TopTop
Begin typing your search above and press return to search.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....സഭയുടെയും ഹൈറേഞ്ച് സമിതിയുടെയും ഇടുക്കി പാട്ട്

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....സഭയുടെയും ഹൈറേഞ്ച് സമിതിയുടെയും ഇടുക്കി പാട്ട്

എസ് സ്വരാജ്

(കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്‍റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലേയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം. തൃപ്പൂണിത്തുറ, നേമം വിശകലനങ്ങള്‍ ഇവിടെ വായിക്കാം)

തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അത് സംഭവിച്ചത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് അതിന്റെ തലവിധിയായ പിളര്‍പ്പിലേയ്ക്ക് നീങ്ങിയപ്പോള്‍ രണ്ടിലകള്‍ അടര്‍ന്നു മാറി. അതില്‍ ഒരു ഇല, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റേയും പേരിലായി. പാര്‍ട്ടിയിലെ അപ്രമാദിത്വവും സ്വജനപക്ഷപാതവും മനം മടുത്ത് എന്ന് അവകാശപ്പെടുന്ന ആ ഇല ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയായി.

അവശേഷിച്ച മറ്റൊരു ഇല കേരള കോണ്‍ഗ്രസ് മാണി എന്ന രണ്ടിലയായി തുടര്‍ന്നു. തെരഞ്ഞെടുപ്പെത്തിയപ്പോള്‍ റോഷി അഗസ്റ്റിനും, എതിര്‍ചേരിയില്‍ ഫ്രാന്‍സിസ് ജോര്‍ജും ഇടുക്കിയില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ കേരള കോണ്‍ഗ്രസുകളുടെ വോട്ട് ബാങ്കിന്റെ അന്നദാതാക്കളായ പള്ളിയും പട്ടക്കാരനും ആരെ തുണയ്ക്കും എന്ന വലിയ ചോദ്യം ഹൈറേഞ്ചിലെ മലനിരകളെക്കാള്‍ ഉയരത്തില്‍ നിലകൊണ്ടു. സമിതിയുടെ പിന്തുണ ഏറെക്കുറെ എല്‍.ഡി.എഫിന് പ്രതീക്ഷിക്കാമെങ്കിലും, ഫ്രാന്‍സിസ് ജോര്‍ജും റോഷി അഗസ്റ്റിനും പ്രിയപ്പെട്ടവരായതിനാല്‍ സഭയും ആശയകുഴപ്പത്തിലാണ്. ന്യൂനപക്ഷ വോട്ടുകള്‍ക്കായി എല്‍.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവ വോട്ടുകളില്‍ കണ്ണുവെച്ച് എന്‍.ഡി.എയുടെ ബിജു മാധവനും വിജയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഉദയം. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ സമരങ്ങള്‍ ഉഴുതു മറിച്ച മണ്ണില്‍ കത്തോലിക്കാ സഭയുടെ ആശീര്‍വാദത്തില്‍ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വത്തിക്കാന്‍ ഇടുക്കി നിയമസഭ മണ്ഡലമായിരുന്നു. ഈ സമിതിയുമായുള്ള കൂട്ടുക്കെട്ടിലൂടെ എല്‍.ഡി.എഫ് ക്രൈസ്തവ സഭയുമായി അടുപ്പത്തിലാകുകയും സമരസമിതിയുടെ നേതാവായിരുന്ന അഡ്വ. ജോയ്‌സ് ജോര്‍ജിനെ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് അര ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം കണ്ട അതേ ഇടുക്കി മോഡല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ ഇറങ്ങുന്ന എല്‍.ഡി.എഫിന് സഭയുടെയും സമിതിയുടെയും നിലപാട് നിര്‍ണായകവും. ഈ പിന്തുണ ഉറപ്പാക്കാന്‍ ഇക്കുറി ഫ്രാന്‍സിസ് ജോര്‍ജ് എന്ന തുറുപ്പു ചീട്ടുമായാണ് എല്‍.ഡി.എഫ് കളത്തിലിറങ്ങിയിരിക്കുന്നത്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സമിതിയുമായുള്ള ബന്ധം എല്‍.ഡി.എഫിന് ഗുണം ചെയ്തിരുന്നു. നൂറിലേറെ സീറ്റുകളാണ് എല്‍.ഡി.എഫ് സമിതിക്ക് വിട്ടു നല്‍കിയത്. ഇതില്‍ കട്ടപ്പന നഗരസഭയിലും ജില്ലാ പഞ്ചായത്തിലും പല പഞ്ചായത്തിലും നിരവധി അംഗങ്ങള്‍ അടക്കം വിജയം വീണ്ടും ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫ്-സമിതി കൂട്ടുക്കെട്ടിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ജോയ്‌സ് ജോര്‍ജിനെ 50,542 വോട്ടിന് വിജയിപ്പിച്ചപ്പോള്‍ ഇതില്‍ 24,227 വോട്ടും ഇടുക്കി അസംബ്ലി മണ്ഡലത്തിന്റെ സംഭാവനയായിരുന്നു. ഈ തുടര്‍ച്ച പിന്നീട് വന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ലഭിച്ചിരുന്നു. മണ്ഡലത്തിലെ മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ രണ്ടിലും ഹൈറേഞ്ച് സംരക്ഷണ സമിതി വിജയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത്. എല്‍.ഡി.എഫിന് അസാധ്യമായിരുന്ന ക്രൈസ്തവ വോട്ടുകളാണ് ഫ്രാന്‍സിസ് ജോര്‍ജിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഇടുക്കി എം.പി അഡ്വ.ജോയ്‌സ് ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമിതിയുടെ മുഴുവന്‍ വികാരമായി കണക്കാക്കാന്‍ ആകില്ലന്നാണ് സൂചന. സമിതിയുടെ ഔദ്യോഗിക നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ പോലെ സമുദായ, മത നേതാക്കള്‍ സമിതിയുടെ നേതൃത്വത്തില്‍ ആര്‍ക്കു വേണ്ടിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെയും ആര്‍ക്കും പരസ്യമായ പിന്തുണ നല്‍കാതെയും മുന്നോട്ടു പോകാനാണ് തീരുമാനം. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സമിതി കൂട്ടുക്കെട്ടില്‍ വിജയിച്ചവര്‍ എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണ് തീരുമാനം. പട്ടയം, ഇ.എസ്.എ., ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, ഇ.എഫ്.എല്‍. തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സര്‍ക്കാരിനെതിരെ സമിതി പ്രസ്താവന ഇറക്കിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ വരവോടെ ഹൈറേഞ്ച് മേഖലയിലെ ഒരു വിഭാഗം ജോസഫ് ഗ്രൂപ്പുകാര്‍ കൂടെ ചേര്‍ന്നിട്ടുണ്ട്. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

എന്നാല്‍ മണ്ഡലത്തില്‍ ഹാട്രിക് വിജയത്തിന് ശേഷം നാലാമത് പോരാട്ടത്തിനിറങ്ങുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനും സഭയുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്. സമിതിക്കും കാര്യമായ വിയോജിപ്പ് ഇല്ലതാനും. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജ് അടക്കമുള്ള വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റോഷിയും വിജയ പ്രതീക്ഷ നിലനിര്‍ത്തുന്നത്. വികസന വിളംബര ജാഥ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ റോഷി അഗസ്റ്റിന് കണക്കുകളുടെ ബലം കൂട്ടിനുണ്ട്. ഇടുക്കിയില്‍ ഇതുവരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും വിജയിച്ചത് യു.ഡി.എഫ്. 2001-ല്‍ 13,714 വോട്ടിന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ജോസഫിനെ (ജനതാദള്‍) തോല്‍പ്പിച്ചാണ് റോഷി ഇടുക്കിയില്‍ ജൈത്രയാത്ര ആരംഭിക്കുന്നത്. പിന്നീട് ഓരോ തവണയും തന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് റോഷി തുടര്‍ച്ചയായി മൂന്നു വട്ടവും വിജയിച്ചത്. മാത്രമല്ല റോഷി അഗസ്റ്റിന്‍ മണ്ഡലത്തിലെ നിറസാന്നിധ്യമാണ് താനും. മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അനുകൂലമായ ഘടകങ്ങളല്ലാതെ കാര്യമായ എതിര്‍പ്പുകളൊന്നും റോഷിക്ക് ഉണ്ടായിട്ടുമില്ല.

ഫ്രാന്‍സിസ് ജോര്‍ജിന്റെ വരവോടെ ഇടുക്കി മണ്ഡലത്തില്‍ ശക്തമായ പോരാട്ട സാധ്യത ഉടലെടുത്തതാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ബിജു മാധവന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ഇഞ്ചോടിഞ്ച് കനക്കുന്ന പോരാട്ടത്തില്‍ ബിജു മാധവന്‍ പിടിക്കുന്ന ഓരോ വോട്ടു നിര്‍ണായകമാകും. ശക്തമായ ത്രികോണ മത്സരത്തിലേയ്ക്ക് നീങ്ങുന്ന ഇടുക്കി മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയും സ്വപ്നം കാണുന്നില്ല.

പിളര്‍പ്പ് കൊണ്ടൊന്നും ശക്തിക്ക് കോട്ടം തട്ടിയില്ലന്ന് തെളിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനും പുതിയ പാര്‍ട്ടിയുടെ നിലനില്‍പ്പിന് വിജയം അനിവാര്യമായ ജനാധിപത്യ കേരള കോണ്‍ഗ്രസും ഏറ്റുമുട്ടുന്ന പോരാട്ടത്തിന് ഇക്കുറി വാശിയേറും. കേവലമൊരു ജയത്തിന് അപ്പുറത്ത് തന്റെ രാഷ്ട്രീയ ഭാവിയുടെയും കേരളകോണ്‍ഗ്രസ് പിളര്‍ത്തി രൂപം കൊടുത്ത പ്രസ്ഥാനത്തിന്റെ അതിജീവനത്തിന്റെയും പ്രശ്‌നമാകുന്നു ഇവിടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം.

കത്തോലിക്കാസഭയുടെ രാഷ്ട്രീയ നിലപാടുകള്‍, തുല്യശക്തിയായ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വോട്ടിന്റെ ചായ് വ് എന്നിവയൊക്കെ മണ്ഡലത്തില്‍ നിര്‍ണായകമാകും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories