TopTop
Begin typing your search above and press return to search.

നിങ്ങള്‍ എന്തു വായിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിക്കും

നിങ്ങള്‍ എന്തു വായിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിക്കും

എസ് എ ഷുജാദ്‌

ഫോര്‍ത്ത് എസ്റ്റേറ്റെന്ന വലിയ ബിംബവുമായി സമൂഹ മനസ്സിന്റെ ആദരവ് പിടിച്ചെടുത്ത് സസുഖം വാഴുന്ന പത്രമാധ്യമങ്ങള്‍ നടത്തുന്ന അണിയറ നീക്കങ്ങള്‍ ഇവിടെ ആരും വാര്‍ത്തയാക്കുന്നില്ല. പകരം ഇതൊക്കെ വികലമായ രീതിയില്‍ ഒരു സുരേഷ് ഗോപി സിനിമയില്‍ ഒതുക്കി മാര്‍ക്കറ്റ് ചെയ്യുന്ന തന്ത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ ഉണ്ടാകുന്ന ഓരോ മുക്കിലും മൂലയിലും എത്തിപ്പെടാനുള്ള എല്ലാ സാങ്കേതികവിദ്യകളും സ്വന്തമാക്കിയിട്ടുള്ള മാധ്യമ മുതലാളിമാര്‍ക്ക് 'ഒരിക്കലും ആ വാര്‍ത്ത ഞങ്ങളറിഞ്ഞില്ല' എന്ന പച്ചക്കള്ളം പറായാനാവില്ല.

സാക്ഷരതയാല്‍ സമ്പന്നമായ, തനതു സംസ്‌കാരംകൊണ്ട് പുകള്‍ പെറ്റതാണെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ലജ്ജിക്കേണ്ട സംഭവവികാസങ്ങളാണ് ഈയിടെയായി മാധ്യമലോകത്ത് അരങ്ങു തകര്‍ത്ത് ആടിക്കൊണ്ടിരിക്കുന്നത്. നാടകീയവും വൈകാരികവുമായ അച്ചുകള്‍ നിരത്തിക്കൊണ്ട് ഉല്ക്കണ്ഠാകുലമായ വാര്‍ത്തകള്‍ തുളുമ്പുന്ന താളുകളുമായി എത്രകാലം വായനക്കാരെ കബളിപ്പിക്കാനാകും എന്ന് മാധ്യമകോര്‍പറേറ്റുകള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും വായനക്കാരുടെ ഹൃദയത്തിലേക്ക് പതിപ്പിക്കുന്നതിലും മത്സരിക്കുന്ന പത്രങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അത്തരം വാര്‍ത്തകളെക്കുറിച്ച് ഒന്നുമറിയില്ല എന്ന മട്ടില്‍ തമസ്‌കരിക്കുമ്പോള്‍ പാവം വായനക്കാരന്‍ ആശയക്കുഴപ്പത്തില്‍പ്പെടുകയാണ് ചെയ്യുന്നത്.


മലയാള മനോരമ

കഴിഞ്ഞ ശനിയാഴ്ച ദില്ലിയില്‍നിന്നുമുള്ള ദേശീയ ഹരിതട്രൈബൂണല്‍ ഉത്തരവിന്റെ വാര്‍ത്ത മുഖ്യധാരാപത്രങ്ങള്‍ തമസ്‌കരിച്ച സംഭവമാണ് ഈ കുറിപ്പിനാധാരം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 2400 പാറമടകളുടെ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗ്രീന്‍ ട്രൈബൂണല്‍ വിധി ഖനനവിരുദ്ധസമരം നടത്തുന്ന പ്രക്ഷോഭകര്‍ക്ക് ഉത്തേജനം പകരുന്ന വാര്‍ത്തയായിരുന്നു. പക്ഷെ മലയാള മനോരമ, ദേശാഭിമാനി, ദി ഹിന്ദു അടക്കമുള്ള പത്രങ്ങള്‍ പ്രധാന തലക്കെട്ടായി വരേണ്ട ഈ വാര്‍ത്ത ഭംഗിയായി തമസ്‌കരിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരുന്ന വായനക്കാരെ നിരാശരാക്കാതെ മാതൃഭൂമിയും മാധ്യമവും മാത്രം ഒന്നാം പേജിലെ മുഖ്യതലക്കെട്ടുമായി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ദേശാഭിമാനിപോലുള്ള പത്രങ്ങള്‍ തന്ത്രപൂര്‍വ്വം വാര്‍ത്ത ഒളിപ്പിച്ചു. ഇടതുപക്ഷാഭിമുഖ്യമുള്ള ഖനനവിരുദ്ധപ്രവര്‍ത്തകര്‍ക്ക് ദേശാഭിമാനിയുടെ ഈ കള്ളക്കളി താങ്ങാനാവാത്ത ഒന്നായിരുന്നു. കേരളകൗമുദിയില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2400 പാറമടകളുടെ ലൈസന്‍സ് റദ്ദാക്കാനാവശ്യപ്പെട്ട വാര്‍ത്ത ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ മലയാള മനോരമയില്‍ വലിയൊരു തമാശ അരങ്ങേറി. ഒരു എഡിഷനില്‍ പോലും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാത്ത മനോരമയില്‍ ജനറല്‍ പേജില്‍ ചില സ്ഥലങ്ങളില്‍ മാത്രം ഇങ്ങനെയൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു: 'മണല്‍ വാരല്‍ -വിലക്ക് ലംഘിച്ചു നല്കിയ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ട്രൈബ്യൂണല്‍’ - മൂന്ന് കോളം അഞ്ചു സെ മീ. പാറഖനനത്തിനെ കുറിച്ച് ഒരു വാചകം പോലും അതില്‍ കൊടുത്തിട്ടില്ല.


മാതൃഭൂമി

പശ്ചിമഘട്ടനിവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നത് മാത്രമല്ല കേരളീയജനതക്കാകമാനം സംരക്ഷണഭിത്തിയായി ആകാശത്തേക്കുയര്‍ന്ന് നില്ക്കുന്ന സഹ്യനെ നിഷ്‌കരുണം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനായിട്ട് കൂടി അവതരിച്ച ഈ വിധിയെ അപഹാസ്യമാംവണ്ണം വളച്ചൊടിച്ച് അവസാനപേജില്‍ ഒരു മൂലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാട്ടുമ്പുറത്തെ സാധാരണക്കാരനായ വായനക്കാരന് ഒരു ദൗര്‍ബല്യമുണ്ട്- തങ്ങള്‍ വരിക്കാരായ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ആധികാരികമായി മുഖവിലക്കെടുക്കുകയും മറിച്ചുള്ളതെല്ലാം അവിശ്വസിക്കുകയും ചെയ്യുക എന്നുള്ളത്. ഇത്തരം ശുദ്ധാത്മാക്കളാണ് മാധ്യമലോബിയുടെ ശക്തിയായി എന്നും നിലകൊള്ളുന്നത്.

മലയാളിയുടെ പരിസ്ഥിതി ബോധത്തിന് കാലികപ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയായതിനാല്‍ ഇത്തരം വാര്‍ത്തകള്‍ ജനങ്ങളെ ആവേശം കൊള്ളിക്കുമെന്ന യാഥാര്‍ഥ്യം പത്രമുതലാളിക്ക് മനസ്സിലാക്കാന്‍ ജ്ഞാനദൃഷ്ടിയുടെ ആവശ്യമൊന്നുമില്ലല്ലോ. ഈയിടെയായി മലയാളിയുടെ ആശങ്ക പതിന്മടങ്ങ് വര്‍ദ്ധിക്കുന്നതരത്തിലുള്ള ഖനനവാര്‍ത്തകള്‍ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കമ്പോള്‍ അച്ചടി മാധ്യമങ്ങളുടേ അവസരവാദപരമായ നിലപാടുകള്‍ വായനക്കാരെ/വരിക്കാരെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഒരു കാലത്ത് എല്ലാ സാമൂഹ്യപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന സി പി എം ഇപ്പോള്‍ വി എസിന്റെ താരപ്പൊലിമ കൊണ്ടുമാത്രം ജീവിച്ചുപോകുന്നു എന്നേ പറയാനാകൂ. പരിസ്ഥിതിനാശം വരുത്തുന്ന കോര്‍പറേറ്റ് മൂലധനശക്തികളുമായി പരസ്യമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞ മുഖ്യധാരാ ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ നിന്നും നീതിപൂര്‍വ്വമുള്ള ഇടപെടലുകള്‍ പ്രതീക്ഷിക്കാനാവില്ലെന്ന് തന്നെ വിശ്വസിക്കാം.ഒരു വശത്ത് അഴിമതി കൊടികുത്തി വാഴുന്ന വിവിധ മേഖലകളിലെ സംഭവ വികാസങ്ങള്‍ വിലാപങ്ങളുടെ അകമ്പടിയോടെ, വായനക്കാരെ ഒരു മായികമായ ലോകത്തെത്തിച്ച്, ആശ്ചര്യ ചിഹ്നത്തില്‍ അവസാനിപ്പിക്കുന്ന പരമ്പരകള്‍ നിറയ്ക്കുന്നു. എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം തുടരന്‍ ഫീച്ചറുകള്‍ക്ക് കേവലം അഞ്ച് ശതമാനത്തില്‍ താഴെ വായനക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. സമസ്ത രാഷ്ട്രീയകക്ഷികളിലെയും ഉന്നത നേതാക്കളും പ്രാദേശിക നേതാക്കളും പങ്കാളികളാകുന്ന ഭരണമെന്ന പ്രതിഭാസത്തില്‍ ഇത്തരം ഫീച്ചറുകള്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. ഒരു വശത്ത് ശക്തമായ നിയമ നിര്‍മ്മാണം നടത്തുകയും മറുവശത്ത് അത് നഗ്നമായി ലംഘിക്കുകയും ചെയ്യുന്ന രീതിയെ പ്രോല്‍സാഹിപ്പിക്കുകയാണ് മുഖ്യധാരാപത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പശ്ചിമഘട്ട മലനിരകളില്‍ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയുയര്‍ത്തിക്കൊണ്ട് തകൃതിയായി നടക്കുന്ന പാറ-മണല്‍ ഖനനം ഇനി ഏറേക്കാലം ജീവിക്കാനുള്ള വരുംതലമുറയ്ക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാ മേഖലയിലും മനഷ്യാവകാശലംഘനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ അതിനൊക്കെയെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ടെന്നിരിക്കെ പണം കൊടുക്കുന്ന വായനക്കാരനു നേരെ അനീതി കാട്ടിക്കൊണ്ട് വാര്‍ത്തകള്‍ പൂഴ്ത്തുന്ന പത്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം തന്നെ നടത്തേണ്ടിയിരിക്കുന്നു.

*Views are personal


Next Story

Related Stories