TopTop
Begin typing your search above and press return to search.

വെടിക്കെട്ടുകളുടെ നിരോധനമല്ല, നിയന്ത്രണമാണ് ഉചിതമെന്ന് മെഡിക്കല്‍ അസോസിയേഷന്‍

വെടിക്കെട്ടുകളുടെ നിരോധനമല്ല, നിയന്ത്രണമാണ് ഉചിതമെന്ന് മെഡിക്കല്‍ അസോസിയേഷന്‍

ശബ്ദമലിനീകരണത്തിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏറെനാളായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരികയായിരുന്നു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് വെടിക്കെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.ഐ.എ ഹൈക്കോടതിയെ സമീപിക്കുന്ന ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എ വി ജയകൃഷ്ണനുമായി അഴിമുഖം കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എംകെ രാമദാസ് സംസാരിക്കുന്നു.

രാംദാസ്: വെടിക്കെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തണമൊവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോടതിയെ സമീപിക്കുകയാണ്. പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമാണോ ഈ നീക്കം?

ഡോ. ജയകൃഷ്ണന്‍: ഇന്ത്യന്‍ മെഡിക്കള്‍ അസോസിയേഷന്‍ National Institute for space sound എന്ന പേരില്‍ ശബ്ദമലീനീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. നിശ്ചിത ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ വേണമെന്നാണ് ക്യാമ്പയിന്‍ ആവശ്യപ്പെട്ടത്. ഇതിനായി റിട്ട് ഹര്‍ജി നല്‍കുവാനും തീരുമാനിച്ചിരുന്നു.

ഈയൊരു സംഭവം ഉണ്ടായപ്പോള്‍ അടിയന്തരമായി കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശബ്ദമലിനീകരണം മാത്രമല്ല, സുരക്ഷിതത്വവും കോടതിയില്‍ ഉന്നയിക്കാനാണ് ഐ.എം.എ തീരുമാനം.

രാം: വെടിക്കെട്ടില്‍ ശബ്ദത്തിന്റെ പ്രശ്‌നം എത്രത്തോളം? മറ്റ് ശബ്ദങ്ങളും ആരോഗ്യത്തിന് ഹാനികരമല്ലേ?

ഡോ: അതെ. ഇതുതെന്നയാണ് ഐ.എം.എ ഉയര്‍ത്തിക്കൊണ്ട് വരുന്നതും. തെരഞ്ഞെടുപ്പ് സമയത്ത് ശബ്ദവിഷയത്തില്‍ ശ്രദ്ധവേണമെന്ന് പ്രധാന രാഷ്ട്രീയകക്ഷികളോടും മറ്റും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ബോക്‌സുകളേയും മറ്റ് ശബ്ദസംവിധാനങ്ങളെയുംകുറിച്ചുള്ള ആശങ്കയാണ് ഐ.എം.എ ഉന്നയിച്ചത്. പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തിന് പ്രാധാന്യമേറയുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ടും ചില വിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഐ.എം.എയ്ക്ക് താല്‍പ്പര്യമില്ല. മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റേയും നിയമവിദഗ്ധരുടേയും ശ്രദ്ധയിലേയ്ക്ക് ഈ വിഷയം എത്തിക്കുകയെന്നത് ഐ.എം.എയുടെ ആവശ്യമാണ്.

രാം: നമുക്ക് നിയമങ്ങള്‍ ഉണ്ട്. പലതും നടപ്പാക്കാന്‍ ആകുന്നില്ല. നമ്മുടെ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമാണോ ഇതില്‍ അടങ്ങിയിരിക്കുന്നത്?

ഡോ: ചില നിയമങ്ങള്‍ നടപ്പിലാകാത്തതിന് കാരണം വ്യവസ്ഥകളുടെ അഭാവമാണ്. കൃത്യമായ വ്യവസ്ഥ വേണം. നിയമത്തിന് ഒപ്പം അത് നടപ്പാക്കേണ്ട റൂള്‍സ് കൂടി നിര്‍മ്മിക്കണം. ആര് നടപ്പിലാക്കണമെന്ന് കൃത്യമായ വ്യവസ്ഥയും ചട്ടങ്ങളില്‍ വേണം. അതുപോലെ നഗരങ്ങളില്‍ ശബ്ദമലിനീകരണം പരിധി കഴിഞ്ഞിട്ടുണ്ട്. ആശുപത്രികളുടെ പരിസരമെന്ന പരിഗണന പോലും നല്‍കാതെ പൊതുപരിപാടികള്‍ വലിയ ശബ്ദത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തപ്പെടുന്നു. നമുക്ക് നിയന്ത്രിക്കാനാകുന്നില്ല. ശബ്ദമലിനീകരണ നിയന്ത്രണ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 40ഓളം പൊതുമീറ്റിംഗുകള്‍ സംഘടിപ്പിച്ചു. അധികൃതരുടെ പങ്കാളിത്തം ഇവിടെയെല്ലാം ഉറപ്പാക്കുകയും ചെയ്തു. അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഡസിബല്‍ മീറ്റര്‍ നല്‍കി. പ്രതീകാത്മകമായാണ് ഇത് കൈമാറിയതെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ പരിഗണന ലഭിച്ചില്ല. മിക്ക കേസുകളിലും ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്. ഭരണ നേതൃത്വത്തിന്റെ ഇടപെടലാണ് നടപടികള്‍ക്ക് തടസ്സം.

രാം: മനുഷ്യന് ഹാനികരമാകുന്ന ശബ്ദത്തിന്റെ പരിധി?

ഡോ: 40 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ഹാനികരമാണ്. ഡെസിബല്ല് മീറ്ററില്‍ 40-ല്‍ നിന്ന് 50വരെ എത്തുന്ന ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മണിക്കൂറുകള്‍ നീളുന്ന ഉച്ചഭാഷിണിയുടെ ശബ്ദവും ആരോഗ്യപ്രശ്‌നമുണ്ടാക്കും.

രാം: കോടതി നടപടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്താണ്?

ഡോ: ഐ.എം.എ തിരുവനന്തപുരം ജില്ലാ ഘടകമാണ് കോടതിയെ സമീപിക്കാന്‍ ആദ്യം തീരുമാനിച്ചത്. ഇതിനായി സംസ്ഥാന കമ്മിറ്റിയുടെ അനുമതി ഉടനെ നല്‍കും. കോടതിയില്‍ പോകുക മാത്രമല്ല, മറ്റ് പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ഉണ്ടാകും. വെടിക്കെട്ടുകളുടെ നിരോധനമാണ് ഉത്തമമെന്ന് പറയാന്‍ കഴിയില്ല. നിയന്ത്രണമാണ് ഉചിതം.

രാം: പരവൂര്‍ അപകടം നേരിടുന്നതില്‍ ഐ.എം.എയുടെ പങ്ക് എത്രമാത്രം?

ഡോ: ആത്മാര്‍ത്ഥവും അര്‍ത്ഥവത്തുമായ ഇടപെടലിന് ഐ.എം.എയ്ക്ക് കഴിഞ്ഞു. ആശുപത്രികള്‍ തമ്മിലുള്ള കോഡിനേഷന്‍ സാധ്യമാക്കി. നല്ല ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ഐ.എം.എ ശ്രമിച്ചത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനായി സംസ്ഥാനത്ത് പൊതുവായ രീതി ഇല്ലാത്തത് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് പരുക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും പൂര്‍ണ്ണ സഹായം എത്തിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനും മറ്റ് ഏജന്‍സികള്‍ക്കും കഴിഞ്ഞു. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കല്‍ സൗകര്യങ്ങളുടെ ലഭ്യതയാണ് പരാതിയില്ലാതെ അടിയന്തര സഹായമെത്തിക്കാന്‍ സഹായിച്ചത്.


Next Story

Related Stories