TopTop
Begin typing your search above and press return to search.

പണം തരൂ, പാട്ടു കേള്‍ക്കൂ; ഇളയ രാജ പാടുന്നു

പണം തരൂ, പാട്ടു കേള്‍ക്കൂ; ഇളയ രാജ പാടുന്നു

പ്രിയ ചങ്ങാതീ, സിനിമാ സംഗീതത്തില്‍ താങ്കള്‍ തല്‍പ്പരനാണോ? രാവിലെ കുളിമുറിയില്‍ കയറുമ്പോള്‍ ഏതെങ്കിലും പാട്ട് മൂളാറുണ്ടോ? എന്നാല്‍ തമിഴിലെ ഇളയരാജയുടെ സൂപ്പര്‍ ഹിറ്റു ഗാനമാണ് താങ്കള്‍ മൂളുന്നതെങ്കില്‍ സൂക്ഷിക്കുക. കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ താങ്കളെ തേടി പൊലീസ് ഉണ്ടാകാം. കാരണം സംഗീതസംവിധായകന്‍ മെല്ലിശൈമന്നന്‍ ഇളയരാജയുടെ അനുവാദമില്ലാതെയാണ് താങ്കള്‍ കുളിമുറിയില്‍ പാടിയത്. നിങ്ങളുടെ മൊബൈലില്‍ റിങ് ടോണായി രാജയുടെ പാട്ടാണോ ഉപയോഗിക്കുന്നത്? സംഗതി കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തും. അതും ശിക്ഷാര്‍മാണ്. അങ്ങനെ മേലില്‍ പാടണമെന്നുണ്ടെങ്കില്‍, മൊബൈലില്‍ റിങ് ടോണ്‍ കേള്‍പ്പിക്കണമെന്നുണ്ടെങ്കില്‍ ചെന്നൈയിലെ ത്യാഗരാജ നഗറിലെ വീട്ടില്‍ ചെന്ന് പണം കെട്ടി അനുമതി വാങ്ങിയ ശേഷം ചെയ്യാം. ജാഗ്രതൈ!

പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി സ്വസ്ഥമായ സിനിമാപ്പാട്ടും കേട്ട് വിശ്രമിക്കുന്ന തമിഴ്‌സിനിമാ സംഗീതപ്രമികള്‍ക്ക് ഇനിമുതല്‍ വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ എഫ് എമ്മിലോ ടി വി ചാനലിലോ മെല്ലിശൈമന്നന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയില്ല. അത്തരം പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നവരെ നിയമപരമായി കൈകാര്യം ചെയ്യാന്‍ 72 വയസ്സുള്ള ഇളയരാജ ശരീരവും മനസ്സും പാകപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും രാജക്ക് അനുകൂലമായിക്കഴിഞ്ഞു. ഇളയരാജയുടെ പാട്ടുകള്‍ സിഡിയിലും ഇന്റര്‍നെറ്റിലും മറ്റു രൂപത്തിലുമൊക്കെ വിറ്റിരുന്ന കമ്പനികള്‍ക്കെതിരെ കേസ്സെടുക്കാനുള്ള നടപടിയും മെല്ലിശൈമന്നന്‍ കൈക്കൊണ്ടിരിക്കുകയാണ്. അഗി മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ്, എക്കോ റെക്കോര്‍ഡിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, യുനിസിസ് ഇന്‍ഫോ സ്വല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗിരി ഡ്രേഡിംഗ് കമ്പനി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി 1957 ലെ കോപ്പിറൈറ്റ് നിയമം അനുസരിച്ച് ഇഞ്ചക്ഷന്‍ ഓര്‍ഡറും പുറപ്പെടുവിച്ചു കഴിഞ്ഞു.ഗാനങ്ങളുടെ സിഡി നിര്‍മ്മാണം, വില്‍പ്പന, വിതരണം തുടങ്ങിയവ ശിക്ഷാര്‍ഹമാണെന്ന് കോടതി വ്യക്തമാക്കിക്കഴിഞ്ഞു. പരസ്യ ചിത്രങ്ങളിലും 'രാജാപ്പാട്ടുകള്‍' ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഈ കമ്പനികളുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും കാലഹരണപ്പെട്ടിരിക്കുന്നു. അവര്‍ എഗ്രിമെന്റ് പുതുക്കാനോ റോയല്‍റ്റി കൊടുക്കാനോ താല്‍പര്യം കാണിച്ചില്ല. അതിനാലാണ് മദ്രാസ് ഹൈക്കോടതിയുടെ കല്‍പ്പടവുകള്‍ കയറാന്‍ മെല്ലിശൈമന്നന്‍ തന്റേടം കാണിച്ചത്. 'എന്റെ എല്ലാ പാട്ടിന്റേയും അവകാശം എനിക്കാണ്. എന്റെ പാട്ടുകള്‍ അനുവാദം വാങ്ങാതെ എഫ് എമ്മിലോ ടി വി ചാനലിലോ വന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും,' കേസിന്റെ വിധി വന്ന ദിവസം രാജ പത്രക്കാരോടു പറഞ്ഞു.

പക്ഷേ ഈ വിധിയുടെ ക്രൂരത പ്രത്യക്ഷമായി ചെന്നു കൊള്ളുന്നത് ഇളയരാജയുടെ പാട്ടുകള്‍ വളരെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയ തമിഴ്മക്കളുടെ ആസ്വാദനശേഷിയിലാണ്. കോപ്പിറൈറ്റ് ആശങ്ക പ്രകടിപ്പിച്ചവരോട് ഇളയരാജ പറഞ്ഞു, ' ഭൂമിയില്‍ ഞാന്‍ കൃഷി നടത്തി. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കരാറുമായി. പക്ഷേ വാങ്ങാന്‍ വന്നവനു ഞാന്‍ നട്ടുപിടിപ്പിച്ച തെങ്ങുകളില്‍ അവകാശമുണ്ടെന്നു പറയാനാവില്ലല്ലോ,' ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റിനു പുതിയ മാനം കൈവന്നിരിക്കുകയാണെന്നും രാജ അവകാശപ്പെട്ടു.

നാല് ദശകത്തോളമായി വിവിധ ഭാഷകളില്‍ ആയിരത്തിലധികം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സംവിധായകനാണ് ഇളയരാജ. അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ 4500 ല്‍ പരം ഗാനങ്ങളുണ്ട്. നാലോളം ദേശീയ അവാര്‍ഡുകളും പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. തമിഴ് മക്കള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചലച്ചിത്ര ഗാനങ്ങള്‍ ഇളയരാജയുടേതാണ് എന്നതില്‍ അത്ഭുതമില്ല. തമിഴ് മക്കള്‍ അത്രത്തോളം അദ്ദേഹത്തിന്റെ സൃഷ്ടിക്കളെ ആദരിച്ചിരുന്നു. തമിഴ് ചലച്ചിത്ര സംഗീതം എന്നു പറഞ്ഞാല്‍ ഇളയരാജ എന്ന പെരുമവരെ അദ്ദേഹം കൈയടക്കുകയും ചെയ്തിരുന്നു. രാജയുടെ പാട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി വേണമെങ്കില്‍ ഇനി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെയാണ് സമീപിക്കേണ്ടതെന്ന് കൗണ്‍സിലിന്റെ പ്രസിഡന്റ് കലൈപുലി എസ് താണു കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ അനുമതി വഴി തനിക്കു കിട്ടുന്ന പണം രാജക്ക് ഒറ്റക്ക് കൈക്കലാക്കില്ല എന്നും വ്യക്തമാക്കിക്കഴിഞ്ഞു. അതിന്റെ പങ്ക് നിര്‍മ്മാതാവിനും രചയിതാവിനും ഗായകനും/ഗായികക്കും ലഭിക്കും.അടുത്ത കാലത്തായി മറ്റൊരു രസകരമായ കേസ്സിലും രാജ ഇടപെട്ടു. തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ മെല്ലിശൈമന്നന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. 1989 ല്‍ 'കരഗാറ്റുക്കാരന്‍' എന്ന ചിത്രത്തിനു വേണ്ടി താന്‍ ഈണം പകര്‍ന്ന 'ഊരു വിട്ട് ഊരു വന്തു' എന്ന ഗാനം ശങ്കര്‍ തന്റെ അനുവാദം വാങ്ങാതെ 'കപ്പല്‍' എന്ന ചിത്രത്തില്‍ റീമിക്‌സ് രൂപത്തില്‍ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി. ഇത് കോപ്പിറൈറ്റ് നിയമത്തിനു വിരുദ്ധമാണ്. അഗി മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് താന്‍ അനുമതി വാങ്ങിയിരുന്നുവെന്നാണ് ശങ്കര്‍ പറയുന്നത്. 'പ്രസ്തുത ചിത്രത്തിലെ പാട്ടിനു അഗി മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡിനു ഉടമസ്ഥാവകാശമൊന്നും ഇല്ല. എന്റെ കക്ഷി തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളില്‍ ആയിരക്കണക്കിനു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. അതിലൊന്നു മാത്രമാണ് 'കരഗാറ്റുക്കാരന്‍' എന്ന ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ ഊരു വിട്ട് ഊരു വന്തു എന്ന ഗാനം,' രാജയുടെ വക്കീല്‍ എസ് കെ രഘുനാഥന്‍ പ്രസ്താവിച്ചു.

തന്റെ പാട്ടുകള്‍ കേട്ടു ശീലിച്ചിട്ടുള്ള ശ്രോതാക്കള്‍ക്ക് എന്തു തോന്നിയാലും തനിക്കൊന്നുമില്ലെന്ന നിലപാടിലാണ് മെല്ലിശൈമന്നന്‍. പണം തരൂ, പാട്ടു കേള്‍ക്കൂ എന്നു മാത്രമാണ് അദ്ദേഹത്തിനു പാടാനുള്ളത്. സിനിമയും ചലച്ചിത്ര സംഗീതവുമൊക്കെ തലക്കുപിടിച്ച, ലോകത്തെങ്ങും വ്യാപിച്ചു കിടക്കുന്ന തമിഴ് മക്കള്‍ക്ക് മെല്ലിശൈമന്നന്റെ സിഡിപ്പാട്ടുകളും ഇന്റര്‍നെറ്റ് ഡൗണ്‍ലോഡുകളും റിങ്‌ടോണുകളുമൊക്കെ തല്‍ക്കാലം മറക്കുകയേ നിര്‍വാഹമുള്ളു. തന്റെ പാട്ടുകള്‍ പല തരത്തില്‍ വിറ്റ് പണമുണ്ടാക്കിയ കമ്പനികള്‍ക്കെതിരെ രാജ തുനിഞ്ഞിറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പിടി കൂടുതല്‍ മുറിക്കിയത് ഇപ്പോള്‍ കോടതി കയറിയതോടെയാണ്.


Next Story

Related Stories