Top

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍
ബോംബെ സിബിഐ കോടതിയിലെ പ്രത്യേക ജഡ്ജി ബ്രിജ് ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങളും ആരോപണങ്ങളും കാരവന്‍ മാഗസിന്‍ പുറത്തുവിട്ടതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ വീണ്ടും സംശയത്തിന്റെ വിരല്‍ ചൂണ്ടപ്പെടുകയാണ്. സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണം (2014 ഡിസംബര്‍) അസ്വാഭാവികമാണെന്നും അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും അടക്കമുള്ള വിവാദ വെളിപ്പെടുത്തലുകളാണ് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയത്. കാരവാന്‍ മാഗസിന് വേണ്ടിയുള്ള നിരഞ്ജന്‍ താക്ലെയുടെ റിപ്പോര്‍ട്ട് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് എന്ന് ദ ക്വിന്റ് (www.thequint.com) പറയുന്നു. 13 ചോദ്യങ്ങളാണ് ക്വിന്റ് മുന്നോട്ടുവയ്ക്കുന്നത്.

1. സൊറാബുദീന്‍ കേസില്‍ ആദ്യം വാദം കേട്ട ജസ്റ്റിസ് എടി ഉത്പത് എന്തുകൊണ്ട് സ്ഥലംമാറ്റം ചെയ്യപ്പെട്ടു. ഒരേ ജഡ്ജി തന്നെ വാദം കേള്‍ക്കണമെന്ന് 2012ല്‍ സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കെ ആയിരുന്നു ഇത്?

2. അനുകൂല വിധിക്കായി ജസ്റ്റിസ് ലോയയ്ക്ക് ലഭിച്ച വാഗ്ദാനം സംബന്ധിച്ച് ജസ്റ്റിസ് മോഹിത് ഷായ്‌ക്കോ അമിത് ഷായ്‌ക്കോ അറിവുണ്ടായിരുന്നോ?

3. 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ലോയയുടെ സഹോദരി അനുരാധ ബിയാനിയുടെ ആരോപണം മോഹിത് ഷാ നിഷേധിച്ചിട്ടുണ്ടോ? (നിരഞ്ജന്‍ താക്ലെക്ക് ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും മോഹിത് ഷായില്‍ നിന്ന് ലഭിച്ചിട്ടില്ല.)


4. മരണദിവസം രാത്രി ജസ്റ്റിസ് ലോയയെ ദാണ്ഡെ ആശുപത്രിയിലെത്തിക്കാന്‍ സൗകര്യമൊരുക്കിയതാര്? എന്തുകൊണ്ട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ വാഹനത്തിലോ ആംബുലന്‍സിലോ ലോയയെ കൊണ്ടുപോയില്ല?

5. ദാണ്ഡെ ഹോസ്പിറ്റലിലെ മെഡിട്രിന ഹോസ്പിറ്റലിലേയോ ചികിത്സാരേഖകള്‍ ലഭ്യമാണോ പ്രത്യേകിച്ച് മരുന്നുകളുടെ വിവരങ്ങള്‍ ആരാണ് ആ സമയത്ത് ലോയയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

http://www.azhimukham.com/india-amitshah-cases-criminalcases-sofar/

6. മെഡിട്രിന ഹോസ്പിറ്റലിലെ രേഖകള്‍ പ്രകാരം ലോയയുടെ മരണം സമയം ഏതാണ്? എപ്പോഴാണ് കുടുംബത്തെ മരണവിവരം അറിയിച്ചത്? ഡിസംബര്‍ ഒന്നിന് രാവിലെ 6.15നാണോ പുലര്‍ച്ചെ അഞ്ച് മണിക്ക് മുമ്പാണോ അതോ നവംബര്‍ 30ന് രാത്രിയാണോ മരണം സംഭവിച്ചത്? (പുലര്‍ച്ചെ അഞ്ച് മണിക്ക് ഫോണ്‍ കോള്‍ വന്നെന്നാണ് ലോയയുടെ കുടുംബം അറിയിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയം 6.15 എന്നാണ് കൊടുത്തിരിക്കുന്നത്. പലരും താക്ലെയോട് പറഞ്ഞിരിക്കുന്നത് ലോയ അര്‍ദ്ധരാത്രിക്ക് മുമ്പ് തന്നെ മരിച്ചിരുന്നു എ്ന്നാണ്)


7. ഭേദപ്പെട്ട ആരോഗ്യനിലയുള്ളതും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്ത ഇല്ലാത്തതുമായ ഒരാള്‍ കൊറോണറി ആര്‍ട്ടറി തകരാറ് മൂലം പെട്ടെന്ന് മരിച്ചുപോകാന്‍ എത്രത്തോളം സാധ്യതയുണ്ട്. (ജസ്റ്റിസ് ലോയയുടെ സഹോദരി ഡോക്്ടറാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് അവര്‍ പറയുന്നു)

8. സംശയകരമായ മരണം എന്ന നിലയ്ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നിരിക്കെ എങ്ങനെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് എന്തുകൊണ്ട് ലോയയുടെ ബന്ധുക്കളെ അറിയിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആര് എവിടെ വച്ച് രേഖപ്പെടുത്തി?
9. ലോയയുടെ കസിന്‍ എന്ന നിലയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചതാര്. ലോയയുടെ ബന്ധുക്കളാരും ആ സമയത്ത് നാഗ്പൂരിലുണ്ടായിരുന്നില്ല. ഇതിനൊപ്പം ഒപ്പ് വച്ചിരിക്കുന്ന സര്‍ദാര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇതാരാണ് എന്ന് അന്വേഷിച്ച് ബോദ്ധ്യപ്പെട്ടിരുന്നോ?

10. ഈശ്വര്‍ ബഹേതിക്ക് ജസ്റ്റിസ് ലോയയുമായി എന്ത് ബന്ധം കുടുംബവുമായി ബന്ധപ്പെടാനും സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍കൈ എടുക്കാനും എന്ത് ബന്ധമാണ് ഈശ്വറിനുള്ളത്. പൊലീസല്ല ലോയയുടെ ഫോണ്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്. ബഹേതിയാണ്. ഇത് എങ്ങനെ സംഭവിച്ചു. ഫോണ്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ ബഹേതിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടോ?


http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

11. രക്തക്കറയുണ്ടായിരുന്നു എന്ന് പറയുന്ന ലോയയുടെ ഷര്‍ട്ട് ഇപ്പോളും കുടുംബാംഗങ്ങളുടെ പക്കലുണ്ടോ. ഇത്തരത്തില്‍ യാതൊരു കറകളുമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

12. ലോയയ്ക്ക് ശേഷം വന്ന ജഡ്ജി, അമിത് ഷായ്‌ക്കെതിരായ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സിബിഐക്ക് വെറും 15 മിനുട്ട് മാത്രമാണ് നല്‍കിയത് എന്നത് വസ്തുതയാണോ. അമിത് ഷായുടെ അഭിഭാഷകര്‍ക്ക് വാദങ്ങള്‍ അവതരിപ്പിക്കാന്‍ മൂന്ന് ദിവസമാണ് ജസ്റ്റിസ് ഗോസാവി നല്‍കിയത്.


13. 2014 ഡിസംബര്‍ 30 ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ തീരുമാനം സംബന്ധിച്ച പ്രഖ്യാപനം എവിടെ നിന്ന് വന്നു. ധോണിയോ ബിസിസിഐയോ ഇത്തരത്തലൊരു തീരുമാനം അപ്പോള്‍ എടുത്തിരുന്നോ, അതേ സമയം മറ്റേതെങ്കിലും കോണില്‍ നിന്ന് ഇത്തരമൊരു നിര്‍ദ്ദേശം വന്നിട്ടുണ്ടോ? ഇതൊരു പുകമറ ആയിരുന്നോ?  (ഡിസംബര്‍ 30ന് മുമ്പ് വിധി പ്രസ്താവിക്കുകയാണെങ്കില്‍ മറ്റൊരു വാര്‍ത്ത ഈ വിധിയെ ശ്രദ്ധിക്കപ്പെടാതാക്കുമെന്ന് തരത്തിലുള്ള വിവരം ലോയയ്ക്ക് ലഭിച്ചിരുന്നതായി സഹോദരി പറയുന്നു.)

വായനയ്ക്ക്:
https://www.thequint.com/voices/opinion/13-questions-caravan-investigation-justice-loya-amit-shah

Next Story

Related Stories