TopTop
Begin typing your search above and press return to search.

കേറിക്കിടക്കാന്‍ ഒരുപിടി മണ്ണില്ലാത്തവര്‍ക്കെന്ത് സ്വാതന്ത്ര്യം?

കേറിക്കിടക്കാന്‍ ഒരുപിടി മണ്ണില്ലാത്തവര്‍ക്കെന്ത് സ്വാതന്ത്ര്യം?

രാകേഷ് നായര്‍

യഥാര്‍ത്ഥത്തില്‍ എന്താണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത? നിങ്ങളുടെ എഴുന്നുനില്‍ക്കുന്ന പുരികക്കൊടികളില്‍ തൊടുക്കാന്‍ പാകത്തിലുള്ള പരിഹാസ ശരങ്ങള്‍ കാണുന്നുണ്ട്. എന്നാലും വീണ്ടും ചോദിക്കുന്നു എന്താണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത? ആഗസ്ത് 15 എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമാണെന്ന് അറിയാത്ത ഇവനൊരു ഇന്ത്യക്കാരനാണോ എന്നായിരിക്കും പരിഹാസത്തിന്റെ സ്ഥാനത്ത് അമര്‍ഷം സ്ഥാപിച്ചുകൊണ്ട് നിങ്ങള്‍ പല്ലിറുമ്മുന്നതെന്ന് മനസ്സിലായി. സാങ്കേതികമായി നിങ്ങള്‍ ശരിയാണ്. 1947ല്‍ ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രം പിറവികൊണ്ടതിന്റെ വാര്‍ഷികദിനം തന്നെയാണ് ആഗസ്ത് 15. എന്നാല്‍ ചോദ്യം അല്‍പ്പം തിരുത്തിക്കൊണ്ട് ചോദിക്കുന്നു- എന്താണ് സ്വാതന്ത്ര്യം? ഭരണഘടനയെയും മൗലികാവകാശങ്ങളെയും കുറിച്ച് ഉദ്ധരണികള്‍ മുഴക്കാന്‍ വരട്ടെ. ഞാനൊരു സാധാരണക്കാരനാണ്. കാണുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന സംശയങ്ങള്‍ക്കാണ് ഉത്തരം തേടുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിന്റെ മുന്നിലെ സമരസിരാകേന്ദ്രമായ പടിക്കല്‍ നാം കാണുന്ന (കണ്ടുകൊണ്ടേയിരിക്കുന്ന) ചില ജീവിതക്കാഴ്ചകളിലൂടെ ഈ സ്വാതന്ത്ര്യദിനത്തെ ഒന്ന് അവലോകനം ചെയ്തു നോക്കിയാലോ?

സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇങ്ങിനെ നില്‍ക്കുമോ?
സെക്രട്ടേറിയേറ്റ് പടിക്കലെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധാകേന്ദ്രം ആദിവാസികളുടെ നില്‍പ്പ് സമരമാണ്. കുറെ ആദിവാസികള്‍ ഇവിടെയിങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. അകത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലല്ലോ. ചെറിയൊരു മുന്‍ പരിചയം വച്ചുകൊണ്ടാണ് നില്‍പ്പ് സമരത്തിന്റെ നേതൃത്വത്തിലുള്ള സുരേഷിന്‍റെയടുത്ത് ചെന്നത്.

“നമുക്കെന്ത് സ്വാതന്ത്ര്യം, എങ്കില്‍ ഞങ്ങളിനവിടെ വന്നു നില്‍ക്കുമോ? ആദിവാസികള്‍ എന്നും അടിമകളല്ലേ? അവര്‍ക്ക് ആര് സ്വാതന്ത്ര്യം കൊടുക്കാന്‍. ഞങ്ങളെ സംബന്ധിച്ച് ഈ ദിവസത്തിന് ഒരു പ്രത്യേകതയുമില്ല. ഒരു സമരദിനം, അല്ലാതെ സ്വാതന്ത്ര്യദിനമല്ല ഞങ്ങളെ സംബന്ധിച്ച്.- സുരേഷിനോട് എന്ത് മറുപടിയാണ് നമുക്കുള്ളത്?”

കുറച്ച് ആദിവാസി കുട്ടികള്‍ കൊട്ടിപ്പാടുന്നുണ്ട്. ആരെയും ശ്രദ്ധിക്കാതെ, തിരിച്ച് അവരെയും ശ്രദ്ധിക്കാതെ നഗരം അവര്‍ക്കു മുന്നിലൂടെ തിരക്കിട്ടു പായുന്നുമുണ്ട്.കമ്പിവടിയും കൊടുവാളുമായി ഗ്ലാഡിസ്
വ്യക്തമല്ലാതെ മൈക്രോഫോണിലൂടെ മുഴങ്ങുന്ന ശബ്ദം. പ്രതിഷേധത്തിന്റെ ചൊരുക്കുണ്ടെന്ന് മാത്രം മനസ്സിലാകും. കാര്യമെന്തന്നറിയിനായി അടുത്തേക്ക് ചെന്നു. ഒരു മെല്ലിച്ച സ്ത്രി. അമ്പതിനോടടുത്ത് പ്രായം. ഒരു ടാര്‍പ്പോളിന്‍ വിരിപ്പിനു താഴെ നിവര്‍ന്നു കിടന്ന് എന്തൊക്കെയോ പറയുന്നുണ്ട്. മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, മക്കള്‍ എന്നൊക്കെ മാത്രമേ എത്ര ശ്രദ്ധിച്ചിട്ടും മനസ്സിലാകുന്നുള്ളൂ (വാഹനങ്ങളുടെ മുരള്‍ച്ചയും ഹോണടിയും കേള്‍വിക്ക് തടസ്സമാകുന്നു). പതുക്കെ അവരുടെ സമീപം പോയിരുന്നു. കാര്യം തിരക്കുന്നതിന് മുമ്പ് ഒരു ഫോട്ടോയെടുത്തെക്കാം എന്നു കരുതി ക്യാമറ കയ്യിലെടുത്തതും ഞാണ് പൊട്ടിയ വില്ലുപോലെ ആ സ്ത്രീ ചാടിയെഴുന്നേറ്റൂ. പിന്നെ ഒട്ടും മയമില്ലാതെ ഒരു ഭീഷണി- "ഫോട്ടോയെടുത്താല്‍ ഞാന്‍ വെട്ടും".
എടുത്തതിനേക്കാള്‍ വേഗത്തില്‍ ക്യാമറ ബാഗിലേക്ക് വച്ചു.

“എന്തിനാ എന്റടുത്ത് വന്നിരിക്കുന്നത്, എഴുന്നേറ്റ് പോടാ..”

പിന്മാറാന്‍ തോന്നിയില്ല.

“എന്താ അമ്മച്ചിയുടെ പേര്?”

“എനിക്ക് നിന്നോട് സംസാരിക്കാന്‍ മേല. നീ പോണതാണ് നല്ലത്.”

വെട്ടൊന്ന് മുറി രണ്ടെന്നുപോലെയുള്ള ആ നിലപാട് ചെറുതായൊന്ന് പേടിപ്പിച്ചു. നല്ല തിരക്കുള്ള സമയം. ഒരു റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെങ്കിലും എഴുന്നേറ്റുപോകുന്നതിലും ഒരു നാണക്കേടില്ലേ എന്ന് തോന്നി. പക്ഷേ എന്നോട് സംസാരിക്കാന്‍ കൂട്ടാക്കാതെ ആ സ്ത്രീ വീണ്ടും മൈക്ക് കയ്യിലെടുത്ത് ആരോടൊക്കെയുള്ള പ്രതിഷേധം ഉയര്‍ത്തി വിട്ടുകൊണ്ടിരുന്നു.

ഇതാണ് ഗ്ലാഡിസ്. ഒരു തീരദേശവാസി. അധിക ദിവസങ്ങളൊന്നുമായില്ല സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരത്തിനെത്തിയിട്ട്. കൈയിലുള്ള മൈക്കും ആംപ്ലിഫയറും സ്വന്തമൊന്നുമല്ല, അടുത്തുള്ള മദ്യവര്‍ജ്ജന സമരസമിതിക്കാരുടെതാണ്.സ്വന്തം മോനെയും മോളെയും കാണാനില്ല. അവരെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് ഗ്ലാഡിസ് പറയുന്നത്. മകന്‍ എഞ്ചിനീയറിംഗ് പഠിച്ചശേഷം തമിഴ്‌നാട്ടില്‍ ജോലിക്കായി പോയതാണ്. മകള്‍ നേഴ്‌സിംഗ് പഠിക്കുകയായിരുന്നു. അവരെ കാണാനില്ലത്രേ. ഗ്ലാഡിസ് പറയുന്നതെന്താണെന്നോ- തന്റെ രണ്ടു മക്കളെയും മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി തട്ടിക്കൊണ്ടുപോയെന്ന്! (ഓ...നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു ഗതികേട് നോക്കണേ..!എന്തെല്ലാം ആരോപണങ്ങളാണ് ആ മനുഷ്യന് നേരെ. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കൊണ്ടാലും ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമത്രെ. ആരു മന്ത്രവാദം നടത്തിയാലും കോഴിക്ക് കെടക്കാന്‍മേല എന്ന ചൊല്ലില്‍ ചില ഭേദഗതികള്‍ വരുത്തേണ്ടിയിരിക്കുന്നു) ഗ്ലാഡിസ് പറയുന്നതില്‍ എന്തോ വാസ്തവമുണ്ട്. (മുഖ്യമന്ത്രിയെക്കുറിച്ചല്ല കേട്ടോ). അവരുടെ മക്കള്‍ എവിടെ? തട്ടിക്കൊണ്ടുപോയതോ, കാണാതെ പോയതോ, അതോ ഈ അമ്മയെ ഉപേക്ഷിച്ചിട്ട് പോയതോ- അറിയില്ല. ആരും അതൊട്ട് തിരക്കിയിട്ടുമില്ല. ഗ്ലാഡിസിന് എല്ലാവരോടും ദേഷ്യമാണ്, അതോ പകയോ? സെക്രട്ടേറിയേറ്റിനു മുന്നിലെ പോലീസുകാരോട് പലപ്പോഴും ഗ്ലാഡിസ് ഉടക്കിയിട്ടുണ്ട്. കൊടുവാള്‍ കാണിച്ചിട്ടുണ്ട്. ഒരു കമ്പി വടിയും കൊടുവാളും ഗ്ലാഡിസിന്റെ അരികിലുണ്ട്. ഈ സ്ത്രീയുടെ പ്രകൃതവും പ്രവര്‍ത്തിയും കണ്ടാല്‍ അവരുടെ സുബോധത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് സംശയിക്കാം. അതോ ഗ്ലാഡിസ് പറയുന്നതെല്ലാം ബോധത്തോടെയാണോ. അറിയില്ല. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായി ഗ്ലാഡിസ് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുകയാണ്. ഒരിന്ത്യന്‍ പ്രജയില്‍ നിക്ഷിപ്തമായ എല്ലാ മൗലികാവകാശങ്ങള്‍ക്കും ഗ്ലാഡിസിനും അധികാരമുണ്ടല്ലോ. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അമ്മച്ചിക്ക് പറയാനുള്ളത് എന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല. വേറൊന്നും കൊണ്ടല്ല, പേടികൊണ്ടാണ്.മദ്യവിമുക്തമായ കേരളം (എത്ര സുന്ദരമായ സ്വപ്നം)
അടുക്കിവച്ചിരിക്കുന്ന കസേരകളും ചാരിവച്ചിരിക്കുന്ന മേശയും കണ്ടപ്പോള്‍ നെഞ്ചത്ത് കൈവച്ചുപോയി. ഈശ്വരാ കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പായോ! ഇല്ല എന്റെ ഭയം അസ്ഥാനത്തായിരുന്നു. മദ്യവിരുദ്ധസമരക്കാര്‍ എന്തോ ആവശ്യത്തിനായി പോയിരിക്കുകയാണ് (വിജയം വരെയും സമരം എന്നാണല്ലോ അവരുടെ മദ്രാവാക്യം). എന്തായാലും ഇവരുടെ സമര കംപാര്‍ട്ട്‌മെന്റിനടുത്ത് നില്‍ക്കുന്ന ഒരു ചേട്ടനോട് ചെറിയൊരു സംശയത്തോട തിരക്കി- ചേട്ടന്‍ ഈ മദ്യ പ്രവര്‍ത്തകനാണോ?( നാവുദോഷത്തിന് 'വിരുദ്ധസമരം' കല്ലേത്തെറിച്ചുപോയി) എന്തായാലും വിജയകുമാര്‍ എന്ന ആ ഗാന്ധിയന് കാര്യം മനസ്സിലായി. എന്റെ ഇംഗിതം ഞാനറിയിച്ചു.

138 ദിവസം പിന്നിട്ടിരിക്കുന്നു കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണം എന്നാവിശ്യപ്പെട്ട് ഇവര്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്. തികച്ചും ഗാന്ധി മാര്‍ഗ്ഗത്തിലുള്ള സമരം. ഒരു പക്ഷേ നമ്മളില്‍ ചിലര്‍ക്കൊക്കെ ഇവരൊരു തമാശ ആയിരിക്കാം.ഒന്നാലോചിച്ചാല്‍ ഇവര്‍ സമരം ചെയ്യുന്നതാര്‍ക്ക് വേണ്ടിയാണ്? ഈ നാടിന് വേണ്ടി തന്നെയല്ലേ..

“സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മള്‍ സമരം ചെയ്തുകൊണ്ടേയിരിക്കുന്നു. എന്താണ് കാരണം? നമ്മളിപ്പോഴും പലതിനും അടിമകളാണ്. മനുഷ്യന്‍ ആദ്യം സ്വാതന്ത്ര്യം നേടേണ്ടത് ലഹരിയില്‍ നിന്നാണ്. മദ്യം ദ്രോഹം മാത്രമെ ചെയ്യൂ. ഞങ്ങള്‍ സമരം ചെയ്യുന്നത് മദ്യത്തിന്റെ വിപത്തില്‍ നിന്ന് ഒരു ജനതയെ മോചിപ്പിക്കാന്‍ വേണ്ടിയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഞങ്ങളീ സമരം വലിയൊരു സന്ദേശമാക്കി നാടിനു കൈമാറും. ഇന്നല്ലെങ്കില്‍ നാളെ ഞങ്ങള്‍ വിജയിക്കും. അങ്ങിനെ നമ്മുടെ സ്വാതന്ത്യം പൂര്‍ണമാകട്ടെ..” വിജയകുമാറിന്റെ സ്വപ്നം ഇതാണ്.

ഇതുവല്ലതും കെ ബാബുസാര്‍ അറിയുന്നുണ്ടോ ആവോ...?

മണ്ണില്ലാത്തവന്റെ സ്വാതന്ത്ര്യം
അടുത്തമാസം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നൊരു സമരത്തിന്റെ കൂടാരത്തിലേക്കാണ് അടുത്തതായി ചെന്നത്. ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടും ഭൂമി കിട്ടാത്ത കുടുംബങ്ങളുടെ സമരമാണിത്. താളത്തില്‍ പാടുന്നൊരു നാടന്‍പാട്ടിന്റെ നടുവിലേക്കാണ് കയറിയിരുന്നത്. ഒരു ചെറുപ്പക്കാരനാണ് ഗായകന്‍. താളംപിടിച്ച് മറ്റുരണ്ടുപേര്‍ അടുത്തിരുപ്പുണ്ട്.

സ്വാതന്ത്ര്യദിനത്തെ ഈ സമരപന്തലില്‍ ഇരുന്ന് എങ്ങിനെ കാണുന്നു?

“ഒന്നു കേറിക്കിടക്കാന്‍ ഒരുപിടി മണ്ണില്ലാത്തവന് എന്ത് സ്വാതന്ത്ര്യം? ഞങ്ങളും ഈ സ്വതന്ത്രനാടിന്റെ ഭാഗമാണേല്‍, അങ്ങിനെ ഭരിക്കണവര്‍ കരുതുന്നുണ്ടേല്‍, ഞങ്ങടെ അവകാശം സ്ഥാപിച്ചു താ. ഞങ്ങളെ വഞ്ചിക്കുന്ന ഒരു നാട്ടില്‍ ഞങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യം?”

ശരിയല്ലേ? നിയമത്തിനും അധികാരികള്‍ക്കും പറയാന്‍ ന്യായങ്ങളുണ്ടെങ്കിലും ഈ തെരുവില്‍ ഇവര്‍ വന്നിട്ട് ഒരു കൊല്ലം കഴിയാന്‍ പോവുകയാണ്. ഈ ജനാധിപത്യ രാജ്യത്ത് പൗരന് ഉറപ്പാക്കേണ്ട അടിസ്ഥാന ആവശ്യങ്ങളില്‍ പ്രഥമം പാര്‍പ്പിടമാണ്. ഇവര്‍ക്കെവിടെ വീട്? എവിടെ ഭൂമി? അവരുടെ അവകാശം ന്യായമെങ്കില്‍ എന്തുകൊണ്ടത് നടപ്പാക്കുന്നില്ല. ഭാരതം പ്രൗഢഗംഭീരമായി അതിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അതേ മണ്ണിലെ കുറച്ച് പാവങ്ങള്‍ ഈ സമരപന്തലില്‍ കാണും. അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ലല്ലോ...

ഇവര്‍ മണ്ണിനെക്കുറിച്ച് പാടുന്നു, ബധിരര്‍ക്കു മുന്നില്‍.കല്യാണം കഴിക്കാനുള്ള എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കരുത്
വേണമെങ്കില്‍ ഇതൊരു തമാശയിട്ടെടുക്കാം (എന്റെ ഭാവനയാണെന്ന് മാത്രം ധരിക്കരുത്). വളരെ തിടുക്കത്തില്‍ ഒരു ചെറുപ്പക്കാരന്‍ എന്നെ സമീപിക്കുന്നു- "വേഗം പോയി ഒരു മാര്‍ക്കര്‍ വാങ്ങിക്കൊണ്ടുവാ..."

എന്താണെന്നോ ആരാണെന്നോ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കം മോശമല്ലാത്തൊരു ആള്‍ക്കൂട്ടം ബസ് കാത്തുനില്‍ക്കുന്നുണ്ട്.

സോറി എനിക്ക് പറ്റില്ല- ഞാന്‍ പറഞ്ഞു. മറുത്തൊന്നും പറയാതെ അയാള്‍ അല്‍പ്പം മാറി മതിലില്‍ ചാരി നിന്നു. അപ്പോഴാണ് ഞാന്‍ അയാള്‍ക്ക് പിന്നില്‍ ഒട്ടിച്ചുവച്ചിരിക്കുന്ന കടലാസ് കാണുന്നത്. കൃത്യമായി ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല, എങ്കിലും അവയില്‍ എഴുതിയിരിക്കുന്നു- (1)ഞാന്‍ അച്ചടിച്ചെടുത്ത സര്‍ട്ടിഫിക്കെറ്റുകളല്ല എനിക്കുള്ളത്. പഠിച്ച് വാങ്ങിയതാണ്.(2) എന്നെ ജോലി ചെയ്യാന്‍ സമ്മതിക്കൂ.(3)ഒരാളെ ഭ്രാന്തനാക്കാന്‍ ശ്രമിക്കരുത്.(4) കല്യാണം കഴിക്കാനുള്ള എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കരുത്.

ഒരുപക്ഷേ ഇനിയും എന്തൊക്കെയോ എഴുതി വയ്ക്കാനായിട്ടായിരിക്കും എന്നോട് മാര്‍ക്കര്‍ വാങ്ങാന്‍ പറഞ്ഞത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് - ചിത്രങ്ങളിലൂടെ
ഞാൻ ചെയ്തത് എന്റെ ചുമതലയാണ് - ഊര്‍മ്മിള ടീച്ചര്‍ സംസാരിക്കുന്നു
തീവ്രവാദിയാക്കുന്നതിന് മുന്‍പ് പട്ടിണിയെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്
പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
സദാചാര മലയാളിയെ സമരം പഠിപ്പിക്കേണ്ടി വരുമ്പോള്‍

ആരാണിയാള്‍? പേരു ചോദിച്ചിട്ട് പറഞ്ഞില്ല. പരിസരമൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ പുലമ്പുന്നു. എന്തായാലും വിദ്യാഭ്യാസമുള്ളവനാണ്. ഏതോ കുഴപ്പമില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെയും ആയിരിക്കണം. മനോനിലയ്ക്ക് എന്തെങ്കിലും സംഭവിച്ചതാണോ? എന്താണ് അയാളുടെ പ്രശ്‌നമെന്ന് ചോദിച്ചറിയുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. എന്തിനൊക്കയോ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനാണ് ആ ചെറുപ്പക്കാരനും ഇവിടെ നില്‍ക്കുന്നത്.

മാര്‍ക്കര്‍ വാങ്ങിക്കൊടുക്കാതിരുന്നതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു.

അമലു നമ്മളെ നോക്കി ചിരിക്കുകയാണ്
അമലുവിനെ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. പത്ര മാധ്യമങ്ങളില്‍ ഈ കുരുന്നിന്റെ ഫോട്ടോയടക്കം വന്നിട്ടുളളതാണല്ലോ. അച്ഛനും അമ്മയ്ക്കുമൊപ്പം സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ അമലുവും സമരം ചെയ്യാനെത്തിയിട്ട് ആഗസ്ത് 16ന് 200 ദിവസം കഴിയും. ഒന്നാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്ന കുട്ടിയാണ് അമലു. ശരിക്കൊന്ന് നിവര്‍ന്നിരിക്കാന്‍പോലും പറ്റാതെ മറച്ച് ടാര്‍പോളിന്‍ ഷീറ്റിനകത്ത് അമ്മയ്‌ക്കൊപ്പം ഇരുന്ന് എന്തോ വായിക്കുകയായിരുന്നു അമലു. തമിഴ് വായിക്കാന്‍ പഠിക്കുകയാണ്. അടുത്ത് തന്നെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെക്കുറിച്ച് സരളമായി പ്രതിപാദിക്കുന്ന ഒരു ഇംഗ്ലീഷ് ബുക്ക്. കുറേ ബാലരമകള്‍. വായിക്കാനും വരക്കാനും പഠിക്കാനും എന്തൊരു ഉത്സാഹമാണ് ആ കുഞ്ഞിന്. സ്‌കൂളില്‍പ്പോയി പഠിക്കാനും കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും ഉള്ള ബാല്യത്തില്‍ സമരം ചെയ്യാന്‍ വരേണ്ടിവന്ന ഒരു കുട്ടി. രണ്ടാം ക്ലാസില്‍ ചേരുമ്പോള്‍ ഇടാനുള്ള യൂണിഫോം വരെ സുകുമാരനും ശകുന്തളയും അമലുവിനു വേണ്ടി തയ്പ്പിച്ചു വച്ചിരുന്നു. പുത്തന്‍ ഉടുപ്പിട്ട് മകള്‍ സ്‌കൂളില്‍ പോകുന്നത് കാണാന്‍ നില്‍ക്കാതെ ആ കുഞ്ഞിനെയും എടുത്ത് സമരം ചെയ്യാനിറങ്ങുകയായിരുന്നു അച്ഛനുമമ്മയും. സ്പിരിറ്റ് മാഫിയാക്കാര്‍ ജീവിക്കാന്‍ സമ്മതിക്കാത്തതാണ് അവരുടെ പ്രശ്‌നം. സ്പിരിറ്റ് ലോറികള്‍ക്കു പോകാന്‍ വഴി കൊടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നതാണ് വൈരാഗ്യത്തിന് കാരണം. പലതരത്തില്‍ ഉപദ്രവിച്ചു. കൊല്ലാന്‍ നോക്കി. ഇവര്‍ പലരോടും പരാതിപ്പെട്ടു. ഒരിടത്തു നിന്നും നീതി കിട്ടിയില്ല. ഒടുവില്‍ വീടു വിട്ട് ഈ സെക്രട്ടേറിയേറ്റിന്റെ മുന്നിലെത്തി. ഒരു കുരുന്നിനെയും കൂട്ടി. ആരുടെയെല്ലാമോ വാശി, കൃത്യവിലോപം, പ്രതിഷേധം- ഇതെല്ലാം കൂടിച്ചേര്‍ന്ന് ഒരു കുഞ്ഞിന്റെ, മിടുക്കിയായ ഒരു കുഞ്ഞിന്റെ ഭാവിയാണ് തെരുവിലിട്ട് കളയുന്നത്.ആഗസ്ത് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമാണെന്ന് അവള്‍ക്കറിയാം. എന്നാല്‍ സ്വാതന്ത്ര്യ ദിനമെന്നാല്‍ എന്താണെന്നൊന്നും അവള്‍ക്ക് തിട്ടമില്ല. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇവള്‍ക്ക് എങ്ങിനെയാണ് പറഞ്ഞുകൊടുക്കേണ്ടത്? നോട്ട് പുസ്തകത്തില്‍ വരച്ചുവച്ചിരിക്കുന്ന ത്രിവര്‍ണ്ണ പാതക എന്നെ കാണിച്ചു. ദേശീയഗാനത്തിന്റെ ഏതാനും വരികളും ചൊല്ലിക്കേള്‍പ്പിച്ചു.

ഈ തെരുവോരത്ത് നിന്നെപ്പോലൊരു കുഞ്ഞ് സമരം ചെയ്യാനിരിക്കുമ്പോള്‍ എന്റെ രാജ്യം സ്വതന്ത്രമാണെന്ന് എങ്ങിനെ വിശ്വസിക്കാനാണ്?

"കമ്പ്യൂട്ടര്‍ പഠിക്കണം, ഇംഗ്ലീഷ് പഠിക്കണം", ആഗ്രഹങ്ങളുടെ ഒരുകെട്ട് ആ വായാടി എന്റെ മുന്നിലേക്ക് ചൊരിഞ്ഞിട്ടു. അവള്‍ക്ക് പഠിച്ച് വലിയ ആളാകണമത്രേ, ഒരുപാട് വലുതാകുന്നതിന് മുന്നേ ജോലിയും വാങ്ങണം. കളങ്കമില്ലാത്ത ചിരിയോടെ അമലു ഓരോന്നും പറയുമ്പോള്‍ ആ കുട്ടിയുടെ മുഖത്ത് നോക്കാനേ പറ്റുന്നില്ല.

നിങ്ങളുടെ സമരം ന്യായമോ അന്യായമോ എന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് ഒന്നും പറയുന്നുമില്ല. പക്ഷേ, ഒരപേക്ഷയുണ്ട്- ഈ കുഞ്ഞിനെ അതിന്റെ പഠിപ്പ് മുടക്കി, ഇവിടെയിട്ട് ഭാവി കളയരുത്- അമലുവിന്റെ അമ്മയോട് പറയാതിരിക്കാനായില്ല.

തിരികെ പോരുമ്പോള്‍ അമലുവിന് രണ്ടു വാഗ്ദാനങ്ങള്‍ നല്‍കി- ഇനി വരുമ്പോള്‍ അവളെ കമ്പ്യൂട്ടര്‍ കാണിക്കാം. വായിക്കാന്‍ ഒരു പുസ്തകം വാങ്ങിക്കൊണ്ടുവരാം. പകരം ഞാന്‍ ആവശ്യപ്പെട്ടത് സ്‌കൂളില്‍ പോയി പഠിക്കണമെന്നാണ്. എന്റെ കൈയിലടിച്ച് അമലു പ്രോമിസ് ചെയ്തു.

അമലു.. ആരാലോ നീ ഇവിടെ തളയ്ക്കപ്പെട്ട് കിടക്കുമ്പോഴാണ് ഈ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്.

തിരികെ പോരാനായി ബസ് കാത്ത് നില്‍ക്കുമ്പോള്‍ സെക്രട്ടേറിയേറ്റിനു മുന്നിലെ വേലുത്തമ്പി ദളവയുടെ പ്രതിമയില്‍ കണ്ണുടക്കി. പെട്ടെന്ന് മലയാളമനോരമ നടത്തിയ പത്രപ്രവര്‍ത്തന പരിശീലിന പരീക്ഷയില്‍ വന്ന ചോദ്യം ഓര്‍മ്മ വന്നു.

സെക്രട്ടേറിയേറ്റിനു മുന്നിലുള്ള വേലുത്തമ്പി ദളവയുടെ പ്രതിമയ്ക്ക് ജീവന്‍ വച്ചാല്‍ എന്തു സംഭവിക്കും....?


Next Story

Related Stories