UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണൽ: 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു; നാളെ വാദം കേൾക്കും

വോട്ടെണ്ണുമ്പോൾ ആകെ വോട്ടിങ് മെഷീനുകളിൽ പകുതിയിലും വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ആഴ്ചകൾ മാത്രം അവശേഷിക്കെ രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് മെഷീൻ സംബന്ധിച്ച പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചു. മെഷീനുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തണമെന്നാണ് പാർട്ടികളുടെ ആവശ്യം. വോട്ടെണ്ണുമ്പോൾ ആകെ വോട്ടിങ് മെഷീനുകളിൽ പകുതിയിലും വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പ്രതിപക്ഷ പാർട്ടികളുടെ ഹരജി നാളെ (14-03-2019) സുപ്രീംകോടതി പരിഗണിക്കും. നിലവിൽ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ പോളിങ് ബൂത്തിൽ എന്ന നിലയിലാണ് എണ്ണുക. ഇത് പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യപ്പെടുന്നതു സംബന്ധിച്ച് ശക്തമായ വാദങ്ങൾ നിലവിലുള്ളതും ഹരജിക്കാർ കോടതിയെ ബോധിപ്പിക്കും.

കോൺഗ്രസ്സ്, തെലുഗുദേശം പാർട്ടി, എൻസിപി, ആംആദ്മി, ഇടതു പാർട്ടികൾഡ, സമാജ്‌വാദി പാർട്ടി, ഡിഎംകെ, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളാണ് ഹരജിക്കാർ. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടിയ അവിശ്വസനീയമായ വിജയം ഏറെ സംശയങ്ങൾക്കിടയാക്കിയിരുന്നു. ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം അന്ന് മായാവതി ഉന്നയിക്കുകയും ചെയ്തു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ 50% വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഫെബ്രുവരിയിൽ ചേർന്ന 21 പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ചന്ദ്രയബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. നായിഡുവാണ് ഇന്നത്തെ ഹരജിയിലെ പ്രധാന കക്ഷിയും.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നോ കൃത്രിമം നടന്നിരുന്നെന്നോ സമ്മതിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍