Top

മകള്‍ മരിച്ചതെങ്ങനെ? സത്യമറിഞ്ഞില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തീ കൊളുത്തി ചാകുമെന്ന് ദളിത് ദമ്പതികള്‍

മകള്‍ മരിച്ചതെങ്ങനെ? സത്യമറിഞ്ഞില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തീ കൊളുത്തി ചാകുമെന്ന് ദളിത് ദമ്പതികള്‍
വിഷ്ണു ശൈലജ വിജയന്‍ 

“എന്‍റെ കുഞ്ഞിനെ അവര്‍ കൊന്നു കളഞ്ഞു, പഠിക്കാന്‍ വന്ന പിള്ളേര്‍ക്ക് എന്‍റെ കുഞ്ഞിനെ ഇട്ടു കൊടുത്തു, ആവശ്യ സമയത്ത് ഒന്നും ചെയ്തില്ല. ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയാണോ ഇങ്ങനെയെല്ലാം?”  രമ്യയുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടവര്‍ ഇതുവരെയായിട്ടും  ഉത്തരം നല്‍കിയിട്ടില്ല. അതേ ചോദ്യം കേരള മനഃസാക്ഷിയോട് മുഴുവന്‍ ചോദിക്കുകയാണ് രമ്യ ഇപ്പോള്‍.

സ്വന്തം കുഞ്ഞിന്‍റെ മരണം കണ്മുന്നില്‍ കാണേണ്ടി വന്ന ഒരമ്മ പത്ത് ദിവസമായി തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരമിരിക്കുകയാണ്. തന്‍റെ മകളുടെ മരണത്തിന് കാരണമായവരെ ശിക്ഷിക്കണം എന്നത് മാത്രമാണ് അവരുടെ ആവശ്യം. പക്ഷെ ഇതുവരെയും ആരോഗ്യ വകുപ്പ് മന്ത്രിയോ, മുഖ്യമന്ത്രിയോ, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ ഈ അമ്മയുടെ കണ്ണീര്‍ കണ്ടിട്ടില്ല.

തിരുവനന്തപുരം മാറനല്ലൂര്‍ കോട്ടമുകള്‍ വിലങ്കത്തറ കിഴക്കുംകര വീട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട സുരേഷ്ബാബു-രമ്യ ദമ്പതിമാരാണ് തങ്ങളുടെ മരിച്ചുപോയ കുഞ്ഞിന് നീതി ലഭിക്കണം എന്നാവശ്യവുമായി സമരമുഖത്തെത്തിയിരിക്കുന്നത്.

ഇവരുടെ നാലര മാസം പ്രായമുള്ള മകള്‍ രുദ്രയ്ക്ക് ശരീരത്തില്‍ ചുവപ്പു കണ്ട് തിരുനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മെഡിക്കല്‍ കോളേജ് ത്വക് രോഗ വിഭാഗത്തില്‍ കാണിച്ചു. അവിടെനിന്ന് കുഞ്ഞിനു ചില മരുന്നുകള്‍ നല്‍കി. ഇതുപയോഗിച്ചപ്പോള്‍ കുഞ്ഞിന്റെ തൊലി പൊളിഞ്ഞിളകാന്‍ തുടങ്ങി. തുടര്‍ന്ന് ജൂണ്‍ 28ന് കുഞ്ഞിനെ എസ്.എ.ടി.യില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും ജൂലൈ പത്തിന് കുഞ്ഞു മരിക്കുകയും ചെയ്തു. വൃക്ക രോഗമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി പറയുന്നത് സോഡിയം പൊട്ടാസ്യത്തിന്‍റെ അളവ് ശരീരത്തില്‍ കൂടുതലായതു കൊണ്ട് മരണം സംഭവിച്ചു എന്നാണ്. ഡോക്ടര്‍മാര്‍ പറയുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രണ്ട് തരത്തിലായതിനെ തുടര്‍ന്ന് കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്റ്റര്‍ക്കും പട്ടികജാതി-വര്‍ഗ കമ്മീഷനു പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ഒന്നും കൈക്കൊണ്ടില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ ഇതുവരെയും അതിനും ഒരു തീരുമാനവും വന്നിട്ടില്ല. ഇതേ തുടര്‍ന്നാണ് മൂന്നു വയസ്സ് പ്രായമുള്ള മൂത്ത കുഞ്ഞിനെ വീട്ടിലാക്കി ഇവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനെത്തിയത്.

കുഞ്ഞിന്‍റെ പിന്‍ഭാഗത്ത് ചെറിയൊരു ചുവപ്പ് കണ്ടിട്ടാണ് അവളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിക്കുന്നത്. അവിടെ വെച്ച് ഒരു ഒയില്‍മെന്റ്റ് തന്നു. അത് പുരട്ടിയപ്പോള്‍ കുഞ്ഞിന്‍റെ തൊലി പൊള്ളി അടര്‍ന്നു. പതിനഞ്ചു വയസിന് മുകളില്‍ ഉള്ളവര്‍ക്ക് പുരട്ടുന്ന അതേ ഡോസ് ആണെന്ന് തോന്നുന്നു അവള്‍ക്കും പുരട്ടാന്‍ തന്നത്. ഇത് എന്താണ് എന്നറിയാന്‍ രണ്ടാമത് ചെന്നപ്പോള്‍ വേറൊരു മരുന്ന് തന്നിട്ട് പറഞ്ഞു അത് ദേഹം മുഴുവന്‍ പുരട്ടാന്‍. അത് പുരട്ടിയപ്പോള്‍ ദേഹം മുഴുവന്‍ മണ്ണെണ്ണ ഒഴിച്ച് പൊള്ളിയത് പോലെയായി. ഇത് പ്രശ്നമാക്കിയപ്പോള്‍ പറയുകയാണ് എസ്എടിയില്‍ വേണമെങ്കില്‍ ഒന്ന് കാണിക്കാന്‍. ഇങ്ങനെയാണോ സാറേ ഒരു ഡോക്ടര്‍ പറയേണ്ടത്
? സുരേഷ് ചോദിക്കുന്നു.

"എസ്എടിയില്‍  കാണിച്ചപ്പോള്‍ കുഞ്ഞിനെ അവിടെ അഡ്മിറ്റ്‌ ചെയ്യുകയും പതിയെ രോഗം കുറഞ്ഞു വരുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുവാന്‍ വേണ്ടി മരുന്ന് കൊടുത്തതോടെ കുട്ടിയുടെ നില കൂടുതല്‍ വഷളാകുകയായിരുന്നു." സുരേഷ് ആരോപിച്ചു.പഞ്ചസാരയും വെളിച്ചെണ്ണയും കൂടി കലക്കി കുഞ്ഞിനു കൊടുത്തു. അതോടെ അവള്‍ക്ക് വയറിളക്കം പിടിച്ചു. അതിന് മുമ്പ് നാളെ വീട്ടില്‍ പോകാം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതാണ്. ഇത് എന്തിനാണ് കലക്കി കൊടുത്തത് എന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും മനസിലാകുന്നില്ല. അതോടുകൂടി കുഞ്ഞിന് ഒട്ടും വയ്യാതായി. അരമണിക്കൂര്‍  ഇടവിട്ട് വ്യത്യാസത്തില്‍ ഇവര്‍ വെളിച്ചെണ്ണ കൊടുത്തുകൊണ്ടിരുന്നു. അതിന്‍റെയെല്ലാം തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്. അങ്ങനെ ഒട്ടും വയ്യ എന്ന അവസ്ഥയായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി.  ഐസിയുവില്‍ മാറ്റിയപ്പോള്‍ കുഞ്ഞു വീണ്ടും പതിയെ നോര്‍മലാകാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും പതിനഞ്ചോളം പെണ്‍കുട്ടികള്‍ വന്നു കുഞ്ഞിന്‍റെ നെറ്റിയില്‍ എന്തൊക്കെയോ കുത്തിവെച്ചു. കുത്തും വലിച്ചൂരും,കുത്തും വലിച്ചൂരും... അങ്ങനെ കുറെ പ്രാവശ്യം ചെയ്തു. അതെല്ലാം റിപ്പോര്‍ട്ടില്‍ ഉണ്ട്. പിന്നീട് പൊക്കിളിന്റെ അടുത്തുകൂടി ഒരു ദ്വാരമിട്ട് ഒരു ട്യൂബ് ഇട്ടു. അത് കിഡ്നിയില്‍ പോയി തട്ടി സ്ക്രാച്ചായതാണ് പ്രധാന കാരണം.
” സുരേഷ് പറയുന്നു.

എന്‍റെ കുഞ്ഞിന്‍റെ നെറ്റിയില്‍ കുത്തിവെച്ച മരുന്നു ഓവര്‍ഡോസ് ആയിപ്പോയി. ഞാന്‍ കൂട്ടിരിക്കുകയാണല്ലോ... എല്ലാം ഞാന്‍ കണ്ടതാണ്. ഒട്ടും വയ്യാതായപ്പോള്‍ സീനിയര്‍ ഡോക്ടര്‍ വന്നു. അപ്പോള്‍ അദ്ദേഹത്തിനോട് ഇവര്‍ പറയുകയാണ് സാറേ അറിയാതെ കയ്യബദ്ധം പറ്റിപ്പോയി സോഡിയം പൊട്ടാസ്യം കുത്തി വെച്ചത് കൂടിപ്പോയ് എന്ന്. ഇതെല്ലം ഞാന്‍ കേട്ടുകൊണ്ട് നില്‍ക്കുകയാണ്. എന്നെ അവിടെ നിന്നും പുറത്താക്കി. പിന്നീട് അവര്‍ ഒരു മണിക്കൂറോളം എന്തൊക്കെയോ ചെയ്യുകയോ സംസാരിക്കുകയോ ചെയ്തു. അപ്പോള്‍ മുതല്‍ എനിക്ക് പേടിയായി. ഞാന്‍ വിളിക്കാത്ത ദൈവങ്ങളില്ല. എങ്ങനെയെങ്കിലും എന്‍റെ കുഞ്ഞിന്‍റെ ഈ ഗതി മാറ്റാന്‍ വേണ്ടി അവിടെ നിന്ന് നെഞ്ചുപൊട്ടി പ്രാര്‍ത്ഥിച്ചു, പക്ഷെ ആരും ആ വിളി കേട്ടില്ല സാറേ...”
രുദ്രയുടെ അമ്മ രമ്യയുടെ ശബ്ദം ഇടറി.

തുടര്‍ന്ന് കുട്ടിയുടെ അവസ്ഥ കൂടുതല്‍ മോശമാകുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ വേണ്ട ശ്രദ്ധ കുട്ടിക്ക് നല്‍കിയതുമില്ല. സുരേഷ് ബഹളം വെച്ചതിന് ശേഷമാണ് ഡോക്ടര്‍മാര്‍ വന്നത് എന്നും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു എന്നും ഞായറാഴ്ച്ച രാവിലെ അഞ്ചു പതിനഞ്ചിന് മരിച്ച കുട്ടിയെ എക്സ്റേ എടുക്കാന്‍ കൊണ്ട് പോയി എന്നും മാതാപിതാക്കള്‍ പറയുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഇസിജി ശബ്ദം കേള്‍ക്കുന്നില്ല, മെഷീനില്‍ ഒരു അനക്കവും ഇല്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താ ഒന്നും അനങ്ങാത്തത്, അവള്‍ക്ക് എന്തോ പറ്റിയെന്നു. അപ്പോള്‍ അവര്‍ എന്നോട് ചൂടായി. ഇയാളാണോ അതൊക്കെ തീരുമാനിക്കുന്നത് എന്ന് ചോദിച്ചു. എന്‍റെ കുഞ്ഞിനെ പഠിക്കാന്‍ വരുന്ന പിള്ളേര്‍ക്ക് ഇട്ടു കൊടുത്ത് അവളെ കൊന്നിട്ട് എന്നോട് ചൂടാകുകയാണ്. ഇതെന്ത് ന്യായമാണ്
?” രമ്യ ചോദിക്കുന്നു.

പോഷക കുറവ് മൂലം കിഡ്നി തകരാറിലായി മരിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നീട് പ്രശ്നമായപ്പോള്‍ റിപോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടാമത്തെ റിസള്‍ട്ടില്‍ പറയുന്നത് സോഡിയം പൊട്ടാസ്യം അളവില്‍ കൂടുതല്‍ ശരീരത്തില്‍ കലര്‍ന്നത് കൊണ്ടാണ് മരണം സംഭവിച്ചത് എന്നാണ്. ഇതില്‍ എന്താണ് സത്യം എന്ന് അറിയുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇവര്‍ സമരം നടത്തുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രി സ്വാശ്രയ കോളേജ് വിഷയം ചര്‍ച്ച ചെയ്യാന്‍ പോയത് കാരണം കാണാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും അന്വേഷണത്തിനുള്ള ഓര്‍ഡര്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഇവരെ തിരികെ അയയ്ക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഇതുവരെയും അങ്ങനെ ഒരു ഓര്‍ഡര്‍ എത്തിയില്ല എന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായത് എന്ന് സുരേഷ് പറയുന്നു.

ഡോക്ടര്‍മാര്‍  മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പോലും കുറ്റം സമ്മതിച്ചു എന്നും ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മുന്നില്‍ എത്തിയിട്ടുണ്ട് എന്നും രണ്ടു മാസമായി അതെല്ലം അവരുടെ മുന്നില്‍ കെട്ടിക്കിടക്കുകയാണ് എന്നും സുരേഷ് പറയുന്നു.

പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നാല്‍ കേസ് സെറ്റില്‍ ചെയ്യാം എന്നും പ്രശ്നം ഉണ്ടാക്കാതിരുന്നാല്‍ ആറുലക്ഷം രൂപ തരാം എന്നും മാധ്യമങ്ങളെ ഒഴിവാക്കണം എന്നും ആശുപത്രി അധികൃതര്‍ തങ്ങളോട്  പറഞ്ഞതായി ഇവര്‍ പറയുന്നു.

എന്‍റെ മകള്‍ക്ക് നീതി ലഭിക്കണം. മകളാണ് സത്യം ഇനി അഞ്ചു ദിവസം കൂടി ഞങ്ങള്‍ ഇവിടെ കിടക്കും. അത് കഴിഞ്ഞാല്‍ ഞങ്ങള്‍ ഇവിടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചാകും.” സുരേഷും രമ്യയും പറഞ്ഞു.


Next Story

Related Stories