TopTop

ആരില്‍ നിന്നാണ് ഗാന്ധിയെ രക്ഷിക്കേണ്ടത്? സബര്‍മതിയിലേക്ക് ഒരു യാത്ര

ആരില്‍ നിന്നാണ് ഗാന്ധിയെ രക്ഷിക്കേണ്ടത്? സബര്‍മതിയിലേക്ക് ഒരു യാത്ര
1917 ജൂണ്‍ 17-ന് മുന്‍പ് ഗുജറാത്തിലെ സബര്‍മതി വെറുമൊരു നദി മാത്രമായിരുന്നു. നര്‍മ്മദയില്‍ നിന്ന് വെള്ളം വന്നാലും ഇല്ലെങ്കിലും സബര്‍മതി നദി എല്ലായ്‌പ്പോഴും ഒഴുകിക്കൊണ്ടിരുന്നു. നദിയുടെ ഇരു കരകളിലും നഗരത്തിലെ മുഴുവന്‍ മലിനവസ്ത്രങ്ങള്‍ അടിച്ചുകഴുകി തേച്ച് കൊടുക്കുന്ന വെളുത്തേടന്‍മാര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. എന്നാല്‍ ഇന്ന് സബര്‍മതി എന്ന പേര് ആ നദിയുടെ ഓര്‍മ്മകള്‍ അല്ല ഉണര്‍ത്തുന്നത്. മേല്‍പ്പറഞ്ഞ തീയതിയിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി സബര്‍മതി നദിക്കരയിലുള്ള മുപ്പത്തിയാറ് ഏക്കറില്‍ ഒരു ചെറിയ ആശ്രമം കെട്ടി അങ്ങോട്ട് പാര്‍പ്പ് മാറ്റുന്നത്. 22 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരുടെയും മറ്റ് ഏഷ്യക്കാരുടേയും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ഇല്ലാത്തവരുടെയും ഒക്കെ നേതാവായും സേവകനായും ജീവിച്ച ശേഷം എംകെ ഗാന്ധി 1915ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം ഫീനിക്‌സ്, ടോള്‍സ്റ്റോയ് എന്നിങ്ങനെ പേരുള്ള രണ്ടു ഫാമുകള്‍ (ആശ്രമങ്ങള്‍) സ്ഥാപിച്ച്, അത്തരം ജീവിതക്കൂട്ടായ്മ പരീക്ഷിച്ച് വിജയിച്ചിരുന്നു. തിരികെ ഇന്ത്യയില്‍ വന്നപ്പോഴും ഒരു ആശ്രമം സ്ഥാപിക്കുക എന്നത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ആവശ്യമായിരുന്നു. ഖോച്ചറാബ് എന്ന ഇടത്തിലാണ് ഗാന്ധി ആദ്യം ആശ്രമം തുടങ്ങിയത്. തുടര്‍ന്ന്, രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സബര്‍മതിയുടെ തീരത്തേക്ക് മാറി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമായി സബര്‍മതി ആശ്രമത്തെ നമുക്ക് കാണാം. ആ ആശ്രമത്തിന് ഇന്ന് നൂറ് വയസ് തികഞ്ഞിരിക്കുന്നു.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി' എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്കെല്ലാം പരിചിതമാണ് സബര്‍മതി ആശ്രമം. എന്നെ സംബന്ധിച്ചിടത്തോളം, സബര്‍മതി ഒരു സിനിമാക്കാഴ്ചയല്ല. കഴിഞ്ഞ ഒരു ദശകമായി എല്ലാ വര്‍ഷവും ഞാനീ ആശ്രമത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. സത്യത്തില്‍ ഓരോ യാത്രയും എന്നെ അവിടെ കൊണ്ടെത്തിക്കുകയായിരുന്നു. അതേക്കുറിച്ച് ഈ ലേഖനത്തില്‍ മറ്റൊരിടത്തു വിശദീകരിക്കാം. സബര്‍മതിയിലേക്ക് വരിക. ആശ്രമം റോഡ് എന്ന് പറഞ്ഞാല്‍ വളരെ പ്രധാനമാണ് അഹമ്മദാബാദുകാര്‍ക്ക്. എയര്‍പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവര്‍ക്ക് രണ്ടു വഴികളിലൂടെ അവിടേയ്ക്ക് പ്രവേശിക്കാം. പ്രധാനപ്പെട്ട രണ്ട് അണ്ടര്‍ പാസുകളാണ് അവ. ഒന്ന് മഹാത്മ ഗാന്ധിയുടെ പേരില്‍, മറ്റൊന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍. ഗാന്ധിജിയുടെ പേരിലുള്ള അണ്ടര്‍ പാസില്‍ നിറയെ മൊസൈക് ചിപ്പുകള്‍ കൊണ്ടുണ്ടാക്കിയ മ്യൂറലുകള്‍ ആണ്. അവയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ചിത്രരൂപേണ പകര്‍ത്തിയിരിക്കുന്നു. പട്ടേലിന്റെ പേരിലുള്ള അണ്ടര്‍ പാസില്‍ ചിത്രങ്ങള്‍ കുറവാണ്. ഒരു പക്ഷെ, ഗാന്ധിജിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പട്ടേലിന്റെ ജീവിതത്തില്‍ ഫോട്ടോ അവസരങ്ങള്‍ കുറവായിരിന്നതാകാം കാരണം. അതിന് പരിഹാരമെന്നോണമാകണം ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ സ്മാരക പ്രതിമ പട്ടേലിന്റേതാകണം എന്ന വാശിയോടെ ഗുജറാത്ത് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തകൃതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി, ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായ, ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജി, എംഎസ് ഗോള്‍വാള്‍ക്കര്‍ എന്നിങ്ങനെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റേതായ ഒരു ത്രിത്വത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു വരുന്നുണ്ട്. അപ്പോഴാണ് അവര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു സങ്കീര്‍ണ പ്രശ്‌നത്തെ നേരിടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലുടനീളം സ്വയം സേവക സംഘത്തിന്റെയും ഹിന്ദു മഹാസഭയുടെയും നിലപാടുകള്‍ മിക്കപ്പോഴും ദേശീയ പ്രസ്ഥാന വിരുദ്ധം ആയിരുന്നു. അങ്ങിനെ വരുമ്പോള്‍ ആ തെറ്റ് തിരുത്തണമെങ്കില്‍ ഈ ത്രിത്വത്തിനെ ഏതുവിധേനയും ഗാന്ധി-നെഹ്‌റു-പട്ടേല്‍ എന്നിങ്ങനെയുള്ള ദേശീയതാ ത്രിത്വവുമായി ഘടിപ്പിക്കണമായിരുന്നു. കോണ്‍ഗ്രസ് വിമുക്ത ഇന്ത്യ എന്ന ആശയവുമായി നടക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് അപ്പോള്‍ മൂന്നില്‍ നിന്ന് ഒന്ന് കുറച്ച് പഞ്ചതത്വമാക്കി (ഗാന്ധി-പട്ടേല്‍-ഉപാധ്യായ-മുഖര്‍ജി-ഗോവാള്‍ക്കര്‍) അവതരിപ്പിക്കുക എന്നത് ഒരു ആവശ്യമായി വന്നു.

നെഹ്‌റുവിനെ മാറ്റി ചരിത്രത്തിലേക്ക് പട്ടേലിനെ കടത്തി വിടുക എന്ന വഴിയാണ് അവര്‍ കണ്ടത്. എന്നാല്‍ മുഖ്യധാരാ ചരിത്രത്തില്‍ പട്ടേലിന്റെ സ്ഥാനം നെഹ്‌റുവില്‍ നിന്ന് ഒരു പടി പോലും പിന്നിലായിരുന്നില്ല എന്ന് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കറിയാം. പട്ടേലിന്റെ കുറവല്ല മറിച്ച് നെഹ്‌റു കുടുംബത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ രാഷ്ട്രീയ മേല്‍ക്കോയ്മയാണ് പട്ടേലിന് ഏതെങ്കിലും തരത്തില്‍ പ്രഭ മങ്ങിയിട്ടുണ്ടെങ്കില്‍ അതിന് കാരണം. കൂടാതെ നെഹ്രുവിന്റെ കരിസ്മ ഗാന്ധിജി പോലും അംഗീകരിച്ചതായിരുന്നു. നെഹ്‌റു ഒപ്പിട്ട ചിത്രങ്ങള്‍ കൊടുത്ത് ഗാന്ധി ദേശീയ പ്രസ്ഥാനത്തിന് വേണ്ടി ഫണ്ട് പിരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടേലിന്റേയോ തന്റെയോ ചിത്രം കൊടുത്താല്‍ വാങ്ങാന്‍ ആളുണ്ടാവില്ലെന്ന് ഗാന്ധി തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. ആ പശ്ചാത്തലത്തിലാണ്, ഹിന്ദുത്വ രാഷ്ട്രീയം ഗാന്ധിയേയും അംബേദ്കറിനേയും ഒക്കെ സ്വന്തമാക്കിക്കൊണ്ട് പുതിയ ത്രിത്വങ്ങളേയും മറ്റും അവതരിപ്പിക്കുന്നത്. ഗാന്ധിയെ വേണോ ഗോഡ്‌സെയെ വേണോ എന്ന ചോദ്യത്തിന് (ഗോഡ്‌സെയ്ക്കു വേണ്ടി 2014 -ല്‍ ക്ഷേത്രം ഒക്കെ ഉണ്ടായെങ്കിലും) ഗാന്ധി മതി എന്ന തീരുമാനമാണ് തല്‍ക്കാലത്തേയ്ക്ക് ഹിന്ദുത്വ നേതൃത്വം എടുത്തത്.സബര്‍മതി ആശ്രമത്തില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈജാക്കിംഗുകളില്‍ ഒന്നായ ഹിന്ദുത്വ ഗാന്ധിജിയെക്കുറിച്ചു ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ, ഏറ്റവും ഉദാത്തനായ ഹിന്ദു എന്ന് ഗാന്ധിയെ വിളിക്കാം. വേദങ്ങള്‍, ഉപനിഷദുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ദ്വൈത- അദ്വൈത വാദങ്ങള്‍, നിരീശ്വരവാദങ്ങള്‍, സാംഖ്യ-വൈശേഷിക വാദങ്ങള്‍, ബുദ്ധ-ജൈന-സിഖ്-ക്രിസ്ത്യന്‍-ഇസ്ലാം-പാഴ്‌സി-ജൂത-സൂഫി മതങ്ങള്‍ ഒക്കെയും ഹിന്ദു മതത്തിന്റേതാണെന്ന് കരുതിയ ഒരു മഹാഹിന്ദുവായിരുന്നു എംകെ ഗാന്ധി. രാമനെ പുരുഷോത്തമനായും ഗീതയെ വേദവിത്തായും കണ്ടുകൊണ്ട് അദ്ദേഹം ഹിന്ദു മതത്തിന്റെ സത്തയെ അനുശീലിച്ചു. പഴയകാലത്തെ, പുതിയകാലത്തിന്റെ വെളിച്ചത്തില്‍ കാണുമ്പോള്‍ തള്ളേണ്ടതിനെ തള്ളണം, കൊള്ളേണ്ടതിനെ കൊള്ളണം എന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു മതത്തില്‍ കാണുന്നതെല്ലാം ഹിന്ദു മതം അല്ലെന്നും, ദൈവം എന്നത് സത്യവും അഹിംസയുമായെന്നും ആ ദൈവം നിരീശ്വരവാദിയിലും കുടികൊള്ളുന്നു എന്നും ഗാന്ധി അഭിപ്രായപ്പെട്ടു. അതായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു മതം. ആ പ്രപഞ്ച വീക്ഷണമാണ് പിന്നീട് ലോകപ്രശസ്തരായ നേതാക്കളും ചരിത്രകാരന്മാരും അറിഞ്ഞും അറിയാതെയും പിന്‍പറ്റിയത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ആകട്ടെ, നെല്‍സണ്‍ മണ്ടേല, എന്നിവരാകട്ടെ, എഡ്വേഡ് സൈദ് ആകട്ടെ, ഇവരൊക്കെ നീങ്ങിയ വഴി ഗാന്ധിയുടേതാണ്. പഴയതിനെ പുതിയകാലത്തേയ്ക്കു പറിച്ച് നടരുതെന്നും, പുതിയ അറിവുകള്‍ കൊണ്ട് പഴയതിനെ ഫ്രെയിം ചെയ്യരുതെന്നും റോമിലാ ഥാപ്പര്‍ പറയുമ്പോള്‍ അവര്‍ ഗാന്ധിയെ ചരിത്രത്തിന്റെ രീതിശാസ്ത്രമാക്കുകയാണ്. ആ ഗാന്ധിയെ സങ്കുചിത ദേശീയവാദികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് അദ്ദേഹത്തെ ഗോഡ്‌സെ വധിച്ചത്. ഗാന്ധിയുടെ ഹിന്ദു മതവും ഹിന്ദുത്വ വാദികളുടെ ഹിന്ദുമതവും തമ്മിലുള്ള നേരിടലില്‍, രണ്ടാമത്തെവരുടേത് പരാജയപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് ഗാന്ധിയെ കൊല്ലേണ്ടത് ഹിന്ദുത്വത്തിന്റെ ആവശ്യമായത്. മരിച്ച ഗാന്ധി അപകടകാരിയാകില്ല എന്ന ഒറ്റ വിശ്വാസത്തിലാണ് അവര്‍ ഹിന്ദുത്വയുടെ പന്തലിലേക്ക് ഗാന്ധിയെ കടത്തിയിരുത്തുന്നത്.

ദളിതനെ ഹിന്ദുവാക്കാനും വേണമെങ്കില്‍ ഹിന്ദുത്വവാദിയാക്കാനും കഴിയും. നമ്മുടെ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ നാമത് കണ്ടു. ദളിതന്റെ പേര് എണ്ണിപ്പറഞ്ഞു കൊണ്ട് ശ്രീനാരായണ ഗുരുവിനെയും, ജ്യോതിബാ ഫൂലെയെയും, അയ്യങ്കാളിയേയും ഒക്കെ ഒപ്പം കൂട്ടാന്‍ ഹിന്ദുത്വ ദേശീയ വാദികള്‍ക്ക് കഴിഞ്ഞു. അംബേദ്കറിന്റെ പേരില്‍ ദളിത് വിപ്ലവകാരികള്‍ക്കും ദളിത് സമവായ വാദികള്‍ക്കും തമ്മില്‍ തല്ലാം. രണ്ടു പേരുടെ കൊടിയിലും ഇപ്പോള്‍ അംബേദ്കറുണ്ട്. എന്നാല്‍ ഗാന്ധിയുടെ കാര്യം അതല്ല. ഗാന്ധി ഒരു വ്യക്തിയല്ല, ഒരു വിചാരമാണ്. ഗാന്ധി ഒരു പ്രസ്ഥാനമല്ല, ഒരു തത്വചിന്തയാണ്. ഗാന്ധി ഏതെങ്കിലും ഒരു നാടിന്റേതല്ല. മുഴുവന്‍ ലോകത്തിന്റേതുമാണ്. ഗാന്ധിയെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തരുടെ മുന്നിലും ഒരു ചോദ്യമായാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ഉത്തരം മുട്ടുമ്പോഴാണ് അമിത് ഷായെപ്പോലുള്ള രാഷ്ട്രീയ തന്ത്രജ്ഞര്‍ ഗാന്ധി 'കൗശലക്കാരനായ ബനിയ' എന്ന് വിളിക്കുന്നത്. ബനിയ സമുദായ കുടുംബത്തില്‍ ജനിച്ച എംകെ ഗാന്ധിയെ അദ്ദേഹത്തിന്റെ എല്ലാ ചരിത്രപ്രസക്തിയേയും മറികടന്നുകൊണ്ട് ബനിയയായി ചുരുക്കുന്നത് ഗാന്ധി ഒരു ചോദ്യമായി അമിത് ഷായുടെ മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണ്. ഹിന്ദുത്വത്തിന്റെ ഒരു തന്ത്രത്തിനും ഒതുക്കാന്‍ കഴിയാത്ത ഒരു വ്യക്തിത്വമാണ് ഗാന്ധി.സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പക്ഷെ ബിജെപിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. മനുഷ്യന് അവനവന്റെ കാല്‍വരിയിലേയ്ക്ക് നല്‍കപ്പെട്ട കുരിശാണ് ഗാന്ധി. ആ കുരിശു ചുമക്കലിലാണ് മനുഷ്യന്‍ ശുദ്ധനാകുന്നത്. ഉദാഹരണത്തിന് അഹമ്മദാബാദില്‍ കാണുന്ന ചില കാഴ്ചകള്‍ ഇതാ: ഓരോ വസ്ത്രക്കടയിലും ഖാദിയെ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിമാനത്താവളത്തിലെ ബിര്‍ളാ ഷോറൂമില്‍ ഗാന്ധി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പ്രതിമ. ആശ്രമം റോഡിന്റെ ഇരുവശത്തുമുള്ള താല്‍ക്കാലിക ഖാദിക്കടകളില്‍ നല്ല തിരക്ക്. ആശ്രമത്തിന് തൊട്ടെതിര്‍ വശത്തുള്ള ഗുജറാത്ത് വിദ്യാപീഠത്തില്‍ ഇപ്പോഴും പതിനൊന്ന് മണിയ്ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നു. ഒരു പ്രമുഖ ഗാന്ധിയനായ ധീരേന്ദ്ര ഭായി പറഞ്ഞിട്ടുണ്ട്്, ഖാദി ഒരു വസ്ത്രമല്ല തത്വശാസ്ത്രമാണ് എന്ന്. തെരുവുകളില്‍ നാഥനില്ലായ്മ കാണപ്പെടുന്നു. സംസ്ഥാനത്ത് 13 വര്‍ഷത്തോളം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ സ്വാധീനം ഇപ്പോഴും നഗരത്തില്‍ കാണാം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ നില്‍ക്കുന്ന ശങ്കര്‍ സിങ് വഗേലയുടെ ചില ചിത്രങ്ങളും വഴിയില്‍ കണ്ടു. വേറെ ഒരൊറ്റ രാഷ്ട്രീയ നേതാവിന്റേയും ചിത്രം വഴിയിലില്ല.

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ തയ്യാറായിരിക്കുന്ന ഹിന്ദുത്വവാദികള്‍ ഗാന്ധിയെ ഏറ്റെടുത്തെങ്കിലും ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ ഗാന്ധിനഗറില്‍ അടുത്തിടെ ഉണ്ടായ ഗാന്ധി സ്മാരക മ്യൂസിയത്തില്‍ ഗോഡ്‌സെയുടെ പേര് ഇല്ല. എങ്ങനെ പറയും? അതാണ് ഞാന്‍ നേരത്തെ പറഞ്ഞത്, മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത സര്‍വ്വരോഗസംഹാരിയാണ് ഗാന്ധി. ബിജെപിയ്ക്ക് എങ്ങിനെ അത് ഇറക്കണം എന്നറിയില്ല. ഇറക്കിയാല്‍ പിന്നെ ഹിന്ദുത്വ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗാന്ധിയെ സ്വാംശീകരിക്കാനും പറ്റുമെങ്കില്‍ ഗാന്ധിയുടെ സ്ഥാനം തന്നെ സ്വന്തമാക്കാനും ചില ശ്രമങ്ങള്‍ നടത്താതിരുന്നില്ല. ഖാദി ബോര്‍ഡിന്റെ കലണ്ടറുകളില്‍ സ്വന്തം ചിത്രം വെച്ച് കൊണ്ടായിരുന്നു അദ്ദേഹം അത് ചെയ്തത്. പിന്നെ അദ്ദേഹം ചര്‍ക്കയ്ക്ക് മുന്നിലിരുന്നുകൊണ്ട് നൂല്‍ നൂല്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചു. രാമനേയും രാമനായി വേഷം കെട്ടുന്നവനേയും ആളുകള്‍ ഏത് രീതിയില്‍ നോക്കുമോ അതെ അവസ്ഥയിലായിരുന്നു, ആളുകള്‍ ഈ പ്രചാരണ പരിപാടികളെ സ്വീകരിച്ചത്. ഒരു പുഞ്ചിരിയോടെ മാത്രമേ ആളുകള്‍ക്ക് ഗാന്ധിയുടെ സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയെ കാണാന്‍ കഴിയൂ.സ്വാതന്ത്ര്യം ലഭിച്ചതോടെ, കോണ്‍ഗ്രസ് പിരിച്ചു വിടണം എന്ന് പറഞ്ഞ ആളാണ് ഗാന്ധിജി. 1936ലെ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേതാജി സുഭാഷിനോട് തോല്‍വി സമ്മതിച്ചു കൊടുത്ത ആളാണ് ഗാന്ധി. ദളിതുകളെ ഹരിജന്‍ എന്ന ഓമനപ്പേരിട്ട് വിളിച്ചതിനെ അംബേദ്കര്‍ വിമര്‍ശിച്ചപ്പോള്‍, ആ നിലപാട് പുനഃപരിശോധിച്ച വ്യക്തിയായിരുന്നു ഗാന്ധി. ഹിന്ദു മത ഗ്രന്ഥങ്ങളില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്നും ചാതുര്‍വര്‍ണ്യം തെറ്റെന്ന് പിന്നീട് തുറന്നു പറഞ്ഞ ആളും തെരെഞ്ഞെടുപ്പില്ലാതെ കൂടിയ ആദ്യത്തെ കേന്ദ്ര മന്ത്രിസഭയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയേയും ഡോ.അംബേദ്കറെയും ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത ആളുമാണ് എംകെ ഗാന്ധി. ഇന്ത്യ സ്വാതന്ത്ര്യത്തിലേയ്ക്ക് കണ്ണ് തുറക്കുമ്പോള്‍ നവഖാലിയിലെ മതാധിഷ്ഠിത കൊലപാതകങ്ങള്‍ക്കെതിരെ നിരാഹാരം കിടക്കുകയായിരിക്കുന്നു അദ്ദേഹം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങവേ ദരിദ്ര നാരായണന്മാരുടെ വസ്ത്രഭാഷ സ്വീകരിക്കുകയും സ്വരാജിന് രൂപം കൊടുക്കുകയും ചെയ്ത വ്യക്തിയുമാണ് മഹാത്മാ ഗാന്ധി. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ സൂക്ഷിച്ച് മാത്രമേ അത് ചെയ്യാവൂ.

'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് ഗാന്ധി എഴുതിയത് അവിടെ വലുതായി പകര്‍ത്തി വെച്ചിട്ടുണ്ട്. നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തിന് ഒരു കുറവുമില്ല. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ആളുകള്‍ കണ്ടും കേട്ടും വന്നെത്തുന്നു. വൃക്ഷസമൃദ്ധമായ ആശ്രമത്തില്‍ ധാരാളം തത്തകളും അണ്ണാന്മാരും കളിക്കുന്നുണ്ട്. സബര്‍മതി നദിയില്‍ നിന്നുള്ള ഇളംകാറ്റ് ആശ്രമത്തിലേക്ക് അടിയ്ക്കുന്നു. ഇവിടെയാണ്, ഗാന്ധി തന്റെ 78 അനുയായികളെ ദണ്ഡി യാത്രയ്ക്ക് തയാറെടുപ്പിച്ചത്. 1926 ആയപ്പോഴേയ്ക്കും തന്നെ ഗാന്ധി വിശ്രമ ജീവിതം നയിക്കാന്‍ തീരുമാനിച്ചിരുന്നു. അമ്പത്തിയേഴു വയസായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്. പക്ഷെ ബ്രിട്ടീഷുകാരുടെ നിരന്തരമായ ഭരണനടപടികള്‍ ഇന്ത്യക്കാരുടെ നട്ടെല്ല് തകര്‍ക്കുന്നത് അദ്ദേഹത്തിന് കണ്ടു നില്‍ക്കാനായില്ല. അതിനാലാണ് ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഉപ്പിനുമേല്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയമത്തെ ലംഘിക്കുന്നതിനായി അദ്ദേഹം ദണ്ഡി യാത്ര നടത്തിയത്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാതെ താനിനി സബര്‍മതിയിലേക്ക് തിരികെ വരില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. 1930 മാര്‍ച്ച് മാസം പന്ത്രണ്ടാം തീയതി അദ്ദേഹം ദണ്ഡിയിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ആശ്രമത്തില്‍ അദ്ദേഹം പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ദണ്ഡി യാത്ര നടന്ന് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. പക്ഷെ ഗാന്ധി വാക്ക് പാലിച്ചു. അദ്ദേഹം സബര്‍മതിയിലേയ്ക്ക് തിരികെ വന്നില്ല. പകരം തന്റെ ആശ്രമം നാഗ്പൂരിനടുത്തുള്ള വാര്‍ധയിലേയ്ക്ക് മാറ്റി. (ഗാന്ധിയെ അന്വേഷിച്ചുള്ള എന്റെ യാത്രയില്‍ ഒരു ഘട്ടത്തില്‍ ഗാന്ധി സബര്‍മതിയില്‍ നിന്ന് ദണ്ഡി വരെയുള്ള മുന്നൂറോളം കിലോമീറ്റര്‍ ദൂരം ഏതൊക്കെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണോ കടന്നു പോയത്, അതെ വഴിയ്ക്ക് ഞാനും സഞ്ചരിക്കുകയുണ്ടായി, ഒന്നല്ല, നാല് വട്ടം. വാര്‍ധ ആശ്രമത്തിലും ഞാന്‍ ഒരിക്കല്‍ സമയം ചെലവഴിച്ചു. അതൊക്കെ വിശദമായി മറ്റൊരു അവസരത്തില്‍).

സബര്‍മതി ആശ്രമത്തിലെ ഇത്തവണത്തെ സന്ദര്‍ശനം മറ്റൊരു കാര്യം ശ്രദ്ധയില്‍ കൊണ്ടുവന്നു. വളരെ സൗമ്യമായ ഒരു പ്രവേശന കവാടമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അത് മാറ്റി വലിയൊരു സ്റ്റീല്‍ കവാടം പിടിപ്പിക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍. ഒരു കോര്‍പ്പറേറ്റ് ഓഫീസില്‍ ഉണ്ടാകാവുന്ന ഒരു വാതില്‍. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന വലിയ അനൗചിത്യങ്ങളുടെ പരമ്പരയില്‍ ഒന്ന് കൂടി. അകത്ത്, ഇടത് വശത്തായുള്ള സ്മാരക മ്യൂസിയം അതേപടിയുണ്ട്. എന്നാല്‍ അവിടെയുണ്ടായിരുന്ന പുസ്തകശാല പുതിയൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നു. പുസ്തകശാല സജീവമാണ്. ഗാന്ധി സ്മാരക പ്രസാധകരുടെ മാത്രമല്ല, നവജീവന്‍ ട്രസ്റ്റിന്റേയും, ഗാന്ധിയുമായി ബന്ധപ്പെട്ട മറ്റ് പ്രസാധകരുടെയും ഒക്കെ പുസ്തകങ്ങളും ചേര്‍ത്ത് വിപുലമാക്കിയിരിക്കുന്നു. പുസ്തകങ്ങളുടെ കൂട്ടത്തില്‍ ജനപ്രിയ രീതിയില്‍ പ്രസിദ്ധീകരിക്കുന്ന രാമായണവും മഹാഭാരതവും കണ്ടു. മുന്‍മ്പൊരിക്കലും ഇത്തരത്തിലുള്ള രാമായണ, മഹാഭാരത വ്യാഖ്യാനങ്ങല്‍ ഞാന്‍ അവിടെ കണ്ടിട്ടില്ല. ഹിന്ദുത്വയുടെ ഒരു കുഞ്ഞിക്കാല്‍വെയ്പാണ് അത്. വളരാതിരുന്നാല്‍ മതി.ഗാന്ധിയുടെ ചര്‍ക്കയും എഴുത്തുമേശയും സൂക്ഷിച്ചിരിക്കുന്ന മുറി ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നു. വിനോബാ ഭാവെയുടെയും മീര ബെന്നിന്റേയും കുടില്‍ പഴയത് പോലെ തന്നെയുണ്ട്. ആഡംബരങ്ങള്‍ എന്ത് ചേര്‍ത്താലും അത് ഗാന്ധിജിയുടെ കാര്യത്തില്‍ അനാവശ്യമായിരിക്കും. സബര്‍മതി ആശ്രമം ഇനിയും പല നൂറ്റാണ്ടുകള്‍ ഇങ്ങനെ വഴികാട്ടിയാകേണ്ടതാണ്. ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ. ഗോഡ്‌സെയുടെ പിന്മുറക്കാര്‍ ഇന്ന് രാജ്യവും ഗുജറാത്തും ഭരിക്കുന്നു. അവര്‍ തന്നെ പൊലീസുകാരെ സബര്‍മതി ആശ്രമത്തിനുള്ളില്‍ പലേടങ്ങളില്‍ വിന്യസിപ്പിച്ചിരിക്കുന്നത് കണ്ടു ഞാന്‍ മനസില്‍ ചിരിച്ചു. ആരില്‍ നിന്നാണ് നാം ഗാന്ധിജിയെ രക്ഷിക്കേണ്ടത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories