TopTop
Begin typing your search above and press return to search.

സ്വത്വരാഷ്ട്രീയ മുന്നേറ്റത്തില്‍ മൗദൂദിക്കെന്താണ് കാര്യം അഥവാ ജമാഅത്ത് എത്ര മുഖം മിനുക്കും?

സ്വത്വരാഷ്ട്രീയ മുന്നേറ്റത്തില്‍ മൗദൂദിക്കെന്താണ് കാര്യം അഥവാ ജമാഅത്ത് എത്ര മുഖം മിനുക്കും?

സിറാജ് പനങ്ങോട്ടില്‍ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ കൂടുതല്‍ സ്വത്വപ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യത്യസ്ത മൗദൂദി ചിന്താധാരകളും. പൊതുമണ്ഡലത്തില്‍ നിരന്തരം മാറിമാറിയുള്ള മുഖംമൂടി അണിഞ്ഞിട്ടും അടിസ്ഥാനപരമായ ഹുകുമത്തെ ഇലാഹിയിലെ കറ ഒളിപ്പിച്ചുവെക്കാന്‍ കഴിയുന്നില്ല എന്നതാണ് അവര്‍ നേരിട്ട് കൊണ്ടിരിക്കുന്ന സ്വത്വപ്രതിസന്ധിയുടെ മൂലകാരണം.ഈ മുഖംമൂടി ധരിക്കുന്നതിന്റെ ഏറ്റവും ലേറ്റസ്റ്റ് വേഷമാണ് ഇപ്പോള്‍ കാണിക്കുന്ന 'അമിതമായ' സ്വത്വരാഷ്ട്രീയ ഇടപെടലുകളും. ക്യാംപസുകളിലും അക്കാദമിക് ഇടങ്ങളിലുമൊക്കെ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ആക്ടിവിസത്തിന്റെ ഭാഗമായി ഇടതുപക്ഷ ചിന്താധാരക്കെതിരെ അവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ ചോദ്യകര്‍ത്താക്കള്‍ക്കു തന്നെ എത്രമാത്രം തിരിഞ്ഞു കുത്തുന്നു എന്നതാണിവിടെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.കീഴാളരുടെ സാധ്യത
കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങുന്നതിനു മുന്‍പ് ഉയര്‍ന്നു വരുന്ന ഒരു സംശയമാണ് മൗദൂദിയന്‍ ധാര സ്വപ്നം കാണുന്ന വ്യവസ്ഥിതിയില്‍ അമുസ്ലീങ്ങളായ കീഴാളരുടെ സ്ഥാനമെന്തായിരിക്കുമെന്നതും ഇടപെടലുകളുടെ രൂപം എന്തായിരിക്കുമെന്നതും. അടിസ്ഥാനപരമായി ഒരു കീഴാള കേന്ദ്രീകൃത ഡിസ്‌കോഴ്‌സ് ആയിരിക്കും ഉരുത്തിരിയുകയെന്ന മറുപടി സ്വാഭാവികമായും പ്രതീക്ഷിക്കുന്നില്ല. മൗദൂദിയുടെ ഹുകൂമത്തെ ഇലാഹി വാദത്തിന് ഈ കീഴാള മേല്‍ക്കോയ്മ അംഗീകരിക്കാന്‍ കഴിയില്ലല്ലോ? അപ്പോള്‍ എന്തായിരിക്കും അതിനുള്ള മറുപടി?എന്തായാലും ആ വ്യവസ്ഥ സംജാതമായാല്‍ ഇപ്പോള്‍ മൗദൂദികളുടെ നേതൃത്വത്തില്‍ ആരോപിക്കപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കാളും ഭീകരമായിരിക്കും എന്നത് പ്രതേകം പറയേണ്ടതില്ലല്ലോ.മുന്നോക്ക - പിന്നോക്ക സംവാദം
ഇടതുപക്ഷ രാഷ്ട്രീയത്തിലെ പോരായ്മയായി മൗദൂദിസം ഉയര്‍ത്തുന്ന മുന്നോക്കക്കാരുടെ മേല്‍ക്കോയ്മ എന്ന ചര്‍ച്ച എത്രത്തോളം സ്വന്തം കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്ട് എന്നത് നോക്കാം. ഇന്ത്യന്‍ മുസ്ലിം സാഹചര്യത്തില്‍ മുന്നോക്കക്കാരും പിന്നോക്കക്കാരും ആര് എന്ന ചോദ്യമുയര്‍ന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാനം എന്തായിരിക്കും? രാജ്യത്തെ മൊത്തം മുസ്ളീം ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് മൗദൂദിയന്‍ ആശയക്കാര്‍. ഇതില്‍ തന്നെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി ഏറെ മുന്നില്‍ നില്‍ക്കുന്നവരാണധികവും. പ്രത്യേകിച്ചും ആവിര്‍ഭാവകാലത്ത് പരമ്പരാഗത സുന്നി വിശ്വാസികളെ പഴഞ്ചന്മാരായും അക്ഷരമറിയാത്തവരായും ചിത്രീകരിച്ച് അവരോടു ചേര്‍ന്ന് നില്‍ക്കുന്നവരെപ്പോലും രണ്ടാംകിട രൂപമാക്കി മാറ്റിയെടുത്തായിരുന്നു കൂട്ടത്തില്‍ പരമാവധി സാമൂഹ്യ 'മുന്‍ഗണകള്‍ ' ഉണ്ടായിരുന്ന മുസ്ലീങ്ങളെ സലഫികളും വിശിഷ്യാ ജമാഅത്തെ ഇസ്‌ലാമിയും ശക്തി കൂട്ടിയിരുന്നത്.

ഇന്നും രാജ്യത്തെ മുഖ്യധാരാ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടുന്ന മുസ്ലീങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ ഈ ന്യൂനപക്ഷത്ത് നിന്നുള്ള പ്രതിനിധികളാണ് ശരാശരിയില്‍ കൂടുതല്‍. ഇവരാണ് രാജ്യത്തെ പരമ്പരാഗത വിശ്വാസികളായ, സാമ്പത്തികമായും സാമൂഹികമായും കാര്യമായ മുന്‍ഗണകളൊന്നും അനുഭവിക്കാത്ത സുന്നി വിശ്വാസികളുടെ പോലും പ്രാതിനിധ്യ വാഹകരാകാന്‍ ശ്രമിക്കുന്നത്. ഇവിടെയാണ് ഇടതുപക്ഷത്തിന് ചാര്‍ത്തിക്കൊടുക്കുന്ന (ബ്രാഹ്മണ) മേധാവിത്തം സ്വന്തം കാര്യത്തിലും യോജിക്കുന്നതാണ് എന്ന് ചിന്തിക്കേണ്ടത്.ആന്തരികമായി സുന്നികളെ അവഗണിക്കുന്നതില്‍ സജീവ ശ്രദ്ധാലുക്കളാണ് മൗദൂദികള്‍. ഇത്തരം സാഹചര്യങ്ങളില്‍ മീഡിയാ വെളിച്ചത്തില്‍ ദളിതര്‍ക്ക് കൊടുക്കുന്ന സംരക്ഷണ ബോധത്തിന്റെ ചുരുങ്ങിയ ഭാഗം പോലും അവിടെ ഉണ്ടാകാറില്ല. ഇതിന്റെ മികച്ച ഉദാഹരണമാണ് തൊപ്പി ധരിക്കുന്ന സുന്നി വിശ്വാസിയായ മഅദനി വിചാരണ കൂടാതെ ജയിലില്‍ കിടക്കുമ്പോഴും ഇവരുടെ പരിഗണന വിഷയം പോലുമാകാത്തത്, സിപിഎം ഗുണ്ടകളാല്‍ പീഡിപ്പിക്കപ്പെടുന്നു എന്നാരോപിക്കുന്ന ചന്ദ്രലേഖക്ക് കൊടുക്കുന്ന പരിഗണനയുടെ ആയിരത്തിലരംശം പോലും ലീഗുകാരാല്‍ കൊല്ലപ്പെട്ട മണ്ണാര്‍ക്കാട്ടെ സുന്നികളായ ഇരട്ട സഹോദരങ്ങള്‍ക്ക് നല്‍കാത്തത്.പഴഞ്ചനെന്നു മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെട്ട സുന്നി ധാരയില്‍ നിന്നും ആര് ഉയര്‍ന്നുവരുന്നതിനെയും പ്രോത്സാഹനപരമായിട്ടല്ല ജമാഅത്തെ ഇസ്ലാമി അഡ്രസ് ചെയ്യുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം കേവലം ബൂര്‍ഷ്വാ താല്പര്യക്കാരുടെ സംരക്ഷണത്തിന് വേണ്ടിയാണെന്നും അവിടുത്തെ പാവങ്ങളായ മുസ്ലീങ്ങള്‍ക്ക് ഈ സഹായം കിട്ടുന്നില്ല എന്നു പ്രചരിപ്പിച്ചതുമൊക്കെ ഈ നയത്തിന്റെ ഭാഗമായിട്ടാണ്. (ഗുജറാത്ത് വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട ഈ വിവാദം ശുദ്ധ കളവാണ് എന്ന് അവിടെ നേരില്‍ സന്ദര്‍ശിച്ച ആള്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും).
ചുരുക്കത്തില്‍ ഇടതുപക്ഷത്തിനെതിരെ മൗദൂദിസ്റ്റുകള്‍ ആരോപിക്കുന്ന മുന്നോക്ക - പിന്നോക്ക ചര്‍ച്ച അതിബഹുലമായി ആരോപിക്കപ്പെടാന്‍ ഏറ്റവും അനുയോജ്യമായത് ജമാഅത്തെ ഇസ്‌ലാമിയെ തന്നെയാണ്.

ബുദ്ധിജീവി വിഭജനം
ഗാന്ധിജിയും നെഹ്രുവും മറ്റു മാര്‍ക്‌സിയന്‍ ചിന്തകരുമെല്ലാം കീഴാള സ്വത്വത്തിനു പുറത്താണെന്നും എത്ര തന്നെ ചേര്‍ന്നു നിന്നാലും അതിന് അപരത സൃഷ്ടിക്കാനേ കഴിയൂ എന്നും ഡോ. അംബേദ്കര്‍, ഫുലെ, കാന്‍ഷിറാം അടക്കമുള്ള സ്വത്വവാഹകര്‍ക്കേ അതാത് വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പൂര്‍ണാര്‍ത്ഥത്തില്‍ ശബ്ദിക്കാന്‍ പറ്റുകയുള്ളൂ എന്ന സ്വത്വരാഷ്ട്രീയക്കാരുടെ വാദം പ്രത്യക്ഷത്തില്‍ എതിര്‍ക്കപ്പെടേണ്ടതല്ല. നേരത്തെ പറഞ്ഞ സ്വത്വവാഹകരുടെ ലിസ്റ്റിലേക്ക് ജമാഅത്തെ ഇസ്‌ലാമിക്ക് ചേര്‍ത്ത് വെക്കാനുള്ളത് ആരെയാണ് എന്നതാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്.വ്യവസ്ഥിതിയോടു സമരസത്തിന്റെ പാത സ്വീകരിച്ചു എന്ന നിര്‍വചനം കൊടുത്ത് മാറ്റിനിര്‍ത്തപ്പെട്ട നെഹ്രുവിന്റെ ശ്രേണിയിലാണോ, രാഷ്ട്രീയപരമായും ബൗദ്ധികപരമായും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് നേരിട്ട അംബേദ്കറിന്റെ ശ്രേണിയിലാണോ ഇവര്‍ മൗദൂദിയെ പ്രതിഷ്ഠിക്കുക? ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെവിടെയും ഒത്തുതീര്‍പ്പിന്റെ രീതി മാത്രമെ ഞാന്‍ കാണുന്നുള്ളൂ. മതവിശ്വാസത്തിലായാലും രാഷ്ട്രീയ, സാംസ്‌കാരിക ഇടപെടലുകളിലായാലും വെല്ലുവിളിക്ക് വിരുദ്ധമായ ഒരു കൈകൊടുക്കല്‍ സജീവമായി നടന്നിട്ടുണ്ട്. പഴയ രാഷ്ട്രീയ വിരുദ്ധ രചനകളെല്ലാം ഈ മുസാഫഹത്തിന്റെ ഭാഗമായി താത്കാലികമായി മറച്ചു വെക്കപ്പെട്ടവയാണ്. മതപരമായി നോക്കിയാലും ഇത് തന്നെയാണാവസ്ഥ. പരമ്പരാഗതമായ എന്ത് അസ്തിത്വമാണ് ഇസ്‌ലാമികമായി ജമാഅത്തെ ഇസ്‌ലാമിക്ക് അവകാശപ്പെടാനുള്ളത്? പാരമ്പര്യവാദികളായ സുന്നീ വിശ്വാസികളെ യാഥാസ്ഥിതികരെന്നും മാറാന്‍ തയ്യാറല്ലാത്തവരെന്നുമൊക്കെ പരിഹസിച്ച /പരിഹസിക്കുന്ന മൗദൂദിസത്തിന് അതേ നിര്‍വചനം ഉപയോഗിച്ച് എങ്ങനെ ഇടതുപക്ഷ /സെക്യുലര്‍ അക്കാദമിക്കുകളെ വിമര്‍ശിക്കാന്‍ കഴിയും?ഈ ഒരു വേരില്ലായ്മ /അടിത്തറയില്ലായ്മയ്ക്ക് കൃത്രിമ വേര് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് അംബേദ്കറിന്റെയും ഫുലെയുടെയും പേരുകളോടൊപ്പം മൗദൂദിയെ കൂടി ഉയര്‍ത്തിക്കാണിക്കാന്‍ മൗദൂദിസ്റ്റുകള്‍ ശ്രമിക്കുന്നത്. എന്നിട്ടും എത്ര അക്കാദമിക് പ്രയോഗങ്ങള്‍ കൂട്ടിവെച്ചിട്ടും ഒത്തു വരാത്തത് കൊണ്ടാണ് ഉസ്താദ് എന്നുകൂടി മൗദൂദിയുടെ പേരിനു മുന്‍പില്‍ അവര്‍ക്ക് ചേര്‍ക്കേണ്ടിവരുന്നത്. അത് മഹാത്മാ ബാല്‍താക്കറെ, മാതാ ഇന്ദിരാഗാന്ധി എന്നത് ചേര്‍ത്തുവായിക്കുന്നത് പോലെ അപഹാസ്യത സൃഷ്ടിക്കുന്നുണ്ട് എന്ന വിമര്‍ശനത്തെ വേണ്ടത്ര പ്രാധാന്യത്തോടെ പോലും അവര്‍ പരിഗണിച്ചിട്ടില്ല. അതിനെ ഭാഷാപരമായ വിശദീകരണം കൊണ്ട് ചെറുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ചുരുക്കത്തില്‍, സ്വത്വവാഹക ബുദ്ധിജീവികളുടെ ലിസ്റ്റിലേക്ക് മുസ്ലീങ്ങളില്‍ നിന്നും ആരെയെങ്കിലും ചേര്‍ക്കുകയാണെങ്കില്‍, ഒരു സംവിധാനങ്ങളോടും യാതൊരു താല്‍പര്യങ്ങള്‍ക്കു വേണ്ടിയും മുസാഫഹത് ചെയ്യാതെ കീഴാള മുസ്ലിംകള്‍ക്ക് (പ്രത്യേകിച്ചും) വിദ്യാഭ്യാസപരമായും സാമൂഹികപരമായും അഡ്രസ്സ് ഉണ്ടാക്കിക്കൊടുത്ത മഖ്ദൂമുമാരെയും മമ്പുറം തങ്ങളെയുമൊക്കെ എങ്ങനെ മാറ്റിനിര്‍ത്താനാവും? അവരെപ്പോലത്തെ നൂറുകണക്കിന് ഇസ്ലാമിക് പണ്ഡിതരെ അവഗണിച്ച് മൗദൂദിയന്‍ ധാരയെ ഉള്‍പ്പെടുത്തുമ്പോള്‍ ഉതിര്‍ന്നു വീഴുന്നത് കീഴാള രാഷ്ട്രീയ ചര്‍ച്ചകളില്‍ ജമാഅത്തെ ഇസ്‌ലാമിയും സഖ്യസംഘങ്ങളും ധരിച്ച മറ്റൊരു മുഖം മൂടിയാണ്.കീഴാള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയിലൂടെ ജമാഅത്തെ ഇസ്‌ലാമിക്ക് വ്യക്തമായ അജണ്ടകള്‍ സൃഷ്ടിക്കാനുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. ഇത്തരത്തിലുള്ള സ്വത്വരാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നതിനു വേണ്ടി അവര്‍ ഉയര്‍ത്തുന്ന ഇടതുപക്ഷ വിമര്‍ശനങ്ങളില്‍ മിക്കതും പൂര്‍ണാര്‍ത്ഥത്തില്‍ അതിലേറെ ഭീമമായി മുസ്ളീം സ്വത്വത്തിനുള്ളില്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹുകൂമത്തെ ഇലാഹിയുടെ ഉത്ഭവത്തിനു ശേഷം അവര്‍ ധരിച്ച വ്യത്യസ്ത മുഖം മുടികളില്‍ ഒരു രൂപം മാത്രമായാണ് അവരുടെ ഇപ്പോഴത്തെ കീഴാള രാഷ്ട്രീയ പ്രേമത്തെയും ഞാന്‍ അഡ്രസ് ചെയ്യുന്നത്.(രാഷ്ട്രീയ നിരീക്ഷകന്‍, വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ച്, വിവിധ മാധ്യമങ്ങളില്‍ എഴുതുന്നു)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories