TopTop
Begin typing your search above and press return to search.

താളത്തിനൊപ്പം തുള്ളുന്ന നേതാക്കളെ തലപ്പത്തിരുത്തി ശശികല ജയിലിലേക്ക്

താളത്തിനൊപ്പം തുള്ളുന്ന നേതാക്കളെ തലപ്പത്തിരുത്തി ശശികല ജയിലിലേക്ക്

എല്ലാം പെട്ടെന്നായിരുന്നു. മുഖ്യമന്ത്രിക്കസേരയിലേക്കുള്ള നെട്ടോട്ടത്തിനിടയിലാണ് ശശികലയുടെ തലയില്‍ ഇടിത്തീവീണത്. അപ്രതീക്ഷിതമെന്ന് പറയാനാവില്ല. വരാനുള്ളതു വഴിയില്‍ തങ്ങിയതുമില്ല. തന്റെ ഉറ്റതോഴി ജയലളിത അലങ്കരിച്ച കസേരയില്‍ ഒരുവട്ടം ഉപവിഷ്ടയാകണമെന്ന മോഹത്തിന്റെ കടയ്ക്കലാണ് സുപ്രീംകോടതിയുടെ കത്തി വീണത്. ഒ പനീര്‍ശെല്‍വത്തെ (ഒപി) നിര്‍ബന്ധപൂര്‍വം മുഖ്യമന്ത്രിക്കസേരയില്‍ നിന്നു എഴുന്നേല്‍പ്പിക്കുമ്പോള്‍ വേദനിലയത്തിലെ വിവേകാനന്ദന്‍ കൃഷ്ണവേണി ശശികല എന്ന വി കെ ശശികലക്ക് ആത്മവിശ്വാസം വേണ്ടത്ര ഉണ്ടായിരുന്നു. 135 എംഎല്‍എമാരുടെ പിന്തുണയോടെ അധികാരത്തിന്റെ സോപാനങ്ങളിലേക്ക് കയറിപ്പോകാനൊരുങ്ങുമ്പോള്‍ പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ വിലകൂടിയ മാര്‍ബിള്‍ക്കല്ലുകള്‍ക്കു പോലും രോമാഞ്ചമുണ്ടായെന്നാണ് ചിന്നമ്മയുടെ ആരാധകര്‍ പറഞ്ഞത്. ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) സര്‍വവും തന്റെ കൈപ്പിടിയിലാകുമെന്ന ചിന്തയാണ് വി കെ ശശികലയെ നയിച്ചിരുന്നത്.

എന്നാല്‍ പനീര്‍ശെല്‍വത്തിന്റെ മറുകണ്ടം ചാട്ടമാണ് ചിന്നമ്മയുടെ മോഹങ്ങളെ തരിപ്പണമാക്കിയതിന്റെ ആദ്യഘട്ടം. അമ്മയുടെ ആത്മാവുമായി ബന്ധപ്പെട്ട് സംസാരിച്ചതിന്റെ പേരില്‍ കിട്ടിയ ഊര്‍ജ്ജം ശശികലയെ തള്ളിപ്പറയാന്‍ ഒപിയെ പ്രേരിപ്പിച്ചു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദം കൊണ്ടുമാത്രം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന ചിന്തയാണ് ശശികലയുടെ ഒപി വിരുദ്ധ നടപടിക്ക് ആക്കം കൂട്ടിയത്. 1991 മുതല്‍ വാരിക്കൂട്ടിയ സമ്പത്തെല്ലാം അന്യംനിന്നു പോകാതിരിക്കാന്‍ അധികാരം ആവശ്യമാണെന്ന് ചിന്നമ്മക്ക് നന്നായി അറിയാം. അനധികൃത സ്വത്തു സമ്പാദനക്കേസിന്റെ അന്തിമവിധി സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായില്ലെങ്കില്‍ സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലെ കസേരയില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടാകും. അപ്പോള്‍ വിധിക്കു മുമ്പ് കൈയടക്കുകയാണ് ഉചിതമെന്ന് പലരും ഉപദേശിച്ചു. ജയലളിതയുടെ കാല്‍വണങ്ങുന്നതുപോലെ തന്റെ കാലും വണങ്ങുമെന്നും മുഖ്യമന്ത്രിപദം ഒഴിയുമെന്നും ആയിരുന്നു ചിന്നമ്മയുടെ ധാരണ. അതിനെയാണ് ഒപി മുളയിലേ നുള്ളിക്കളഞ്ഞത്.

ഒപിയുടെ പിടി മുറുകുമ്പോള്‍ നൂറ്റിമുപ്പതോളം എംഎല്‍എമാരെ തട്ടിയെടുത്തുകൊണ്ടാണ് ചിന്നമ്മ ലക്ഷ്യസാധ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഒപിയുടെ ക്യാമ്പിലേക്ക് നിയമസഭാംഗങ്ങള്‍ കയറിപ്പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചു എന്നുതന്നെ പറയാം. എന്നാല്‍ ഗവര്‍ണറുടെ ഉദാസീനതയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അനധികൃത സ്വത്തു സമ്പാദനക്കേസിന്റെ അന്തിമവിധി സുപ്രീംകോടതി പ്രഖ്യാപിക്കട്ടെ, അതിനു ശേഷമാകാം നിയമസഭയിലെ തലയെണ്ണല്‍ എന്നാണ് ഗവര്‍ണറുടെ മൗനത്തില്‍ നിന്ന് മനസ്സിലായത്. പക്ഷേ അപ്രതീക്ഷിതമായി വന്ന കോടതി വിധി ദുരന്തങ്ങള്‍ വാരിവിതറി. തന്റെ താളത്തിനൊപ്പം തുള്ളുന്ന നേതാക്കളെ ഭരണസിരാകേന്ദ്രത്തില്‍ കയറ്റിയിരുത്തിയ ശേഷം ജയിലിലേക്ക് പോകാമെന്ന ചിന്താഗതി. അഞ്ചു വര്‍ഷം തടവും പത്തു കോടി രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ തവണ ജയിലില്‍ കയറേണ്ടി വന്നപ്പോള്‍ ജയലളിതയും ഒപ്പമുണ്ടായിരുന്നു. ഇക്കുറി അതില്ലാത്തതാണ് ശശികലയെ വേദനിപ്പിക്കുന്നത്.

1991 -96 കാലഘട്ടത്തില്‍ ജയലളിത മുഖ്യമന്ത്രിയായരിക്കെ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2011 ല്‍ ജയാമ്മ വീണ്ടും മുഖ്യമന്ത്രി. അപ്പോള്‍ കേസിന്റെ വിചാരണ നിഷ്പക്ഷമായി നടക്കില്ലെന്ന് കാണിച്ച് ഡിഎംകെ നേതാവ് അമ്പഴകന്‍ നല്‍കിയ ഹര്‍ജിയുടെ വെളിച്ചത്തിലാണ് ബാഗ്ലൂര്‍ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ് വരുന്നത്. ജയലളിതക്കു പുറമേ ഉറ്റതോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരാണ് കേസ്സിലെ മറ്റ് പ്രതികള്‍. 28 കിലോ സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍ എന്നിവ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതെല്ലാം റിസര്‍വ് ബാങ്കിന്റെ ചെന്നൈയിലെ ലോക്കറിലാണ്. ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്ര്യണന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്.

ചിന്നമ്മയുടെ രാഷ്ട്രീയം അസ്തമിച്ചിരിക്കുന്നു. സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലെ മുഖ്യമന്ത്രിക്കസേര ശശികലക്ക് ഇന്ന് അന്യമായിരിക്കാം. നാലര വര്‍ഷം കഴിഞ്ഞ് പുറത്തുവന്നാലും പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല. പക്ഷേ ജയിലില്‍ ഇരുന്നുകൊണ്ട് തന്റെ പ്രതാപം പ്രകടിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. രഹസ്യമായി റിസ്സോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന എഎംഎല്‍മാരെ നിയമസഭയിലെത്തിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ് ചിന്നമ്മ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories