Top

ഏഴ് റോഹിംഗ്യ മുസ്ലിങ്ങളെ ഇന്ന് മ്യാന്മറിലേക്ക് തിരിച്ചയയ്ക്കും; തടയണമെന്നാവശ്യപ്പെടുന്ന ഹർജി തള്ളി

ഏഴ് റോഹിംഗ്യ മുസ്ലിങ്ങളെ ഇന്ന് മ്യാന്മറിലേക്ക് തിരിച്ചയയ്ക്കും; തടയണമെന്നാവശ്യപ്പെടുന്ന ഹർജി തള്ളി
2012 മുതൽ അസമിലെ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന എഴ് റോഹിംഗ്യൻ മുസ്ലിങ്ങൾ മ്യാന്മറിലേക്ക് തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നടപടി തടയണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് ഹർജി തള്ളിയത്. ഏഴുപേരും അസമിലേക്ക് അനധികൃതമായി കുടിയേറിയവരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും, ഇവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് മ്യാന്മർ അറിയിച്ചുവെന്നും കോടതി വിശദീകരിച്ചു. സർക്കാരെടുത്ത തീരുമാനത്തിൽ ഇടപെടാൻ തയ്യാറല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മണിപ്പൂരിലെ മോറേ അതിർത്തിയിൽ വെച്ചാണ് അഭയാർത്ഥികളെ മ്യാന്മറിന് കൈമാറുക. മ്യാന്മർ നയതന്ത്രജ്ഞരുമായി ഇന്ത്യൻ നയതന്ത്രജ്ഞർ നടത്തിയ സംഭാഷണങ്ങളിൽ അവർക്ക് കാര്യം ബോധ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു. കുടിയേറ്റക്കാര്‍ മ്യാന്മറിൽ നിന്നുള്ളവരാണെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. രാഖൈൻ സംസ്ഥാനത്തെ താമസക്കാരാണെന്ന് അധികൃതർ അറിയിച്ചു.

40,000 റോഹിംഗ്യ മുസ്ലിങ്ങളെ തിരിച്ചയയ്ക്കാനാണ് ഇന്ത്യ തീരുമാനമെടുത്തിട്ടുള്ളത്. ഇവരെല്ലാം മ്യാന്മറിലെ ബുദ്ധമതക്കാരുടെ അതിക്രമങ്ങളെ തുടർന്ന് ഇന്ത്യയിലെത്തിയവരാണ്. തിരിച്ചയയ്ക്കാനുള്ള പദ്ധതിക്കെതിരെ രണ്ട് റോഹിംഗ്യകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇവർക്കു വേണ്ടി മുതിർന്ന വക്കീലായ പ്രശാന്ത് ഭൂഷൺ ഹാജരായി. റോഹിംഗ്യകൾ നിയമവിരുദ്ധ കുടിയേറ്റക്കാരല്ലെന്നും ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ റോഹിംഗ്യകളെ അനുവദിക്കണമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. എന്നാൽ, ഈ ഏഴുപേരും മ്യാന്മർ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഇനിയെന്താണ് നിങ്ങൾക്ക് പറയാനുള്ളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചോദിച്ചു. എന്നാൽ അവർ റോഹിംഗ്യകളാണെന്ന് തിരിച്ചറിയപ്പെട്ടുവെന്നത് തെറ്റാണെന്നായി പ്രശാന്ത് ഭൂഷൺ. കോടതിയുടെ ഉത്തരവാദിത്തമാണ് അവരെ സംരക്ഷിക്കലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ കോടതിയുടെ ഉത്തരവാദിത്തം എന്താണെന്ന് പ്രശാന്ത് ഭൂഷൺ പഠിപ്പിക്കേണ്ടെന്ന് രഞ്ജൻ ഗോഗോയ് മറുപടി നൽകി.

ഐക്യരാഷ്ട്രസഭയുടെ വിമർശനം

റോഹിംഗ്യൻ അഭയാർത്ഥികളെ തിരിച്ചയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ രംഗത്തു വന്നിട്ടുണ്ട്. റോഹിംഗ്യൻ മുസ്ലിങ്ങൾ തങ്ങളുടെ രാജ്യത്ത് അനുഭവിക്കുന്ന വിവേചനവും വിദ്വേഷവും കടുത്ത മനുഷ്യാവകാശ ലംഘനവുമെല്ലാം തിരിച്ചറിയാനും അവർക്ക് സംരക്ഷണം നൽകാനുമുള്ള ബാധ്യത ഇന്ത്യക്കുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. 40000 വരുന്ന അഭയാർത്ഥികളിൽ 16,000 പേരും യുഎൻ റെഫ്യൂജി ഏജൻസിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളവരാണ്.

എംഡി ജമാൽ, മൊഹ്ബുല്‍ ഖാൻ, ജമാൽ ഹുസ്സൈൻ, എംഡി യൂനുസ്, സാബിർ അഹ്മദ്, റഹിം ഉദ്ദിൻ, എംഡി സലാം എന്നിവരെയാണ് തിരിച്ചയയ്ക്കുന്നത്. ഇവരെല്ലാം 26നും 32നും ഇടയിൽ പ്രായമുള്ളവരാണ്.

ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്ക് ഈ കുടിയേറ്റങ്ങൾ ഭീഷണിയാണെന്ന് കഴിഞ്ഞ വർ‌ഷം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഐസിസ് പോലുള്ള ഭീകരസംഘടനകൾ ഇവരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഈ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ റോഹിംഗ്യൻ മുസ്ലിങ്ങളെ തിരിച്ചറിയാനും വിവരങ്ങൾ ശേഖരിക്കാനും സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Next Story

Related Stories