TopTop
Begin typing your search above and press return to search.

ഉത്തരാഖണ്ഡ്; ഹിമാലയം കാവല്‍ നില്‍ക്കുന്ന അഴകിന്റെ താഴ്വര

ഉത്തരാഖണ്ഡ്; ഹിമാലയം കാവല്‍ നില്‍ക്കുന്ന അഴകിന്റെ താഴ്വര

പല്ലബി ബോസ്

ഇന്ത്യയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് എന്ന കൊച്ചുസംസ്ഥാനത്തെ നമ്മള്‍ അധികമൊന്നും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഹിമാലയം കാവല്‍ നില്‍ക്കുന്ന, അഴകിന്റെ ഈ താഴ്വരയില്‍ സഞ്ചാരികള്‍ക്കായി പ്രകൃതിയൊരുക്കി വച്ചിരിക്കുന്നത് കാഴ്ച്ചയുടെ ഒരു വിരുന്നു തന്നെയാണ്. വളരെ ചെറുപ്പത്തിലാണ് മുമ്പിവിടെ വന്നിട്ടുള്ളത്, എന്നാല്‍ ഏതാണ്ടിന്നലെയെന്ന പോലെ ആ ഓര്‍മ്മകള്‍ മനസ്സില്‍ പച്ചപ്പാര്‍ന്നു കിടപ്പുണ്ട്. ചൈനയുമായും നേപ്പാളുമായെല്ലാം അതിര്‍ത്തി പങ്കിടുന്ന ഈ തന്ത്രപ്രധാന മേഖല പക്ഷേ കാഴ്ച്ചയില്‍ സംഘര്‍ഷഭാവമൊട്ടുമില്ലാത്ത ശാന്തസ്വരൂപിയാണ്. ആ പ്രസന്നതയത്രയും സഞ്ചാരികളുടെ മനസ്സിലേക്ക് അപ്പാടെ പകര്‍ന്നു നല്‍കുകയും ചെയ്യും.

ഉത്തരാഖണ്ഡ് സ്വന്തം വശ്യസൗന്ദര്യത്തിന്റെ ചെപ്പുതുറക്കുന്ന പ്രദേശമാണ് കുമയൂണ്‍ ഡിവിഷന്‍. ഉത്തരാഖണ്ഡിന്റെ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ പലതും നമ്മെ കാത്തിരിക്കുന്നത് ഈ മേഖലയിലാണ്. ഉത്തരാഖണ്ഡിലെ ആറു ജില്ലകളാണ് ഈ ഡിവിഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ അനന്യ ഭാവങ്ങള്‍ കരുതി വച്ചിരിക്കുന്ന പിത്തോര്‍ഗഡ്, റാണിഖേത്തിലെ മനോഹരമായ ഗോള്‍ഫ് മൈതാനം, അവിടെ പുല്‍മേടുകള്‍ക്കൊപ്പം മനസ്സിനേയും താളാത്മകമായി തഴുകിപ്പോകുന്ന കാറ്റ്, പൂക്കളുടെ താഴ് വരയെന്നറിയപ്പെടുന്ന നിത്യഹരിത വനമേഖലയിലെ വിസ്മയങ്ങള്‍, പടല്‍ ബുഭനേശ്വറിലെ ഭൂമിക്കടിയിലെ ഗുഹാക്ഷേത്രം പങ്കുവയ്ക്കുന്ന നിഗൂഢതകള്‍, മുന്‍സിയാരിയിലെ പരുക്കന്‍ കാലാവസ്ഥ തുടങ്ങി പ്രകൃതി സൗന്ദര്യവും സാഹസികതയും സമം ചേര്‍ത്ത യാത്രാനുഭവങ്ങളിലേക്കാവും ഈ പ്രദേശം നിങ്ങളെ കൊണ്ടു ചെല്ലുന്നത്.


ഉത്തരാഖണ്ഡിനു മുമ്പേ ലഖ്‌നൗ എന്ന പ്രലോഭനം

നവാബുകളുടെ നഗരമെന്നറിയപ്പെടുന്ന ലഖ്‌നൗ കടന്നു വേണം ഹിമാലയ നഗരിയായ ഉത്തരാഖണ്ഡിലെത്താന്‍. അങ്ങോട്ടുള്ള വഴിയില്‍ ഇവിടം പലതരത്തിലും നിങ്ങള്‍ക്കൊരു പ്രലോഭനമാവാന്‍ സാധ്യതയുണ്ട്. പ്രശസ്തമായ 'അവാധി' ബിരിയാണിയുടേയും ടുണ്‍ടേ കബാബിന്റേയും (160-ഓളം രൂചിക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേകതരം ഇറച്ചിക്കറി) കൊതിപ്പിക്കുന്ന മണം ഇവിടുത്തെ വഴികളിലൂടെ പോകുമ്പോള്‍ നിങ്ങളുടെ മൂക്കില്‍ തുളച്ചു കയറും. വിവിധ കാലഘട്ടങ്ങളില്‍ ഇവിടുത്തെ നവാബുമാര്‍ പണി കഴിപ്പിച്ച ബഡാ ഇമാംബറയും ചോട്ടാ ഇമാംബറയും ഷിയാ മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ എന്നതിലുപരി സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന ചരിത്ര സ്മാരകങ്ങള്‍ കൂടിയാണ്. നമ്മളെ ശരിക്കും ചുറ്റിച്ചു കളയുന്ന മറ്റൊരു കൗതുകമാണ് ഭുല്‍ ഭുലയ്യ (Bhul Bhulaiya) എന്ന കെട്ടിടസമുച്ചയം. ശത്രുക്കളെ കബളിപ്പിക്കാനായി ധാരാളം കുറുക്കുവഴികളും ഇടവഴികളും, ഒരേതരം മുറികളുമൊക്കെയായി പണ്ടൊരു നവാബ് പണി കഴിപ്പിച്ചതാണീ സമുച്ചയം. പരിചയ സമ്പന്നനായൊരു ഗൈഡ് ഒപ്പമില്ലെങ്കില്‍ പത്മവ്യൂഹത്തിലെന്ന പോലെ നമ്മള്‍ അകത്ത് പെട്ടുപോയതു തന്നെ. കണ്ടോ, ലക്‌നൗവിന്റെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഇവിടെ തന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങിയത്. ഇതൊക്കെ ഇതുവഴി കടന്നുപോകുന്ന എല്ലാ സഞ്ചാരികളുടേയും അനുഭവമായിരിക്കും. എന്തായാലും ലക്‌നൗവിനെക്കുറിച്ച് മറ്റൊരവസരത്തില്‍ വിശദമായിപ്പറയാം. ഇനി ലക്ഷ്യം നമ്മെ മാടി വിളിക്കുന്ന ഹിമാലയന്‍ താഴ് വര മാത്രം.

ഹിമാലയ താഴ്‌വരയിലേക്കുള്ള വഴിയില്

ലക്‌നൗവില്‍ നിന്നു നമ്മള്‍ കയറുന്ന ട്രെയിന്‍ ഒറ്റയടിപ്പാതയിലൂടെ നീങ്ങി ഉത്തരാഖണ്ഡിലെ ലാന്‍കുവാനിലേക്കെത്തും. പിന്നീട് അവിടെ നിന്നും ലോഹഘട്ടിലേക്ക് റോഡു മാര്‍ഗ്ഗം യാത്ര. നേരത്തെ സൂചിപ്പിച്ച, ഉത്തരാഖണ്ഡിന്റെ സൗന്ദര്യമത്രയും ആവാഹിച്ചു വച്ചിരിക്കുന്ന കുമയൂണിലേക്കുള്ള പ്രവേശന കവാടമാണിവിടം. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലുള്‍പ്പെടുന്ന ചെറിയൊരു പഞ്ചായത്താണിത്. രാത്രി ലോഹഘട്ടില്‍ തങ്ങി യാത്ര അടുത്ത ദിവസത്തേക്ക് തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവിടെ താമസിച്ചതിലൂടെ ഹിമാലയത്തിന്റെ രാത്രി സൗന്ദര്യം ആവോളം ആസ്വദിക്കാനായി. സ്വപ്ന തുല്ല്യമായ ആ കാഴ്ച്ചയിലൂടെ പതിയെ മയക്കത്തിലേക്ക്.

ഇതു തന്നെയോ കാശ്മീര്‍ ?

പിറ്റേന്നു കോഴി കൂവുന്നതു കേട്ടതും പുതിയൊരൂര്‍ജ്ജം ശരീരത്തിലേക്കും മനസ്സിലേക്കും പടര്‍ന്നു. പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. പിത്തോരാഗ്രാഹ് ജില്ലയിലെ ആകര്‍ഷണങ്ങളിലേക്കോരോന്നിലേക്കായി ഇറങ്ങിച്ചെല്ലുകയാണ് അടുത്ത ലക്ഷ്യം. ആദ്യം വന്നിറങ്ങിയത് പിത്തോരഗ്രാഹിലെ താഴ് വാരത്തിലേക്കായിരുന്നു. മഴ മേഘങ്ങളെ വരെ തടഞ്ഞു നിര്‍ത്താന്‍ പോന്ന വമ്പന്‍ പര്‍വ്വതങ്ങളാണ് ഇവിടെ കാവല്‍. സൈന്യത്തിന്റെ ശക്തമായ കാവലുള്ള ഇന്തോ-ചൈന അതിര്‍ത്തിയും അടുത്തായുണ്ട്. പ്രകൃതിയുടേയും സൈന്യത്തിന്റേയും ശക്തമായ കാവല്‍ ഈ മേഖല ആവശ്യപ്പെടുന്നുമുണ്ട്. വടക്ക് നേപ്പാള്‍, പടിഞ്ഞാറ് ടിബറ്റ് എന്നിങ്ങനെ രണ്ടു രാജ്യങ്ങളുമായാണ് പ്രദേശം അതിര്‍ത്തി പങ്കിടുന്നത്. രാജ്യത്തിലേക്ക് വരവേല്‍ക്കുന്ന അതിര്‍ത്തി പ്രദേശമായതു കൊണ്ടാണോ എന്തോ ഏറെ ഹൃദ്യമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുക. കാലാവസ്ഥയുടേയും പ്രദേശത്തിന്റേയും ഈ പ്രത്യേകതകള്‍ കൊണ്ടു തന്നെ മിനി കാശ്മീരെന്ന മറ്റൊരു പേരും ബഹുമതിയെന്നോണം സഞ്ചാരികള്‍ പിത്തോരഗ്രാഹിന് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ഉത്തരാഖണ്ഡിന്റെ പടിഞ്ഞാറെ അറ്റത്തായാണ് ഈ മനോഹര പ്രദേശം സ്ഥിതി ചെയ്യുന്നത്

താഴ് വരയിലെ കാഴ്ച്ചകള്‍ മൊത്തം ഒന്നു നടന്നു കാണാവുന്നതേയുള്ളു. ആ കറക്കം കണ്ണും മനസ്സും നിറയ്ക്കുന്ന തരത്തില്‍ ആസ്വാദ്യകരവുമായിരിക്കുകയും ചെയ്യും. നന്ദാ ദേവി ഈസ്റ്റ്, നന്ദാ ദേവി വെസ്റ്റ്, ത്രിശൂല്‍, രാജരംഭാ, ഹര്‍ദിയോയി, ബംബാദുരാ എന്നിങ്ങനെ കണ്ണെത്താ ഉയരത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ആറു കൊടിമുടികളാണ് ഈ താഴ് വരയിലുള്ളത്. ഇവിടെ നിന്നുള്ള സൂര്യോദയ അസ്തമയ കാഴ്ച്ചകള്‍ നയനാനന്ദകരമാണ്. സൂര്യന്‍ ഈ മലകള്‍ക്കു പിന്നില്‍ വന്നു മറയുന്നതും പിന്നീട് അവിടെ നിന്നു ഉദിച്ചുയരുന്നതുമൊക്കെ കാണുമ്പോള്‍ സൂര്യന്റെ വാസസ്ഥലം ഈ മലയടിവാരം തന്നെയാണോയെന്നു നമ്മളും ഒരു നിമിഷം സംശയിച്ചു പോകും. പിത്തോരഗ്രാഹ് കോട്ട, കപിലേശ്വര മഹാദേവ ക്ഷേത്രം തുടങ്ങി സന്ദര്‍ശകര്‍ക്ക് കൗതുകങ്ങള്‍ കരുതി വച്ചിരിക്കുന്ന കാഴ്ചകള്‍ വേറെയുമുണ്ട് കുന്നിന്‍മുകളിലാണ് മഹാദേവ ക്ഷേത്രം. അങ്ങോട്ടുള്ള കുന്നുകയറ്റം തന്നെയാണ് യാത്രയിലെ രസകരമായ ഭാഗം. പകുതി കയറി വരുമ്പോഴേക്കും ക്ഷേത്രം നമ്മുക്ക് കാണാനാവും. പച്ചപ്പു ചാര്‍ത്തി അലങ്കരിച്ചു നില്‍കുന്ന കുന്നിന്‍ പുറം ഭക്തര്‍ക്കു മാത്രമല്ല പ്രകൃതിയുടെ ഉപാസകര്‍ക്കും ഹൃദ്യമായ കാഴ്ച്ചാനുഭവമായിരിക്കുംചായക്കടയിലെ ബെഞ്ചിലിരുന്നു കൊണ്ട് നല്ല ചൂടു ചായയുമിറക്കി, സായന്തന സൂര്യന്‍ മലയടിവാരത്തിലേക്കു മറയുന്ന കാഴ്ച്ച നോക്കിയിരിക്കാം. താഴ് വരയുടെ അസുലഭ സൗന്ദര്യം മുഴുവന്‍ ഒരു ക്യമറയിലെന്ന പോലെ നമ്മുടെ മനസ്സ് ഒപ്പിയെടുക്കുന്നത് അനുഭവിച്ചറിയാം. നമ്മുടെ ബഡ്ജറ്റിനസുരിച്ച് തിരഞ്ഞെടുക്കാവുന്ന ചെറുതും വലുതുമായ ധാരാളം റിസോര്‍ട്ടുകള്‍ പിത്തോരഗ്രാഹിലുണ്ട്. കാഴ്ച്ചകള്‍ കണ്ട് നേരമൊരുപാടായെങ്കില്‍ അതിലൊന്നില്‍ തങ്ങി യാത്ര അടുത്ത ദിവസത്തേക്കാക്കാം.

ഉയരം കൂടും തോറും വ്യത്യാസമുണ്ട്; മുന്‍സിയാരിയിലെ കാലാവസ്ഥ

ഹിമാലയന്‍ കാലാവസ്ഥയുടെ കുറച്ചു പരുക്കന്‍ ഭാവങ്ങള്‍ പരിചയപ്പെടാനാണ് നമ്മുടെ അടുത്ത യാത്ര. കാലാവസ്ഥയുടെ തീഷ്ണത അനുഭവിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി വരികയെന്നത് ചിലപ്പോള്‍ കുറച്ച് വിചിത്രമായി തോന്നാം. എന്നാല്‍ ഇത്തരമൊരു യാത്രയില്‍ കുറച്ചു സാഹസികത കൂടിയുണ്ടെങ്കിലേ ഒരു പൂര്‍ണ്ണത വരു എന്നു കരുതുന്നവര്‍ക്ക് ധൈര്യമായി മുന്‍സിയാരിയിലേക്ക് പോരാം. പിത്തോരഗ്രാഹ് ജില്ലയില്‍ തന്നെയാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. എങ്കിലും താഴ് വാരത്തു നിന്നു മുന്‍സിയിയാരിയിലെത്തുമ്പോള്‍ സസ്യജാലങ്ങളിലൊക്കെ പ്രകടമായ വ്യത്യാസം കാണാം. ഉയരം കൂടുന്തോറും അവയുടെ കൂര്‍ത്ത, കോണാകൃതിയിലുള്ള ഇലകളില്‍ കുന്നുകൂടിയിരിക്കുന്ന മഞ്ഞിന്റെ അളവും കൂടുന്നു. എന്തായാലും എക്കാലവും പൂത്തുലഞ്ഞു നില്‍ക്കുന്ന നിത്യഹരിതങ്ങളായ ദേവദാരുക്കള്‍, വടക്കേ ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഔഷധ സസ്യമായ ചരളം, നേപ്പാളിന്റെ ദേശീയ പുഷ്പമായ റൂദോദെന്‍ദ്രോ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ സസ്യജാലങ്ങളുടെ വലിയൊരു കലവറ തന്നെയാണ് മുന്‍സിയാരി.വേനല്‍ക്കാലത്ത് ശക്തമായ കാറ്റും മഞ്ഞു കാലത്ത് ശക്തമായ മഞ്ഞു വീഴ്ച്ചയുമായി കാലാവസ്ഥ മിക്കപ്പോഴുമിവിടെ രുദ്ര ഭാവത്തില്‍ തന്നെയായിരിക്കും. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് പ്രകൃതി അതിന്റെ കാഠിന്യം കുറച്ചെങ്കിലും കുറയ്ക്കുന്നത്, സഞ്ചാരികള്‍ക്കായി പ്രദേശം തുറന്നു കൊടുക്കുന്നതും ഈ സമയത്തു തന്നെ. ട്രെക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ഗ്ഗം കിട്ടിയ പ്രതീതിയായിരിക്കും ഇവിടെ. ഞാനും നമ്മുടെ ചങ്ങാതിമാരുടെയൊപ്പം ട്രെക്കിംഗില്‍ പങ്കാളിയായി. പക്ഷേ എന്നെ സംബന്ധിച്ച് കാലില്‍ നല്ല കൂര്‍ത്ത മുനകളുള്ളൊരു ബൂട്ടില്ലാതിരുന്നത് ശരിക്കും വിനയായി. അയഞ്ഞു കിടക്കുന്ന മണ്ണിലൂടെ പലവട്ടം ഞാന്‍ വഴുതി താഴോട്ടു പോയി. എങ്കിലും വിട്ടു കൊടുത്തില്ല. അവസാനം കാലിനടിയില്‍ മഞ്ഞു പതിയുന്നിടം വരെ ഞങ്ങള്‍ ട്രെക്കിംഗ് തുടര്‍ന്നു

പൂക്കളുടെ താഴ്‌വര; ഇതു പക്ഷേ വെറും വിശ്രമം തേടി വരുന്നവര്‍ക്കുള്ളതല്ല

മുന്‍സിയാരിയില്‍ നിന്നും ലഭിച്ച ഊര്‍ജ്ജം അതേപടി നിലനില്‍ക്കുന്നുവെങ്കില്‍, ട്രെക്കിംഗ് ആവേശം മതിയായിട്ടില്ല എന്നു തോന്നുന്നുവെങ്കില്‍ ഉത്തരാഖണ്ഡ ്‌ അതിന്റെ വന്യ സൗന്ദര്യം മുഴുവന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പൂക്കളുടെ താഴ്‌വരയിലേക്കു പോകാം. വെറുതെ വന്നു വിശ്രമിച്ചു അവധി ആഘോഷിച്ചു പോകുന്നവരെയല്ല, പ്രകൃതി ഒരുക്കുന്ന വെല്ലുവിളികള്‍ സ്വീകരിച്ച് ട്രെക്കിംഗിന്റെ അപാരമായ സാധ്യതകള്‍ ആസ്വദിക്കാന്‍ തയ്യാറുള്ളവരെയാണ് ഈ വന മേഖല കാത്തിരിക്കുന്നത്. പേരു സൂചിപ്പിക്കുന്ന പോലെ പല സീസണുകളിലായി 140 ഓളം ഇനം വ്യത്യസ്ത പൂക്കള്‍ ഇവിടെ പ്രകൃതിക്ക് അലങ്കാരമായി പൂത്തു തളിര്‍ത്തു നില്‍പ്പുണ്ടാവും. ഏറ്റവുമധികം പൂക്കള്‍ പൂത്തു നില്‍ക്കുന്ന മണ്‍സൂണ്‍ സീസണില്‍ തന്നെയാണ് വന മേഖല ട്രെക്കിംഗ് ആസ്വാദകര്‍ക്കായി തുറന്നു കൊടുക്കുന്നത്. നന്ദാ ദേവി ജൈവിക മണ്ഡലത്തിന്റെ ഭാഗമായ ഈ കാനന മേഖലയെ 1982ലാണ് ദേശീയ വനമായി പ്രഖ്യാപിച്ചത്. രാമായണത്തില്‍ ഹനുമാന്‍ മൃതസഞ്ജീവനി തേടി വന്നത് ഈ കാട്ടിലേക്കായിരുന്നുവെന്നും പ്രദേശവാസികള്‍ക്കിടയില്‍ ഒരു ഐതീഹ്യമുണ്ട്. ഇതിലൂടെയൊഴുകുന്ന പുഷ്പവതി നദിയിലെ വെള്ളം ഈ പൂക്കളുടെ പ്രതിഫലനം കൊണ്ടു തന്നെ എപ്പോഴും ഇളം ചുവപ്പു നിറത്തിലായിരിക്കും കാണപ്പെടുകഭൂമിക്കടിയില്‍ 33 കോടി ദൈവങ്ങള്‍

പൂക്കളുടെ താഴ് വരയോടു വിട പറഞ്ഞു കഴിഞ്ഞാല്‍, അവിടെ നിന്നും നമുക്ക് എളുപ്പെമെത്തിച്ചേരാവുന്ന അടുത്ത പ്രധാനപ്പെട്ട സ്ഥലം പാടല്‍ ഭുവനേശ്വര്‍ മഹാദേവ ക്ഷേത്രമാണ്. അതെ, ഇതിനകം തന്നെ ഏറെ പറഞ്ഞും കേട്ടും ആകാംഷ അതിന്റെ പരകോടിയിലെത്തിച്ച. ഭൂമിക്കടിയിലെ ഗുഹാ ക്ഷേത്രം. ഹിന്ദു പുരാണത്തിലെ 33 കോടി ദേവന്മാരുടെയും ആവാസ സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഇടം. പിത്തോരഗ്രാഹ് ജില്ലയിലെ ഗംങ്ങോലിഹട്ടില്‍ നിന്നും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭുവനേശ്വര്‍ ഗ്രാമത്തിലേക്ക് 14 കിലോമീറ്ററിന്റെ ദൂരമേയുള്ളു. ഭൂമിക്കടിയിലെ ഗുഹാ ക്ഷേത്രത്തിലേക്ക് തുരങ്കത്തിലൂടെ വേണം പോവാന്‍. ചുണ്ണാമ്പു കല്ലിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഗുഹാ ക്ഷേത്രത്തിന് 160 അടി നീളവും 90 അടി വീതിയുമുണ്ട്. വിശ്വാസം എന്തു തന്നെയായാലും ഇവിടെ കാണപ്പെടുന്ന രൂപങ്ങള്‍ പാറയില്‍ നിന്നു ചുണ്ണാമ്പു കല്ലുകളും ചുണ്ണമ്പുപുറ്റുകളും ഒലിച്ചു വന്നു ഉണ്ടായതെന്നാണ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ പക്ഷം. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി ഇടുങ്ങിയ ഒരു തുരങ്കം മാത്രമാണുള്ളത്. അതു കൊണ്ടു തന്ന സ്ത്രീകളടക്കം പലരും ഗുഹാ ക്ഷേത്രത്തിലേക്ക് പോകാന്‍ മടിച്ച് മാറി നില്‍ക്കുന്നതു കാണാം. എന്നാല്‍ ജിജ്ഞാസയോടെ ഒരു കൈ നോക്കാനുറച്ച് വരുന്നവരും കുറവല്ല. ഞങ്ങള്‍ പോകുമ്പോള്‍ രസകരമായൊരു സംഭവമുണ്ടായി, കുറച്ചു തടിയുള്ളൊരു സ്ത്രീ ഇടുങ്ങിയ ഈ തുരങ്കത്തില്‍ നിന്നും പുറത്തു കടക്കാനാവാതെ കുറച്ചു നേരം അവിടെ പെട്ടു പോയി. അവസാനം അവരെ പുറത്തെത്തിച്ച ശേഷമേ മറ്റുള്ളവര്‍ക്കും മുന്നോട്ടു നീങ്ങാനായുള്ളു. തുരങ്കത്തിലേക്കു കയറാനായുള്ള ടിക്കറ്റിനുള്ള ക്യൂ പുറത്തെ വഴിയില്‍ നിന്നു തന്നെ തുടങ്ങുന്നു, അവിടെ ഒരേ കുടുംബത്തിലെ അംഗങ്ങളായ ചില പൂജാരിമാര്‍ എന്തൊക്കെയോ ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതും കാണാംകാഴ്ച്ചകള്‍ക്കൊപ്പം ഷോപ്പിംഗും വേണ്ടേ? കൗസാനിയയിലേക്കു പോന്നോളു

കാഴ്ച്ചകള്‍ക്കൊപ്പം കുറച്ചു ഷോപ്പിംഗും തരപ്പെടുത്തണമെന്നുള്ളവര്‍ക്ക് കൗസാനിപ്പട്ടണത്തിലേക്ക് തിരിക്കാം. ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും മികച്ച വ്യാപാര കേന്ദ്രമാണിവിടം. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ വില കുറഞ്ഞതോ, കൂടിയതോ അല്ലെങ്കില്‍ ഇടത്തരം നിലവാരത്തിലോ ഉള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാം. കുറച്ചു പണം മാത്രം , കൈയ്യില്‍ കരുതിയവര്‍ക്കും വന്‍ ഷോപ്പിംഗ് നടത്താന്‍ ഉദ്ദേശിച്ച് വരുന്നവര്‍ക്കും കൗസാനിയില്‍ നിന്നും ഒരേ സംതൃപ്തിയോടെ മടങ്ങാം. ഗാന്ധിജി സ്ഥാപിച്ച അനാശക്തി ആശ്രമമാണ് കൗസാനിയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. പ്രകൃതിയോടിണങ്ങിയ യോഗ പരിപാടികള്‍ അദ്ദേഹം ഇവിടെ വച്ച് പരിശീലിപ്പിച്ചിരുന്നു. അതിനെയധികരിച്ച് അദ്ദേഹം അനാശക്തി യോഗ എന്ന പേരില്‍ ചില കുറിപ്പുകളെഴുതുകയും ചെയ്തിരുന്നു. നന്ദാ ദേവി, പന്‍ചൗലി, ത്രിശൂല്‍ തുടങ്ങി അകലെയുള്ള പര്‍വ്വത നിരകളുടെ അസാമാന്യ ദൃശ്യങ്ങളും നിങ്ങള്‍ക്കു കൗസാനിയില്‍ നിന്നും കാണാന്‍ സാധിക്കുംവരു നമ്മുക്ക് ഗോള്‍ഫ് കളിക്കാം; ഏഷ്യയിലെ വലിയ ഗോള്‍ഫ് മൈതാനത്തില്‍

കൗസാനിയിലേക്കു വരുന്ന വഴിക്കാണ് റാനിഖേത്തിലെ പ്രശസ്തമായ ഗോള്‍ഫ് മൈതാനം. വിശാലമായ ഈ മൈതാനത്തു വന്നു നില്‍ക്കുമ്പോള്‍ നല്ല സ്റ്റൈലായി ഗോള്‍ഫ് കളിക്കണമെന്നു തോന്നും. ഒരു കുഴപ്പവുമില്ല, ഇവിടുത്തെ ഗോള്‍ഫ് ക്ലബ് ഭാരവാഹികളോടു പറയേണ്ട താമസം അവര്‍ അതിനുള്ള സൗകര്യം ഒരുക്കി തരും. അങ്ങനെ കളി തുടങ്ങുമ്പോള്‍ അറിയുക, ഇപ്പോള്‍ നിങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഫ് മൈതാനത്താണെന്ന്. ഇടതടവില്ലാതെ തഴുകിക്കൊണ്ടിരിക്കുന്ന ഇളം കാറ്റാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്

കുമയൂണ്‍ ഡിവിഷന്‍ പരിധിയില്‍ ഒരുക്കി വച്ചിരിക്കുന്ന കാഴ്ച്ചകളില്‍ ഇനി പ്രധാനമായും അവശേഷിക്കുന്നത് നൈനിറ്റാള്‍ ജില്ലയിലെ നയിനി തടാകമാണ്. സബര്‍ജില്ലി ഷേപ്പില്‍ ഉരുണ്ടിരിക്കുന്ന ആ അണക്കെട്ടിനെക്കാള്‍ എന്നെ ഇവിടെ ആകര്‍ഷിച്ചത് ഇവിടുത്തെ ജനസാന്ദ്രതയാണ്. ഉത്തരാഖണ്ഡില്‍ വേറെവിടെയും ഇത്രയും ജന നിബിഢമായൊരു പ്രദേശം എനിക്ക് കാണാന്‍ സാധിച്ചില്ല. 4251 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മേഖലയില്‍ 9,54,605 പേരാണ് അധിവസിക്കുന്നത്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ ആശ്രയിച്ചു തന്നെയാണ് മിക്കവരുടേയും ഉപജീവനം. ഇവിടെയുള്ള മാളുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ഇതിനോടകം ആ മാളുകള്‍ ഇവിടുത്തെ സാമ്പത്തിക ഘടനയുടെ കേന്ദ്ര ബിന്ദു ആയി മാറുകയും ചെയ്തു കഴിഞ്ഞു. ഇവിടുത്തെ നളിനി ദേവി ക്ഷേത്രവും ചില പ്രത്രേക കാരണങ്ങള്‍ കൊണ്ട് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കും. ഇവിടെ വന്നു ചില പ്രത്രേക പൂജകള്‍ നടത്തിയാല്‍ മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടന്നു കിട്ടുമെന്നു പ്രദേശവാസികള്‍ പ്രചരിപ്പിക്കുന്ന വിശ്വാസം തന്നെ അതിന്റെ കാരണം. അതനുസരിച്ച് ദിവസവും നൂറു കണക്കിനു പേര്‍ ഇവിടെ വന്നു പൂജകള്‍ ചെയ്തു പോകുന്നുമുണ്ട്.ഇതോടെ കുമയൂണ്‍ തുറന്നു വച്ച സൗന്ദര്യച്ചെപ്പിനകത്തു നിന്നും തല്‍ക്കാലത്തേക്കെങ്കിലും പുറത്തു കടക്കേണ്ട സമയമായിരിക്കുന്നു.വളരെ വേഗം ഇവിടേക്ക് തിരിച്ചു വരാനാകണമെന്നു നളിനി ദേവിയോടു വെറുതെ പറഞ്ഞു വച്ചിട്ടുണ്ട്. നടക്കുമോ എന്നു നോക്കാം. ഉത്തരാഖണ്ഡ് സമ്മാനിച്ചിരിക്കുന്ന അനന്യമായ യാത്രാനുഭൂതികളാല്‍ മനസ്സും ആത്മാവും നിറഞ്ഞിരിക്കുന്ന സമയത്ത് മറ്റൊന്നും ദേവിയോട് പറയാനുണ്ടായിരുന്നില്ലെന്നതാണ് സത്യം.

(മാധ്യമ പ്രവര്‍ത്തകയാണ് പല്ലബി ബോസ്)

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഉത്തരാഞ്ചല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories