UPDATES

ട്രെന്‍ഡിങ്ങ്

പട്ടേൽ പ്രതിമയുടെ ഉദ്ഘാടന ദിവസം 72 ഗ്രാമങ്ങളില്‍ അടുപ്പ് പുകയില്ല; മോദിക്കെതിരെ പ്രതിഷേധവുമായി ആദിവാസികൾ

പ്രതിമ നിർമ്മാണം പ്രതികൂലമായി ബാധിച്ച 75000 ആദിവാസികളാണ് നർമ്മദ ജില്ലയിലെ കെവാഡിയയിൽ പ്രധാനമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടിക്കെതിരെ പ്രതിഷേധവുമായി വരുന്നത്

ഗുജറാത്തിലേയും കേന്ദ്രത്തിലേയും ബി ജെ പി സർക്കാരുകൾ, ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ-സർദാർ പട്ടേലിന്റെ ‘ഐക്യ പ്രതിമ’- ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തവേ, പ്രതിമ നിൽക്കുന്ന പ്രദേശത്തിനടുത്തുള്ള ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ആദിവാസികൾ പദ്ധതിക്കെതിരെ കനത്ത പ്രതിഷേധത്തിനായി തയ്യാറെടുക്കുകയാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിമ നിർമ്മാണം പ്രതികൂലമായി ബാധിച്ച 75000 ആദിവാസികളാണ് നർമ്മദ ജില്ലയിലെ കെവാഡിയയിൽ പ്രധാനമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടിക്കെതിരെ പ്രതിഷേധവുമായി വരുന്നത്.

“പദ്ധതി ദോഷം ചെയ്ത 72 ഗ്രാമങ്ങളിലും അന്നത്തെ ദിവസം ഞങ്ങൾ ദുഃഖാചരണം നടത്തുന്നതിനാൽ ഭക്ഷണം പാകം ചെയ്യില്ല. ഈ പദ്ധതി ഞങ്ങളുടെ നാശത്തിനാണ് ഉണ്ടാക്കിയതാണ്,” ആദിവാസി നേതാവായ പ്രഫുൽ വാസവ പറഞ്ഞു. ആചാരമനുസരിച്ച് മരിച്ചവർക്കായി ദുഃഖിക്കുമ്പോൾ ആദിവാസി വീടുകളിൽ ഭക്ഷണം പാകം ചെയ്യാറില്ല.

“ആദിവാസികളെന്ന നിലയിൽ ഞങ്ങളുടെ അവകാശങ്ങൾ ഈ സർക്കാർ ലംഘിച്ചു. ഗുജറാത്തിനെ മഹാനായ പുത്രൻ സർദാർ പട്ടേലിനെതിരെ ഞങ്ങൾക്കൊരു പ്രശ്നവുമില്ല. അദ്ദേഹത്തിന്‍റെ അഭിമാനം കാക്കണം. വികസനത്തിനും ഞങ്ങൾ എതിരല്ല. എന്നാൽ ഈ സർക്കാരിന്റെ വികസന സങ്കല്പം തലതിരിഞ്ഞതും ആദിവാസികൾക്കെതിരുമാണ്,” അദ്ദേഹം പറഞ്ഞു.

പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള സർദാർ സരോവർ നർമ്മദ പദ്ധതിക്കും പ്രതിമക്കും പ്രദേശത്ത് ആസൂത്രണം ചെയ്യുന്ന മറ്റ് വിനോദസഞ്ചാര പദ്ധതികൾക്കുമായി തങ്ങളുടെ ഭൂമി എടുത്തതായി ആദിവാസികൾ പരാതി പറയുന്നു.

ഈ “നിസ്സഹകരണ മുന്നേറ്റത്തിന്” വലുതും ചെറുതുമായ നൂറോളം ആദിവാസി സംഘടനകളുടെ പിന്തുണയുണ്ട്. “വടക്കേ ഗുജറാത്തിലെ ബാണസ്കന്ദ മുതൽ തെക്കൻ ഗുജറാത്തിലെ ഡാങ് ജില്ല വരെയുള്ള 9 ആദിവാസി ജില്ലകൾ പ്രക്ഷോഭത്തിൽ പങ്കെടുക്കും,” വാസവ പറഞ്ഞു.

“ബന്ദ് വിദ്യാലയങ്ങൾക്കും കാര്യാലയങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാത്രമല്ല ബാധിക്കുക, വീടുകളും ഞങ്ങൾക്കൊപ്പം ചേർന്നുകൊണ്ട് നിശബ്ദമാകും (ഭക്ഷണം പാകം ചെയ്യാതെ).”

പ്രതിമ പദ്ധതി പ്രതികൂലമായി ബാധിച്ച 72 ഗ്രാമങ്ങളിൽ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം നടന്നിട്ടില്ല എന്ന ആരോപണമുണ്ട്. അതിൽ ഇപ്പോൾ കെവാഡിയ കോളനി ഉള്ളിടത്താണ് ആറെണ്ണം. നഷ്ടപരിഹാരം മാത്രം നൽകുകയും ഭൂമി, ജോലി തുടങ്ങിയ മറ്റു ഉറപ്പുകൾ പാലിക്കാതിരിക്കുകയും ചെയ്ത ഗരുഡേശ്വർ ബ്ളോക്കിലാണ് ഏഴ് ഗ്രാമങ്ങൾ.

“സർക്കാർ ഞങ്ങളുടെ ഭൂമി എടുക്കുകയും പകരം പണം മാത്രം നൽകുകയും ചെയ്തു. പക്ഷെ പകരം ഭൂമി, തൊഴിൽ തുടങ്ങിയ നർമദ ട്രിബുണൽ പുനരധിവാസ പദ്ധതിപ്രകാരമുള്ള ഒരുറപ്പും പാലിക്കപ്പെട്ടില്ല. ഭൂമി ഏറ്റെടുക്കലിൽ പ്രതിഷേധിച്ച് ചിലർ നഷ്ടപരിഹാരത്തുകപോലും വാങ്ങിയിട്ടില്ല,” ഗരുഡേശ്വറിൽ നിന്നുള്ള രമേഷ്ഭായി പറഞ്ഞു.

ഭൂമി കിട്ടിയവരിൽ പലരും സംതൃപ്തരല്ല. “സർദാർ സരോവറിൽ മുങ്ങിപ്പോയ എന്റെ കൃഷി ചെയ്യാനാവുന്ന ഭൂമിക്കു പകരം ഗുജറാത്ത് സർക്കാർ നൽകിയത് സാഗ്‌ബാര പ്രദേശത്ത് ഒരു ഹെക്ടർ ഭൂമിയാണ്. പക്ഷെ ആ ഭൂമി മൊത്തം കൃഷിക്ക് പറ്റാത്തതും ഒന്നും ചെയ്യാൻ കഴിയാത്തതുമാണ്. അങ്ങനെയൊരു കഷ്ണം ഭൂമി കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്,” പദ്ധതി പ്രതികൂലമായി ബാധിച്ച പാർച്ചി ബോണ്ടു എന്ന ആദിവാസി ചോദിച്ചു.

പ്രതിമകൾ നിർമിക്കാൻ 3000 കോടി നൽകിയ കേന്ദ്രം കേരളത്തെ അവഗണിച്ചു, ഇത് ഡാമുകൾ ഉണ്ടാക്കിയ ദുരന്തം : മേധാ പട്കർ

ഇവിടെ ഐക്യം പ്രതിമയാകുന്നു

പട്ടേല്‍ പ്രതിമ, മെയ്ഡ് ഇന്‍ ചൈന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍