TopTop
Begin typing your search above and press return to search.

'രാഷ്ട്രീയപ്രേരിത' ഐസ്ക്രീം കേസിന് പിന്നിലെ അരാഷ്ട്രീയം

രാഷ്ട്രീയപ്രേരിത ഐസ്ക്രീം കേസിന് പിന്നിലെ അരാഷ്ട്രീയം

ഡി. ധനസുമോദ്

തെളിവുകൾ ഇല്ലാതാക്കിയും ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിച്ചും ഇല്ലാതാക്കിയ കേസ്. കാരണം ആരോപണ വിധേയൻ സംസ്ഥാനം ഭരിക്കുന്ന മന്ത്രി. എല്ലാ തട്ടിപ്പിനും കരുക്കൾ നീക്കിയ വ്യക്തി ഒരു സുപ്രഭാതത്തിൽ വാർത്താചാനലിലൂടെ കേസ് അട്ടിമറിച്ച വിധം വിളമ്പി. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് അട്ടിമറിച്ചതിനെതിരെ വിവാദ നായകനായ മന്ത്രി ഉൾപ്പെടുന്ന സർക്കാർ പുതിയ അന്വേഷണത്തിനു ഉത്തരവിടുന്നു. സർക്കാരിനോട് ഭയഭക്തി ബഹുമാനമുള്ള അന്വഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചു. കേസ് അട്ടിമറിച്ചതിനു മതിയായ തെളിവ് ഇല്ല എന്നതായിരുന്നു ഉള്ളടക്കം. ഈ റിപ്പോർട്ടുമായി മുന്നോട്ടു പോയാൽ വൻ മൽസ്യങ്ങൾ വലമുറിച്ചു പോകുമെന്ന് ഉറപ്പുള്ളതിനാൽ പ്രതിപക്ഷനേതാവ് രംഗത്തു വരുന്നു. സ്വന്തം പാർട്ടി കേസ് നടത്താൻ മുന്നോട്ടു വരുന്നു. കേസ് അട്ടിമറിക്കാൻ കൂട്ടു നിന്നവരിൽ മുൻ അഡ്വക്കറ്റ് ജനറൽ, മുൻ ഡിജിപി ഉൾപ്പെടെ ഉള്ളവർ അടങ്ങുന്നതിനാൽ കേസ് സിബിഐ യെ കൊണ്ടു അന്വഷിപ്പിക്കണം എന്നു പ്രതിപക്ഷ നേതാവ് വാദിക്കുന്നു. അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നു. ഇതിനെതിരെ അവസാന ആശാകേന്ദ്രമായി സുപ്രീം കോടതിയെ സമീപിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടി ഇതിനിടയില്‍ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുന്നു. വിവാദത്തില്‍ അകപ്പെട്ട മുന്‍ അഡ്വക്കറ്റ് ജനറൽ പുതിയ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് ആകുന്നു. വിവാദനായകനായ മന്ത്രി പ്രതിപക്ഷ ബെഞ്ചിലേക്ക് മാറുന്നു.

സുപ്രീം കോടതിയില്‍ കേസ് എടുക്കുമ്പോള്‍ പരാതിക്കാരനായ സ്വന്തം പാര്‍ട്ടി നേതാവിനെ സര്‍ക്കാര്‍ വക്കീല്‍ തള്ളിപ്പറയുന്നു. കോടതി കേസ് എടുത്തു കൊട്ടയില്‍ തള്ളുന്നു. മുന്‍മന്ത്രിയും പ്രതിപക്ഷത്തെ രണ്ടാമത്തെ പാര്‍ട്ടിയുടെ നേതാവുമായ വിവാദനായകന്‍ ദൈവത്തിനു സ്തുതി പറയുന്നതോടെ ഈ കഥ ഇവിടെ അവസാനിക്കുകയാണ് സുഹൃത്തുക്കളെ ....ഇവിടെ കഥ അവസാനിക്കുകയാണ്. വിചാരണ കോടതിയിലെ പാട്ടുമത്സരം മാത്രമാണ് പരാതിക്കാരന്റെ പ്രതീക്ഷ. "തെളിവില്ല" മുഖമുദ്രയാക്കിയ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്വഷിച്ച കേസ് അട്ടിമറി കേസിന്‍റെ റിപ്പോര്‍ട്ടിലും മതിയായ തെളിവില്ല എന്നാണ് എഴുതിയിരിക്കുന്നത്.

ഇവിടെ ജയിച്ചത്‌ ആരോപണ വിധേയനായ മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ആണ്.

ഇവിടെ ജയിച്ചത്‌ ആരോപണ വിധേയനായ മുൻ അഡ്വക്കറ്റ് ജനറലും നിലവില്‍ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും ആയ അഡ്വ.എം കെ ദാമോദരന്‍ ആണ്.

ഇവിടെ ജയിച്ചത് ഐസ്ക്രീം കേസിന് ആസ്പദമായ കെട്ടിടം രാത്രിക്ക് രാത്രി പൊളിച്ചുനീക്കി റബര്‍ നട്ട ബുദ്ധി ആണ്.

തോറ്റത് വി എസ് അച്യുതാനന്ദന്‍ മാത്രമല്ല, മൂടി വച്ചിരിക്കുന്ന സ്വര്‍ണ പാത്രത്തെ തള്ളി മറിച്ച് സത്യം ഒരുനാള്‍ പുറത്തു വരും എന്ന സാധാരണക്കാരുടെ വിശ്വാസം തന്നെയാണ്. റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ പെണ്‍കുട്ടികളാണ്...

കേസില്‍ സാക്ഷി ആയവരെകുറിച്ചു വിഎസിന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറി വികെ ശശിധരന്‍ പറയുന്നത് ശ്രദ്ധിക്കുക "ഇനി ബിന്ദുവിന്റെ മൊഴികളിലേക്ക് വരാം. 9-3-2011ലും 3-10-2011ലും ബിന്ദുവിന്റെ മൊഴിയെടുത്തു. കുഞ്ഞാലിക്കുട്ടിയുമായി പലതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നായിരുന്നു മൊഴി. പ്രതികള്‍ക്കനുകൂലമായി മൊഴി കൊടുക്കാന്‍ പണം വാങ്ങിയതും, ചാലപ്പുറത്തുവെച്ച് തന്നെ മൊഴി പഠിപ്പിച്ചതുമെല്ലാം ബിന്ദു കൃത്യമായി പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയ ചേളാരി ഷെരീഫിന്റെ പേരുവരെ ബിന്ദു പോലീസിനോട് വെളിപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് ബിന്ദുവിന്റെ ഫോണില്‍നിന്നും നിരന്തരമായി ഇവര്‍ക്ക് കോള്‍ പോയതായി കണ്ടെത്തി. പറഞ്ഞിട്ടെന്താ, പുതിയ സര്‍ക്കാര്‍ വന്നതോടെ, മൊഴികള്‍ മാറി. അതിനാല്‍ ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തി. അപ്പോള്‍, കണ്ടെത്തിയ തെളിവുകളോ? അത് പോലീസ് അവഗണിക്കുകയും ചെയ്തു. ഇതുതന്നെയാണ് റോസലിന്റെ കാര്യത്തിലും സംഭവിച്ചത്."കേസ് നടത്തുന്നത് സിപിഎം ആണെന്നിരിക്കെ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് ജനങ്ങളോടുള്ള വഞ്ചനയാണ്. രാഷ്ട്രീയ പ്രേരിതം എന്ന് അറിയാം എങ്കില്‍ എന്തിനാണ് വിഎസിന്റെ നിയമ പോരാട്ടത്തെ പിന്തുണച്ചത്‌? എന്തിനാണ് സുപ്രീം കോടതിയില്‍ മുറിച്ചുരികകൊണ്ട് വിഎസിനെ പിന്നില്‍ നിന്നും കുത്തിയത്? ഇതിനെല്ലാം സിപിഎം മറുപടി പറഞ്ഞേ തീരു. കാരണം അഴിമതി കേസില്‍ നിരന്തര പോരാട്ടം നടത്തി മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ ഇരുമ്പഴിക്കുള്ളില്‍ ആക്കിയതുള്‍പ്പെടെയുള്ള വിവാദങ്ങളില്‍ വിഎസിന് കിട്ടിയ മൈലേജിന്‍റെ ഗുണഫലം അനുഭവിച്ചത് സിപിഎം ആയിരുന്നു. ഞാനും മുതല അമ്മാവനും കൂടി ആടിനെ പിടിച്ചെന്നു പറയുന്ന തവളയെ പോലെ ആണ് സിപിഎം നേതാക്കള്‍ അക്കാലത്തു പെരുമാറിയത് എന്ന് പറയുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.

ഐസ്ക്രീം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കേസ് രാഷ്ട്രീയ പ്രേരിതം ആണ് എന്ന് പറയുമ്പോള്‍ ചരിത്രത്തെ, ഇന്നലെ വരെ തൊണ്ട കീറി വിളിച്ച മുദ്രാവാക്യങ്ങളെ, ഒക്കെ വിഴുങ്ങുകയാണ് സിപിഎം ചെയ്തത്. എതിരാളികളുടെ തോളില്‍ കൈയ്യിട്ടു അവരെ സഹായിക്കുന്നവര്‍ക്ക്‌ എന്തു രാഷ്ട്രീയം? എന്തു രാഷ്ട്രീയ പ്രേരിതം. ഇപ്പോള്‍ നടക്കുന്നത് അരാഷ്ട്രീയ പ്രേരിതം ആണ്.

വിശുദ്ധ മാസത്തില്‍ പരമോന്നത കോടതിയില്‍ നിരപരാധിത്വം തെളിഞ്ഞു എന്ന് ആശ്വസിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയെ ഉള്ളില്‍ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ പിന്നാലെ വരുന്നുണ്ട്. റംസാന്‍ മാസം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കഴിയും. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് പറയുമ്പോള്‍ തന്നെ ചില സത്യങ്ങള്‍ അന്വഷണ റിപ്പോര്‍ട്ടില്‍ വിന്‍സെന്റ് പോള്‍ പറയാതെ പറഞ്ഞു വച്ചിട്ടുണ്ട്. സ്വയം ഇല്ലാതാകാനുള്ള കുറെ വിവരങ്ങള്‍ അതിലുണ്ട് .കൊള്ളാവുന്ന വക്കീലിനെ വച്ചു വിഎസ് വിചാരണ കോടതിയില്‍ വാദിച്ചു തുടങ്ങിയാല്‍ ഉള്ളി തോലിക്കുന്നത് പോലെ റിപ്പോര്‍ട്ട് അപ്പാടെ ഇല്ലാതാക്കാം. സാക്ഷി മൊഴി ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുക മാത്രമല്ലല്ലോ അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ. കൈ എത്തും ദൂരെ വരെ എത്തിയ ഭരണ പരിഷ്കാര അധ്യക്ഷ കസേര വിഎസിന്‍റെ പോരാട്ടങ്ങള്‍ക്ക് വേഗം കുറച്ചില്ലെങ്കില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories