TopTop
Begin typing your search above and press return to search.

റോള്‍സ് റോയ്‌സ് കാറുകളുടെ ഈ രാജ്യത്ത് വൃദ്ധര്‍ പട്ടിണിയിലാണ്

റോള്‍സ് റോയ്‌സ് കാറുകളുടെ ഈ രാജ്യത്ത് വൃദ്ധര്‍ പട്ടിണിയിലാണ്

ലിസ പാം, മിഖല്ലെ യൂന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഈ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മുട്ടുവേദന തുടങ്ങിയതോടെ ലീഫ്‌ലെറ്റ്‌സ് കൊടുക്കുന്ന ജോലി വോങ് സിയു യിങ്ങിനു ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്റെ പകുതിയില്‍ അധികവും വാടകയിനത്തില്‍ ചിലവാകും. ഉള്ള മൂന്നു മക്കളില്‍ നിന്നും സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍, ജോലിയില്‍ നിന്ന് 'വിരമിക്കല്‍' എന്നത് ചിന്തനീയമല്ല.

ഒരു മാസം ഇവര്‍ക്ക് 284 ഡോളര്‍ ആണ് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നത്. പ്രായമായവര്‍ക്ക് അവരുടെ നിത്യനിദാന ചിലവുകള്‍ക്കാണ് ഇത് നല്‍കുന്നത്. എന്നാല്‍ അത് ഒന്നിനും തികയുന്നില്ല എന്ന് വോങ് പറയുന്നു. 'ഒരു ജോലി കണ്ടെത്തുക എന്നത് ഏറെ ശ്രമകരം തന്നെ' അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ക്ക് റോള്‍സ് റോയിസ് കാറുകള്‍ സ്വന്തമായുള്ള ഒരു രാജ്യത്താണ് വോങ്ങിനെ പോലുള്ള വൃദ്ധര്‍ ഒരു നേരത്തെ ആഹാരത്തിനായി, തെരുവുകള്‍ വൃത്തിയാക്കുന്നതും, കാര്‍ഡ് ബോര്‍ഡുകള്‍ റീ സൈക്കിളിങ്ങിനു വേണ്ടി പെറുക്കിയെടുത്തു നല്‍കുന്നതും, ലീഫ്‌ലെറ്റ്‌സ് കൊടുക്കുന്നതും. 2050 ആകുമ്പോഴേക്കും ജപ്പാനെ പിന്തള്ളി 65 വയസ്സിനു മുകളിലുള്ള ആളുകള്‍ ഏറ്റവും അധികമുള്ള ഏഷ്യന്‍ രാജ്യമായി ഹോങ്കോങ്ങ് മാറും എന്നാണ് ഇക്കണോമിക് കോര്‍പറേഷന്‍ & ഡവലപ്പ്‌മെന്റും ലോകാരോഗ്യസംഘടനയും പ്രവചിക്കുന്നത്.

ഹോങ്കോങ്ങ് ചീഫ് എക്‌സിക്യൂട്ടീവ് ല്യൂംഗ് ചുന്‍ യിംഗും അദ്ദേഹത്തിന്റെ സെക്രട്ടറിയും ഇത്തവണ അവതരിപ്പിച്ച ബജറ്റില്‍ ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്ന ചര്‍ച്ച വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ പലിശ നിരക്ക് വര്‍ദ്ധനയ്ക്കായി രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ് എന്നതും വിസ്മരിക്കാന്‍ വയ്യ. അതിനോടൊപ്പം കഴിഞ്ഞ വര്‍ഷം നടന്ന പ്രശ്‌നങ്ങള്‍ക്ക് ശേഷം നടന്ന രാഷ്ട്രീയ അന്തരീക്ഷവും കണക്കിലെടുക്കണം.

എതിര്‍ ചേരിയില്‍ ഉള്ള സിംഗപ്പൂരില്‍ വൃദ്ധര്‍ക്കും വേതനം കുറഞ്ഞ തൊഴിലാളികള്‍ക്കും നല്‍കുന്ന പണം വര്‍ദ്ധിപ്പിക്കാന്‍ തിങ്കളാഴ്ച തീരുമാനം ആയി. ഹോങ്കോങ്ങിന്റെ അവസ്ഥ പോലെ തന്നെ ഇവിടെയും മദ്ധ്യവയസ്‌കരുടെ തോത് 2011ല്‍ 39 ആയിരുന്നെങ്കില്‍ 2030ല്‍ അത് 47ആകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു മിച്ച ബജറ്റ് ഉണ്ടാക്കിയാലേ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഹോങ്കോങ്ങിനു സാധിക്കൂ. ജി ഡി പി 2.8 ശതമാനം വര്‍ദ്ധിപ്പിക്കുക, അല്ലെങ്കില്‍ 62 ബില്ല്യന്‍ ഹോങ്കോങ്ങ് ഡോളര്‍ അധികം ലഭിക്കുന്ന മിച്ച ബജറ്റ് തയ്യാറാക്കുക എന്നീ രണ്ടു വഴികളെ മുന്നില്‍ ഉള്ളു എന്ന് രാജ്യത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിന്‍ചിലെ സാമ്പത്തിക വിദഗ്ധ മര്‍സെല്ല ചൗ അഭിപ്രായപ്പെട്ടു. ഇതിനായി സ്ഥലവില്‍പ്പന, ഓഹരി വിപണി, ശമ്പളം, കച്ചവടനികുതി തുടങ്ങിയ ഇടപാടുകളുടെ റവന്യു സ്റ്റാമ്പ് നികുതി വര്‍ദ്ധനയാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗം.

കുറഞ്ഞു വരുന്ന തൊഴില്‍ അവസരങ്ങളും വര്‍ദ്ധിച്ചു വരുന്ന വൃദ്ധജനതയും ഉണ്ടാക്കുന്ന സമ്മര്‍ദത്തെ നേരിടാന്‍ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം, ചൗ പറയുന്നു. എന്നാല്‍ യാഥാസ്ഥിതിക സ്വഭാവത്തോടെ പെരുമാറുന്ന ഈ ഭരണത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷയൊന്നും തനിക്കില്ലെന്നും അവര്‍ പറയുന്നു.യു എസ്സില്‍ പലിശ നിരക്ക് ഉയരുന്നതും, ഹോങ്കോങ്ങ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും, സ്ഥലമിടപാടുകളില്‍ നിന്നുള്ള വരുമാനം വെട്ടിക്കുറക്കുന്നതിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് തന്നെയാണ് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തുന്നതും.

ഇതേ സമയത്ത് തന്നെയാണ് അടുത്ത മാസം 65 തികയുന്ന ഫോക് മിയിസോഗ് ഒരു ജോലിക്കായി നെട്ടോട്ടം ഓടുന്നത്. 5 പേരക്കുട്ടികളുടെ അമ്മുമ്മയായ അവര്‍ ഇതുവരെ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷാം ഷുയി പോവിലെ തെരുവുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ തന്റെ മുട്ടില്‍ വന്ന പരിക്ക് ഭേദമാകുന്നതുവരെ അവധി നല്‍കാന്‍ തൊഴിലുടമക്ക് സാധിക്കാതെ വന്നതിനാല്‍ ആ ജോലി ഉപേക്ഷിച്ചു.

'എന്റെ കുട്ടികളുടെ മേല്‍ ഒരു പാട് ഭാരമുണ്ട്.' അമ്മയ്ക്ക് ആവിശ്യത്തിന് പണം നല്‍കാന്‍ സാധിക്കാത്ത തന്റെ മൂന്നു മക്കളെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.

ഈ വര്‍ഷത്ത ബജറ്റില്‍, ജീവനക്കാരുടെ വിരമിക്കല്‍ ബാധ്യതകള്‍ നേരിടാന്‍ 50 ബില്ല്യന്‍ ഹോങ്കോങ്ങ് ഡോളര്‍ വകയിരുത്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് ല്യൂങ് സാമ്പത്തികകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ തന്നെ ഇന്ന് രാജ്യം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം സാധ്യമാക്കാന്‍ ഇത് മതിയാകുന്നില്ല.

വിരമിക്കല്‍ ബാധ്യതകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല എന്ന് ല്യൂങ് പറഞ്ഞു. അതിനാല്‍ തന്നെ വിരമിച്ചതിനു ശേഷം പൗരന്മാര്‍ക്കുള്ള സാമ്പത്തിക സഹായം പൂര്‍ണമായും ലഭിക്കും എന്നതില്‍ ഒരു ശുഭാപ്തിവിശ്വാസത്തിനു ഇപ്പോള്‍ പ്രസക്തി ഇല്ല.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിലവിലെ പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള അഭിപ്രായം ആരായാന്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജന കമ്മീഷന്‍ ആലോചിക്കുന്നു.2012ലെ സര്‍ക്കാര്‍ കണക്കുപ്രകാരം ഹോങ്കോങ്ങിലെ വൃദ്ധ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് പേര്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത് എന്ന് പറയുന്നു. ഇത് ഓ ഇ സി ഡി രാജ്യങ്ങളുടെ 2013ലെ കണക്കുപ്രകാരം 12.8 ശതമാനം ദാരിദ്ര്യം എന്നാണ് കാണിക്കുന്നത്.

രാജ്യത്തിലെ യുവജനങ്ങളാകട്ടെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടതൊന്നും ചെയ്യുന്നുമില്ല. 2013ല്‍ ഫിഡെലിറ്റി വേള്‍ഡ് വൈഡ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയ ഒരു സര്‍വേയില്‍, മുപ്പതും നാല്‍പ്പതും വയസ്സായ അഞ്ചിലൊന്ന് ജോലിക്കാരും അവരുടെ വിരമിക്കലിനെക്കുറിച്ച് യാതൊരു ആസൂത്രണവും നടത്തിയിട്ടില്ല എന്ന് തെളിയിക്കുന്നു.

ഈ ചിന്തയില്ലായ്മ ഇവരെയും ഒടുവില്‍ 79 വയസ്സിലും സ്വന്തം ഭാര്യയുടെ ചികിത്സക്കും മരുന്നുകള്‍ക്കുമായി പ്രയാസപ്പെടുന്ന ലീ യൂറ്റ് യനിന്റെ അതേ അവസ്ഥയിലെത്തിക്കും. മുമ്പ് ഒരു പാചകക്കാരന്‍ ആയിരുന്ന ഇദേഹം ആഴ്ചയില്‍ ആറു ദിവസം സെക്യൂരിറ്റി ആയി ജോലി നോക്കുകയാണിപ്പോള്‍.

"ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു. ഞാന്‍ സമൂഹത്തിനായി എന്തെങ്കിലും നല്‍കുന്നു എന്ന തോന്നല്‍ ഇത് മൂലം എനിക്ക് ലഭിക്കുന്നു." ഒമ്പത് മണിക്കൂര്‍ നീണ്ട തന്റെ ജോലി സമയം കഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞു. "എനിക്ക് സര്‍ക്കാരിന്റെ സഹായം ഒന്നും ലഭിക്കുന്നില്ല. എനിക്ക് പണം വേണമെങ്കില്‍ എന്റെ മക്കളോട് ചോദിക്കാം. പക്ഷെ എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ ജോലി ചെയ്യും." അദ്ദേഹം പറഞ്ഞു നിര്‍ത്തി .


Next Story

Related Stories