കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതായിരുന്നു; കലൈഞ്ജറെ കുറിച്ചു 10 കാര്യങ്ങള്‍

തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം തനിക്കു വെല്ലുവിളിയാകുമെന്നു കണ്ട ഡിഎംകെ നേതാക്കളുമായി കരുണാനിധി പോരടിച്ചു

ദ്രാവിഡ രാഷ്ട്രീയ തിരക്കഥയുടെ തന്ത്രശാലിയായ എഴുത്തുകാരൻ

കരുണാനിധിയുടെ സംഭാഷണങ്ങളാണ് അയാളെ സി എൻ അണ്ണാദുരൈക്ക് പ്രിയപ്പെട്ടവനാക്കിയത്. 1953-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഉയർത്തിയത്. ആ വർഷമാണ് രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ കല്ലക്കുടി എന്ന നഗരത്തിന്റെ പേര് വടക്കേ ഇന്ത്യൻ വ്യവസായിയായ, അവിടെ സിമന്റ് ഫാക്ടറി ഉണ്ടായിരുന്ന രാം കൃഷ്ണൻ ഡാൽമിയയുടെ ബഹുമാനാർത്ഥം ഡാൽമിയാപുരം എന്നാക്കിമാറ്റാൻ തീരുമാനിച്ചത്. ദ്രാവിഡ നേതാക്കൾ ഇതിനെ തമിഴ് ജനതയോടുള്ള നിന്ദയായി കണ്ടു. അപ്പോഴേക്കും തന്നെക്കാൾ ചെറിയ പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള പെരിയാറിന്റെ തീരുമാനത്തെ തുടർന്ന് അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ യുവനേതാക്കൾ ദ്രാവിഡ കഴകം വിട്ടിരുന്നു. 1949-ൽ അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കി.

കല്ലക്കുടിയുടെ പേരുമാറ്റത്തിനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കരുണാനിധിയും അനുയായികളും തീവണ്ടി തടയൽ സമരം നടത്തുകയും തുടർന്ന് നടന്ന പോലീസ് നടപടിയിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. അദ്ദേഹത്തെ അഞ്ചു മാസത്തെ തടവിന് ശിക്ഷിച്ചു. 35 രൂപ പിഴയൊടുക്കാൻ വിസമ്മതിച്ച്‌ ഒരു മാസം കൂടി തടവനുഭവിച്ചു അദ്ദേഹം. ഇത് ഡിഎംകെയിൽ പെരിയാരുടെ മരുമകൻ എ വി കെ സമ്പത്തുമായുള്ള അധികാരത്തർക്കത്തിൽ കരുണാനിധിക്ക് മുൻതൂക്കം നൽകി.

ശ്രദ്ധ പിടിച്ചുപറ്റാൻ അറിയുന്ന രാഷ്ട്രീയക്കാരൻ

എക്കാലത്തും ജനശ്രദ്ധയിൽ നിൽക്കാൻ കരുണാനിധിക്ക് കഴിവുണ്ടായിരുന്നു. “വിവാഹത്തിൽ വരനും ശവസംസ്കാരത്തിൽ ശവവു”മാകാനുള്ള ത്വരയാണ് കരുണാനിധിക്കെന്ന് അദ്ദേഹത്തിന്റെ ഒരു കാലത്തെ സുഹൃത്തും പിന്നീട് എതിരാളിയുമായ കണ്ണദാസൻ പറഞ്ഞിട്ടുണ്ട്. 1950-കളിലെ ഒരു സംഭവം ഇതിനുദാഹരണമായി എതിരാളികൾ പറയും.
ഒരു ധനസമാഹരണ പരിപാടിക്ക് ശേഷം മറ്റെല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അണ്ണാദുരൈ, കരുണാനിധിക്ക് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ മാനിച്ച് ഒരു സ്വർണ മോതിരം സമ്മാനിച്ചു. അതിനുശേഷം തങ്ങളടക്കമുള്ളവര്‍ എല്ലാത്തരത്തിലും പ്രവർത്തിച്ചിട്ടും തങ്ങളെ അവഗണിച്ചത് എന്താണെന്ന് സമ്പത്ത് അടക്കമുള്ള മറ്റു നേതാക്കൾ ചോദിച്ചു. യോഗത്തിനു മുമ്പ് കരുണാനിധി തന്നെയാണ് തനിക്കാ മോതിരം തന്ന്, അത് സമ്മാനിക്കാൻ ആവശ്യപ്പെട്ടതെന്ന് അണ്ണാദുരൈ പറഞ്ഞു.

1957-ൽ കുളിത്തലായി മണ്ഡലത്തിൽ നിന്നും കരുണാനിധി ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പിന്നീട് 13 തെരഞ്ഞെടുപ്പിൽ ആദ്ദേഹം ജയിച്ചു. പെട്ടന്നായിരുന്നു ആ രാഷ്ട്രീയ വളർച്ച. 1961 ഡിഎംകെ ട്രഷറർ, അടുത്ത വർഷം പ്രതിപക്ഷ നേതാവ്. 1967-ൽ ഡിഎംകെയുടെ അപ്രതീക്ഷിത വിജയത്തിൽ പൊതുമരാമത്തു മന്ത്രി.

എം ജി ആറുമായുള്ള തോറ്റ യുദ്ധം: പക്ഷെ വാസ്തവത്തിലല്ല

അണ്ണാദുരൈ 1969-ൽ മരിച്ചപ്പോൾ ഡിഎംകെയിൽ കടുത്ത അധികാരത്തർക്കം ഉടലെടുത്തു. നവലാർ നെടുഞ്ചെഴിയാൻ എന്ന രണ്ടാമൻ ഇടക്കാല മുഖ്യമന്ത്രിയായി, അടുത്ത നേതാവും അദ്ദേഹമാകുമെന്നും കരുതിയിരുന്നു.

എന്നാൽ നെടുഞ്ചെഴിയന് കരുണാനിധിയുടെ കൗശലങ്ങളോട് പിടിച്ചുനിൽക്കാനായില്ല. ജനപ്രിയ സിനിമ നടനും ഡിഎംകെ ട്രഷററുമായ എം ജി രാമചന്ദ്രനെ ഒപ്പം നിർത്തി നീങ്ങിയ കരുണാനിധി മുഖ്യമന്ത്രിയായി.

എന്നാൽ എം ജി ആറുമായുള്ള ആ നല്ല ബന്ധം അത്ര നീണ്ടുനിന്നില്ല. സിനിമാതാരം പെട്ടന്നുതന്നെ കരുണാനിധിയേക്കാൾ ജനകീയനായി. അപ്പോഴേക്കും കരുണാനിധി മൂത്ത മകൻ എം കെ മുത്തുവിനെ സിനിമയിലേക്ക് കൊണ്ടുവന്നു. എംജിആറിനെ പ്രതിരോധിക്കാനായിരുന്നു ഇത്. പക്ഷെ മുത്തു വെള്ളിത്തിരയിൽ പരാജയമായി. 1972-ൽ എംജിആറും കരുണാനിധിയും തമ്മിൽ തെറ്റി. ഒരു പൊതുയോഗത്തിൽ ഡിഎംകെയിൽ അഴിമതിയാണെന്നു എംജിആർ ആരോപിച്ചു. കരുണാനിധിയുടെ രാഷ്ട്രീയജീവിത്തത്തിലെ വലിയ മണ്ടത്തരത്തിലൊന്നിൽ ജനപ്രിയ നായകൻ ഡിഎംകെക്ക് പുറത്തായി.
പുറത്താക്കലിനെ മധുരം വിതരണം ചെയ്ത് ആഘോഷിച്ച എംജിആർ ഒരൊറ്റ വർഷത്തിനുള്ളിൽ കരുണാനിധിയോട് പകവീട്ടുമെന്നു പ്രഖ്യാപിച്ചു. അടുത്തവർഷം അദ്ദേഹം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കി. 1977-ൽ ആ കക്ഷി തമിഴ്നാട്ടിൽ ഭരണത്തിലെത്തി.

എതിരാളികളെ വാഴിക്കാത്ത കൗശലക്കാരൻ

തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം തനിക്കു വെല്ലുവിളിയാകുമെന്നു കണ്ട ഡിഎംകെ നേതാക്കളുമായി കരുണാനിധി പോരടിച്ചു. എംജിആറിനെ പുറത്താക്കും മുമ്പ് ധനമന്ത്രി കെ ഇ മതിയഴകനെ പുറത്താക്കി. 1977-ൽ നെടുഞ്ചെഴിയൻ സ്വന്തം കക്ഷി ഉണ്ടാക്കി. 1993-ൽ കരുണാനിധിയുടെ മകൻ സ്റ്റാലിന് എതിരായി വരുമെന്നു കരുതിയ വൈകോ പാർട്ടിക്ക് പുറത്തായി.

എംജിആറിന്റെ വളർച്ചയായിരുന്നു കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. എംജിആർ പുറത്താക്കിയ മുഖ്യമന്ത്രിക്കസേരയിലേക്ക് അദ്ദേഹം 1987-ൽ മരിച്ചതിനു ശേഷമേ കരുണാനിധിക്ക് തിരിച്ചെത്താനായുള്ളൂ. പക്ഷെ എംജിആറിന്റെ മരണശേഷം എഐഎഡിഎംകെ പിളർന്നപ്പോൾ കരുണാനിധിക്ക് പിന്നെ കാര്യങ്ങൾ എളുപ്പമായി. 1989-ലെ തെരഞ്ഞെടുപ്പിൽ തന്റെ വനവാസം അവസാനിപ്പിക്കാനാണ് കരുണാനിധി വോട്ടു ചോദിച്ചത്. പക്ഷെ ആ ആധിപത്യം കേവലം രണ്ടു കൊല്ലമേ നീണ്ടുള്ളൂ. 1991-ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുള്ള സഹതാപതരംഗത്തോടെ കോൺഗ്രസ് സഖ്യവുമായി ജയലളിത വൻ വിജയം നേടി. 2001-ൽ നാടകീയമായ ഒരു നീക്കത്തിൽ കരുണാനിധിയെ അർധരാത്രി അറസ്റ്റ് ചെയ്യുക പോലുമുണ്ടായി അവർ.

അടിയന്തരാവസ്ഥക്കാലം

1970-കള്‍ ദ്രാവിഡ നേതാവിന്റെ ഉയർച്ചതാഴ്ച്ചകൾ കണ്ടു. 1977-ൽ അധികാരം നഷ്ടപ്പെട്ടെങ്കിലും 1975-ൽ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിർത്തതിലൂടെ ദേശീയ നേതാക്കളുടെ ആദരവ് നേടി.

ഇന്ദിരാഗാന്ധിക്കെതിരെ തമിഴ്നാട്ടിൽ മുഴുവൻ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. Maintenance of Internal Security Act പ്രകാരം മകൻ സ്റ്റാലിൻ അറസ്റ്റിലായി. തന്റെ രാഷ്ട്രീയ നിസ്വാർത്ഥതയുടെ തെളിവായി കരുണാനിധി ഇതുയർത്തിക്കാട്ടി.

ഇന്ദിരാഗാന്ധി വെറുതെയിരുന്നില്ല. 1976 ജനുവരി 31-ന് ഡിഎംകെ സർക്കാരിനെ പിരിച്ചുവിട്ടു. കരുണാനിധിയുടെ മരുമകൻ മുരസോലി മാരനുമായി ബന്ധമുള്ള സത്യനാരായണ കമ്പനിക്ക് വീരണം ജലവിതരണ പദ്ധതി കരാർ നൽകി അഴിമതി നടത്തി എന്നായിരുന്നു ആരോപണം. കരുണാനിധി ഭാഗികമായി കുറ്റക്കാരനാണെന്നു ജസ്റ്റിസ് ആർ എസ് സർക്കാരിയാ കമ്മീഷൻ കണ്ടെത്തിയെങ്കിലും ഒരിക്കലും കുറ്റവിചാരണ നടപടികൾ ഉണ്ടായില്ല. നാല് വർഷങ്ങൾക്കു ശേഷം 1980-ൽ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ സഖ്യത്തിലായി. സഖ്യം തെരഞ്ഞെടുപ്പ് തൂത്തുവാരി.

സാമൂഹ്യ പരിഷ്ക്കർത്താവായ രാഷ്ട്രീയക്കാരൻ

അടിയന്തരാവസ്ഥക്ക് മുമ്പ് കരുണാനിധി നിരവധി സാമൂഹ്യപരിഷ്ക്കരണ നടപടികൾ കൈക്കൊണ്ടിരുന്നു. കുടികിടപ്പ് നിയമത്തിലെ ഭേദഗതികളും അബ്രാഹ്മണർക്കും പൂജാരിയാകാം എന്ന ഉത്തരവുമൊക്കെ ഇങ്ങനെയുള്ളതാണ്. 2006-2011-ൽ കൊണ്ടുവന്ന മെഡിക്കൽ ഇന്‍ഷുറൻസ് പിന്നീട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി ഒരു ക്ഷേമ ബോർഡ് തുടങ്ങി. സർവകലാശാല അപേക്ഷകളില്‍ അവര്‍ക്കായി വേറെ കള്ളി നൽകി. സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തുന്നതിനും 1972-ൽ അദ്ദേഹം കാരണമായി. അതുവരെ ഗവര്‍ണര്‍മാരായിരുന്നു അത് ചെയ്തിരുന്നത്. ദ്രാവിഡ മൂല്യങ്ങളുടെ സംരക്ഷകനായിട്ടാണ് കരുണാനിധി തന്നെ അവതരിപ്പിച്ചത്. നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ അവസരവാദ രാഷ്ട്രീയം കളിച്ചിട്ടുണ്ട് എന്നത് മറ്റൊരു വിഷയമാണെങ്കിലും.

അവസരവാദ സഖ്യങ്ങളുടെ പ്രയോക്താവ്

ബ്രാഹ്മണ ജാതി വ്യവസ്ഥയുടെ ആധിപത്യത്തിനെതിരായ പോരാട്ടം ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെങ്കിലും കരുണാനിധി ജാതിയെ വളരെ തന്ത്രപൂർവം ഉപയോഗിച്ചു. പാര്‍ട്ടി ജാതി വിരുദ്ധമാണെങ്കിലും ഡിഎംകെയുടെ ജില്ല സെക്രട്ടറിമാരുടെ നിയമനം അങ്ങനെയല്ലായിരുന്നു. ഇത് ഒബിസി വിഭാഗങ്ങളുടെ വളർച്ച ഉണ്ടാക്കിയെങ്കിലും ദളിതരെ ഉൾക്കൊണ്ടില്ല. 1990-കളിൽ ദ്രാവിഡ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന വലിയ ദളിത മുന്നേറ്റങ്ങൾ ഉണ്ടായി. തോല്‍ തിരുമാവളവനും കെ കൃഷ്ണസ്വാമിയുമൊക്കെ ദ്രാവിഡ രാഷ്ട്രീയത്തെ എതിര്‍ത്ത് മുന്നോട്ടു വന്നു. ഇതിന്റെ പഴി കരുണാനിധിക്കും കൂടി ഉള്ളതായിരുന്നു. 1990-കളിൽ വിവിധ ജാതി നേതാക്കളുടെ ആവശ്യമാനുരിച്ച്, ട്രാൻസ്‌പോർട്ട്  ബസുകളുടെ പേര് മാറ്റിയ നടപടി തെക്കൻ തമിഴ്നാട്ടില്‍ നാട്ടിൽ വലിയ കലാപങ്ങളുണ്ടാക്കി. ദളിത നേതാക്കളുടെ പേരുള്ള ബസുകൾ ഒ ബി സി വിഭാഗങ്ങൾ ആക്രമിച്ചു. ഒടുവിൽ ആ ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു.

പ്രത്യയശാസ്ത്ര ഒത്തുതീർപ്പുകളുടെ നേതാവ്

ഏറ്റവും വലിയ പ്രത്യയശാസ്ത്ര ഒത്തുതീർപ്പ് 1999-ലായിരുന്നു. ജയലളിതയുടെ എഐഎഡിഎംകെ വാജ്പേയി സർക്കാരിനെ അട്ടിമറിച്ചപ്പോൾ കരുണാനിധി ഡൽഹിയിലെ അധികാരത്തിനുള്ള അവസരം കണ്ടു. ഡിഎംകെ, എൻ ഡി എയിൽ ചേർന്നു. ഹിന്ദുത്വ രാഷ്ട്രീയക്കാരായ ബിജെപി, ദ്രാവിഡ രാഷ്ട്രീയം എതിർക്കുന്ന എല്ലാത്തിന്റെയും പ്രതിരൂപമായിരുന്നു. ബ്രാഹ്മണരും ദൈവവിശ്വാസികളും ആധിപത്യം പുലർത്തുന്ന കക്ഷി. ഇതെല്ലാമായിട്ടും തെരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചു. ഡിഎംകെ സർക്കാരിൽ ചേർന്നു മരുമകൻ മാരൻ മന്ത്രിയായി. 2002-ലെ ഗുജറാത്ത് കലാപം കഴിഞ്ഞും സഖ്യം തുടർന്നു.

2004-ൽ Prevention of Terrorism Act പിൻവലിക്കാനുള്ള സർക്കാരിന്റെ വിസമ്മതത്തിൽ പ്രതിഷേധിച്ച് കരുണാനിധി എൻ ഡി ഇ വിട്ടു. കോൺഗ്രസ് സഖ്യത്തിൽ ചേർന്ന ഡിഎംകെ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളും തൂത്തുവാരി. അടുത്ത 9 വര്‍ഷം സഖ്യത്തിലെ നിര്‍ണായകശക്തിയായി മാറി കരുണാനിധി.

ലങ്കൻ തമിഴരും രാഷ്ട്രീയ പ്രതിസന്ധിയും

കരുണാനിധിയുടെ ഏറ്റവും മോശം കാലം 2009-ലാണ് വന്നത്. എൽടിടിഇക്കെതിരായ ശ്രീലങ്കൻ സേനയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു. ഉടനെ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് കരുണാനിധി ഏപ്രിൽ 27-നു ചെന്നൈയിലെ മറീന കടപ്പുറത്ത് നാടകീയമായ നീക്കത്തിൽ നിരാഹാരം തുടങ്ങി. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ ഒരുനേരത്തെ ഭക്ഷണം പോലും ഉപേക്ഷിക്കാന്‍ ഇടനല്‍കാതെ, കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, സംഘർഷം ഉടനെ അവസാനിക്കുമെന്ന് ഉറപ്പു നല്‍കിയെന്നു പറഞ്ഞു സമരം പിൻവലിച്ചു. എന്നാൽ ശ്രീലങ്കൻ സർക്കാർ അതിനൊന്നും തയ്യാറായിരുന്നില്ല. ദിവസങ്ങൾക്കുശേഷം വടക്കൻ ശ്രീലങ്കയിലെ മുള്ളിവയ്ക്കലിൽ ആയിരക്കണക്കിന് തമിഴർ കൊല്ലപ്പെട്ടു. അടുത്ത മാസം നടക്കാനിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു തട്ടിപ്പായിരുന്നു കരുണാനിധിയുടെ നിരാഹാരമെന്നു പ്രതിപക്ഷം ആരോപിച്ചു.

കുടുംബസമ്മർദ്ദങ്ങളിൽ ഉലഞ്ഞ രാഷ്ട്രീയക്കാരൻ

രാഷ്ട്രീയ എതിരാളികളെ മിക്കപ്പോഴും പിന്നിലാക്കിയെങ്കിലും കുടുംബത്തിലെ അന്തഃഛിദ്രം കരുണാനിധിക്ക് നിയന്ത്രിക്കാനായില്ല. 1996-ൽ സ്റ്റാലിനെ ചെന്നൈ മേയറാക്കിയതോടെ കുഴപ്പങ്ങൾ തുടങ്ങി.

കരുണാനിധി മൂന്നു വിവാഹം കഴിച്ചു. ആദ്യ ഭാര്യ പദ്മാവതി ചെറുപ്പത്തിലേ മരിച്ചു. അതിലൊരു മകൻ എം കെ മുത്തു. രണ്ടാം ഭാര്യ ദയാലു അമ്മാളിൽ നാല് മകൾ; എം കെ തമിളരസു, എം കെ അളഗിരി, എം കെ സ്റ്റാലിൻ, സെൽവി. “എന്റെ മകളുടെ ‘അമ്മ” എന്നു സുധീരം നിയമസഭയിൽ വിശേഷിപ്പിച്ച രാജാത്തി അമ്മാളിൽ മകൾ കനിമൊഴി. മരുമകൻ മുരസോലി മാരൻ പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു. മാരന്റെ മൂത്ത മകൻ കലൈനിധി സൺ ശൃംഖലയുടെ ഉടമയാണ്. ഇളയ മകൻ ദയാനിധി യു പിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു.

എന്തൊക്കെയായാലും 1969 മുതൽ ഡി എം കെയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു കരുണാനിധി. ജയലളിതയുമായി താരതമ്യം ചെയ്‌താൽ ചർച്ചകൾക്ക് കൂടുതൽ സാധ്യതയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഫെഡറലിസത്തിന്റെ ഉറച്ച വക്താവായ അദ്ദേഹം കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് മേൽ തീരുമാനങ്ങൾ അടി ച്ചേൽപ്പിക്കുന്നതിനെ എതിർത്തു. ബഹുജന നേതാവായ അദേഹത്തിന്റെ മുഖമുദ്ര ക്ഷമയും നിശ്ചയദാർഢ്യവുമായിരുന്നു. സൗജന്യങ്ങളുടെ സംസ്കാരം കൊണ്ടുവന്നത് ജയലളിതയാണ് എന്നാണു പറയുകയെങ്കിൽ 2006-ൽ പാവപ്പെട്ടവർക്ക് സൗജന്യ ടെലിവിഷനുകളുമായി കരുണാനിധിയാണ് അതാദ്യം തുടങ്ങിയത്. തമിഴ്നാടിന്റെ മികച്ച ധനകാര്യ സ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കുന്നതിൽ ഏതാണ്ട് മൂന്നു ദശാബ്ദക്കാലങ്ങളിലായുള്ള അദ്ദേഹത്തിന്റെ ഭരണത്തിന് വലിയ പങ്കുണ്ട്.

പക്ഷെ ദ്രാവിഡ രാഷ്ട്രീയത്തിന് അതിന്റെ തിളക്കം നഷ്ടപ്പെടാനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളിലേക്കു വീഴാനും കരുണാനിധിയും പങ്കുവഹിച്ചു. 2014-ൽ തന്റെ കക്ഷിക്ക്‌ മേലുള്ള ഹിന്ദു വിരുദ്ധ പ്രതിഛായ മാറ്റാൻ വൈഷ്ണവ സന്യാസി രാമാനുജനെക്കുറിച്ചുള്ള ടെലിവിഷൻ പരമ്പരയ്ക്കു തിരക്കഥയെഴുതി കരുണാനിധി. തന്റെ കക്ഷി ഹിന്ദു മതമൗലികവാദികൾക്കെതിരാണ്, ഹിന്ദുക്കൾക്ക് എതിരല്ല എന്നാണു അദ്ദേഹം ന്യായീകരിച്ചത്.

കരുണാനിധിയുടെ മരണശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ബദൽ ആഖ്യാനങ്ങൾ ഉണ്ടാക്കുന്നതിൽ ദ്രാവിഡ രാഷ്ട്രീയം എത്രമാത്രം സജീവമായ പങ്കുവഹിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ചരിത്രം കരുണാനിധിയെ വിലയിരുത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍