TopTop
Begin typing your search above and press return to search.

വിസ അപേക്ഷകള്‍ക്ക് മേല്‍ പരമാവധി പരിശോധനകളുമായി ട്രംപ് ഭരണകൂടം

വിസ അപേക്ഷകള്‍ക്ക് മേല്‍ പരമാവധി പരിശോധനകളുമായി ട്രംപ് ഭരണകൂടം

യുഎസ് വിസ അപേക്ഷകള്‍ കൂടുതല്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. പരമാവധി പരിശോധനകള്‍ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പരിശോധനകള്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉത്തരവില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാനദണ്ഡങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം സമര്‍പ്പിക്കപ്പെടുന്ന 65,000 അപേക്ഷകള്‍ക്ക് ഇത് ബാധകമായിരിക്കും.

ഭീകരവാദമോ മറ്റ് ദേശീയ സുരക്ഷ പ്രശ്‌നങ്ങളോ മൂലം വിസ നിഷേധിക്കപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളിലെ അപേക്ഷകര്‍ക്കാവും കര്‍ശന പരിശോധനകള്‍ നേരിടേണ്ടി വരിക. മുന്‍കാലത്തെ പാസ്‌പോര്‍ട്ട് നമ്പറുകള്‍, അഞ്ച് വര്‍ഷത്തെ സാമൂഹിക മാധ്യമ വിലാസങ്ങളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍ എന്നിവ അപേക്ഷ സമയത്ത് തന്നെ സമര്‍പ്പിക്കണം. ഒപ്പം കഴിഞ്ഞ 15 വര്‍ഷത്തെ വ്യക്തിപരമായ വിവരങ്ങളും. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ വിലാസങ്ങളുടെ പാസ് വേഡുകള്‍ സമര്‍പ്പിക്കേണ്ടതില്ല.

ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെടുകായണെങ്കില്‍ യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകും എന്ന് ട്രംപ് കരുതുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകളില്‍ കര്‍ശനപരിശോധന നടത്തുന്നതിനും വിസ നിരോധനം ഏര്‍പ്പെടുത്തുന്നതിനും കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലും ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ആദ്യ നീക്കമായി അത് മാറും. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഫെഡറല്‍ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കില്‍ വിസകള്‍ക്കായി കര്‍ശന പരിശോധനകള്‍ നടത്താനുള്ള നിര്‍ദ്ദേശം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ള വിസ അപേക്ഷകരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷമമായി പരിശോധിക്കുന്നതിന് സഹായിക്കുമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിനായി സമര്‍പ്പിക്കപ്പെടും. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണോ ഉപേക്ഷിക്കണോ എന്ന് തീരുമാനിക്കുക. ഈ മാസം 18 ഓടെ അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ 15 വര്‍ഷത്തെ വ്യക്തി ജീവിതത്തിലെ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലെ വിലാസങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കാനുള്ള നീക്കം, നിര്‍ദ്ദോഷമായ തെറ്റുകള്‍ ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഇമിഗ്രേഷന്‍ നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സാമൂഹിക മാധ്യമ വിലാസങ്ങള്‍ അത്രകാലം ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ലാത്തവരെയും ഇത് പ്രതികൂലമായി ബാധിക്കും. സാധ്യതയുള്ള ഭീകരവാദികളെ തിരിച്ചറിയുന്നതിന് ഇത്തരം ദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ സഹായിക്കുമോ എന്ന സംശയവും അവര്‍ ഉന്നയിക്കുന്നു.

ഇപ്പോള്‍ ഭീകരസംഘടനകളെ നിരീക്ഷിക്കുന്ന രീതി തുടരുന്നതാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. താന്‍ യുഎസില്‍ എവിടെയെങ്കിലും ബോംബ് വെക്കാന്‍ പോവുകയാണെന്ന് ഒരു ഭീകരനും ഫേസ്ബുക്കിലൂടെ അവകാശപ്പെടില്ലെന്ന് ആഭ്യന്തര സുരക്ഷ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ ജോണ്‍ സാന്‍ഡ്വെഗ് ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക മാധ്യമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ഒരുപാട് ജീവനക്കാരുടെ ആവശ്യം വരുമെന്നതിനാല്‍ ഓട്ടോമറ്റിക്കായി ഇവ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അത്തരത്തിലുള്ള സാങ്കേതികവിദ്യകളൊന്നും ഫലപ്രദമല്ല എന്നാണ് അനുഭവം തെളിയിക്കുന്നത്. ആഭ്യന്തര സുരക്ഷ ഇന്‍സ്‌പെക്ടര്‍ ജനറല്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം സമര്‍പ്പിച്ചില്ലെങ്കിലും അപേക്ഷകര്‍ക്ക് വിസ നിഷേധിക്കപ്പെടില്ലെന്നാണ് ഔദ്ധ്യോഗിക വിശദീകരണം. വിശ്വസനീയമായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് വിസ അനുവദിക്കും. സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലെഴ്‌സണ്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഒബിഎം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കേണ്ടി വന്നു. ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ പ്രതിവര്‍ഷം 65,000 മണിക്കൂറിന്റെ അധിക ജോലിഭാരം ഉണ്ടാകുമെന്നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് കണക്കാക്കുന്നത്.


Next Story

Related Stories