TopTop
Begin typing your search above and press return to search.

ഇരുപത്തിയൊന്നിലെത്തുമ്പോള്‍ സുന്ദരിയാകുമോ ഐഎഫ്എഫ്‌കെ

ഇരുപത്തിയൊന്നിലെത്തുമ്പോള്‍ സുന്ദരിയാകുമോ ഐഎഫ്എഫ്‌കെ

എം കെ രാമദാസ്

വിഭവസമൃദ്ധമായ സദ്യയെന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ വായില്‍ വെള്ളമൂറൂം. മാത്രമല്ല മനസ്സും നിറയും. ഇളംനാക്കില. ഇടതു കൈയുടെഭാഗത്തേയ്ക്ക് ഇലത്തുമ്പു വേണമെന്ന് ഇളമുറംക്കാരോട് മുതിര്‍ന്നവര്‍ മൊഴിയും. ചിത്രം എഴുത്തുപോലെ പല വര്‍ണങ്ങളിലുള്ള വിവിധയിനം കറിക്കൂട്ടുകള്‍. പച്ചടി, പുളിയിഞ്ചി, അവിയല്‍, അച്ചാര്‍ (നാട്ടുമാങ്ങയോ ചെറുനാരങ്ങയോ ആകാം), തോരന്‍ (ഉപ്പേരി), പപ്പടം, പഴം, കൂട്ടുകറി (കടല നല്ലത്), പശ്ചിമഘട്ട നിര പോലെ തൂവെള്ള ചോറ്, സാമ്പാര്‍, കാളന്‍, രസം, മോര്, ഒടുവില്‍ ഒഴിഞ്ഞ ഇലയില്‍ പായസം (അട പ്രഥമനോ പരിപ്പ് പായസമോ ഉണ്ടാകും). കൈ നക്കി തോര്‍ത്തി ഒടുവില്‍ ഏമ്പക്കവും. ഇല അങ്ങോട്ടു മടക്കണമെന്നും അല്ല ഇങ്ങോട്ടെന്നും അഭിപ്രായം. പിന്നെ വെടിവട്ടം. നാവറഞ്ഞ രുചി വിലയിരുത്തല്‍. രസത്തില്‍ ഉപ്പ് കൂടിയോ കുരുമുളക് കടിച്ചോയെന്ന് സംശയം. എല്ലാം പാകത്തിന് എന്ന് ഭൂരിഭാഗം പേരും സമ്മതിക്കുമ്പോഴും കൂട്ടത്തില്‍ വിശകലന വിദഗ്ദ്ധന്റെ നാവിളക്കം. കൂട്ടുകറിയില്‍ കടല അധികമല്ലേയെന്ന ഒടുക്കത്ത സംശയം.

അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന തൂശനിലയില്‍ വിളമ്പിയ ദൃശ്യ ശ്രവണാനുഭവങ്ങള്‍ മലയാളി കുഴച്ചുണ്ടു കഴിഞ്ഞു. 20-ാമത് തവണയാണ് ഈ അനുഭവം. മേളവും കൊഴുപ്പും പോരെന്നും മതിയായെന്നും വിവിധ മതങ്ങള്‍. കുഴലൂത്തുകാര്‍, പാമരനാം പാട്ടുകാര്‍, വിപ്ലവ ഗായകര്‍, പ്രതിഷേധികള്‍, വെളിപാടുകാര്‍, സംഘാടകര്‍, കവിത പാടി കവികള്‍. സിനിമ കണ്ട് ഇറങ്ങുന്നവര്‍ക്ക് കെണിയൊരുക്കി തിയേറ്ററുകള്‍ക്ക് മുന്നില്‍ ഗണ്‍മൈക്ക് മക്കള്‍. കുറിപ്പെഴുത്തുകാര്‍, തമ്പാനൂരിലെ കെഎസ്എഫ്ടിസി തിയേറ്റര്‍ സമുച്ചയത്തിന്റെ മുറ്റത്ത് ഇത്തവണ പൊലിമ കുറവ്. ടാഗോര്‍ ഹാള്‍ പരിസരത്ത് കാര്യാലയങ്ങള്‍. കനകക്കുന്നില്‍ പകലും നിശാഗന്ധി വിരിഞ്ഞു. ലൂയിസ് കവിത പാടി പോക്കറ്റ് നിറച്ചു. അയ്യപ്പനു ശേഷം ലൂയിസ് ആണ് അരാജക വേഷം ആടിയത്. കൈരളിയുടെ പടവുകളില്‍ സത്യനില്ലാതായത് ഫീല്‍ ചെയ്തുവെന്ന് ചിലര്‍.തമ്പാനൂരിലെ ബാറുകളില്‍ ബിയര്‍ നല്ലതുപോലെ വിറ്റുപോയി. ബിവറേജ് കടകളിലെ അലമാരകള്‍ കാലിയായി. ഓട്ടോ റിക്ഷകള്‍ രാപകല്‍ ഭേദമെന്യേ തിയേറ്ററുകള്‍ കയറിയിറങ്ങി. പൊതുസ്ഥലത്ത് പുകവലി നിരോധനം എങ്കിലും ചലച്ചിത്രോത്സവ തിയേറ്റര്‍ പരിസരത്ത് ബുദ്ധി ജീവികള്‍ പൊലീസിനെ കൂസാതെ പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ ലയിപ്പിച്ചു.

പാകിസ്താനി ചിത്രമായ മദര്‍ ശ്രദ്ധിക്കപ്പെട്ടു. ഇറാന്‍ ചിത്രം ടാക്‌സി, യൂസഫ് പനാഗിയെ, പലസ്തീനില്‍ നിന്നുള്ള ഡീഗ്രേഡ് ആസ്വാദകരെ അസ്വസ്ഥരാക്കി. ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചലച്ചിത്രങ്ങളിലെ സ്ത്രീ കഥാപാത്ര പ്രാമുഖ്യം കണ്ട് കമലും അന്തംവിട്ടിരിക്കണം. സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവ് ദിവസത്തെ കളി രസമായിരുന്നു. ഫെസ്റ്റിവലിലെ ഹോട്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട ലൗ കാണാന്‍ അടൂര്‍ ഗോപാലകൃഷ്ണനും എത്തിയതിന്റെ ചിത്രം മംഗളം പത്രം പ്രസിദ്ധീകരിച്ചു. തമ്പാനൂരിലെ ലോഡ്ജ് മുറികള്‍ കാലിയായി. തീവണ്ടും ബസും വടക്കോട്ടുള്ള യാത്രക്കാരെ കൊണ്ട് നിറഞ്ഞു. ഇരുപത്തിയൊന്നിലെത്തുമ്പോള്‍ ഐഎഫ്എഫ്‌കെ കൂടുതല്‍ സുന്ദരിയാകുമോയെന്ന് കാത്തിരുന്ന് കാണാം നമുക്ക്.

(അഴിമുഖം കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ ആണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories