ ഗതി മാറ്റി മറിക്കും.

ക്രിക്കറ്റിലെ ശിശുക്കളായ അഫ്ഗാനിസ്ഥാന്റെ കൈയില്‍ നിന്നേറ്റ തോല്‍വി വെസ്റ്റ് ഇന്‍ഡീസിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാകും.

കൃത്യമായ പദ്ധതിയും തന്ത്രങ്ങളും അവ കളിക്കളത്തില്‍ നടപ്പിലാക്കാനുള്ള ധോണിയുടെ കഴിവും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കും. എങ്കിലും കോഹ്ലിയെന്ന ഒരു ആളെ മാത്രം കൂടുതല്‍ ആശ്രിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരവുമല്ല.


Next Story

Related Stories