UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കോണ്‍ഗ്രസുമായി സഖ്യമില്ല

ശേഷിക്കുന്ന സീറ്റായ വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയെ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡല്‍ഹിയിലെ ആകെയുള്ള ഏഴ് ലോക്‌സഭ സീറ്റുകളില്‍ ആറിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല എന്ന് വ്യക്തമാക്കി. എഎപി സ്ഥാനാര്‍ത്ഥികള്‍ ഇവരാണ് – അതിഷി (ഈസ്റ്റ് ഡല്‍ഹി), രാഘവ് ചദ്ദ (സൗത്ത് ഡല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ദിലീപ് പാണ്ഡെ (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), ഗുഗന്‍ സിംഗ് (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി), ബ്രജേഷ് ഗോയല്‍ (ന്യൂഡല്‍ഹി) എന്നിവരാണ് ആറ് സ്ഥാനാര്‍ത്ഥികള്‍. ശേഷിക്കുന്ന സീറ്റായ വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയെ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ തന്നെ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ മഹാസഖ്യമുണ്ടാകില്ല എന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നതായും എന്നാല്‍ കോണ്‍ഗ്രസാണ് ആണ സഖ്യമില്ല എന്ന് ആദ്യം പ്രഖ്യാപിച്ചതെന്നും ഗോപാല്‍ റായ് കുറ്റപ്പെടുത്തി. ഷീല ദീക്ഷിത് സഖ്യമുണ്ടാകില്ല എന്ന് തുറന്നടിച്ചിരുന്നു. ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം സാധ്യമല്ല എന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തിന് വേണ്ടി തങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഏറെ ശ്രമിച്ച് മടുത്തു എന്നാണ് കഴിഞ്ഞയാഴ്ച ഒരു പൊതുയോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ഇത് തള്ളിക്കളഞ്ഞിരുന്നു. എഎപി എപ്പോളാണ് ഈ ആവശ്യവുമായി ഞങ്ങളെ സമീപിച്ചത്? അരവിന്ദിന് സഖ്യം വേണമെന്നുണ്ടെങ്കില്‍ എന്നെ കണ്ട് സംസാരിക്കണം എന്നാണ് ഷീല ദീക്ഷിത് പറഞ്ഞത്.

ആഴ്ചകള്‍ക്ക് മുമ്പ് എന്‍സിപിഎ അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അരവിന്ദ് കെജ്രിവാളും രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ലോക്‌സഭ തിരഞ്ഞെടുപ്പിനെ സഖ്യമായി നേരിടുന്ന കാര്യം എഎപിയും കോണ്‍ഗ്രസും ആലോചിക്കുന്നുണ്ട് എന്നാണ്. വിവിധ പരിപാടികളുടേയും മോദി സര്‍ക്കാരിനെിതിരായ സമരങ്ങളുടേയും ഇടയിലുണ്ടായ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനങ്ങളില്‍ മിക്കതിലും രാഹുലും കെജ്രിവാളും വേദി പങ്കിട്ടിരുന്നു.

കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനും ഡല്‍ഹിയിലെ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ ശക്തമായ അഴിമതി വിരുദ്ധ പ്രഷോഭവുമായാണ് അരവിന്ദ് കെജ്രിവാള്‍ നേതാവായി ഉയര്‍ന്നുവന്നതും ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചതും. അഴിമതി തടയാന്‍ ലോക്പാല്‍ സ്ഥാപിക്കുക എന്നതായിരുന്നു എറ്റവും പ്രധാനപ്പെട്ട ആവശ്യം. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഡല്‍ഹി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി എഎപി മാറുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമില്ലാത്ത നിലയുമുണ്ടായി. കോണ്‍ഗ്രസിനെതിരെ അതിശക്തമായ അഴിമതിവിരുദ്ധ കാംപെയിന്‍ നടത്തിക്കൊണ്ടിരുന്ന സമയത്ത് കോണ്‍ഗ്രസ് പിന്തുണയോടെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് എഎപിയേയും കെജ്രിവാളിനേയും സംബന്ധിച്ച് വലിയ ധാര്‍മ്മിക പ്രതിസന്ധിയായി മാറിയിരുന്നു. ഒടുവില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കാം എന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിച്ചു. എന്നാല്‍ ലോക്പാല്‍ ബില്ലില്‍ നടപടിയുണ്ടായില്ല എന്ന് ആരോപിച്ച് 49 ദിവസത്തിന് ശേഷം കെജ്രിവാള്‍ മന്ത്രിസഭ രാജിവച്ചു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ലോക്‌സഭ സീറ്റുകള്‍ ബിജെപി തൂത്തുവാരിയെങ്കിലും 2015ലെ നിയമസഭ തിരഞ്ഞെടുല്‍ എഎപി 67ഉം ബിജെപി മൂന്ന് സീറ്റുമാണ് നേടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഡല്‍ഹി കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ ഷീല ദീക്ഷിതും മുന്‍ പിസിസി അധ്യക്ഷന്‍ അജയ് മാക്കനുമെല്ലാം ബിജെപിയേക്കാള്‍ എഎപിയോടാണ് ശത്രുത കാണിച്ചിരുന്നത്. ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറുമായുള്ള നിരന്തര സംഘര്‍ഷങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാരിനോട് മൃദു സമീപനം കാണിച്ചും എഎപിയെ രൂക്ഷമായി വിമര്‍ശിച്ചുമാണ് ഷീല ദീക്ഷിത് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നത്. ജനുവരിയില്‍ അജയ് മാക്കന്‍ പിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞത് തന്നെ എഎപിയുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ ദുര്‍ബലപ്പെടുത്തുമെന്ന് പറഞ്ഞാണ്. തുടര്‍ന്ന് ഷീല ദീക്ഷിത് പിസിസി പ്രസിഡന്റ് ആവുകയായിരുന്നു. എഎപി രണ്ടാമത്തെ വലിയ കക്ഷിയായ പഞ്ചാബില്‍ അകാലിദള്‍ – ബിജെപി സഖ്യത്തിനെതിരെ അവരുമായി കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറാകുമോ എന്ന കാര്യവും വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍