TopTop
Begin typing your search above and press return to search.

എനിക്കൊരു മകളുണ്ടായതാണോ, അതോ അവളെ പഠിപ്പിക്കാന്‍ ആഗ്രഹിച്ചതാണോ ഞാന്‍ ചെയ്ത കുറ്റം? ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുത്

എനിക്കൊരു മകളുണ്ടായതാണോ, അതോ അവളെ പഠിപ്പിക്കാന്‍ ആഗ്രഹിച്ചതാണോ ഞാന്‍ ചെയ്ത കുറ്റം? ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുത്

ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുന്നത് ഇന്ത്യയില്‍ ഒരു ക്രിമിനല്‍ കുറ്റമാണ്. എനിക്ക് പറ്റിയ വലിയ അബദ്ധമാണ് ഞാനൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അതോ അവളെ പഠിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നോ എന്റെ അബദ്ധം?

ബയിദ് കൗര്‍ എന്ന അമ്മയുടെ വാക്കുകളാണിത്.സ്വന്തം മകള്‍ക്കുണ്ടായ ദുരനുഭവമാണ് ഈ അമ്മയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

ഹരിയാനയിലെ സോനിപത്തിലാണ് മഹേന്ദ്ര സിംഗും ഭാര്യ ബയിദ് കൗറും ജീവിക്കുന്നത്. രണ്ടു മക്കളാണിവര്‍ക്ക്. മൂത്തത് 22 കാരിയായ പെണ്‍കുട്ടി. അവള്‍ക്കു താഴെ 20-കാരനായ മകന്‍. മഹേന്ദ്രസിംഗ് കൂലിപ്പണിക്കാരനാണ്. ദിവസക്കൂലി 100 രൂപ. പട്ടിണിയും ദാരിദ്ര്യവും ധാരാളമുണ്ട്. അതിനിടയിലും ആ മാതാപിതാക്കള്‍ ഒരു കാര്യത്തില്‍ അത്യാഗ്രഹികളായിരുന്നു. മക്കളെ പഠിപ്പിക്കുക. ഹരിയാന പോലൊരു സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ അവസ്ഥ ഇന്നും പുരാതനകാലത്തേതിനു സമാനമാണെങ്കിലും പഠിച്ച് ഒരു ഡോക്ടറാകണം എന്ന മകളുടെ മോഹത്തിന് തടസം പറയാന്‍ മഹേന്ദ്ര സിംഗിനോ ബയീദിനോ കഴിയുമായിരുന്നില്ല. അവരെ അലട്ടിയിരുന്ന ഒരേയൊരു പ്രശ്‌നം ദാരിദ്ര്യം മാത്രമായിരുന്നു.

വീട്ടിലെ അവസ്ഥ ആ മകള്‍ക്കു മനസിലാകുമായിരുന്നു. തന്റെ ആഗ്രഹം സാധിക്കണം, അതിനൊപ്പം കുടുംബത്തെയും സഹായിക്കണം. അങ്ങനെയാണ് അവള്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ പാക്കിംഗ് വിഭാഗത്തില്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്. മാസം അയ്യായിരം രൂപ ശമ്പളം. അതില്‍ നിന്നും ഒരു പങ്ക് തന്റെ ഭാവി വിദ്യാഭ്യാസത്തിനായി ശേഖരിച്ചുവച്ചു. ബാക്കി വീട്ടിലും നല്‍കി.

മഹേന്ദ്ര സിംഗിന്റെ കുടുംബ ജീവിതം അങ്ങനെ മുന്നോട്ടു പോവുകയായിരുന്നു.

വിധിയുടെ അതിക്രൂരമായ ഇടപെടല്‍

മേയ് 9. എട്ടു മണിക്കാണ് മഹേന്ദ്ര സിംഗിന്റെ മകള്‍ എന്നും വീട്ടില്‍ നിന്നും ഇറങ്ങുന്നത്. അന്നേ ദിവസം അവള്‍ക്ക് പ്രഭാതഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല. ഞാനവള്‍ക്ക് 20 രൂപ നീട്ടി. പോകുന്ന വഴിയില്‍ ഒരു ജ്യൂസ് എങ്കിലും വാങ്ങിക്കുടിക്കാനായിരുന്നു. ആ പണം അവളെനിക്കു തിരിച്ചു തന്നു. സൂക്ഷിച്ചുവച്ചോ എന്ന ഉപദേശവും. എന്റെ മകള്‍ ഒത്തിരിദിവസം ഭക്ഷണം കഴിക്കാതെയിരുന്നിട്ടുണ്ട്. അതിലൊരു പരാതിയും ഞങ്ങളോടു പറഞ്ഞിട്ടുമില്ല. എന്റെ മക്കള്‍ തന്നെയായിരുന്നു എന്റെ ശക്തി; മഹേന്ദ്ര സിംഗ് മെയില്‍ ഓണ്‍ലൈനോട് പറയുന്നു.

അന്നേ ദിവസം വൈകുന്നേരം തിരികെവരേണ്ട സമയം കഴിഞ്ഞിട്ടും ജോലിക്കു പോയ മകളെ കാണാതിരുന്നതോടെ മഹേന്ദ്ര സിംഗും മകനും കൂടി തിരക്കിയിറങ്ങി. കമ്പനിയില്‍ ചെന്നപ്പോള്‍ ഗേറ്റ് പൂട്ടിക്കിടക്കുന്നു. തന്റെ മകള്‍ക്ക് എന്തോ സംഭവിച്ചെന്ന് മഹേന്ദ്ര സിംഗിനു മനസിലായി. പൊലീസില്‍ പരാതി നല്‍കി. അവള്‍ വരും എന്നുതന്നെയായിരുന്നു പ്രതീക്ഷ. അയല്‍ക്കാര്‍ അയാളെ ഒരു സംശയവുമായി സമീപിക്കുന്നതുവരെ മാത്രമെ ആ പ്രതീക്ഷയ്ക്ക് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഒരു ലോക്കല്‍ പത്രത്തില്‍ വന്ന വാര്‍ത്തയെ കുറിച്ചായിരുന്നു അയല്‍ക്കാര്‍ക്ക് മഹേന്ദ്ര സിംഗിനോട് പറയാന്‍ ഉണ്ടായിരുന്നത്.

ഒരച്ഛനും ഒരിക്കലും കാണാന്‍ ഇടവരുത്തരുത്

മേയ് 12, റോത്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മഹേന്ദ്ര സിംഗിനെ പൊലീസ് കൂട്ടിക്കൊണ്ടുപോയി. ഒരു ചവറുകൊട്ടയില്‍ കിടത്തിയിരിക്കുന്ന മൃതദേഹം. തിരിച്ചറിയാന്‍ ആകാത്തവിധം വികൃതം. പക്ഷേ ദേഹത്തുണ്ടായിരുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളും കഴുത്തിലെ മാലയും എനിക്ക് ആളെ മനസിലാക്കി തന്നു. ആ മാല അവളുടെ അമ്മ സമ്മാനിച്ചിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. അതെന്റെ മകള്‍ തന്നെയായിരുന്നു. ഒരു ചവറുകൊട്ടയില്‍ പുഴുക്കള്‍ അരിക്കുന്ന നിലയില്‍. ഞാനാണവളെ എന്റെ കൈകളില്‍ കോരിയെടുത്ത് അടുത്തു കണ്ട സ്‌ട്രെച്ചറില്‍ കിടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത് എന്റെ മകളുടെ ശരീരത്തില്‍ നിന്നും പുഴുക്കളെ നീക്കം ചെയ്യാന്‍ നാലു മണിക്കൂര്‍ എടുത്തെന്നാണ്. 200-ഓളം പുഴുക്കള്‍ ഉണ്ടായിരുന്നു; മഹേന്ദ്ര സിംഗ് പറയുകയാണ്.

ആ പെണ്‍കുട്ടിക്ക് സംഭവിച്ചത് കേട്ടാല്‍ ഭയക്കും

കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് മഹേന്ദ്ര സിംഗിന്റെ മകളുടെ മുന്നിലേക്ക് സുമിത് കുമാറും സംഘവും പ്രത്യക്ഷപ്പെടുന്നത്. അവര്‍ ആ പെണ്‍കുട്ടിയെ ബലമായി കാറില്‍ വലിച്ചു കയറ്റി. നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചു. സോനിപത്തില്‍ നിന്നും കാര്‍ 60 കിലോമീറ്റര്‍ അകലെ ഒരു കാട്ടിലേക്കു പോയി. അവിടെവച്ചാണ് ആ പെണ്‍കുട്ടി എല്ലാ ക്രൂരതകളും നേരിട്ടത്. സുമിതും കൂട്ടുകാരും അവളെ കൂട്ടബലാത്സംഗം ചെയ്തു. വായില്‍ നീളന്‍ ഇരുമ്പു വയറുകള്‍ കുത്തിയിറക്കി. മുഖം ഇഷ്ടിക കൊണ്ട് അടിച്ചു തകര്‍ത്തു. തലമുടി പിഴുതെടുത്തു. തലയോട് തല്ലിത്തകര്‍ത്തു. സ്വകാര്യഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്തിലൂടെ കാര്‍ ചക്രം കയറ്റിയിറക്കി. ഇതിനെല്ലാം ശേഷം നഗ്നമാക്കിയ ശരീരം കാട്ടില്‍ ഉപേക്ഷിച്ചു. കൊലയാളികള്‍ പോയശേഷം എത്തിയ തെരുവുപട്ടികള്‍ ആ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി കടിച്ചു കീറി.

വിശപ്പുകൊണ്ടു മരിച്ച ഒരു ഭ്രാന്തന്‍; പൊലീസ് പറഞ്ഞതാണ്

മഹേന്ദ്ര സിംഗിന്റെ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സുരേഷ് കുമാര്‍ ദത്തര്‍വാള്‍ മെയില്‍ ഓണ്‍ലൈനോട് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം;

പൊലീസ് ഈ മൃതദേഹം ഇവിടെ കൊണ്ടുവന്നത് ഒരു പുരുഷന്റെതാണെന്നു പറഞ്ഞാണ്. വിശപ്പും ദാഹവും കൊണ്ടു മരിച്ച ഏതോ മാനസികാസ്വാസ്ഥ്യമുള്ള പുരുഷന്റെ മൃതദേഹമെന്ന്! ആ പെണ്‍കുട്ടി ക്രൂരമായ രീതിയിലാണ് കൊല്ലപ്പെട്ടത്. അവളുടെ തലയിലെ എല്ലുകള്‍ തകര്‍ന്നിരുന്നു. ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളും തകര്‍ന്നിരുന്നു. മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്തവിധമായിരുന്നു.

ആ പെണ്‍കുട്ടി ഇരയാകേണ്ടി വന്നതിന്റെ കാരണം പതിവു തന്നെ

സുമിത് കുമാര്‍ എന്ന 25-കാരന്‍ ഈ തരത്തില്‍ ഒരു പെണ്‍കുട്ടിയോട് ക്രൂരത കാണിക്കാന്‍ തയ്യാറായതിന്റെ കാരണം ഇന്ത്യയില്‍ സര്‍വസാധാരണമായി തീര്‍ന്ന ഒന്നാണ്. പ്രണയം നിരസിച്ചു! വിവാഹം കഴിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അങ്ങനെ ചെയ്യുന്ന പെണ്‍കുട്ടികളെല്ലാം നേരിടേണ്ടി വരുന്ന ദുരന്തം തന്നെയാണ് മഹേന്ദ്ര സിംഗിന്റെ മകള്‍ക്കും ഉണ്ടായത്. അടുത്ത ഗ്രാമത്തിലുള്ളതാണ് സുമിത്. വര്‍ഷങ്ങളായി മഹേന്ദ്ര സിംഗിന്റെ മകളെ ശല്യം ചെയ്യുന്ന ചെറുപ്പക്കാരന്‍. സുമിതിന്റെ സ്വഭാവവും ജോലിക്കുപോകാതെയുള്ള അയാളുടെ പ്രവര്‍ത്തികളുമെല്ലാം അറിയാവുന്ന പെണ്‍കുട്ടിക്ക് അയാളെ കാണുന്നതേ ഇഷ്ടമായിരുന്നില്ല. പക്ഷേ സുമിത് ശല്യം തുടര്‍ന്നുകൊണ്ടേയിരുന്നു. സഹികെട്ട് മഹേന്ദ്ര സിംഗ് മൂന്നു മാസങ്ങള്‍ക്കു മുമ്പ് പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങി. ഇതറിഞ്ഞ സുമിതിന്റെ വീട്ടുകാര്‍ മാപ്പു പറയാന്‍ എത്തുകയും ഇനി തങ്ങളുടെ മകന്റെ ഭാഗത്തു നിന്നും ശല്യമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പും കൊടുത്തു. മഹേന്ദ്ര സിംഗും കുടുംബവും അതു വിശ്വസിച്ചു. പക്ഷേ...

പ്രതികളെ അറസ്റ്റ് ചെയ്തു

സുമിത് കുമാറിനെയും സുഹൃത്ത് 21 കാരനായ വിവേകിനെയും പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയാളികളില്‍ ഇനിയും പിടിക്കപ്പെടാനുള്ളവരുണ്ട്. പ്രതികള്‍ക്കെതിരേ കൊലപാതകം, ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും റോത്തക് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുകേഷ് കുമാര്‍ പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ കേസ് കോടതിയില്‍ എത്തിക്കുമെന്നും പൊലീസ് ഉറപ്പു പറയുകയാണ്.

നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ മരിക്കും

അവള്‍ എനിക്കു മകള്‍ മാത്രമായിരുന്നില്ല. എന്റെ അടുത്ത കൂട്ടുകാരി കൂടിയായിരുന്നു. കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടികളും അവള്‍ക്കറിയാമായിരുന്നു. വിവാഹത്തെക്കുറിച്ചുപോലും അവള്‍ സംസാരിക്കാറില്ലായിരുന്നു. പഠിച്ച് ഡോക്ടറാവണം. സ്വന്തം കാലില്‍ നില്‍ക്കണം, കുടുംബത്തെ സഹായിക്കണം. അതു കഴിഞ്ഞ് വിവാഹം എന്നായിരുന്നു അവള്‍ പറയാറുള്ളത്. എന്റെ മകള്‍ ഒരു കാര്യത്തിലെ പേടിച്ചിരുന്നുള്ളൂ. അവളെ ആരെങ്കിലും ഉപദ്രവിക്കുമെന്നുള്ള പേടി. അവള്‍ വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ മുറി പുറത്തു നിന്നു പൂട്ടിക്കൊണ്ടു പോണം എന്ന് എന്നോടു പറയുമായിരുന്നു. ഒടുവില്‍ ഇപ്പോള്‍ എന്തു സംഭവിച്ചു. എന്റെ മകള്‍ എന്താണോ പേടിച്ചത് അതു തന്നെ അവളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നു. എന്റെ മകള്‍ക്ക് നീതി കിട്ടണം. ആ നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്റെ ജീവനൊടുക്കും; മഹേന്ദ്ര സിംഗിന്റെ ഭാര്യ ബയിദ് കൗറിന്റെ വാക്കുകള്‍.

ഞാന്‍ നാണക്കേട് കൊണ്ട് എന്റെ മുഖം മറച്ചിരിക്കില്ല. കുറ്റം ചെയ്തവരാണ് നാണക്കേട് കൊണ്ട് മുഖം മറയ്‌ക്കേണ്ടത്. എന്റെ മകള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ ഞാന്‍ എന്റെ മകളുടെ നീതിക്കുവേണ്ടി പോരാടും. എനിക്ക് അതിനുള്ള ധൈര്യമുണ്ട്. എന്റെ മകള്‍ക്കു നീതി കിട്ടുന്നില്ലെങ്കില്‍ ഞാനും ജീവനൊടുക്കും-ബയിദ് കൗര്‍ ഉറപ്പിച്ചു പറയുന്നു.

അവസാനമായി മഹേന്ദ്ര സിംഗ് ചോദിക്കുന്നൊരു ചോദ്യമുണ്ട്; നിങ്ങള്‍ക്ക് എന്റെ മകളെ കൊല്ലണം എന്നായിരുന്നെങ്കില്‍ ഒരു തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊല്ലമായിരുന്നില്ലേ, എന്തിനാണവളെ ഇത്രയും വേദനിപ്പിച്ചത്?


Next Story

Related Stories