TopTop

ഡിജിപിയായി ചുമതലയേല്‍ക്കും; സര്‍ക്കാര്‍ മാറിയെന്നു കരുതി സ്വഭാവം മാറ്റാന്‍ പറ്റില്ല- ടിപി സെന്‍കുമാര്‍

ഡിജിപിയായി ചുമതലയേല്‍ക്കും; സര്‍ക്കാര്‍ മാറിയെന്നു കരുതി സ്വഭാവം മാറ്റാന്‍ പറ്റില്ല- ടിപി സെന്‍കുമാര്‍
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാം ദിവസം പ്രവര്‍ത്തന പരാജയം ആരോപിച്ച് ഡിജിപി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടതോടെ നിയമയുദ്ധം ആരംഭിച്ചതാണ് ടി.പി സെന്‍കുമാര്‍ ഐപിഎസ്. തനിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളെക്കുറിച്ചും താന്‍ മാറ്റിനിര്‍ത്തപ്പെട്ടതിനെക്കുറിച്ചും അഴിമുഖത്തോട് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍. ഈ അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ പ്രസിദ്ധീകരിക്കും. 

സര്‍ക്കാരിനിഷ്ടമില്ലാത്തതിനാല്‍ ഒരു ഡിജിപിയെയും മാറ്റാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വിധി പറയുന്നത്. സുപ്രിംകോടതിയുടെ വിധി ഇതായിരിക്കുമെന്ന് ഏകദേശം ഉറപ്പുണ്ടായിരുന്നു. ഒരുദ്യോഗസ്ഥന്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമ്പോള്‍ കുറച്ചുകാലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ധൈര്യപൂര്‍വം അതിനെ നേരിട്ടാല്‍ നീതി ലഭ്യമാകുക തന്നെ ചെയ്യുമെന്നാണ് തന്റെ കേസ് തെളിയിക്കുന്നത്. താന്‍ പോലീസ് മേധാവിയായിരുന്ന ഒരുവര്‍ഷക്കാലത്ത് ആറ് മാസം മാത്രമാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുള്ളൂ. ബാക്കി സമയത്തെല്ലാം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവിലുള്ള കാലമായിരുന്നു. ജിഷ കേസിനെക്കുറിച്ച് പല കാര്യങ്ങളും ആരോടും പറയാന്‍ പറ്റാതിരുന്നത് അതിനാലാണ്.

ഉദ്യോഗസ്ഥരെ മാറ്റുന്നത് സര്‍ക്കാരിന്റെ താത്പര്യമാണ്. പക്ഷെ അതിന് ചില നടപടിക്രമങ്ങളുണ്ട്. അല്ലാത്തപക്ഷം അത് ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാകും. ആ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉത്തര കൊറിയയിലൊക്കെ നടക്കുന്നത് പോലെ സംഭവിക്കും. കൂടെയിരുന്ന ജനറല്‍ മറ്റെവിടേക്കോ നോക്കിയെന്ന് പറഞ്ഞാണ് ഭരണാധികാരി അദ്ദേഹത്തെ വെടിവച്ച് കൊന്നത്. ജനാധിപത്യം ആശ്രയിക്കുന്നത് നിയമപരമായ നടപടികളെയാണ്.

ജിഷ കേസില്‍ ശുക്ലം പരിശോധിച്ചില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ആരോപണം. എന്നാല്‍ ഇല്ലാത്ത ശുക്ലം എങ്ങനെയാണ് പരിശോധിക്കാന്‍ സാധിക്കുക. ചെരുപ്പ് മരത്തില്‍ കെട്ടിത്തൂക്കിയിട്ടെന്ന് പറയുന്നുണ്ട്. ആ ചെരുപ്പ് തന്നെയല്ലേ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ആ ചെരുപ്പ് കാലില്‍ ഇട്ടവരെ കണ്ടെത്തുകയല്ലേ ചെയ്തത്.

നിയമന ഉത്തരവ് അയയ്‌ക്കേണ്ടത് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. ഞാനതിനെപ്പറ്റി ആലോചിക്കേണ്ട കാര്യമില്ല. ഉത്തരവ് ഇറങ്ങുന്നതോടെ ഡിജിപിയായി ചുമതലയേല്‍ക്കുക തന്നെ ചെയ്യും. വിആര്‍എസ് എടുക്കുമെന്നും ലീവ് എടുത്ത് പോകുമെന്നും ഒക്കെയുള്ളത് മാധ്യമങ്ങളുടെ മനോധര്‍മ്മത്തിനനുസരിച്ച് എഴുതുന്ന കഥകളാണ്. ഏതായാലും ഉത്തരവ് ഇറങ്ങട്ടെ. മറ്റേതെങ്കിലും പദവിയിലിരുത്താമെന്ന വിധത്തിലുള്ള ഒരു ഒത്തുതീര്‍പ്പുമായും ആരും തന്നെ സമീപിച്ചിട്ടില്ല.

താന്‍ ഡിജിപിയായിരുന്നപ്പോള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത്രയും വിമര്‍ശന വിധേയമായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റ് ഇത്രമാത്രം വിമര്‍ശന വിധേയമായിരിക്കുന്നത്. താന്‍ ഡിജിപിയായിരുന്നപ്പോള്‍ തന്ത്രപൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും പോലീസിനെ ഓടിക്കുന്നത്. അന്ന് വണ്ടി വാങ്ങിച്ചിട്ടതുകൊണ്ടാണ് ഇപ്പോള്‍ ചിലര്‍ക്കൊക്കെ അതിഥികള്‍ക്കായി എട്ടും ഒമ്പതും വണ്ടികള്‍ വീതം ഓടിക്കാന്‍ സാധിച്ചത്.

എന്റെ സ്വഭാവം പഴയത് തന്നെയാണ്. പുതിയ സര്‍ക്കാരിനും ചീഫ് സെക്രട്ടറിയ്ക്കുമൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അത് മാറ്റാന്‍ സാധിക്കില്ല. ഞാന്‍ ഒരു കേസിലും പ്രതിയെ തെളിവില്ലാതെ പിടിക്കണമെന്നോ ഏതെങ്കിലും കേസില്‍ ഇല്ലാത്ത തെളിവുണ്ടാക്കി ആരെയെങ്കിലും പിടിക്കണമെന്നോ കീഴുദ്യോഗസ്ഥരോട് പറയാറില്ല. വാക്കാല്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ എഴുതിക്കൊടുക്കാനും എനിക്ക് മടിയില്ല. എന്നാല്‍ ഒരു ഉത്തരവുകളും സ്വന്തമായി ഒപ്പിടാത്തവരും ഇവിടെയുണ്ട്. കീഴുദ്യോഗസ്ഥര്‍ ജീവന്‍ പണയം വച്ചും പ്രതിയെ പിടികൂടിയാല്‍ അത് സ്വന്തം ക്രെഡിറ്റ് ആക്കുകയും വീഴ്ച പറ്റിയാല്‍ അത് അവരുടെ തലയില്‍ കെട്ടിവയ്ക്കാനുമാണ് പല ഉന്നത ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.

അതേസമയം തന്നെ അനുസരിക്കാത്ത ഉദ്യോഗസ്ഥരെ ഞാന്‍ സസ്‌പെന്‍ഡ് ചെയ്യും. എംജി കോളേജില്‍ സംഭവിച്ചത് അതാണ്. അന്ന് മൂന്ന്, നാല് മരണമെങ്കിലും അവിടെ നടക്കുമായിരുന്നു. അതിനാലാണ് അവിടെ ചെന്നത്. മര്‍ദ്ദനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തന്റെ മുന്നില്‍ വച്ച് തന്നെ മര്‍ദ്ദനം തുടര്‍ന്നപ്പോഴാണ് അന്ന് അങ്ങനെ ഇടപെട്ടത്. ജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുമെന്നതാണ് തന്റെ കീഴിലെ പോലീസിന്റെ ഗുണം. അതാണ് അന്ന് അവിടെ തെളിയിച്ചത്. എന്നാല്‍ തന്നെ മാറ്റാന്‍ ഉപയോഗിച്ച ആരോപണങ്ങളിലൊന്ന് താന്‍ പോലീസുകാരെ സംരക്ഷിക്കുന്നുവെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രമണ്‍ ശ്രീവാസ്തവയ്ക്ക് പോലീസിന് മേല്‍ ഒരു അധികാരവുമുണ്ടാകില്ല. മുഖ്യമന്ത്രിയെ ഉപദേശിക്കുക മാത്രമാണ് ശ്രീവാസ്തവയുടെ ഉത്തരവാദിത്വം. പോലീസ് ഉപദേഷ്ടാവിനെ ഡിജിപി വച്ചിരിക്കുന്നതല്ലാത്തതിനാല്‍ താന്‍ അക്കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ഉപദേഷ്ടാവിനെ പോലീസ് വകുപ്പില്‍ ഇടപെടാന്‍ അനുവദിക്കില്ല.

മുപ്പത് കൊല്ലത്തെ സര്‍വീസിനിടയ്ക്ക് ഏഴ് കൊല്ലം മാത്രം ലോക്കല്‍ പോലീസിലുണ്ടാകാന്‍ കാരണം തന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ രാഷ്ട്രീയപാര്‍ട്ടികളെ അനുവദിക്കാത്തത് കൊണ്ടു തന്നെയാണ്. താന്‍ സംഘപരിവാര്‍ പാളയത്തിലാണെന്ന ആരോപണങ്ങള്‍ക്ക് അഡ്വ. ജയശങ്കറൊക്കെ മറുപടി പറയുന്നുണ്ടല്ലോ. സൈബര്‍ ക്രൈമുകളിലെ പ്രശ്‌നം ട്രെയിനിംഗിന്റെ കുറവല്ല, പകരം നിയമങ്ങള്‍ അങ്ങനെയാണ് എന്നതാണ്. ഗൂഗിളിന്റെയും മറ്റുമൊക്കെ സര്‍വര്‍ ഇരിക്കുന്ന അമേരിക്കയിലൊക്കെയാണ്. അവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് നമുക്ക് വിവരങ്ങള്‍ ലഭ്യമാകാത്തതാണ് പ്രശ്‌നം.

അന്വേഷണം അറിയാത്തവര്‍ അന്വേഷണത്തെക്കുറിച്ച് സംസാരിക്കുന്നതാണ് പലപ്പോഴും പ്രശ്‌നം. പോലീസിനൊപ്പം മാധ്യമങ്ങളും അന്വേഷണത്തിനിറങ്ങുന്നത് ജനങ്ങളിലേക്ക് തെറ്റായ വാര്‍ത്തകളെത്തിക്കുന്നുണ്ട്. ജിഷ കേസില്‍ സംഭവിച്ചതും അതാണ്. മുറിവൈദ്യന്‍ ആളെക്കൊല്ലുന്നത് പോലെയാണ് അത്. പോലീസിലും ഇത്തരത്തിലുള്ള മുറിവൈദ്യന്മാരുണ്ട്. അവരും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

Next Story

Related Stories