UPDATES

ഭയം മൂടിക്കഴിഞ്ഞ ഇന്ത്യക്ക് അമേരിക്കന്‍ ജനാധിപത്യത്തില്‍ നിന്ന് പഠിക്കാനുള്ളത്

എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും പക്വവും ലിബറലുമായ ജനാധിപത്യ രാജ്യമാണ് തങ്ങള്‍ എന്ന് അമേരിക്ക വീണ്ടും തെളിയിച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച.

ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്ക ലോകത്തിനു മുഴുവനായി ശക്തമായ ഒരു സന്ദേശം നല്‍കി. എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും പക്വവും ലിബറലുമായ ജനാധിപത്യ രാജ്യമാണ് തങ്ങള്‍ എന്ന് അമേരിക്ക വീണ്ടും തെളിയിച്ച ദിവസമായിരുന്നു അത്. ഇന്ത്യക്കാകട്ടെ, അതില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുമുണ്ട്.

എഫ്.ബി.ഐ മുന്‍ തലവന്‍ സെനറ്റില്‍
എഫ്.ബി.ഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് തെറുപ്പിച്ച ജെയിംസ് കോമി കഴിഞ്ഞ വ്യാഴാഴ്ചയാണ് സെനറ്റ് ഇന്റലീജന്‍സ് കമ്മിറ്റി മുമ്പാകെ ഹാജരായത്. നീതി നടപ്പാക്കുന്നത് എങ്ങനെയാണ് ട്രംപ് തടയാന്‍ ശ്രമിച്ചതെന്നതിന്റെ ആവശ്യമായ തെളിവുകള്‍ കോമി കമ്മിറ്റിക്കു മുമ്പാകെ വളരെ ശ്രദ്ധാപൂര്‍വം തന്നെ സമര്‍പ്പിച്ചു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ നീതിന്യായ വ്യവസ്ഥകള്‍ എങ്ങനെയാണ് സ്വയം കേന്ദ്രീകൃതനായ ഒരു രാഷ്ട്രീയക്കാരന്‍ തിരിച്ചറിയാതെ പോുകന്നതെന്നുള്ളതിന്റെ ഉദാഹരണമായിട്ടു കൂടിയാണ് പ്രസിഡന്റ് ട്രംപുമായുള്ള ഏറ്റുമുട്ടലിനെ കോമി കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമുള്ള ആദ്യ കൂടിക്കാഴ്ചകളില്‍ തന്നെ ട്രംപ് എത്തരത്തിലുള്ളയാളാണെന്ന് തിരിച്ചറിഞ്ഞ കോമി കൂടിക്കാഴ്ചകളുടെ വിവരങ്ങളും രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ആ കുറിപ്പുകള്‍ അദ്ദേഹം കമ്മിറ്റിക്ക് എഴുതി നല്‍കുകയും ചെയ്തിരുന്നു.

‘ഞങ്ങളുടെ കൂടിക്കാഴ്ചയുടെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം കള്ളം പറയാന്‍ സാധ്യതയുണ്ടെന്ന്’ തനിക്ക് സത്യസന്ധമായ ആശങ്ക തോന്നിയതിനാലാണ് ഇത് രേഖപ്പെടുത്തിയതെന്നും കോമി പറയുന്നുണ്ട്

ട്രംപിന്റെ ആവശ്യപ്രകാരം ഓവല്‍ ഓഫീസില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മൈക്കല്‍ ഫ്‌ളിന്നിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഒരു ഉത്തരവാണെന്ന് മനസിലാക്കാന്‍ കോമിക്ക് അധികം ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. റഷ്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍ നിന്ന് ഫ്‌ളിന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായതിനു ശേഷമായിരുന്നു ഇത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ റഷ്യ 2016 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ കൈകടത്താന്‍ ശ്രമിച്ചത് എത്രത്തോളം ആഴത്തിലാണെന്ന കാര്യവും കോമി സെനറ്റ് കമ്മിറ്റിയെ ഓര്‍മിപ്പിച്ചിരുന്നു.

‘ഇത് അമേരിക്കയെക്കുറിച്ചാണ്’ – കോമി പറഞ്ഞുകൊണ്ടിരുന്നു. ‘നമ്മള്‍ എങ്ങനെ ചിന്തിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ വോട്ട് ചെയ്യണം എന്ന് റഷ്യ രൂപം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ അമേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണ്. ലോകത്തിനു മുമ്പാകെ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം’.

‘റഷ്യന്‍ ബന്ധം അന്വേഷിച്ചതിനാണ് എന്നെ പുറത്താക്കിയത്’ – കോമി വ്യക്തമാക്കി. ‘ഇതൊരു ഗുരുതരമായ കാര്യമാണ്. അമേരിക്കന്‍ ജനാധിപത്യ സ്ഥാപനങ്ങളെ ‘മോശ’മാക്കാനുള്ള റഷ്യയുടെ ശ്രമം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ട്രംപിന്റെ സ്വഭാവത്തെക്കുറിച്ചും വിശദമാക്കി.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്നും അതിലെ ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കഴിഞ്ഞ മാസം നടത്തിയ പരാമര്‍ശത്തെ കോമി വിശേഷിപ്പിച്ചത് ‘പച്ചക്കള്ളം’ എന്നാണ്.

ഒരു പ്രൊഫഷണല്‍ എന്താണ് ചെയ്യുക?
കോമിയുമായുള്ള കൂടിക്കാഴ്ചയില്‍ യാതൊരു തെറ്റുമില്ല എന്നായിരുന്നു കഴിഞ്ഞയാഴ്ച വരെ ട്രംപ് അനുകൂലികള്‍ വാദിച്ചിരുന്നത്.

എന്നാല്‍ സെനറ്റ് സെലക്റ്റ് ഇന്റലീജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ കോമി നല്‍കിയ മറുപടികളും തെളിവുകളും ട്രംപ് എങ്ങനെയാണ് നീതിയെ ബലികഴിക്കാന്‍ തീരുമാനിച്ചത് എന്നതിന്റെ ഉദാഹരണമായിരുന്നു.

വളരെ മോശമായ ഉദ്ദേശത്തോടെ ഒരന്വേഷണം തടസപ്പെടുത്താനുള്ള ശ്രമം ഇത്തരത്തിലുള്ള ഒരു കുറ്റകൃത്യം ചെയ്യാന്‍ ആവശ്യമാണ്. ട്രംപ് എങ്ങനെയാണ് ആ കുറ്റകൃത്യം ചെയ്തത് എന്നാണ് കോമി കമ്മിറ്റിക്ക് മുമ്പാകെ തെളിവുകള്‍ നല്‍കിയത്. ട്രംപിനെ ഉദ്ധരിച്ചു കൊണ്ട് കോമി പറഞ്ഞത് ഇതാണ്: ‘ഇത് അങ്ങനെ വിട്ടുകളായാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നാണ് എനിക്ക് പ്രതീക്ഷ. ഫ്‌ളിന്നെ വിട്ടുകളയുക. അയാളൊരു നല്ല മനുഷ്യനാണ്. ഞാനിത് പ്രതീക്ഷിക്കുന്നു’.

താനിത് ഒരു നിര്‍ദേശമായാണ് എടുത്തതെന്ന് കോമി ആവര്‍ത്തിച്ചു പറഞ്ഞു. ‘ഇതാണ് ഞാന്‍ ചെയ്യേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്’. സുഹൃത്തിന് നേട്ടമുണ്ടാക്കാന്‍ അല്ലെങ്കില്‍ ഒരുപക്ഷേ, ആ സുഹൃത്തിനറിയാവുന്ന രഹസ്യം പുറത്തു വരാതിരിക്കാന്‍ നിയമപരമായി നടക്കുന്ന ഒരന്വേഷണം അവസാനിപ്പിക്കുക എന്നത് ഒരു കുറ്റകൃത്യമാണ്. ട്രംപ് അതാണ് ചെയ്തത് എന്നാണ് കോമി ആരോപിച്ചത്.

എന്നാല്‍ കോമി തെളിവുകള്‍ നല്‍കിയ സമയത്ത് പരിപൂര്‍ണ നിശബ്ദനായിരുന്ന ട്രംപ് ആകട്ടെ, പിറ്റേന്ന് രാവിലെ മറുപടിയുമായി ട്വിറ്ററില്‍ രംഗത്തെത്തി. കോമി പ്രതികാരദാഹിയും ചതിയനുമാണെന്ന ട്രംപിന്റെ മറുപടിക്ക് വന്‍ പ്രതികരണമാണ് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുണ്ടായത്. എന്തായാലും യു.എസ് ജനപ്രതിനിധി സഭയും സെനറ്റും കോമിയില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ‘റഷ്യന്‍ അന്വേഷണം’ നടത്തുന്ന സംഘം കോമിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നിന്നും ഓഡിയോ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പാഠങ്ങള്‍
നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇന്ത്യയിലെ സി.ബി.ഐ തലവന്‍ അല്ലെങ്കില്‍ ഏതെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ താന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനയോട് നൂറുശതമാനവും കൂറുപുലര്‍ത്തി ഇത്തരത്തില്‍ നിശ്ചയദാര്‍ഡ്യത്തോടെ പൊതുവേദിയില്‍ വരുമെന്ന്? നിങ്ങള്‍ പറയുന്ന ഉത്തരത്തില്‍ തന്നെയുണ്ടാകും എന്തുകൊണ്ടാണ് നമ്മള്‍ അത്രയ്ക്ക് ഇടുങ്ങിയ ഒരു ജനാധിപത്യമാണ് എന്നത്. നിയമത്തെ അനുസരിച്ച്, ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന ഒരു സാധാരണ പൗരനുള്ളതിനേക്കാള്‍ ഭരണകൂടത്തില്‍ സ്വാധീനം വിജിലാന്റെ ഗ്രൂപ്പുകള്‍ക്കും ഗുണ്ടകള്‍ക്കുമാണെന്ന് നാം അപ്പോഴേക്കും തിരിച്ചറിയുകയും ചെയ്യും.

പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിമാരുടേയും പ്രതിച്ഛായയ്ക്ക് മുകളിലാണ് തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം എന്ന് വ്യക്തമായി അറിയാവുന്ന കോമിയെ പോലുള്ളവരെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ നമുക്ക് എത്രത്തോളം കണ്ടെത്താന്‍ പറ്റും?

അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി, ആ അവകാശങ്ങള്‍ക്ക് വേണ്ടി നാം സമരം ചെയ്യേണ്ടി വരും, ഭരണഘടനാ മൂല്യങ്ങള്‍ സംരഷിക്കാന്‍ ഓരോ ഇന്‍സ്റ്റിറ്റ്യൂഷനുകളും പടപൊരുതേണ്ടി വരും, നേതാക്കളുടെ തോന്ന്യാസങ്ങളെ ഭയപ്പാടില്ലാതെ എതിര്‍ക്കാന്‍ പറ്റണം. അത്തരമൊരു ജനാധിപത്യത്തെ മാത്രമേ നമുക്ക് ലിബറല്‍ എന്നു വിളിക്കാന്‍ സാധിക്കൂ.

ഇപ്പോള്‍ ഭയത്തിന്റെ വലിയൊരു മേഘമാണ് തലയ്ക്കു മുകളില്‍. പ്രകാശം അത്ര അടുത്തൊന്നുമല്ല താനും. ഭയപ്പാടിന്റെ നാളുകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍