അഴിമുഖം പ്രതിനിധി
ഗുസ്തി താരം നര്‍സിംഗിന് ശേഷം ഇന്ത്യന്‍ ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. എന്നാല്‍ അധികാരികളെ ചോദ്യം ചെയ്തിരുന്ന തനിക്കെതിരെ അവര്‍ നടത്തിയ ഗൂഡാലോചനയാണ് പരിശോധനാഫലം എന്ന് ഇന്ദര്‍ജീത് പ്രതികരിച്ചു. ജൂണ്‍ 22നാണ് താരം പരിശോധനയ്ക്ക് വിധേയനായത്.
ഏഷ്യന്‍ ഗെയിംസ് 2014ലെ വെങ്കല മെഡല്‍ ജേതാവായ ഇന്ദര്ജീതിനോട് വേണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ ‘ബി’ സാമ്പിള്‍ ടെസ്റ്റിംഗിന് വിധേയനാകാന്‍ നാഷനല്‍ ആന്റി ഡോപിംഗ് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് തന്നെ പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. 'ബി' സാമ്പിള്‍ പരിശോധനയിലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ റിയോ ഒളിമ്പിക്സ് താരത്തിന് നഷ്ടമാകും. കൂടാതെ വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സിയുടെ ചട്ടപ്രകാരം നാല് വര്‍ഷത്തെ വിലക്കും നേരിടേണ്ടി വരും.
റിയോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെക്കപ്പെട്ട ആദ്യത്തെ താരങ്ങളില്‍ ഒരാളാണ് ഇന്ദര്‍ജീത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിക്സ്, വേള്‍ഡ് യുനിവേര്സിറ്റി ഗെയിംസ് മത്സരങ്ങളിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഇന്ദര്‍ജീത്.