TopTop
Begin typing your search above and press return to search.

മി.കമല്‍, അങ്ങ് ഏത് ഉട്ടോപ്യയിലെ രാജാവാണ്?

മി.കമല്‍, അങ്ങ് ഏത് ഉട്ടോപ്യയിലെ രാജാവാണ്?

ഇത്തവണ അംബുജാക്ഷന് ചോദ്യം ചെയ്യേണ്ടി വരുന്നത് മലയാള ചലച്ചിത്രലോകത്തിന് എന്നെ പരിചയപ്പെടുത്തിയ സംവിധായകന്‍ കമലിനെ തന്നെയാകുന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എങ്കിലും എന്റെ പ്രഖ്യാപിത നിലപാടുകളോട് നീതി പുലര്‍ത്തേണ്ടതുകൊണ്ട് സൃഷ്ടി സൃഷ്ടാവിനെ ചോദ്യം ചെയ്യുന്നതില്‍ മറ്റൊരു കാവ്യ നീതി കണ്ടുകൊണ്ട് ഞാനെന്റെ കര്‍മ്മം നിര്‍വഹിക്കുകയാണ്. വ്യക്തിപരമായി കമല്‍ സാറിനെ എതിര്‍ക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ ചില മുന്‍വിചാരങ്ങളോടു വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്...

മറ്റുള്ളവരെ കുറ്റം പറയുക; അല്ല സാര്‍ ഇതാണോ ഇപ്പഴത്തേ ഒരു ഫേഷന്‍....? അല്ലെങ്കിലും കുറ്റം പറച്ചില്‍ സിനിമാക്കാരുടെ ഒരു ജന്മഗുണമാണ്. കാണുമ്പോഴുള്ള പൊട്ടിച്ചിരിയും തോളില്‍ കൈയിടലും കഴിഞ്ഞ് ഒരുത്തനങ്ങോട്ട് മാറിയാല്‍ അപ്പോള്‍ പറയും അവന്റെ കുറ്റം. ഒരു സ്വഭാവ നടന്‍ സ്വകാര്യസംഭാഷണത്തിനിടയ്ക്ക് പറഞ്ഞൊരു തമാശയുണ്ട്. പുള്ളിയും സുഹൃത്തും കൂടി കാറില്‍ സഞ്ചരിക്കുകയായിരുന്നു. അവരുടെ വണ്ടി ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ അതാ വരുന്നു ഒരു ഭിക്ഷക്കാരന്‍. നമ്മുടെ നടന്‍ അയാളെ കൈയയച്ച് സഹായിച്ചു(?) , ശേഷം അടുത്തിടത്തേക്ക് പോയ ആ ഭിക്ഷക്കാരനെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. കുറച്ചുനേരത്തെ വാച്ചിംഗിനുശേഷം സുഹൃത്തിനോടായി പറഞ്ഞു; ആ പിച്ചക്കാരന്റെ പേര് പ്രേം നസീര്‍ എന്നായിരിക്കും. സുഹൃത്ത് ഞെട്ടി. അതെങ്ങനെ തനിക്കു മനസ്സിലായി. നടന്‍ ഒട്ടും ഗൗരവം വിടാതെ പറഞ്ഞു;

നീ അയാളുടെ മുഖത്തേക്കൊന്നു നോക്കിക്കേ, ഒരേ ഭാവം...

എങ്ങനെയുണ്ട് തമാശ! ഇത്തരത്തില്‍ തമാശകളായിട്ടോ ഉപദേശങ്ങളായിട്ടോ ആയിരിക്കും പലപ്പോഴും സിനിമാക്കാരുടെ കുറ്റം പറച്ചിലുകള്‍. പഴത്തിനുള്ളില്‍ പാഷണംവച്ചു കൊടുക്കുന്നതുപോലെ. കുറ്റം പറച്ചില്‍ മനുഷ്യസഹജമാണ്. അതു ശരിയായില്ല, ഇങ്ങനെയൊന്നും ചെയ്യരുത്. വഴിതെറ്റരുതെന്നൊക്കെ അംബുജാക്ഷനും പലരോടായി പറഞ്ഞിട്ടുണ്ട്. അതൊന്നും അവരോടുള്ള സനേഹം കൊണ്ടോ കരുതലുകൊണ്ടോ മാത്രമല്ലായിരുന്നു, കൊതിക്കെറുവുകൊണ്ടുകൂടിയായിരുന്നു. എന്നാലും ചിലരുടെ വായില്‍ നിന്നു വരുന്നതു കേട്ടാല്‍ പ്രതികരിക്കാതെ വയ്യ. അതിപ്പോള്‍ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട കമല്‍ സാര്‍ ആണെങ്കില്‍പ്പോലും. അംബുജാക്ഷന് മേല്‍വിലാസം ഉണ്ടാക്കി തന്നയാളാണ്. എന്നാലും പറഞ്ഞുപോവുകയാണ്... ഒരു താത്വികമായ അവലോകനമല്ല ഉദ്ദേശിക്കുന്നത്, ഞാനൊരു നോവലിസ്റ്റ് മാത്രമാണ്, നിരൂപകനല്ല.

ആദ്യമായി സാറിനോട് ചോദിക്കാനുള്ളത്; സിനിമ ഒരു ജനകീയ കലാരൂപമാണെങ്കിലും അതിന്റെ പോപ്പുലാരിറ്റിയോളം തന്നെ കാഴ്ച്ചക്കാരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒന്നാണോ? ഒരു നാടകം ഭരണമാറ്റത്തിനുവരെ കാരണമായൊരു നാട്ടില്‍ സിനിമയ്ക്ക് അത്തരത്തിലൊരു ജനകീയ ഇടപെടലിനും ഇന്നോളം സാധിച്ചിട്ടുണ്ടോ? കല കലയ്ക്കുവേണ്ടി മാത്രം എന്ന വാദത്തിന്റെ പിന്താങ്ങികളായവര്‍ ചേര്‍ന്ന് സിനിമയെ ഒരു എന്റെര്‍ടെയ്ന്‍മെന്റ് ആര്‍ട്ടാക്കി മാറ്റിയിടത്ത് അതിന് ആസ്വാദനക്ഷമതയല്ലാത സംവേദനക്ഷമതയില്ലെന്ന സത്യം അങ്ങേയ്ക്ക് തന്നെ നല്ലബോധ്യമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ഇനിയങ്ങനെയല്ലെങ്കില്‍ ഒരു മറുചോദ്യം; നമ്മുടെ സിനിമകളെല്ലാം തന്നെ ശുഭാന്ത്യങ്ങളാണ്. ആത്യന്തിക വിജയവും ആധിപത്യവും നന്മയ്ക്കാണ്. സിനിമ സ്വാധീനശക്തിയാണെങ്കില്‍ ഏറ്റവുമധികം കാഴ്ച്ചക്കാരുള്ള ഒരു കലാരൂപമെന്ന നിലയില്‍ സിനിമ കണ്ട് നമ്മുടെ നാട് മാവേലിനാട് ആകേണ്ടതല്ലേ! അങ്ങയുടെ മുന്നറിയിപ്പിനെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ കൊള്ളരുതാത്തതെന്തോ അതുമാത്രമെ പ്രേക്ഷകന്‍ അനുകരിക്കാന്‍ ശ്രമിക്കൂ എന്നുതോന്നും.

പ്രേമം നല്ലൊരു എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ്. എന്നാലതൊരു മികച്ച കലാസൃഷ്ടിയാണോയെന്ന് ചോദിച്ചാല്‍ അല്ലെന്ന് അംബുജാക്ഷനും പറയും. പെട്ടിയില്‍ കാശുവീഴാന്‍ വേണ്ടി ഉണ്ടാക്കിയ പടം. അങ്ങനെ തന്നെയല്ലേ സാര്‍ അങ്ങും സിനിമയെടുക്കുന്നത്. ഉദാത്ത സൃഷ്ടികളെന്നു പറയുമ്പോഴും അങ്ങയുടെ ഒരു ചിത്രത്തെപ്പോലും മസാലപുരട്ടാതെ പ്രേക്ഷകന് കാഴ്ച്ചവച്ചിട്ടുണ്ടോ? മിഴിനീര്‍ പൂക്കള്‍ തൊട്ട് നടന്‍ വരെയുള്ള സിനിമകള്‍ എടുത്താല്‍, പറയാന്‍ നല്ലത് ഒരുപാടുണ്ടെങ്കിലും; മിസ്റ്റര്‍ കമല്‍ ഇതു ശരിയായില്ല എന്നു പറയാനും താങ്കളുടെ ഓരോ സിനിമയിലും ശരികേടുകള്‍ ഉണ്ട്. വിദ്യാര്‍ത്ഥി അധ്യാപികയെ/അധ്യാപകനെ പ്രേമിക്കുന്നത് (തിരിച്ചും) നമ്മുടെ സദാചാരമൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് അങ്ങും പറച്ചുവയ്ക്കുന്നത്. മൂല്യങ്ങളെ പിന്തുണയ്ക്കുന്നയാളാണ് താങ്കളെങ്കില്‍ മിഴിനീര്‍പൂക്കളില്‍ തൊട്ടുതുടങ്ങിയ സ്ത്രീവിരുദ്ധതയെ മുന്‍നിര്‍ത്തി കമല്‍ എന്ന സംവിധായകനെ എന്തോരം ഉപദേശിക്കണം! സ്ത്രീയെ തോല്‍ക്കാന്‍ വിധിക്കപ്പെട്ടവളും പുരുഷനെ രക്ഷിക്കാന്‍ ചുമതലപ്പെട്ടവനാക്കിയും അങ്ങ് നടത്തുന്ന സദാചാരത്തെ എത്രമാത്രം ചീത്തവിളിക്കണം. ദുര്‍ബലമായ ശരീരം മാത്രമാണ് അങ്ങയുടെ ഏതാണ്ടെല്ലാ സ്ത്രീകഥാപാത്രങ്ങളെന്നും ഞാന്‍ പറഞ്ഞാല്‍ കെറുവിക്കരുത്. പകരം അങ്ങിതുവരെ സംവിധാനം ചെയ്ത നാല്‍പ്പത്തിനാല് സിനിമകളും ഒരാവര്‍ത്തി കൂടി ഒരു പ്രേക്ഷകനെന്ന നിലയില്‍ കാണാന്‍ ശ്രമിക്കുക. അപ്പോള്‍ മനസ്സിലാകും പുത്രന്‍ ചെയ്തത് അതത്രവലിയ അപരാധമൊന്നും അല്ലെന്ന്. അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ്, മിഴിനീര്‍പൂക്കള്‍ എന്നീ മൂന്നു സിനിമകള്‍ മാത്രം കണ്ടാലും മതി.സ്ത്രീശരീരങ്ങളെ കശാപ്പ് ചെയ്തു രമിച്ചുനടന്നവന് ഒടുവിലൊരുക്കിയ വിധിയിലും ഇരയാക്കി കൊരുത്തത് ഒരു സ്ത്രീയെ തന്നെയായത് എന്തുകൊണ്ട് എന്ന ആദ്യത്തെ ചോദ്യത്തില്‍ നിന്നു തുടങ്ങാം അങ്ങയുടെ വിചാരണ. പുരുഷന്‍ ചെയ്യുന്ന തെറ്റിനും ശിക്ഷയനുഭവിക്കേണ്ടത് സ്ത്രീയാണോ? അങ്ങയുടെ ആദ്യ ചിത്രത്തിലാണ് ഈ തിയറി. പിന്നെയങ്ങോട്ട് വന്ന പല ചിത്രത്തിലും ഇതുതന്നെ ഫോളോ ചെയ്യുന്നു. സ്ത്രീ പരിശുദ്ധയായിരിക്കണം എന്ന പുരുഷകല്‍പ്പനയെ വെല്ലുവിളിക്കുമെന്ന് തോന്നിച്ചിട്ടും അനുരാധ ഒടുവില്‍ ശങ്കര്‍ദാസിന്റെ കാലുപിടിച്ച് കരഞ്ഞു മാപ്പപേക്ഷിച്ചതും ഒരു പെണ്‍പുലിയെ പോലെ ചീറ്റി നിന്ന പ്രിയദര്‍ശിനിയെ സാഗര്‍ കോട്ടപ്പുറത്തിന്റെ മുന്നില്‍ പേടമാനാക്കിയതുമെല്ലാം ശരിയാണെന്നാണോ? പുരുഷന്റെ മുന്നില്‍ ജയിക്കാന്‍ ശ്രമിച്ചോളൂ പക്ഷെ ഒടുവില്‍ തോറ്റോളണം എന്നു നായികമാരോട് പറയുന്ന ഒരു സംവിധായകന് വിദ്യാര്‍ത്ഥി അവന്റെ അധ്യാപികയെ പ്രേമിച്ചത് കണ്ടപ്പോള്‍ രക്തം ചൂടുപിടിച്ചെങ്കില്‍ അത് അനാവശ്യമാണ്.

സാറ് വിനോദിനെ ഓര്‍ക്കുന്നുണ്ടോ? ഇന്ദു ടീച്ചറെ പ്രേമിച്ച വിനോദിനെ. ഭരതന്റെ ചാമരം കണ്ടിട്ടില്ലേയെന്ന്? എനിക്കു തോന്നുന്നു ഈ ചാമരം ജോര്‍ജും കണ്ടുകാണണം. അല്‍ഫോന്‍സ് പുത്രന്‍ എന്തായാലും കണ്ടിട്ടുണ്ടാകും. അംബുജാക്ഷനും കണ്ടിട്ടുണ്ട്, ഒട്ടുമിക്ക മലയാളികളും കണ്ടിട്ടുണ്ട്. 35 വര്‍ഷം ആയിരിക്കുന്നു ആ സിനിമ വന്നിട്ട്. നമുക്കൊന്ന് കണക്കെടുത്താലോ എത്രപേര്‍ വഴിതെറ്റിയെന്ന്? ഭരതനും ജോണ്‍പോളും ചേര്‍ന്ന് എത്രപേരെ വഴിതെറ്റിച്ചെന്ന്. എത്ര സറീന വഹാബുമാരും പ്രതാപ് പോത്തന്മാരും ഉണ്ടായിട്ടുണ്ടെന്ന്.

ഇന്നലെ വന്ന പയ്യനെന്ന് സാറിന്റെ ആരാധകര്‍ പരിഹസിക്കുന്ന അല്‍ഫോന്‍സ് പുത്രനെ വിമര്‍ശിച്ച സ്ഥിതിക്ക് സ്വന്തം ഗുരു സംവിധാനം ചെയ്ത ആ സിനിമയെ കുറിച്ചും സാര്‍ നിലപാട് വ്യക്തമാക്കണം. ഭരതന്‍ സംവിധാനം ചെയ്ത, മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ചാമരത്തില്‍ അധ്യാപികയും അവരുടെ വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം ഏതു തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പറയാനാണെങ്കില്‍ അതിലില്ലാത്ത എന്തു സദാചാരധ്വസംനം ആണു സാര്‍ പ്രേമം എന്ന ചെറിയൊരു പടത്തില്‍ അങ്ങേയ്ക്കു കാണാന്‍ കഴിഞ്ഞത്. പക്ഷെ അന്നൊരു കമലും ആ മനോഹര ചിത്രത്തെ മഞ്ഞക്കണ്ണട വച്ച് നോക്കി കാണാന്‍ ശ്രമിച്ചില്ല. പകരം അതിലെ കാല്‍പ്പനികതയെ വാഴ്ത്തി. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സിനിമ തെറ്റായ സന്ദേശമുള്ളൊരു ചലച്ചിത്രമെന്ന നിലയിലല്ല, ഹൃദയസ്പര്‍ശിയായ ചലച്ചിത്രകാവ്യമെന്ന നിലയ്ക്കാണ് പ്രേക്ഷകന്‍ വിശേഷിപ്പിക്കുന്നത്. നാട്ടിലെ സദാചാരസംരക്ഷണത്തില്‍ അതീവ തല്‍പരനായൊരു പൗരനാണെങ്കില്‍ കമല്‍ സാര്‍, അങ്ങ് പ്രേമം എന്ന സിനിമയെക്കാള്‍ കൂടുതലായി ചാമരത്തെ വിമര്‍ശിക്കണം. അങ്ങയുടെ ഗുരുവിനെ എതിര്‍ക്കണം. കഴിയുമോ അതിന്?മേഘമല്‍ഹാര്‍ സംവിധാനം ചെയ്തതു സാര്‍ തന്നെയല്ലേ! അതിലെ പ്രേമം തെറ്റാണെന്നും സ്ത്രീ-പുരുഷന്മാരെ, അതും വിവാഹിതരായവരെ വഴിതെറ്റിക്കുമെന്നും ആരെങ്കില്‍ പറഞ്ഞാല്‍? ഇല്ല സാര്‍, അംബുജാക്ഷന്‍ അങ്ങനെ പറയില്ല. പ്രേമത്തിന് കണ്ണും മൂക്കൊന്നുമില്ല സാര്‍. മറ്റൊരാളുടെ ഭാര്യയാണെന്നതോ പഠിപ്പിക്കുന്ന ടീച്ചറാണെന്നതോ ഒന്നും പ്രേമത്തിന് പ്രശ്‌നമല്ല. അംബുജാക്ഷന്‍ ഇപ്പോഴും മേഘമല്‍ഹാര്‍ മലയാളത്തിലിറങ്ങിയ മനോഹരമായൊരു റൊമാന്റിക് ചിത്രമായാണ് കരുതുന്നത്. ആരെങ്കിലും അത് സദാചാരവിരുദ്ധമായ സിനിമയാണെന്നു പറഞ്ഞു വന്നാല്‍ അവനെയൊര്‍ത്ത് സഹതപിക്കത്തെയുള്ളൂ.

ടെയിലര്‍ അംബുജാക്ഷന്‍റെ ആദ്യ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്


പിന്നെ ഈ ജോര്‍ജ് മലരിനോടോ മലര് ജോര്‍ജിനോടോ ഞാന്‍ നിന്നെ പ്രേമിക്കുന്നൂവെന്ന് സിനിമയില്‍ എവിടെയും പറയുന്നൊന്നുമില്ലല്ലോ. അവരുടെ ഇഷ്ടം നോട്ടങ്ങളിലൂടെ മാത്രമല്ലേ പ്രകടമാകുന്നത്. മാത്രമല്ല ബുദ്ധിമാനായ പുത്രന്‍ അവരെ തമ്മില്‍ പിരിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ അതിലൊരു കാവ്യഭംഗി കാണുകയായിരുന്നില്ലേ ഈ വിമര്‍ശനത്തേക്കാള്‍ നന്ന്.

അല്ലെങ്കില്‍ വേണ്ട, നന്ദന്‍ സാറിനെ കണ്ടപ്പോള്‍ ശ്രുതിയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ച ഹോര്‍മോണുകള്‍ തന്നെയായിരിക്കും മലര്‍ മിസ്സിനെ കണ്ടപ്പോള്‍ ജോര്‍ജിലും സംഭവിച്ചതെന്ന ബയോളജിക്കല്‍ തിയറി അംഗീകരിച്ചാലും തീരുന്നതെയുള്ളൂ അങ്ങയുടെ ആവലാതി.

പിന്നെ ക്ലാസ് മുറിയിലെ കള്ളുകുടി. നേരാ കമല്‍ സാറെ..ജോര്‍ജ് ക്ലാസ് മുറിയില്‍ ഇരുന്ന് കള്ളുകുടിച്ചു. അതും 2005 കാലഘട്ടത്തില്‍. പ്ലസ് ടു പിള്ളേര്‍ കോളേജിലെത്തിയ കാലഘട്ടത്തില്‍ ഇത്ര ധൈര്യം ജോര്‍ജ്ജ് കാണിച്ചാല്‍ അത് കൂടുതല്‍ ജോര്‍ജുമാരെ ഉണ്ടാക്കി കളയുമെന്ന അങ്ങയുടെ പേടി ന്യായം തന്നെ. കോളേജില്‍ മദ്യപിച്ചെത്തിയ, ക്ലാസ് മുറിയില്‍ ഇരുന്ന് കള്ളുകുടിച്ചിട്ടുള്ള ആദ്യത്തെ അരാജകവാദി ആ ജോര്‍ജ് അല്ല എന്നതാണ് വാസ്തവം. കാലാകാലങ്ങളായി നമ്മുടെ പിള്ളേര് ഈ തെറ്റുകള്‍ തുടരുന്നുണ്ട്. കലാലയങ്ങള്‍ ലഹരി കേന്ദ്രങ്ങളാകുന്നതായുള്ള വാര്‍ത്തകള്‍ നാം എത്രയോ തവണ കേട്ടിരിക്കുന്നു. തീര്‍ച്ചയായും ആ അപകടം ഇല്ലാതാക്കണം. അതിനുവേണ്ടി ഒരു സെലിബ്രിറ്റി എന്ന നിലയില്‍ അങ്ങും മുന്നിട്ടറങ്ങണം. എന്നാല്‍ ഇത്രനാളും ഇതൊന്നും നടന്നിട്ടില്ലെന്നും പ്രേമം എന്ന സിനിമ ഇറങ്ങിയതുകൊണ്ട് ഇനി ഇത്തരം ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമെന്ന ദീര്‍ഘദര്‍ശനം നടത്തേണ്ടിയിരുന്നില്ല.അങ്ങ് എന്തൊക്കെയാണോ ആ സിനിമയുടെ പോരായ്മകളായി പറഞ്ഞത് അതെല്ലാം കൂടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, തുടക്കത്തിലെ പറഞ്ഞ കുറ്റംപറച്ചില്‍ മാത്രമായിട്ടാണ് അംബുജാക്ഷന് തോന്നുന്നത്. വിമര്‍ശിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള കഴിവാണ്, ഒരു കലാകാരന് പ്രത്യേകിച്ച്, വ്യക്തിക്ക് മഹത്വമുണ്ടാക്കുന്നത്. പണ്ട് മേഘമല്‍ഹാര്‍ എന്ന അങ്ങയുടെ സിനിമ ഇറങ്ങി കഴിഞ്ഞ് നാവോടുനാവ് നല്ലതുമാത്രം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഈ സിനിമ നേരത്തെ ഇംഗ്ലീഷ്ഭാഷയില്‍ കണ്ടിട്ടുണ്ട് എന്നതരത്തിലൊരു കമന്റ് മറ്റൊരു സംവിധായകന്‍ പറഞ്ഞപ്പോള്‍ അങ്ങയുടെ പുരികകൊടികള്‍ വളഞ്ഞത് അംബുജാക്ഷന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അങ്ങയുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ക്കെതിരെ ഉയരുന്ന എതിര്‍പ്പുകളെ പ്രതിരോധിച്ചു ചിലര്‍ എത്തുന്നുണ്ട്. മലയാള സിനിമയിലെ പാരമ്പര്യവാദികളുടെ പടയാളികളാണ് അവര്‍. കമല്‍ എന്ന സംവിധായകനെ മഹത്വവല്‍ക്കരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതിലൂടെ നടത്തുന്നത് അവരുടെ ദൈവപ്രീതിയാണെന്നതാണ് വാസ്തവം. വിഗ്രഹങ്ങള്‍ ഉടയാതിരിക്കാന്‍ അവര്‍ അപഹാസ്യമായി പരിശ്രമിക്കുകയാണ്.

അതെന്താണ് സാര്‍, നമുക്ക് വിമര്‍ശിക്കാം, നമ്മളെ വിമര്‍ശിക്കരുതെന്നാണോ? ഓര്‍ക്കുന്നുണ്ടോ, ഒരിക്കല്‍ അങ്ങ് മറ്റൊരു പ്രസ്താവനയിറക്കിയത്; സൂപ്പര്‍താരങ്ങളെവച്ച് പടം പിടിച്ചല്ല ഞാന്‍ സംവിധായകനെന്ന മേല്‍വിലാസം ഉണ്ടാക്കിയതെന്ന് (പ്രയോഗം ഇങ്ങനെ തന്നെയായിരുന്നോയെന്ന് അറിയില്ല, തെറ്റിയെങ്കില്‍ ക്ഷമിക്കുക). 1986-87 കളില്‍ മോഹന്‍ ലാല്‍ അറിയപ്പെടുന്നൊരു സ്റ്റാര്‍ തന്നെയായിരുന്നു. അങ്ങയുടെ മികച്ചതെന്നു പറയുന്ന സിനിമകളിലെല്ലാം തന്നെ അങ്ങ് ഉദ്ദേശിച്ച സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് അഭിനയിച്ചത്. അവരില്ലാതെ തന്നെ നല്ലസിനിമകള്‍ ചെയ്യുമെന്ന് പറഞ്ഞതിനുശേഷവും അങ്ങ് അവരെ തേടിപ്പോയി.

ഈ സെലിബ്രിറ്റികള്‍ക്ക് വരുന്നൊരു ഗ്ലോറിഫൈഡ് രോഗമുണ്ടല്ലോ; ഈഗോ, അതാണ് സാര്‍ പ്രശ്‌നം. മണ്ണില്‍ നിന്ന് വിണ്ണിലേക്ക് പൊങ്ങിയവരെല്ലാം ഈ രോഗത്തിന് അടിമകളാണ്. എന്തുചെയ്യാം, ഇറ്റ് ഈസ് ആന്‍ ഇന്‍ക്യൂറബിള്‍, പ്രതിവിധിയില്ല. അങ്ങു പറഞ്ഞല്ലോ മഴയെത്തും മുമ്പേ എന്ന ചിത്രമിറങ്ങിയപ്പോള്‍ ഇത്തരത്തിലുള്ള വിമര്‍ശനവുമായി ആരും വന്നിരുന്നില്ലെന്ന്. സിനിമയെ സിനിമയായി കാണാനുള്ള കണ്ണേ അന്നത്തെ പ്രേക്ഷകന് ഉണ്ടായിരുന്നുള്ളു, അതാണ് അന്ന് ഒരു കമല്‍മാറും ഉണ്ടാകാതിരുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories