TopTop

വനിതാ ദിനം വിഷയമാക്കി മോദിയും രാഹുലും; എസ്‌പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയെത്തി; ബിജെപി പാർലമെന്ററി ബോർഡ് യോഗം: ഇന്നത്തെ തെരഞ്ഞെടുപ്പ് കാഴ്ചകൾ

വനിതാ ദിനം വിഷയമാക്കി മോദിയും രാഹുലും; എസ്‌പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയെത്തി; ബിജെപി പാർലമെന്ററി ബോർഡ് യോഗം: ഇന്നത്തെ തെരഞ്ഞെടുപ്പ് കാഴ്ചകൾ
ഇന്നത്തെ തെരഞ്ഞെടുപ്പു ചർച്ചകളിലും പ്രചാരണങ്ങളിലും 'വനിതാ ദിന'മാണ് നിറഞ്ഞു നിന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ്സ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയും തങ്ങളുടെ പ്രചാരണങ്ങളിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തേ സ്ത്രീകളുടെ പ്രശ്നങ്ങൾ കാര്യമായി ഉന്നയിക്കാൻ ശ്രമിച്ചിരുന്നതാണ്. എന്നാൽ അന്നത്തെ സാഹചര്യങ്ങൾ അത്തരം പരിഷ്കൃതമായ തെരഞ്ഞെടുപ്പ് അജണ്ടകൾക്ക് പാകമായിരുന്നില്ല. കൂടാതെ 'പപ്പുമോൻ' എന്നു തുടങ്ങിയ കളിയാക്കലുകളിലും മറ്റും രാജ്യം വീണു കിടക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത നരേന്ദ്ര മോദി പോലും സ്ത്രീകളുടെ സുരക്ഷിതത്വും ശാക്തീകരണവുമൊക്കെ തെരഞ്ഞെടുപ്പു വേദികളിൽ സംസാരിച്ചു തുടങ്ങിയെന്നതാണ്. അന്തർദ്ദേശീയ വനിതാദിനത്തിൽ തന്റെ മണ്ഡലമായ വാരാണസിയിലാണ് മോദി ചെലവിട്ടത്. ഇവിടെ സംഘടിപ്പിക്കപ്പെട്ട 'നാഷണൽ വിമൻ ലിവ്‌ലിഹുഡ് മീറ്റ് - 2019'ൽ മോദി സംസാരിച്ചു. ഉത്തര്‍പ്രദേശ് സർക്കാരിന്റെ സ്വയംതൊഴിൽ പദ്ധതികളിലൂടെ സ്വയംസഹായ സംഘങ്ങൾ നിർമിച്ച ഉൽപന്നങ്ങൾ മീറ്റിൽ പ്രദർശനത്തിന് വെച്ചിരുന്നു. ദീൻദയാൽ അന്തോദ്യാ യോജന പ്രകാരമാണ് ഈ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നത്. തന്റെ 'ന്യൂ ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടാകണമെന്ന് മോദി പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. ആകെ 15 കോടി മുദ്രാ ലോണുകളിൽ 11 കോടി ലോണുകളും സ്ത്രീകൾക്കാണ് നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്ത്രീ സംവരണം ബിൽ പാസ്സാക്കുമെന്ന് രാഹുൽ

വനിതാദിനത്തിൽ സ്ത്രീ സംവരണ ബിൽ പാസ്സാക്കുമെന്ന വാഗ്ദാനമാണ് കോൺഗ്രസ്സ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നൽകാനുണ്ടായിരുന്നത്. ഒഡീഷയിലെ ജേപോരിൽ സ്ത്രീകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അസംബ്ലികളിലും പാർലമെന്റിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുമെന്നും രാഹുൽ പറഞ്ഞു.

സ്ത്രീ സംവരണ ബിൽ പാസ്സാക്കാതിരുന്ന നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സ് കഴിഞ്ഞദിവസം രാത്രിയിൽ ട്വീറ്റ് ചെയ്യുകയുമുണ്ടായി. പ്രധാനമന്ത്രിക്ക് ഈ വിഷയത്തിൽ 2018 ജൂലൈ മാസത്തിൽ തങ്ങൾ കത്തയച്ചതിന്റെ പകർപ്പും കൂടെ വെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ് കത്തയച്ചത്. ഇവയിൽ ബിൽ പാസ്സാക്കുകയാണെങ്കിൽ നിരുപാധികമായ പിന്തുണ പ്രതിപക്ഷം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതൊന്നും പക്ഷെ പ്രധാനമന്ത്രിയുടെ ബില്ലിനെതിരായ നിലപാടിനെ ഇളക്കുകയുണ്ടായില്ല.

ഒഡീഷ ഇന്നും ദരിദ്രമായ സംസ്ഥാനമായി നിലകൊള്ളുന്നത് സമ്പത്തിന്റെ വിതരണത്തിലുള്ള അസമത്വം കൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പരിഹരിക്കാനായി കൂടുതല്‍ പദ്ധതികൾക്കായി സംസ്ഥാനത്ത് സാമ്പത്തിക ഒഴുക്ക് കൂട്ടും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.വാരാണസിയിൽ ക്ഷേത്രപ്രശ്നം

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനെതിരെ 'ശത്രു'ക്കളുടെ ആക്രമണോദ്ദേശ്യമുണ്ടായിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. കേന്ദ്രത്തിൽ ശക്തമായ ഒരു ഭരണമുണ്ടായിരുന്നതു കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഭരണമുണ്ടായതു കൊണ്ട് ക്ഷേത്രം ഇപ്പോഴും ഭക്തർക്ക് കരുത്ത് പകരുന്നുവെന്ന് മോദി വിശദീകരിച്ചു.

ഇലക്ഷൻ കമ്മീഷനുമായി ബിജെപി പ്രതിനിധികളുടെ കൂടിക്കാഴ്ച


ഇന്ന് രാവിലെ 11.30ന് ഇലക്ഷൻ കമ്മീഷണറുമായി ബിജെപി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ബിജെപി ആന്ധ്ര പ്രസിഡണ്ട് ലക്ഷ്മി നാരായണ, ദേശീയ വക്താവ് ജിവിഎൽ നരസിംഹ റാവു, വി മുരളീധരൻ എന്നിവരാണ് ഇലക്ഷൻ കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയത്.

'സമാജ്‌വാദി പാർട്ടി സർക്കാർ വാരാണസിയിലെ വികസനം തടഞ്ഞു'

തന്റെ ഭരണകാലത്ത് വാരാണസിയിൽ വിചാരിച്ചത്ര വികസനം കൊണ്ടു വരാൻ കഴിയാതിരുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. മുൻ സമാജ്‌വാദി പാർട്ടി സർക്കാർ കാരണമാണ് തനിക്ക് വാരാണസി നഗരത്തിന്റെ സൗന്ദര്യവല്ക്കരണ പരിപാടി നടപ്പാക്കാനാകാഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. കാൺപൂരിൽ മോദി നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു.

ഗുജറാത്തിൽ മറ്റൊരു കോൺഗ്രസ്സ് എംഎൽഎ കൂടി പാർട്ടി വിട്ടു

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ജവഹർ ചൗദ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇതോടെ അസംബ്ലിയിൽ ബിജെപിയുടെ അംഗസംഖ്യ 73 ആയി ഉയർന്നു. ഫെബ്രുവരി മൂന്നിന് ബിജെപി എംഎൽഎ ആശ പട്ടേൽ ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ മറ്റൊരു എംഎൽഎയും ഇങ്ങനെ കൂറുമാറിയിരുന്നു.

സമാജ്‌വാദി പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് സമാജ്‌വാദി പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നു. പാർട്ടിയുടെ മുതിർന്ന നേതാവ് മുലായം സിങ് യാദവ് മെയിന്‍പൂരി മണ്ഡലത്തിൽ മത്സരിക്കും. 2014ൽ മെയിൽപൂരിയിലും അസംഗഢിലും മത്സരിച്ചിരുന്നു ഇദ്ദേഹം. ബിഎസ്പിയും എസ്പിയും സഖ്യം ചേർന്നാണ് സംസ്ഥാനത്ത് ഇത്തവണ മത്സരിക്കുന്നത്. 30 സീറ്റുകളിൽ ബിഎസ്പിയും 37 സീറ്റുകളിൽ എസ്പിയും മത്സരിക്കും.

ബിജെപി സ്ഥാനാർത്ഥി നിർണയം: മോദിയും ഷായും ഇന്ന് പാർലമെന്ററി ബോർഡ് യോഗത്തിൽ

ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും. ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ ഈ യോഗത്തിന്റെ തീരുമാനങ്ങൾ നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയാധ്യക്ഷൻ അമിത് ഷായും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിയിലെ ബിജെപി ഓഫീസിലാണ് യോഗം. താന്താങ്ങളുടെ മണ്ഡലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പട്ടിക നൽകാൻ കേന്ദ്ര നേതൃത്വം സിറ്റിങ് എംപിമാരോടും എംഎൽഎമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മണ്ഡലങ്ങളിൽ വിജയകരമായ അഞ്ച് കേന്ദ്ര പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാനും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശ് സർക്കാർ മധ്യവർത്തികളുടെ സർക്കാർ

മധ്യപ്രദേശ് സർക്കാർ മധ്യവർത്തികൾക്കായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ആരോപിച്ചു. ആഡംബരത്തിൽ മുഴുകിക്കഴിയുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ്സ് നേതാക്കൾ. അവർ കർഷകരെ ശ്രദ്ധിക്കുന്നില്ലെന്നും ഷാ ആരോപിച്ചു. ഒരു തെരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പാർട്ടികള്‍ തെരഞ്ഞെടുപ്പുകാലത്ത് മാത്രമേ പാർട്ടി പ്രവര്‍ത്തകരെ പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Next Story

Related Stories