ശരത് കുമാര്‍
ആര്‍ക്കും എന്ത് വിഡ്ഢിത്തവും എഴുന്നള്ളിക്കുന്ന നാടായി കേരളം മാറുകയാണോ? ചലച്ചിത്ര അക്കാദമിയുടെ ഉപദേശക സമിതിയാണ് (അതോ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെയോ?) ഇത്തവണ വെടിപൊട്ടിച്ചിരിക്കുന്നത്. ശരിക്കും പൊട്ടിച്ചിരിക്കാന്‍ തോന്നുന്ന നിര്‍ദ്ദേശങ്ങളാണ് ലോകത്തര ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. തികച്ചും 'മാന്യമായി’ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താനുള്ള വഴികളാണ് ഉപദേശകസമിതി നല്‍കിയിരിക്കുന്നത്.
ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം കുറയ്ക്കും. അവരുടെ സിനിമാ താല്പര്യങ്ങളും അഭിരുചിയും മുന്‍മേളകളിലെ സാന്നിധ്യവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഒക്കെ മാനദണ്ഡങ്ങളില്‍ പെടുന്നു. അത്യാവശ്യം വിദ്യാഭ്യാസമുള്ളവര്‍ മാത്രം സിനിമ കണ്ടാല്‍ മതിയെന്നാണ് അടൂര്‍ സമിതിയുടെ തീരുമാനം. സിനിമയെ ഗൗരവത്തോടെ എടുക്കുന്ന പ്രേക്ഷകരെ മാത്രം മേളയില്‍ ഉള്‍പ്പെടുത്താനാണ് ഇക്കുറി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് വകുപ്പ് മന്ത്രി പത്രസമ്മേളനത്തില്‍ വിവരിക്കുകയും ചെയ്തു. പുതിയ പ്രേക്ഷകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സിനിമ പഠിക്കാനുള്ള വേദിയല്ല അന്താരാഷ്ട്ര ചലച്ചിത്രമേള എന്ന് ഓര്‍മ്മപ്പെടുത്താനും നമ്മുടെ മഹത്തായ ചലച്ചിത്രകാരന് മറന്നില്ല.
സിനിമ പിടിച്ച് മാത്രമല്ല, തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതികളില്‍ ഇരുന്നും മലയാളി സാംസ്കാരിക രംഗത്തെ മലീമസമാക്കിയേ അടങ്ങു എന്ന വാശിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന് എന്ന് തോന്നുന്നു. താന്‍ പിടിച്ച മുയലിന് മൂന്നോ നാലോ കൊമ്പുണ്ടെന്നും സിനിമയുടെ അവസാനവാക്ക് താനാണെന്നും ഇദ്ദേഹം എന്നോ ധരിച്ച് വശായിട്ടുണ്ട്. നല്ല വിമര്‍ശകര്‍ക്ക് പകരം സ്തുതിപാഠകരെ മാത്രം കണ്ട് ശീലിച്ചതിന്റെ കുഴപ്പമാകാം ഇത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് അതിലെ പ്രേക്ഷക സാന്നിധ്യമാണ്. മലയാളിയുടെ ഇടയില്‍ നല്ല സിനിമ നാലുപേര്‍ അംഗീകരിക്കുന്ന ഒന്നായി മാറ്റിയതിന്, ഈ മേള നല്കിയ സംഭാവന ചില്ലറയല്ല. പുതിയ പ്രേക്ഷകരെ, പ്രത്യേകിച്ചും യുവപ്രേക്ഷകരെ ആകര്‍ഷിക്കാനും മലയാളി സമൂഹത്തില്‍ നല്ല സിനിമയ്ക്ക് ഇന്നുള്ള സ്വീകാര്യത ലഭിക്കാനുമുള്ള പ്രധാനകാരണം ഈ മേളയാണെന്ന വിലയിരുത്തല്‍ പുതുതല്ല. അങ്ങനെ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുകയും സിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത ഈ പ്രേക്ഷക സാന്നിധ്യം ഇല്ലാതാക്കാനാണ് അടൂര്‍ സമിതിയുടെ ശ്രമം. മറ്റുള്ളവര്‍ സിനിമ കാണുകയും അതിനെ കുറിച്ച് അറിയുകയും ചെയ്താല്‍ സ്വന്തം കഞ്ഞികുടി മുട്ടിപ്പോകും എന്ന ഭയമാണോ ഈ നിയന്ത്രണം ഏര്പ്പെടുത്തലിന് കാരണമെന്ന് ഏതായാലും അദ്ദേഹം വ്യക്തമാക്കേണ്ടി വരും.
പോലീസുകാര്‍ ചില പ്രതിഷേധ സമരങ്ങള്‍ നിരോധിക്കുന്നതാണ് ഓര്മ വരുന്നത്. സമരമുണ്ടായാല്‍ ക്രമസമാധാനം തകരും എന്ന കാരണം പറഞ്ഞാണ് പല പ്രതിഷേധങ്ങളും പോലീസ് തടയുക. എന്നാല്‍ സമരം നടത്താന്‍ അനുവദിക്കുകയും അപ്പോള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവാതെ നോക്കുകയും ചെയ്യാനാണ് പോലീസുകാര്‍ക്ക് ഖജനാവില്‍ നിന്നും ശമ്പളം നല്‍കുന്നതെന്ന കാര്യം അവര്‍ ബോധപൂര്‍വം വിസ്മരിക്കും. അതുപോലെയാണ് ഇവിടെയും. പ്രേക്ഷരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധന അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് സംഘാടകര്‍ തയ്യാറവേണ്ടത്. അല്ലാതെ പ്രേക്ഷകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെുടത്തി തലവേദന ഒഴിവാക്കാനല്ല ഖജനാവില്‍ നിന്നും കാശ് മുടക്കി ആളുകളെ ഓരോ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്.
ഇംഗ്ലീഷ് അറിയാത്തവര്‍ സിനിമ കാണേണ്ട, അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവര്‍ മാത്രം സിനിമ കണ്ടാല്‍ മതിയെന്നാണ് തിരുവുത്തരവ്. സബ്ടൈറ്റില്‍ വായിക്കാന്‍ അറിയാവുന്നവര്‍ മാത്രം സിനിമ കണ്ടാല്‍ മതിയെന്ന് സാരം. സിനിമയുടെ ഭാഷ എന്താണെന്നാവും നമ്മുടെ വിശ്വചലച്ചിത്രകാരന് ധരിച്ച് വച്ചിരിക്കുന്നത്? ജനം സബ്ടൈറ്റില്‍ വായിച്ചാല്‍ മതി, സിനിമ കാണേണ്ട എന്നാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികളുടെയെല്ലാം വിലാസത്തില്‍ കുറെ സിനിമകളുടെ സബ്ടൈറ്റില്‍ അയച്ചു കൊടുത്താല്‍ മതിയാവും. തിയേറ്റര്‍ വാടകയ്ക്കെടുക്കല്‍, പ്രേക്ഷകരെ നിയന്ത്രിക്കല്‍, സമയത്തിന് പ്രിന്റ് എത്തിക്കല്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്നങ്ങള്‍ എത്ര വേഗം പരിഹരിക്കാന്‍ കഴിയും! കുറേ സ്റ്റില്‍ ഫോട്ടോകള്‍ ഒരുമിച്ച് വച്ച് കഥ പറഞ്ഞ് ശീലിച്ച ഒരു സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം, സിനിമയുടെ കാഴ്ച എന്നാല്‍ സബ്ടൈറ്റില്‍ വായന മാത്രമായി പരിമിതപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.
മാത്രമല്ല, ഇംഗ്ലീഷിന് പകരും ഫ്രഞ്ചോ ഇറ്റാലിയനോ മറ്റേതെങ്കിലും ഭാഷയോ അറിയാവുന്നവരെ സിനിമ കാണാന്‍ അനുവദിക്കുമോ എന്തോ? ഏതായാലും കുറച്ച് നാള് മുമ്പ് ഈ തീരുമാനം എടുക്കാതിരുന്നത് നന്നായി. ഈ ലേഖകന്‍ നേരിട്ട് പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ച വലിയ സിനിമാക്കാരായ മിഗ്വല്‍ ലിറ്റിന്, മഖ്മല്‍ബഫ്, കിം കിഡുക് (മിഗ്വല്‍ ലിറ്റിന് 1997ലെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമയത്താണ് തിരുവനന്തപുരത്ത് വന്നതെന്ന് തോന്നുന്നു) തുടങ്ങിയവര്‍ക്കൊന്നും ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ട് തന്നെ അടൂര്‍ ഗോപാലകൃഷ്ണന് അവരെ നമ്മുടെ ചലച്ചിത്രമേളയ്ക്ക് അടുപ്പിക്കുകുയും ചെയ്യുമായിരുന്നില്ല. തീരുമാനം വൈകിയത് കാരണം മാത്രം ഇവര്‍ക്കൊക്കെ കേരളത്തില്‍ വരാനും നമ്മോട് സംവദിക്കാനും സാധിച്ചു.
ഫിലിം സൊസൈറ്റികളില്‍ സിനിമകള്‍ കണ്ട് തഴക്കവും പഴക്കവും സിദ്ധിച്ചവര്‍ മാത്രം കേരള ചലച്ചിത്രമേളയ്ക്ക് അപേക്ഷിച്ചാല്‍ മതിയെന്നാണ് മറ്റൊരു തീട്ടൂരം. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ എത്ര ഫിലിം സൊസൈറ്റികള്‍ ഉണ്ടാവോ? അദ്ദേഹം ഇപ്പോഴും ചിത്രലേഖ കാലത്തിനപ്പുറത്തേക്ക് വളര്‍ന്നിട്ടില്ല എന്ന് വേണം കരുതാന്‍. അക്കാലത്ത് ലോകസിനിമ കാണണമെങ്കില്‍ ഏതെങ്കിലും ഫിലിം സൊസൈറ്റിയോ അല്ലെങ്കില്‍ ചലച്ചിത്രമേളകളോ മാത്രമായിരുന്നു ആശ്രയം. ഇപ്പോ അങ്ങനെയല്ല സാര്‍. തിരുവനന്തപുരത്ത് ഏത് സിനിമയും കിട്ടുന്ന സ്ഥലങ്ങളുണ്ട്. വീട്ടില്‍ കൊണ്ട് വന്ന് സ്വസ്ഥമായി ഇരുന്ന് കാണാം. അല്ലെങ്കില്‍ ടോറന്റ് സൈറ്റുകളില്‍ നിന്ന് പിള്ളേര് ഡൌണ്‍ലോഡ് ചെയ്യും. പുതിയ കുട്ടികള്‍ അങ്ങനെയാണ് വിഭോ സിനിമകള്‍ കാണുന്നത്. അവരെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതിന് മുമ്പ് അല്പം ലോകവിവരം ഒക്കെ ഉണ്ടാക്കി വയ്ക്കുന്നത് നന്ന്. പുതിയ കുട്ടികളാണ്. പഴയ ബഹുമാനം ഒന്നും അവര്‍ കാണിച്ചെന്ന് വരില്ല. പി എസ് സി പരീക്ഷയ്ക്ക് കോച്ചിംഗിന് പോകുന്നവര്‍ മാത്രം കാണേണ്ട ഒന്നല്ല അന്താരാഷ്ട്ര ചലച്ചിത്രമേള എന്നറിയാനുള്ള വിവേകമെങ്കിലും ഈ വയസുകാലത്ത് പ്രകടിപ്പിക്കണം സാര്‍.
സിനിമ പഠിക്കാനുള്ള വേദിയല്ല ചലച്ചിത്രമേളകള്‍ എന്നും അടൂര്‍ സാറിന് നല്ല ബോധ്യമുണ്ട്. ആളുകള്‍ക്ക് സിനിമ കാണാനും മനസിലാക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമല്ലെങ്കില് പിന്നെ എന്തിനാണാവോ നികുതിപ്പണമെടുത്ത് ഇത്രയും വലിയ ഒരു മാമാങ്കം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് മാത്രം പഠിക്കാന്‍ കഴിയുന്ന ഒന്നാണോ സിനിമ? നമ്മുടെ എണ്ണപ്പെട്ട സിനിമാക്കാരായ എ വിന്‍സന്റും രാമു കാര്യാട്ടും പി എന്‍ മേനോനുമൊക്കെ ഏത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണാവോ സിനിമ പഠിച്ചത്. അടൂരിന്റെ പ്രിയപ്പെട്ട സിനിമക്കാരനായ സത്യജിത് റായും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പ്രതിഭയായ ഋത്വിക് ഘട്ടക്കുമൊന്നും ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിച്ചതായി അറിയില്ല. അവര്‍ സിനിമ പഠിപ്പിച്ചിരുന്നു എന്ന് മാത്രം. അപ്പോള്‍ സിനിമയുടെ കാഴ്ചയിലൂടെ തന്നെയാവണം ഈ പറഞ്ഞവരൊക്കെ സിനിമ പഠിച്ചിരിക്കാന്‍ സാധ്യത. അല്ലാതെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസു മുറികളില്‍ നിന്നോ അല്ലെങ്കില്‍ സബ്റ്റൈറ്റില്‍ വായിച്ചിട്ടോ ആവില്ല.
അടൂരിലെ തറവാട്ടിലെ കാരണവരാകുന്നത് നല്ലത്. അത് പക്ഷെ സ്വന്തം തറവാട്ടിലെ കാശും മുതലും കൈകാര്യം ചെയ്യാനാവണം. അല്ലാതെ ജനങ്ങളുടെ നികുതി എടുത്ത് നടത്തുന്ന ഒരു കലാപരിപാടിക്കിടെ നായര്‍ തറവാട്ടിലെ കാരണവര്‍ കളിക്കാന്‍ വരരുത്. ഒരു എലിപ്പത്തായത്തിന്റെ പേരില്‍ ജനങ്ങള്‍ എല്ലാം അംഗീകരിച്ചുകൊള്ളും എന്ന് തെറ്റിധരിക്കുകയും ചെയ്യരുത്.
*Views are Personal