TopTop
Begin typing your search above and press return to search.

ഒരു പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം നിലവില്‍ വന്നു കഴിഞ്ഞു

ഒരു പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം നിലവില്‍ വന്നു കഴിഞ്ഞു

എഡിറ്റോറിയല്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തുന്ന സമരവും ഇതിനെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഏങ്ങനെ നേരിടുന്നു എന്നതുമൊക്കെ സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ പുതിയ തരത്തിലുള്ള ഒരു ദേശീയത സാധാരണമെന്നോണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സംശയിക്കേണ്ട, ഇതിന് ചരിത്രത്തില്‍ ഉടനീളം അനേകം ഉദാഹരണങ്ങളുണ്ട്. നാസി ജര്‍മനിയില്‍ നടന്നതുപോലുള്ള വംശഹത്യയും കൂട്ടക്കൊലയും ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ ഇതിന്റെ ഭാഗമാണ്.

നിശബ്ദരായിരിക്കാനോ രാഷ്ട്രീയമായി തണുപ്പന്‍ നിലപാടുകള്‍ സ്വീകരിക്കാനോ കഴിയാത്ത വിധം കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെടുകയും ക്രിമിനല്‍ മനോഭാവമുള്ള, വളഞ്ഞ വഴിയില്‍ കാര്യങ്ങള്‍ നടപ്പാക്കുന്ന ഒരു രാഷ്ട്രീയം ഭരണത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്യുമ്പോള്‍ നമ്മളോരോരുത്തരും ശബ്ദിക്കേണ്ടതുണ്ട്. ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ നിശബ്ദ കാഴ്ചക്കാരായിരിക്കുകയും അവരുടെ നിശബ്ദത കോടിക്കണക്കിന് വരുന്ന പാവപ്പെട്ട ഇന്ത്യക്കാരുടെ നിസഹായതയെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആലോചിക്കേണ്ട ഒരു കാര്യം ഇന്ത്യ എന്ന ആശയത്തെ എങ്ങനെ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ്.

ഇതാ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമുക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍

ഏപ്രില്‍ ഒന്നാം തീയതി നൂറോളം വരുന്ന ആള്‍ക്കൂട്ടം- അതില്‍ വിദ്യാര്‍ഥികളുണ്ട്, അറിയപ്പെടുന്ന ഒരധ്യാപകനുണ്ട്, ഒരു നഴ്‌സ് ഉണ്ട്- നിയമപരമായി വാങ്ങിച്ച പശുക്കളുമായി യാത്ര ചെയ്യുന്ന സംഘത്തെ പൊതുസമൂഹം മുഴുവന്‍ നോക്കി നില്‍ക്കെ ആക്രമിച്ചു. മര്‍ദ്ദനമേറ്റ 55 വയസുള്ള പെഹ്‌ലു ഖാന്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷം മരിച്ചു.

ട്വിറ്ററില്‍ സജീവമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സംഭവം നടന്ന രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയോ ഇക്കാര്യത്തില്‍ മിണ്ടിയിട്ടില്ല.

ഒരാഴ്ച കൂടി കഴിഞ്ഞ്, അങ്ങകലെ, സ്‌റ്റോക്‌ഹോം നഗരത്തില്‍ ബിയര്‍ കൊണ്ടുവരികയായിരുന്ന ഒരു ട്രക്ക് തട്ടിയെടുത്ത് അത് ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റുകയുണ്ടായി. നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ ഭീകരാക്രമണത്തെ അപലപിക്കാന്‍ മോദി ഒട്ടും വൈകിയില്ല. രാജെയും.

ഈ രണ്ടു പേരും ചെയ്തത് പുതിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ച് മോദി. കാരണം അദ്ദേഹം ഇത് മുമ്പും തെളിയിച്ചിട്ടുള്ള കാര്യമാണ്. ലോകത്തെവിടെ ഭീകരാക്രമണണം നടന്നാലും, അതെത്ര ചെറുതാണെങ്കില്‍ പോലും, ഉടനടി അപലപിക്കുന്ന മോദി സ്വന്തം നാട്ടില്‍ നടക്കുന്ന വിദ്വേഷ കൊലകളോട് പൂര്‍ണ നിശബ്ദതയാണ് പാലിക്കാറ്. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രത്യേകിച്ചും.

മോദിയുടെ ഈ തന്ത്രപരമായ നിശബ്ദത ഇപ്പോള്‍ അതിരുകള്‍ ഭേദിച്ചിരിക്കുന്നു. അടുത്തിയിടെ ഉണ്ടായ രണ്ടു കാര്യങ്ങള്‍ അതിന്റെ ഉദാഹരണങ്ങളാണ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ആഫ്രിക്കന്‍ വംശജര്‍ വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവവും അമേരിക്കയിലെ കന്‍സാസില്‍ ശ്രീനിവാസ് കുച്ചിഭോട്‌ല എന്ന ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട സംഭവവും വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഭാഗമായി ഉണ്ടായതാണ്. മോദി നിശബ്ദനായിരുന്നു.

ഇങ്ങനെയാണ് രാജ്യത്ത് ഒരു പുതിയ തരം 'സാധാരണനില' രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നത്.

കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍ ഹരിയാന സ്വദേശിയും അവിടെ നിയമപരമായി കച്ചവടം നടത്തി ജീവിക്കുന്നയാളുമാണ്. എന്നാല്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ട് ആ വീട് സന്ദര്‍ശിക്കാന്‍ മാത്രമുള്ള പ്രാധാന്യം സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഉണ്ടായില്ല.

ഈ പുതിയ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നവര്‍ ഭരണഘടനയ്ക്ക് ഒരു കടലാസ് കഷ്ണത്തിന്റെ വില പോലും കല്‍പ്പിക്കാതിരിക്കുകയും അതിനെ ഏതൊക്കെ വിധത്തില്‍ ലംഘിക്കാന്‍ കഴിയുമോ അതൊക്കെ ചെയ്യുകയും ചെയ്യുമ്പോള്‍ ഒരു പുതിയ ഇന്ത്യ ഉയര്‍ന്നു വരുന്നതിന്റെ ലക്ഷണങ്ങള്‍ക്കായി വേറെവിടെയും പോകേണ്ടതില്ല.

ഡല്‍ഹിയില്‍ നിന്നും ഏതാനും കിലോ മീറ്ററുകള്‍ സഞ്ചരിച്ചാല്‍ ജമ്മുവിലെത്തും. ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഈയിടെ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: 'ജമ്മുവില്‍ താമസമാക്കിയ ബംഗ്ലാദേശികളേയും റോഹിങ്ഗ്യ മുസ്ലീങ്ങളെയും ഒരു മാസത്തിനുള്ളില്‍ നാടു കടത്തിയില്ലെങ്കില്‍ തങ്ങള്‍ അവരെ കണ്ടെത്തി കൊലപ്പെടുത്തും' എന്നായിരുന്നു അത്. ഒരു ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ വിശദീകരണവുമെത്തി. 'അവര്‍ മനുഷ്യ ബോംബുകളും ഭീകരവാദി സംഘടനകള്‍ തങ്ങളുടെ താവളമായി ഉപയോഗിക്കുന്നവരുമാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെല്ലോ' എന്നും.

നൂറുകണക്കിന് വ്യാപാര സംഘടനകളും ഉടമകളും അംഗങ്ങളായ രാജ്യത്തെ തന്നെ പഴക്കം ചെന്ന ഒന്നാണ് ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി.

ഇത്തരം വാര്‍ത്തകള്‍ വായനക്കാരെ ഓരോ ദിവസവും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്. പക്ഷേ, ഓരോ ദിവസം ചെല്ലുംതോറും നമ്മുടെയൊക്കെ ദൈനംദിന ജീവിതം വിജിലാന്റെ ഗ്രൂപ്പുകള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ് മുന്നിലുള്ളത്.


Next Story

Related Stories