UPDATES

കർണാടക സ്പീക്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്സും ജെഡിഎസ്സും; ഉത്തരവ് കൈയിൽ കിട്ടിയാൽ വിമതർ സുപ്രീംകോടതിയിലേക്ക്

സ്പീക്കറുടേത് ചരിത്രപരമായ തീരുമാനമാണെന്ന് കെപിസിസി പ്രസിഡണ്ട് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

കർണാടകത്തിൽ 14 വിമത എംഎൽഎമാരെക്കൂടി അയോഗ്യരാക്കാനുള്ള സ്പീക്കർ കെആർ രമേഷ് കുമാറിന്റെ തീരുമാനത്തെ കോൺഗ്രസ്സും ജെഡിഎസ്സും സ്വാഗതം ചെയ്തു. സ്പീക്കറുടേത് സത്യസന്ധമായ തീരുമാനമാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ബിജെപിയുടെ കെണിയിൽ കുടുങ്ങാനിടയുള്ള രാജ്യത്തെ എല്ലാവർക്കുമുള്ള താക്കീതാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കറുടേത് ചരിത്രപരമായ തീരുമാനമാണെന്ന് കെപിസിസി പ്രസിഡണ്ട് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിനെ ഉയർത്തിപ്പിടിക്കുകയാണ് ഈ തീരുമാനത്തിലൂടെ സ്പീക്കർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്ന ഓരോരുത്തർക്കും സ്പീക്കർ തന്റെ തീരുമാനത്തിലൂടെ ശക്തമായ സന്ദേശം നൽകിയതായി ജെഡിഎസ്സിന്റെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു.

ജൂലൈ 25ന് മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. രമേഷ് ജാർക്കിഹോളി, മഹേഷ് കൂമത്തഹള്ളി, ആർ ശങ്കർ എന്നിവരാണ് അന്ന് അയോഗ്യരാക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് ബാക്കിയുള്ളവരെക്കൂടി അയോഗ്യരാക്കിയുള്ള സ്പീക്കറുടെ നീക്കം.

ഇനി ഈ എംഎൽഎമാർക്കു മുമ്പിലുള്ള വഴി കോടതിയെ സമീപിക്കലാണ്. ആദ്യത്തെ മൂന്ന് എംഎൽഎമാർ ഇതിനകം തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ സ്പീക്കറുടെ ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പികൾ കിട്ടാൻ കാത്തിരിക്കുകയാണ്. കിട്ടിയാലുടനെ സുപ്രീംകോടതിയെ സമീപിക്കും. മൊത്തം 17 പേരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഇനി സുപ്രീം കോടതി അസാധുാവാക്കിയാല്‍ മാത്രമാണ് ഈ നിയമസഭാ കാലത്ത് അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളത്.

സ്പീക്കർ സ്വാഭാവികനീതി നിഷേധിച്ചെന്നാണ് കോടതിയെ സമീപിച്ച മൂന്ന് എംഎൽഎമാർ വാദിക്കുന്നത്. മൂന്ന് ദിവസത്തെ നോട്ടീസിലാണ് അയോഗ്യത കൽപ്പിച്ചതെന്നാണ് ആരോപണം.

മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസ വോട്ട് തേടുന്നതിന് ഒരു ദിവസം മുമ്പാണ് സ്പീക്കര്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ക്ക് ഇനി നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യതയുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രമാണ് മത്സരിക്കാന്‍ കഴിയുക. ഇതോടെ സര്‍ക്കാരിനെ മറിച്ചിട്ടുവെന്നല്ലാതെ അതിന്റെ ഗുണം മന്ത്രിസ്ഥാനമായും മറ്റും അനുഭവിക്കാനുള്ള യോഗം ഈ വിമത എംഎല്‍എമാര്‍ക്കുണ്ടാകില്ല. എംഎല്‍എ സ്ഥാനവും പോയി, മന്ത്രിസ്ഥാനം കിട്ടിയതുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ എംഎല്‍എമാര്‍.

നാളെ വിശ്വാസ വോട്ട് നേടുകയാണെങ്കില്‍ ബിഎസ് യെദിയൂരപ്പയ്ക്ക് ഇത് ഒരു കണക്കിന് ആശാസമാകും. കാരണം ഈ വിമതരില്‍ ആരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തലപുകയ്‌ക്കേണ്ട കാര്യമില്ല. തന്നെ പിന്തുണയക്കുന്ന സ്വതന്ത്രരെ ഉള്‍പ്പെടുത്തി ഭരണം തുടരാന്‍ യെദിയൂരപ്പയ്ക്ക് സാധിക്കേണ്ടതാണ്. മറ്റ് അത്ഭുതങ്ങളും കൂറുമാറ്റവും നടക്കുന്നതുവരെ.

Also Read: കര്‍ണാടകത്തില്‍ പെട്ടത് വിമതന്മാര്‍; മന്ത്രിസ്ഥാനവുമില്ല, നിയമസഭാഗത്വവും പോയി, ഇനി പ്രതീക്ഷ സുപ്രീം കോടതിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍