TopTop
Begin typing your search above and press return to search.

കൂടെയുള്ളവന്‍റെ മരണം പോലും സ്പര്‍ശിക്കാത്ത വിധത്തില്‍ നിങ്ങളാരെയാണ് വാര്‍ത്തെടുക്കുന്നത്?

കൂടെയുള്ളവന്‍റെ മരണം പോലും സ്പര്‍ശിക്കാത്ത വിധത്തില്‍ നിങ്ങളാരെയാണ് വാര്‍ത്തെടുക്കുന്നത്?

രാഷ്ട്രീയ ശരികേടുകള്‍ നോക്കാതെ തന്നെ വിളിച്ചു പറയുന്ന ഒരെഴുത്താണിത്. മരണത്തിന്റെ തണുപ്പിലല്ലാതെ മരവിപ്പു വളര്‍ത്തിക്കൊണ്ട് വരുന്ന ഒരു കൂട്ടം ജനങ്ങളില്‍ ഒരാളായി പോകാതിരിക്കാന്‍ കൂടെ ഉള്ള കുറച്ചു കൂട്ടുകാരെയും, എവിടെയൊക്കെയോ ആരൊക്കെയോ കയ്യിലിട്ടു തന്ന, അഴുക്കു പിടിച്ച കരുണയും കെട്ടിപ്പിടിച്ചിരിക്കുകയാണ്. അതിനിടയില്‍ എന്റെ ബോധം നിലനിര്‍ത്താനുള്ള വെറും സ്വാര്‍ത്ഥമായ ഒരു എഴുത്ത് മാത്രമാണ് ഇത്.

കഴിഞ്ഞ ദിവസമാണ് എന്റെ കാമ്പസില്‍, ഇവിടെ ഈ IIT-Madras-ല്‍ ഒരു 21-കാരന്‍ ആത്മഹത്യ ചെയ്തത്. കാരണങ്ങള്‍ അറിയില്ല. എനിക്കവനെ നേരിട്ട് അറിയുകയുമില്ല. പക്ഷെ ഒന്നെനിക്കറിയാം. ഈ വാര്‍ത്ത ഈ കാമ്പസില്‍ അവന്റെ കൂട്ടുകാര്‍ക്കല്ലാതെ വേറാര്‍ക്കും ഒരു വിഷയമല്ല.

കാരണം എന്തെങ്കിലുമാകട്ടെ, പക്ഷെ ഒരു സഹപാഠിയുടെ, കൂടെ താമസിച്ച, ഒരുമിച്ചു ഭക്ഷണം കഴിച്ച ഒരാളുടെ മരണം വളരെ സാധാരണമായി കാണാന്‍ ഇവരെ ആരാണ് പഠിപ്പിച്ചത്? വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമാണ് ഇപ്പോഴും ഞെട്ടലില്‍ നിന്നും മാറാത്തത്. മണിക്കൂറില്‍ ഒന്ന് വീതം യോഗയെ കുറിച്ചും പൂജയെക്കുറിച്ചും ജീവിത വിജയത്തിനെക്കുറിച്ചും മെയില്‍ അയക്കുന്ന അഡ്മിനിസ്ട്രേഷന്‍ ഒരു വിദ്യാര്‍ഥി മരിച്ചിട്ട് അതിനെ കുറിച്ച് ഒരു മെയില്‍ പോലും അയച്ചിട്ടില്ല. സത്യം പറയട്ടെ, ഈ സംഭവം ഇവിടെ ഉള്ള എല്ലാവരും അറിഞ്ഞിട്ടുണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.

ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ആത്മഹത്യ ആണ് ഇവിടെ. അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ എന്റെ കയ്യില്‍ ആവശ്യത്തിനു വിവരങ്ങളില്ല. എന്നാല്‍ എന്നെ അലട്ടുന്നത് ഈ മരണങ്ങളോടുള്ള പ്രതികരണങ്ങളാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒരു പരീക്ഷ പാസ്സാകാന്‍ കഴിയാത്തതിന്റെ വിഷയം എന്ന് വിധി എഴുതി എല്ലാവരും അത് മറന്നു. ഇന്നലെ ഈ വിഷയം കേട്ടപ്പോള്‍ ഒരു കുട്ടി പ്രതികരിച്ചത്, 'ശോ! അവനെന്താ അങ്ങനെ ചെയ്‌തെ? പ്ലേസ്‌മെന്റ് സമയം ആയില്ലല്ലോ' എന്നാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു വിദ്യാര്‍ഥി ജീവനോടുക്കിയപ്പോള്‍ 'അയ്യോ! വേഗം പോയി ലാന്‍ ഹബ്ബില്‍ നിന്നും അവന്റെ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യട്ടെ' എന്ന് പ്രതികരിച്ചവരുമുണ്ട് . ഇവര്‍ക്കൊക്കെയും വിദ്യാഭ്യാസം കൊടുക്കുന്ന മിക്ക അധ്യാപകരും വ്യത്യസ്തരല്ല.

ഇപ്പഴത്തെ സംഭവത്തിന് ശേഷം അഡ്മിനിസ്ട്രേഷന്‍ വളരെ നിര്‍വ്വികാരമായ സമീപനമാണ് മരിച്ച ആളുടെ കൂടുകാരോട് നടത്തിയത്. ശരിക്കും ഒരു വിചാരണ. കൂടാതെ പല അധ്യാപകരും 'അവന്‍ പഠനത്തില്‍ കുഴപ്പമില്ലായിരുന്നു' എന്ന് പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നും ആദ്യമേ ഒഴിഞ്ഞു. ഐഐടി പോലുള്ള ഒരു സ്ഥാപനത്തില്‍ 'പഠനം' മാത്രമാണല്ലോ ആത്മഹത്യക്ക് ഉള്ള 'ഉചിതമായ' ഒരു കാരണം. സഹാനുഭൂതിയില്ലാത്ത മെറിറ്റ് കൊണ്ട് നിങ്ങള്‍ എന്താണ് നേടുന്നത്? എന്നത്തേയും പോലെ ഇന്നലെയും ക്ലാസുകള്‍ നടന്നു. വളരെ കുറച്ചു ലീവ് മാത്രം അനുവദിച്ചിട്ടുള്ള വല്യ സ്ഥാപനമായതിനാല്‍ അവന്റെ കൂട്ടുകാരൊക്കെ തന്നെ ക്ലാസ് മുറിയില്‍ ഇരിക്കുന്നത് കണ്ടു. അവരോട് ഏതു മൂല്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ് അറ്റന്‍ഡന്‍സ് ബുക്കും കൊടുത്ത് എന്നെ അങ്ങോട്ട് വിട്ടത്?

പുതിയതായി എനിക്കൊന്നും പറയാനില്ല. കൂടെയുള്ള ഒരുത്തന്റെ മരണം പോലും സ്പര്‍ശിക്കാത്ത തരത്തില്‍ നിങ്ങള്‍ വാര്‍ത്തെടുക്കുന്നത് ആരെയാണ്? ആ വേദന അറിഞ്ഞാലും അനുഭവിച്ചാലും അതൊക്കെ ഉള്ളിലൊതുക്കി 'ജീവിത വിജയത്തി'നായി ക്ലാസ്സില്‍ തല താഴ്ത്തി ഇരിക്കാന്‍ പഠിപ്പിക്കുന്ന ഇത്തരം വൃത്തികെട്ട അവസ്ഥക്കെതിരെ ഉച്ചത്തില്‍ ഉച്ചത്തില്‍ കൂകി വിളിക്കാന്‍ തോന്നുന്നു.

ഈ മരവിപ്പുകള്‍ക്കിടയിലും അവനെക്കുറിച്ച് ഓര്‍ക്കുന്ന അവന്റെ കൂട്ടുകാര്‍ക്കു നന്ദി. മരണത്തെ തോല്‍പ്പിക്കുന്ന സ്‌നേഹമുണ്ടെന്ന് ഒര്‍മിപ്പിച്ചതിന്.

(കൊല്ലം സ്വദേശിയും ബി.ടെക് വിദ്യാര്‍ഥിയുമായ രാഹുല്‍ ജി പ്രസാദിന്റെ ആത്മഹത്യയെ കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ഇതിനൊപ്പം ചേര്‍ക്കുന്നു. ഇതില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു കാര്യം സമൂഹത്തിന്റെ താഴെക്കിടയില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ ക്യാപസുകളിലും അക്കാദമിക് മേഖലയിലും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലും വിവേചനവും വര്‍ദ്ധിച്ചു വരുന്നു എന്നാണ്. ഇത് IIT-M-ല്‍ മാത്രമല്ല, രാജ്യത്തെ പല ക്യാമ്പസുകളിലെയും അവസ്ഥ ഇതാണ്- എഡിറ്റര്‍, അഴിമുഖം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories