TopTop
Begin typing your search above and press return to search.

ഇടുക്കി; തുടരുന്ന പൊന്നരിവാള്‍-പൊന്‍കുരിശ് ബാന്ധവം

ഇടുക്കി; തുടരുന്ന പൊന്നരിവാള്‍-പൊന്‍കുരിശ് ബാന്ധവം

ഹാരിസ് മുഹമ്മദ്

പരമ്പരാഗത രാഷ്ട്രീയ സൂത്രവാക്യങ്ങള്‍ കൊളുന്തു നുളളുന്ന കൈകള്‍ പൊളിച്ചെഴുതിയതു കണ്ടാണ് ഇടുക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാഷ്ട്രീയ- ട്രേഡ് യൂണിയന്‍ തമ്പുരാക്കന്‍മാര്‍ക്ക് മുന്നില്‍ തലമുറകളായി ഓഛാനിച്ച് നിന്നിരുന്നവര്‍ ഒരു നാള്‍ ഉയര്‍ത്തെഴുന്നേറ്റത് കേരളം ഞെട്ടലോടെയും അമ്പരപ്പോടെയുമാണ് കണ്ടത്. കൃത്യമായി പറയാന്‍ ഒരു നേതാവില്ലാതെ പെമ്പിളൈ ഒരുമൈ എന്ന വനിതാ മുന്നേറ്റം 38 നാള്‍ മൂന്നാറിനെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ വിറച്ചത് ട്രേഡ് യൂനിയനുകള്‍ മാത്രമല്ല. ടാറ്റാ എന്ന ഭീമന്‍ കൂടിയാണ്.

ഇടുക്കിയുടെ തദ്ദേശസ്വയം ഭരണ വിധി ഇക്കുറി നിര്‍ണയിക്കുന്നതില്‍ പെമ്പിളൈ ഒരുമൈക്ക് നിര്‍ണായക പങ്കുണ്ടാകും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം 38 ഇടങ്ങളിലാണ് അവര്‍ മത്സരംരംഗത്തുളളത്.

പരിസ്ഥിതി മുതല്‍ പോത്തിറച്ചി വരെ തിളക്കുന്ന ഇടുക്കിയില്‍ പൊന്നരിവാളും പൊന്‍കുരിശും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലേപ്പോലെ ഇത്തവണയും ബാന്ധവത്തിലാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി എല്‍.ഡി.എഫിന് നേടിക്കൊടുത്തത് കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുളള ഹൈറേഞ്ച് സംരക്ഷണ സമിതിയാണ്.

സമിതിയുടെ നിയമോപദേശകന്‍ ജോയ്‌സ് ജോര്‍ജാണ് എല്‍.ഡി.എഫിന്റെ ചുമരിലേറി ഇടുക്കിയില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലെത്തിയത്. ആ വിളവ് മോശമായില്ല. അതു കൊണ്ട് പഞ്ചായത്ത് തെരഞ്ഞടുപ്പിലും ഈ കൂട്ടുകൃഷി തുടരുന്നു. പരിസ്ഥിതി ലോലപ്രദേശ ഭീഷണി മലമടക്കുകളില്‍ നിലനില്‍ക്കുന്നിടത്തോളം ഈ കൃഷിക്ക് വേറൊരു വളവും ആവശ്യവുമില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനിച്ചിട്ടില്ലായിരുന്ന, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ ഉപോത്പന്നമായ ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ ജില്ലയിലെ 53 പഞ്ചായത്തുകളില്‍ 35ലും നിര്‍ണായക സ്വാധീനം ചെലുത്തും.

16 ജില്ലാ പഞ്ചായത്ത് ഡിവിഷനും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 52 ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. ഈയിടെ രൂപം കൊണ്ട കട്ടപ്പനയും ആദ്യ നഗരസഭയായ തൊടുപുഴയും അടക്കം രണ്ട് നഗരസഭകള്‍. നിലവില്‍ ജില്ലാ പഞ്ചായത്തും തൊടുപുഴ നഗരസഭയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും കട്ടപ്പനയുള്‍പ്പെടെ 43 ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫിന്റെ കൈയിലാണ്. ഇത്തവണ ജില്ലാ പഞ്ചായത്ത്, തൊടുപുഴ നഗരസഭ അധ്യക്ഷ സ്ഥാനങ്ങള്‍ വനിത സംവരണമാണ്.പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്താണ് ഇടുക്കിയിലേത്. 2010ല്‍ 16 ഡിവിഷനുകളിലും യു.ഡി.എഫ് ജയം നേടി. 11 സീറ്റ് കോണ്‍ഗ്രസും 5 സീറ്റ് കേരള കോണ്‍ഗ്രസും പിടിച്ചടക്കി. 1995ല്‍ നിലവില്‍ വന്ന ജില്ലാ പഞ്ചായത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ എല്‍.ഡി.എഫ് ആധിപത്യമായിരുന്നു. പക്ഷെ 2010ല്‍ ഒരു സീറ്റു പോലും നേടാതെ ഇടതിന് അടിതെറ്റി. തൊടുപുഴ നഗരസഭയില്‍ 2010 ലെ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 24 സീറ്റ് കരസ്ഥമാക്കി യു.ഡി.എഫ് അധികാരത്തിലെത്തി. കോണ്‍ഗ്രസ് -14, മുസ്‌ലിംലീഗ്- ഏഴ്, കേരള കോണ്‍ഗ്രസ് -മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില.

നിലവില്‍ കോണ്‍ഗ്രസിന് എം.പിയോ എം.എല്‍.എയോ ഇല്ലാത്ത ഏകജില്ലയാണ് ഇടുക്കി. അതു തന്നെയാണ് ഇടത് പ്രതീക്ഷയുടെ പ്രധാന ഘടകം. ഹൈറേഞ്ച് സംരക്ഷണ സമിതി ബാന്ധവം പഞ്ചായത്തുകളിലേക്ക് പുതിയ പാലം തുറക്കുമെന്നും അവര്‍ സ്വപ്‌നം കാണുന്നു. ജില്ലാ പഞ്ചായത്തില്‍ നാലു ഡിവിഷനുകളാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കായി എല്‍.ഡി.എഫ് വിട്ടു നല്‍കിയത്. കട്ടപ്പന നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ സമിതിയുടെ തോളിലേറി സ്വന്തമാക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. സംരക്ഷണ സമിതി നേതാവ് സി.കെ മോഹനനാണ് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. യു.ഡി.എഫിന്റെ കൂടപ്പിറപ്പായ റിബല്‍ ശല്യം എല്ലായിടത്തും വേണ്ടുവോളമുണ്ടുതാനും.

ലോക്‌സഭാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുണ്ടായ വിള്ളല്‍ പല പഞ്ചായത്തുകളിലും അട്ടിമറിക്ക് കാരണമായിരുന്നു. ഇത്തവണയും മന്ത്രി പി.ജെ ജോസഫിന്റെ സ്വന്തം പഞ്ചായത്തായ പുറപ്പുഴയിലും ആലക്കോടും സൗഹൃദമല്‍സരമെന്ന പേരില്‍ കേരള കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റമുട്ടുകയാണ്. കോണ്‍ഗ്രസിനുള്ളിലും വിവിധ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് പോരാട്ടം ശക്തമാക്കിയിരിക്കുന്നു. എ വിഭാഗത്തിലെ മുന്‍ എം.പി പി.ടി തോമസിന്റെയും ഡി.സി.സി പ്രസിഡന്റ് റോയ്.കെ. പൗലോസിന്റെയും പക്ഷങ്ങള്‍ പരസ്യമായി തന്നെ ഏറ്റുമുട്ടല്‍ തുടരുന്നു.

മോദി തരംഗം ഉണര്‍ത്തിയ മോഹങ്ങളില്‍ വര്‍ധിത വീര്യത്തിലാണ് ബി.ജെ.പി. എസ്.എന്‍.ഡി.പി കൂട്ടുകെട്ട് വേണ്ടത്ര പ്രകടമല്ലെങ്കിലും അടിയൊഴുക്കിന്റെ ഗതിയില്‍ ഇതിനും സ്ഥാനമുണ്ടാകും.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories