ന്യൂസ് അപ്ഡേറ്റ്സ്

സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ഒരുവസരം കൂടി നല്‍കിയാലും പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. അവര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപംകൊള്ളുന്ന സമയത്ത് മമതയുടെ പാര്‍ട്ടി ഇത്തരമൊരു സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസിന്റെയുള്‍പ്പെടെയുള്ള പിന്തുണയോടെയാണെന്നാണ് കരുതുന്നത്.

നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ഒരുവസരം കൂടി നല്‍കിയാലും പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇന്ന് ബിജെപി പാര്‍ലമെന്ററി യോഗം ചേരും. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പൂര്‍ണ നിയന്ത്രണങ്ങളും ലഭിക്കാതെ സുഷമയെ പോലൊരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്നത് കുഴപ്പമില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. മോദിയുടെ ഉപചാപക സംഘങ്ങളില്‍ നിന്നും മാറി നിന്നിട്ടും കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന ജനപ്രീതി നേടാനായതാണ് സുഷമ പ്രതിപക്ഷത്തിനും പ്രിയങ്കരിയാകാന്‍ കാരണം.

അതേസമയം വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സുഷമ ഇന്ത്യന്‍ രാഷ്ട്രപതിയുടെ റബര്‍സ്റ്റാമ്പ് ജോലി ഏറ്റെടുക്കില്ലെന്നും സൂചനയുണ്ട്. നേരത്തെ സുഷമ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വീണ്ടും സുഷമയുടെ പേര് ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ തന്നെ പത്രസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍