UPDATES

തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ തലകുനിക്കില്ല; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം

അഴിമുഖം പ്രതിനിധി

തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ രാജ്യം ഒരിക്കലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ പാകിസ്താന്‍ മഹത്വവല്‍ക്കരിക്കുകയാണ് എന്നും പാക് അധീന കശ്മീരിലേയും ബലൂചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമൂഹിക വിരുദ്ധര്‍ക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടിയാലേ യഥാര്‍ത്ഥ വികസനം ഉണ്ടാകൂവെന്നും പ്രധാനമന്ത്രി ദില്ലിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

സ്വാതന്ത്ര്യസമര സേനാനികളേയും സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരേയും അനുസ്മരിച്ചു കൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ പ്രായം എഴുപത് അല്ല, കൊളോണിയല്‍ ഭരണത്തിന് ശേഷം ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ട് 70 വര്‍ഷമായി. ഇന്ത്യ നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. എന്നാല്‍ ഈ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ പ്രാപ്തരാണ്. സ്വരാജ്യത്തില്‍ നിന്ന് സുരാജ്യത്തിലേക്കാണ് പോകേണ്ടത്. സുരാജ്യം എന്നാല്‍ സാധാരണ ജനങ്ങളോടും ദുര്‍ബല വിഭാഗങ്ങളോടും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. സദ്ഭരണം, ഉത്തരവാദിത്തം, സുതാര്യത എന്നിവ സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം അതിപ്രധാനംമാണ്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മാറ്റണം, താന്‍ അതിന് പ്രതിജ്ഞാബദ്ധനാണ്. ആദായ നികുതി വകുപ്പിലെ ജീവനക്കാരെ ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ താന്‍ മാറ്റും. സര്‍ക്കാര്‍ ആരോപണങ്ങളാല്‍ വളയപ്പെട്ട അവസ്ഥ ഒരു കാലത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാരിന് ചുറ്റും പ്രതീക്ഷകള്‍ ആണ് ഉള്ളത്. ഇന്റര്‍വ്യൂ ആവശ്യം ഇല്ലാതെ 9000 തസ്തികകള്‍ സൃഷ്ടിച്ചു. രാജ്യത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണപ്പെരുപ്പം പത്ത് ശതമാനം കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം പണപ്പെരുപ്പം ആറ് ശതമാനം കടന്നിട്ടില്ല. പണപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷം ഉണ്ടായ വരള്‍ച്ച കാരണം വിലക്കയറ്റം തടയാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ചില വെല്ലുവിളികള്‍ നേരിട്ടു. സാധാരണക്കാരെ വിലക്കയറ്റം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുകയാണെങ്കില്‍ മണ്ണിനെ പൊന്നാക്കാന്‍ സാധിക്കും. കര്‍ഷകരുടെ വരുമാനം രണ്ട് ഇരട്ടി ആക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കും. മുന്‍ സര്‍ക്കാരുടെ മികച്ച പദ്ധതികള്‍ ഈ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോയി. പരിഷ്‌ക്കരിക്കുക, പ്രവര്‍ത്തിക്കുക, മാറ്റം കൊണ്ടു വരിക എന്ന തത്വം ആണ് നടപ്പിലാക്കുന്നത്.

മുടങ്ങിക്കിടക്കുന്ന 118 പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനായി 7.5 ലക്ഷം കോടി രൂപ ചെലവാകും. സര്‍ക്കാരിന്റെ പ്രതിച്ഛായയേക്കാളും രാജ്യത്തിന്റെ പ്രതിച്ഛായ ആണ് വലുത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഇടയിലും ഇന്ത്യന്‍ സാമ്പത്തിക മേഖല വളരുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഭരണത്തിലെ പങ്കാളിത്തവും അനിവാര്യം. ചരക്കുസേവന നികുതി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും.

സാമൂഹിക വിരുദ്ധര്‍ക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടിയാലേ യഥാര്‍ത്ഥ വികസനം ഉണ്ടാകൂ. സാമ്പത്തിക വളര്‍ച്ച പോലെ സാമൂഹിക ഐക്യവും രാജ്യത്തിന് പ്രധാനപ്പെട്ടതാണ്. ജാതിയുടേയും മതത്തിന്റേയും പേരിലുള്ള ഭിന്നത രാജ്യത്തിന് വേദനയുണ്ടാക്കുന്നുണ്ട്.

കലാപത്തിനും അക്രമത്തിനും പീഡനങ്ങള്‍ക്കും ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ഥാനമില്ല. തീവ്രവാദത്തിന് മുന്നില്‍ ഒരിക്കലും രാജ്യം തല കുനിക്കില്ല. തീവ്രവാദത്തോടും വിഘടന വാദത്തോടും ശക്തമായ നിലപാട് സ്വീകരിക്കും. യുവാക്കള്‍ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലേയും ബലൂച്ചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യയോട് നന്ദി രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍