TopTop
Begin typing your search above and press return to search.

ലോകം കീഴടക്കാന്‍ ആറാം തലമുറ ചൈനീസ് സിനിമകള്‍

ലോകം കീഴടക്കാന്‍ ആറാം തലമുറ  ചൈനീസ് സിനിമകള്‍

നീതു എം ദാസ്

ചൈനീസ് സിനിമകള്‍ നേടുന്ന ബോക്‌സ് ഓഫീസ് വിജയങ്ങളും സിനിമ വ്യവസായത്തിന് അവിടെയുള്ള സാധ്യതകളുമാണ് ലോകശ്രദ്ധ ചൈനീസ് സിനിമ രംഗത്തേക്ക് തിരിയാന്‍ കാരണം. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ഉള്ള രാജ്യമാണ് ചൈന. ഒരു വര്‍ഷം പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2010ല്‍ ചൈന മൂന്നാം സ്ഥാനത്തായിരുന്നു. ബോക്‌സ് ഓഫീസ് വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായി ചൈന മാറിയത് 2012ലാണ്. 2013ലെ ബോക്‌സ് ഓഫീസ് വരുമാനം 360 കോടി രൂപയാണ്, അതിന്റെ 59 ശതമാനവും ആഭ്യന്തര ചിത്രങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. 2018 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണിയായി ചൈന മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ഇപ്പോള്‍ വരെ ആറ് തലമുറകളിലൂടെ അല്ലെങ്കില്‍ ഘട്ടങ്ങളിലൂടെ ചൈനീസ് സിനിമ കടന്നുപോയിട്ടുണ്ട്. 1905 ലാണ് ആദ്യ ചൈനീസ് ചിത്രം, ദി ബാറ്റ്ല്‍ ഓഫ് ഡിങ്ജുന്‍ഷാന്‍ പുറത്തിറങ്ങുന്നത്. സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിനായി സിനിമയെന്ന മാധ്യമത്തെ ഉപയോഗിച്ച സംവിധായകരിലൂടെയാണ് ആദ്യ തലമുറയിലെ ചിത്രങ്ങള്‍ ഉണ്ടാകുന്നത്. ഷാങ്ഹായി നഗരം കേന്ദ്രീകരിച്ച് സിനിമ നിര്‍മാണം ഊര്‍ജിതമായിക്കൊണ്ടിരുന്നു. ഇടതുപക്ഷ സംവിധായകര്‍ സിനിമയെ നയിച്ച 1930കളുടെ അവസാനവും 40കളുമാണ് ചൈനീസ് സിനിമയുടെ ആദ്യ സുവര്‍ണകാലഘട്ടം. സോവിയറ്റ് യൂണിയനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സോഷ്യലിസ്റ്റ് സ്‌റ്റേറ്റ് എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചുള്ളതായിരുന്നു അവരുടെ ചിത്രങ്ങള്‍. ഇവയെ സോഷ്യലിസ്റ്റ റിയലിസം എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. സാംസ്‌കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ സിനിമ വ്യവസായം കര്‍ശനമായ നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോയത്, 1967 മുതല്‍ 71 വരെ സിനിമാരംഗം തന്നെ നിശ്ചലാവസ്ഥയിലായി. ആ കാലഘട്ടത്തിന്റെ മാനസിക പിരിമുറുക്കങ്ങളായിരുന്നു ഈവനിങ് റെയിന്‍, ലെജന്റ് ഓഫ് ടിയന്യൂന്‍ മൗണ്‍ടേന്‍, ഹിബിസ്‌കസ് ടൗണ്‍ എന്നീ ചിത്രങ്ങളിലൂടെ ഫോര്‍ത്ത് ജനറേഷന്‍ സിനിമ സംവിധായകര്‍ പ്രകടിപ്പിച്ചത്. സാംസ്‌കാരിക വിപ്ലവത്തിന് ശേഷം ഉണ്ടായ പുതുതരംഗമായിരുന്നു അഞ്ചാം തലമുറ ചിത്രങ്ങള്‍. വണ്‍ ആന്റ് എയ്റ്റ്, യെല്ലോ എര്‍ത്ത് തുടങ്ങിയ ചിത്രങ്ങള്‍ ചൈനീസ് സിനിമക്ക് പുറത്തും ആസ്വാദകരെ സൃഷ്ടിച്ചു. റെഡ് സോര്‍ഹം, ദി സ്‌റ്റോറി ഓഫ് ക്വി ജു, ഫേര്‍വെല്‍ മൈ കോണ്‍ക്യുബൈന്‍ എന്നീ ചിത്രങ്ങള്‍ പാശ്ചാത്യ ആര്‍ട്ട്ഹൗസ് സിനിമാ പ്രേമികളെ ആകര്‍ഷിക്കുകയും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ടിയാനെന്‍മെന്‍ സ്‌ക്വയറിലെ പ്രതിഷേധത്തിന് ശേഷം ആ ഒരു മുന്നേറ്റവും ഏറെക്കുറേ നിലച്ചു.

90ന് ശേഷമുള്ള കാലഘട്ടമാണ് ചൈനീസ് സിനിമയുടെ സിക്‌സത് ജനറേഷന്‍ കാലഘട്ടമായി അറിയപ്പെടുന്നത്. ചൈനീസ് സിനിമാ വ്യവസ്ഥക്ക് പുറത്ത് നിന്നു കൊണ്ടുള്ള സിനിമകള്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 2000ത്തിന് ശേഷമിറങ്ങിയ ക്രൗച്ചിങ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍, ഹീറോ എന്നീ ചിത്രങ്ങള്‍ വാണിജ്യപരമായി വന്‍വിജയങ്ങളായിരുന്നു. ചൈനീസ് സിനിമാനിര്‍മാണ മേഖലയിലേക്ക് വിദേശപങ്കാളിത്തം കൊണ്ടു വരുന്നതില്‍ ഈ ചിത്രങ്ങളുടെ വിജയം സഹായിച്ചു.

ഈ വര്‍ഷം പുറത്തിറങ്ങിയ ആട്ട, ദി കോണ്ടിനന്റ്, ദി ഗോള്‍ഡന്‍ ഇറ, നേഷ, റെഡ് അമ്‌നേഷ്യ, അങ്കിള്‍ വിക്ടറി എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനായി എത്തിയിരിക്കുന്നത്.

ആട്ട


സാധാരണ കാഴ്ചകള്‍ക്കപ്പുറമുള്ള ഉള്‍ക്കാഴ്ചകളെക്കുറിച്ചാണ് ആട്ടാ എന്ന ചിത്രം പറയുന്നത്. ചാക്മി റിംപോച്ചിയുടെ സംവിധാനത്തിലും തിരക്കഥയിലും ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു മൊണാസ്റ്ററിയില്‍ വെച്ചാണ് ചാക്മി റിംപോച്ചി തന്റെ കലാ ജീവിതം തുടങ്ങുന്നത്. സിനിമാ ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് നിരവധി ടിബറ്റന്‍ നാടകങ്ങള്‍ ചാക്മി സംവിധാനം ചെയ്തിട്ടുണ്ട്. അന്ധനായ ബാലനും ട്രക്ക് ഡ്രൈവറായ് ജോലി ചെയ്യുന്ന അവന്റെ അമ്മയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ദി കോണ്ടിനന്റ്


ചൈനയിലെ പ്രശസ്ത നോവലിസ്റ്റും ബ്ലോഗറുമായ ഹാന്‍ ഹാനിന്റെ ചിത്രമാണ് ദി കോണ്ടിനന്റ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത മൂന്നു യുവാക്കള്‍ ചൈന ചുറ്റിക്കാണാന്‍ പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാന്‍ ഹാനിന്റെ ആദ്യ നോവലായ ട്രിപ്പിള്‍ ഡോര്‍ ഇരുപത് ലക്ഷം കോപ്പികളാണ് വിറ്റുപോയത്. രാഷ്ട്രീയ വിമര്‍ശനങ്ങളും പ്രമേയമാകാറുള്ള ബ്ലോഗുകള്‍ ഹാന്‍ ഹാന്‍ എഴുതിത്തുടങ്ങിയത് 2008 മുതലാണ്.

ദി ഗോള്‍ഡന്‍ ഇറചൈനയില്‍ ചുരുങ്ങിയ കാലം മാത്രം നിലനിന്ന റിപബ്ലിക്കന്‍ യുഗത്തെ സിയാവോ ഹോങ് എന്ന എഴുത്തുകാരിയിലൂടെ അവതരിപ്പിക്കുകയാണ് ദി ഗോള്‍ഡന്‍ ഇറ. നിയമങ്ങളെ വെല്ലുവിളിച്ച് ആന്‍ ഹുയി സംവിധാനം ചെയ്ത ചിത്രം മികച്ച ആഖ്യാന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഹോങ് കോങ് ന്യൂവേവ് സിനിമകളിലെ പ്രമുഖയായ ആന്‍ ഹുയി, 1979ലാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇരുപത്തിയാറോളം സിനിമകള്‍ ചെയ്തതില്‍ ബോട്ട് പീപ്പിള്‍, എ സിംപിള്‍ ലൈഫ് തുടങ്ങിയവ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചു.

നേഷ


ആത്മാര്‍ഥ സുഹൃത്തുക്കളായ രണ്ട് കൗമാരക്കാരികളുടെ കഥയാണ് ലി ക്‌സിയാഫെങ്ങ് സംവിധാനം ചെയ്ത നേഷ എന്ന ചിത്രം പറയുന്നത്. അവരൊരുമിച്ചാണ് സാന്‍ മാവോയുടെ പുസ്തകം വായിക്കുന്നതും കാണാത്ത സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങി പുറപ്പെടുന്നതും. എന്നാല്‍ കാലക്രമത്തില്‍ അവര്‍ക്ക് രണ്ടു വഴിക്കായി പിരിയേണ്ടിയും വരുന്നു. പതിനാറാമത് ഷാങ്ഹായി ചലച്ചിത്രോത്സവത്തില്‍ മികച്ച ക്രിയാത്മക ചിത്രമായി നിസു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ നിരവധി സിനിമ നിരൂപണങ്ങള്‍ എഴുതിയ സംവിധായകനാണ് ലി ക്‌സിയാഫെങ്. ഡോണ്‍ സേയ്‌സ് ഗുഡ്‌നൈറ്റ് എന്ന പേരില്‍ ലേഖനസമാഹാരവും പുറത്തിറങ്ങി. ദി സോങ് ഓഫ് ലോസേഴ്‌സ് എന്ന പേരില്‍ ലി ക്‌സിയാഫെങ്ങിന്റെ ചെറുകഥാ സമാഹാരം പുറത്തിറങ്ങിയത് 2011ലാണ്.

റെഡ് അമ്‌നേഷ്യസാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ യഥാതഥമായ ആവിഷ്‌കാരമാണ് വാങ് കുശിയാസിയാകം സംവിധാനം ചെയ്ത റെഡ് അമ്‌നേഷ്യ. ബീജിങ്ങിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന വിധവയായ ഡെങ്ങിന് ഒരു ദിവസം അജ്ഞാത ഫോണ്‍ കോള്‍ വരുന്നു. അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 1993ല്‍ ദി ഡേയ്‌സ് എന്ന ചിത്രം നിരോധിക്കപ്പെടുന്നതോടെയാണ് വാങ് കുശിയാസിയാകം ശ്രദ്ധേയനാകുന്നത്. വൂ മിങ് എന്ന അപരനാമത്തിലാണ് പിന്നീട് ഫ്രോസണ്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. സോ ക്ലോസ് ടു പാരഡൈസ് കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബെയ്ജിങ് ബൈസിക്ക്ള്‍, ഡ്രിഫ്‌റ്റേഴ്‌സ്, ഷാങ്ഹായ് ഡ്രീംസ്, ഇന്‍ ലവ് വി ട്രസ്റ്റ്, ചോങ്കിങ് ബ്ലൂസ്, 11 ഫഌവേഴ്‌സ് എന്നിവയാണ് വാങിന്റെ മറ്റു ചിത്രങ്ങള്‍.

അങ്കിള്‍ വിക്ടറിഹാങ് മെങിന്റെ മൂന്നാമത്തെ ചിത്രമാണ് അങ്കിള്‍ വിക്ടറി. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഒരാള്‍ നഴ്‌സറി സ്‌കൂള്‍ തുടങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അങ്കിള്‍ വിക്ടറിക്ക് ഷാങ്ഹായ് ചലച്ചിത്രമേളയില്‍ മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും മേളയുടെ ഗ്രാന്റ് ജൂറി പുരസ്‌കാരം ചിത്രം നേടുകയും ചെയ്തു. ചൈന ഡിജിറ്റല്‍ പാതയിലേക്ക് മാറി നടന്നപ്പോഴും തന്റെ സിനിമകള്‍ 35 എംഎം ഫിലിമില്‍ തന്നെ ഷൂട്ട് ചെയ്യുമെന്ന് നിര്‍ബന്ധം പിടിച്ച സംവിധായകനാണ് ഹാങ് മെങ്. 2008ല്‍ പുറത്തിറങ്ങിയ ലക്കി ഡോഗ് ആണ് ആദ്യ ചിത്രം.


Next Story

Related Stories