TopTop
Begin typing your search above and press return to search.

എത്ര വലുതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധോലോകങ്ങള്‍? ബ്രസീലില്‍ നിന്നുള്ള പാഠങ്ങള്‍

എത്ര വലുതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധോലോകങ്ങള്‍? ബ്രസീലില്‍ നിന്നുള്ള പാഠങ്ങള്‍

അവര്‍ അദ്ദേഹത്തെ വിളിക്കുന്നത് ലുല എന്നാണ്. ബരാക് ഒബാമ ഒരിക്കല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഭൂമിയിലെ ഏറ്റവും പോപ്പുലറായ രാഷ്ട്രീയ നേതാവ്' എന്നാണ്. ലക്ഷക്കണക്കിന് ബ്രസീലുകാരുടെ പട്ടിണി അവസാനിപ്പിച്ചു, ജനാധിപത്യത്തിനു വേണ്ടി നില്‍ക്കുകയും ഏകാധിപത്യത്തിനെതിരെ നിലപാടെടുക്കുകയും ചെയ്യുന്നയാള്‍, അരികുകളിലേക്ക് തള്ളപ്പെട്ടു പോയവരെ സംഘടിപ്പിക്കുന്നയാള്‍- അങ്ങനെ വിശേഷണങ്ങള്‍ നിരവധിയുണ്ട് ലുലയ്ക്ക്.

എന്നാല്‍ ഈ ബുധനാഴ്ച ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ദ സില്‍വയെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്; അഴിമതിയും പണം വെളുപ്പിക്കലുമാണ് കുറ്റങ്ങള്‍.

ഇപ്പോള്‍ ബ്രസീലിനെ വിഴുങ്ങി നില്‍ക്കുന്ന ഈ വമ്പന്‍ അഴിമതി കുംഭകോണത്തില്‍ ഇന്ത്യക്ക് പഠിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. നിരവധി സമ്പന്നര്‍ ഇതിനകം തന്നെ അവിടെ ജയിലിലായിക്കഴിഞ്ഞു. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് ദില്‍മ റൗസേഫ് ഇംപീച്ച് ചെയ്യപ്പെട്ടു. നിലവിലെ പ്രസിഡന്റും അഴിമതിയുടെ നിഴലിലാണ്.

ഇന്ത്യയും ബ്രസീലിനെ പോലെയാണ്, പൊതുജീവിതത്തില്‍ ധാര്‍മികതയ്ക്ക് സ്ഥാനമുണ്ട് എന്ന കാര്യമൊഴിച്ചു നിര്‍ത്തിയാല്‍. സമ്പന്ന വര്‍ഗവും കോര്‍പറേറ്റുകളും അത്യാവശ്യമാണെന്നും രാഷ്ട്രീയത്തിന് എണ്ണയിടുന്നതില്‍ അവര്‍ അത്യാന്താപേക്ഷിതമാണെന്നും ഇരു രാജ്യങ്ങളും കാണിച്ചു തരുന്നു. അതുപോലെ ജനാധിപത്യത്തില്‍ ഈ കോര്‍പറേറ്റുകളുടെ കള്ളപ്പണത്തിനുള്ള അധികാരം സംബന്ധിച്ച് പൊതുജനം ഒട്ടൊക്കെ അജ്ഞരുമാണ്. ആ പണമെങ്ങനെയാണ് അവരുടെ മുന്നോട്ടുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്, ഒട്ടുമിക്ക രാഷ്ട്രീയക്കാരും- ഒരാളേയും ഒഴിവാക്കേണ്ടതില്ല- ഉപയോഗിക്കുന്നതെന്നതു സംബന്ധിച്ചും അവര്‍ക്ക് ധാരണയില്ല.

ദില്‍മ റൗസേഫ്, ലുല

ബ്രസീലില്‍ നടന്നത്

ജഡ്ജി സെര്‍ജിയോ മോറോയുടെ വിധി ഒട്ടൊക്കെ പ്രതീക്ഷിതമായിരുന്നു, എന്തിനേറെ ലുലയുടെ അഭിഭാഷകര്‍ക്കു പോലും. എന്നാല്‍ വിധി അവരെയൊക്കെ ഞെട്ടിച്ചു കളഞ്ഞു. 2010 ഡിസംബര്‍ 31-ന് പ്രസിഡന്റ് പദവിയില്‍ നിന്നിറങ്ങുമ്പോള്‍ ജനപ്രീതിയുടെ ഉച്ചകോടിയിലായിരുന്നു ലുല. ലക്ഷക്കണക്കിന് പേരെ പട്ടിണിയില്‍ നിന്നു മോചിപ്പിച്ച, ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തെ ആഗോള തലത്തിലെ വലിയൊരു ശക്തിയാക്കി മാറ്റിയ ആളെന്ന പേരായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നതിനാല്‍ ലുല ഇപ്പോഴും ജയിലില്‍ അടയ്ക്കപ്പെട്ടിട്ടില്ല. എന്നാല്‍ 1980-കളില്‍ ജനാധിപത്യം തിരിച്ചുവന്നതിനു ശേഷം ബ്രസീലില്‍ ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടേണ്ടി വരികയും ശിക്ഷിക്കപ്പെടുകയും ചെയ്ത ആദ്യ മുന്‍ പ്രസിഡന്റാണ് അടിസ്ഥാനവര്‍ഗത്തിന്റെ നേതാവ് എന്നുകൂടി അറിയപ്പെടുന്ന ലുല.

ബ്രസീലിന്റെ വടക്കു-കിഴക്കന്‍ മേഖലയിലെ കടുത്ത ദാരിദ്ര്യത്തില്‍ ജനിച്ച ലുല ആദ്യമുണ്ടാക്കിയത് ശക്തമായ മെറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയനായിരുന്നു. പിന്നീടാണ് 1980-കളില്‍ മറ്റ് ഇടത് സഹയാത്രികര്‍ക്കും ബുദ്ധിജീവികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കുമൊപ്പം ചേര്‍ന്ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിക്കാന്‍ സഹായിക്കുന്നത്. 2002-ല്‍ ആദ്യമായി ജയിക്കുന്നതിനു മുമ്പ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നു.

OAS എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് 53,000 പൌണ്ടിന്റെ (44,19,69,973 രൂപ) ആനുകൂല്യം കൈപ്പറ്റി എന്ന കുറ്റത്തിനാണ് ഇപ്പോള്‍ ലുല ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കടല്‍ത്തീരത്തുള്ള ഇരുനില അപാര്‍ട്ട്‌മെന്റ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ഈ കമ്പനി പുനര്‍നിര്‍മിച്ചു നല്‍കി എന്നാണ് പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റം.

ഈ കെട്ടിടത്തിലെ ഒരു സാധാരണ അപാര്‍ട്ട്‌മെന്റ് വാങ്ങിയ ലുലയ്ക്ക് കമ്പനി പിന്നീട് ഇത് അപ്‌ഗ്രേഡ് ചെയ്തു നല്‍കുകയായിരുന്നുവെന്ന് തന്റെ വിധി ന്യായത്തില്‍ ജഡ്ജി മോറോ വ്യക്തമാക്കി.

പൊതുമേഖലയിലെ വമ്പന്‍ കമ്പനിയായ പെട്രോബ്രാസിനുള്ള രണ്ട് ഓയില്‍ റിഫൈനറികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനധികൃതമായി കരാറുകള്‍ ലഭിക്കുന്നതിന് ലുലയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് OAS കമ്പനി നല്‍കിയ 21 മില്യണ്‍ പൌണ്ടിന്റെ (1750937422.08 രൂപ) കോഴയുടെ ഭാഗമാണ് ലുലയ്ക്ക് ലഭിച്ച ആനുകൂല്യമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

"റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് പദവി വളരെ വലിയ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ അത്തരമൊരാള്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപരാധവും ചെറുതല്ല"- മോറോ വിധിയില്‍ പറയുന്നു.

പെട്രോബാര്‍സിനെ കേന്ദ്രീകരിച്ച് നടക്കുന്ന വമ്പന്‍ 'ഓപറേഷന്‍ കാര്‍ വാഷ്' അഴിമതി കുംഭകോണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍. ഇതിനകം തന്നെ നിരവധി ബിസിനസ് എക്‌സിക്യൂട്ടീവുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി ജയിലിലായിക്കഴിഞ്ഞു. നിലവിലുള്ള പ്രസിഡന്റ് മിച്ചല്‍ ടിമെര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അഴിമതിയുടെ നിഴലിലാണ്.

മിച്ചല്‍ ടിമെര്‍

ലുലയുടെ അപ്പീല്‍ ഇപ്പോള്‍ ഒരു സംഘം മജിസ്‌ട്രേറ്റുകളുടെ മുന്നിലാണ്. അവര്‍ ശിക്ഷവിധി അംഗീകരിച്ചാല്‍ ബ്രസീലിലെ നിയമം അനുസരിച്ച് അദ്ദേഹത്തിന് ഇനി പദവികളൊന്നും വഹിക്കാന്‍ സാധിക്കില്ല. ലുലയ്ക്ക് ഒമ്പതര വര്‍ഷത്തെ ശിക്ഷ വിധിച്ചതിനു പുറമെ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ 19 വര്‍ഷത്തേക്ക് പൊതു പദവികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ജഡ്ജി മോറോ ഉത്തരവിട്ടിട്ടുണ്ട്.

ചരക്കുകള്‍ക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചു വിട്ടതോടെയാണ് ലുല ബ്രസീലിലെ പാവപ്പെട്ടവര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായത്. പോപ്പുലാരിറ്റി റേറ്റിംഗില്‍ 87 ശതമാനമായിരുന്നു അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍. അദ്ദേഹം തന്നെ വളര്‍ത്തിക്കൊണ്ടു വന്ന ദില്‍മ റൗസേഫിനെ ലുലയുടെ പിന്‍ഗാമിയായി ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ ബ്രസീലിലുണ്ടായ സാമ്പത്തിക വളര്‍ച്ച പൊടുന്നനെ നിലച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ലുലയും ദില്‍മയും കൈകാര്യം ചെയ്ത രീതി തന്നെയായിരുന്നു ഇതില്‍ പ്രധാന കാരണവും. ഇതോടെ ദില്‍മയുടെ ജനപ്രീതിയിലും വന്‍ ഇടിവുണ്ടായി. തുടര്‍ന്ന് അവര്‍ ഇംപീച്ച് ചെയ്യപ്പെടുകയും ടിമെര്‍ പ്രസിഡന്റാവുകയും ചെയ്തു.

ലുലയെ ശിക്ഷിച്ചു കൊണ്ടുള്ള വിധി ടിമറിനെതിരെയുള്ള ആരോപണം വീണ്ടും പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ കാരണമായിട്ടുണ്ട്. അനുകൂലമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പ്രതിഫലമായി ഒരു ഇറച്ചി വിതരണ കമ്പനിയുടെ ഉദ്യോഗസ്ഥനില്‍ നിന്ന് അദ്ദേഹം കൈക്കൂലി കൈപ്പറ്റി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരോപണം ടിമെര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ അധോസഭയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും വിചാരണയ്ക്ക് വിധേയനാക്കണോ എന്നും തീരുമാനിക്കേണ്ടത്.

ഇന്ത്യയോടുള്ള ചോദ്യങ്ങള്‍

ബ്രസീലിലെ ഈ കുംഭകോണങ്ങളുടെ പശ്ചാത്തലത്തില്‍ നമുക്ക് ചില ചോദ്യങ്ങള്‍ നേരെ ചോദിക്കാന്‍ കഴിയും. എങ്ങനെയാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്രയധികം ചെലവേറിയ പ്രചരണങ്ങള്‍ നടത്തുന്നത്? അവരുടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുള്ള സമ്പത്ത് വളരെക്കുറച്ചും മാത്രമാകുമ്പോള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള റിലയന്‍സ് പോലുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പട്ടിയില്‍ ഇടംപിടിക്കാത്തത്?

നരേന്ദ്ര മോദി

എത്ര വലുതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധോലോകങ്ങള്‍? പോസ്റ്ററുകള്‍ അടിക്കുന്നതിനും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ സഞ്ചരിക്കുന്നതിനും മാധ്യമ പ്രചരണങ്ങള്‍ക്കും ഹോളോഗ്രാമിനുമൊക്ക വേണ്ടി വരുന്ന ആയിരക്കണക്കിന് കോടി രൂപ എവിടെ നിന്നാണ് വരുന്നത്?

ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്തുന്നതു വരെ പ്രസംഗ വേദികളില്‍ ആവര്‍ത്തിക്കുന്ന അഴിമതി പോരാട്ടങ്ങളെ കുറിച്ചുള്ള കസര്‍ത്തുകളും കള്ളക്കണ്ണീരും നിഷ്‌കളങ്കതയുമൊക്കെ കൊണ്ട് ഈ നേതാക്കള്‍ നമ്മെ പറ്റിച്ചു കൊണ്ടേയിരിക്കും. അവര്‍ വിലയേറിയ വസ്ത്രങ്ങള്‍ ധരിക്കും, വേണ്ടി വന്നാല്‍ സ്വന്തം പേരു തന്നെ അതില്‍ ആലേഖനം ചെയ്യും, അവര്‍ വിലയേറിയ വാച്ചുകളും കണ്ണടകളും ധരിക്കും, വിലയേറിയ പെര്‍ഫ്യൂമുകളില്‍ മുങ്ങും; ഒപ്പം, നിങ്ങളെ ദാരിദ്ര്യത്തെ കുറിച്ച്, അഴിമതിയെക്കുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്യും.


Next Story

Related Stories